Thursday, October 8, 2020

ആസ്ഥാനത്തെ പാതിരാ അട്ടിമറി

 2018 ഒക്ടോബർ 23

സിബിഐ കേന്ദ്ര ആസ്ഥാനത്ത്‌ പാതിരാവില്‍ രാജ്യം അന്നുവരെ കാണാത്ത ചിലസംഭവങ്ങള്‍ അരങ്ങേറി. ഡയറക്ടറായിരുന്ന അലോക്‌ വർമയും സ്‌പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ്‌ അസ്‌താനയും തമ്മിലുള്ള അധികാരവടംവലിയുടെ നാണംകെട്ട പരിണിതി. കേന്ദ്ര സേനയുടെ സുരക്ഷയില്‍ പുലർച്ചെ ഒന്നിന്‌ എം നാഗേശ്വര റാവുവിനെ താൽക്കാലിക ഡയറക്ടറായി കെട്ടിയിറക്കി.  വർമയ്ക്കും അസ്‌താനയ്ക്കും നിര്‍ബന്ധിത അവധി. അവധിയിൽ പോകണമെന്ന കേന്ദ്ര നിർദേശം വർമ അറിയുന്നത്‌ രാവിലെ ഉറക്കമെണീറ്റപ്പോള്‍. മറ്റ്‌ 10 മുതിർന്ന ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം.

റഫേൽ ഫയലുകള്‍ കടത്തി

മറ്റുചില നാടകീയ സംഭവങ്ങളും ഒക്ടോബർ 23ന്‌ രാത്രിയിൽ സിജിഒ കോപ്ലക്‌സിലെ സിബിഐ ആസ്ഥാനത്ത്‌ അരങ്ങേറി. കേന്ദ്ര സേന കാവൽനിൽക്കെ പ്രത്യേകം നിയോഗിക്കപ്പെട്ട ഇന്റലിജൻസ്‌ ഉദ്യോഗസ്ഥർ അലോക്‌ വർമയുടെ ഓഫീസടക്കം സിബിഐ ആസ്ഥാനം അരിച്ചുപെറുക്കി.  പല സുപ്രധാന ഫയലും രായ്‌ക്കുരാമാനം‌ കടത്തി. മോഡി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുയർന്ന  റഫേൽ വിമാനഇടപാട്‌ ഫയലുകളും ഇതിലുൾപ്പെടുന്നു.

വിശ്വസ്‌തനെ വാഴിക്കാനുള്ള നീക്കം

മോഡിയുടെ വിശ്വസ്‌തനായ അസ്‌താനയും ഡയറക്ടര്‍ അലോക്‌ വർമയും തമ്മിലുള്ള അധികാരവടംവലിയാണ്‌ അട്ടിമറിക്ക്‌ മുഖ്യകാരണമായി പറയപ്പെടുന്നതെങ്കിലും അർധരാത്രി നീക്കത്തിന്‌ വഴിവച്ചത്‌ റഫേൽ ഫയല്‍തന്നെ‌.  മോഡി സർക്കാരിനെതിരായി യശ്വന്ത്‌ സിൻഹയും അരുൺ ഷൂരിയും പ്രശാന്ത്‌ ഭൂഷണും സമർപ്പിച്ച പരാതി സിബിഐ‌ പരിഗണനയ്‌ക്ക്‌ എടുത്തിരുന്നു. പരാതി പരിശോധിച്ച  വർമ ചില ഫയലുകളില്‍ വ്യക്തത തേടിയതോടെ സർക്കാർ അപകടം മണത്തു. റഫേൽ ഇടപാടിൽ  വർമ അന്വേഷണത്തിലേക്ക്‌ നീങ്ങുന്നതായി രഹസ്യവിവരം ലഭിച്ചതോടെയാണ്‌ പാതിരാനീക്കമുണ്ടായത്.  ദേശീയ സുരക്ഷാഉപദേഷ്ടാവ്‌ അജിത്ത്‌ ഡോവൽ ഉൾപ്പെടെ പ്രധാനമന്ത്രി കാര്യാലയം സിബിഐയുടെ ആഭ്യന്തര കാര്യങ്ങളിൽ അന്യായമായി ഇടപെടുന്നുവെന്ന് ഡിഐജി എം കെ സിൻഹയുടെ ഗുരുതര ആക്ഷേപം സുപ്രീംകോടതി മുമ്പാകെയെത്തിയതും കേന്ദ്രത്തെ ചൊടിപ്പിച്ചു. വർമയ്‌ക്കൊപ്പംനിന്ന ഉദ്യോഗസ്ഥനായിരുന്നു‌ സിൻഹ.

അസ്‌താന ഗുജറാത്ത്‌ കാലംമുതൽ വിശ്വസ്‌തൻ

മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രിയായ കാലംമുതൽ വിശ്വസ്‌തനാണ്‌ അസ്‌താന. 2002ൽ സബർമതി എക്‌സ്‌പ്രസിന്റെ എസ്‌–- 6 ബോഗി തീപിടിത്തം  അന്വേഷിച്ചത് അസ്‌താനയാണ്‌‌. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന്‌ അസ്‌താന പ്രസ്‌താവിച്ചു. ഇസ്രത്ത്‌ ജഹാൻ കേസ്‌, അസാറാം ബാപു ബലാത്സംഗക്കേസ്‌ എന്നിവയും മോഡിക്ക് ഉപകാരപ്പെടുംവിധം അന്വേഷിച്ചുകൊടുത്തു. മോഡി പ്രധാനമന്ത്രിയായതോടെ സിബിഐയിൽ എത്തി. അസ്‌താനയെ സിബിഐ ഡയറക്ടറാക്കാൻ 2016 മുതൽ കേന്ദ്രം നീക്കംതുടങ്ങി. അസ്‌താനയുടെ സീനിയര്‍ ആർ കെ ദത്തയെ ആഭ്യന്തര വകുപ്പിലേക്ക്‌ മാറ്റി. അസ്‌താനയെ ആക്റ്റിങ്‌ ഡയറക്ടറാക്കി. നടപടി വിവാദമായതോടെ സുപ്രീംകോടതിയിൽ കേസായി. കോടതിയില്‍ കേസ്‌ എത്തുംമുമ്പ് അലോക്‌ വർമയെ ഡയറക്ടറാക്കി. ‘സൂപ്പർ’ ഡയറക്ടറായി അസ്‌താന തുടർന്നു.

വർമയും അസ്‌താനയും പരസ്‌പരം അഴിമതി ആക്ഷേപം ചൊരിഞ്ഞു.  കോഴക്കേസിലടക്കം അസ്‌താനയ്‌ക്കെതിരെ അന്വേഷണമാരംഭിച്ചു. അന്വേഷണം നിലനിൽക്കെ അദ്ദേഹത്തെ സ്‌പെഷ്യൽ ഡയറക്ടറാക്കി. ഇതോടെയാണ്‌ കാര്യങ്ങൾ‌ പാതിരാ അട്ടിമറിയിലെത്തിയത്. വർമ പിന്നീട്‌ സുപ്രീംകോടതി ഉത്തരവിന്റെ പിൻബലത്തിൽ 2019 ജനുവരിയിൽ ഡയറക്ടർ പദവിയിൽ തിരിച്ചെത്തി. രണ്ടുദിവസത്തിനകം വർമയെ ഡയറക്ടർ സ്ഥാനത്തുനിന്ന്‌ നീക്കി ഋഷികുമാർ ശുക്ലയെ നിയമിച്ചു. അസ്‌താന നാർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ ഡയറക്ടറായി അവരോധിക്കപ്പെട്ടു. രാജ്യത്തെ പ്രധാന അന്വേഷണഏജന്‍സി ഭരിക്കുന്നവരുടെ കളിപ്പാവമാത്രമെന്ന് സാധാരണക്കാരെ വെളിപ്പെടുത്തിയ സംഭവമായി അസ്‌താന–- വർമ ശീതയുദ്ധം.

എം പ്രശാന്ത‌് 

No comments:

Post a Comment