Monday, May 3, 2010

ചിദംബരം ധനമന്ത്രിയായിരിക്കെ കറന്‍സി വിദേശത്ത് അടിച്ചു

ന്യൂഡല്‍ഹി: ചിദംബരം ധനമന്ത്രിയും എം പി വീരേന്ദ്രകുമാര്‍ ധനസഹമന്ത്രിയുമായിരിക്കെ ലക്ഷം കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സി വിദേശരാജ്യങ്ങളില്‍ അച്ചടിച്ചതായി പാര്‍ലമെന്റിന്റെ പൊതുമേഖലാ സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്ടെത്തി. 1996-97 കാലത്താണ് അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളിലെ സ്വകാര്യപ്രസുകളില്‍ ഇന്ത്യന്‍ കറന്‍സി അച്ചടിച്ചത്. രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ തെറ്റാണ് ഇതെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ കിഷോര്‍ചന്ദ്ര ദേവ് വാര്‍ത്താലേഖകരോട് പറഞ്ഞു.

രാജ്യത്ത് കറന്‍സി ക്ഷാമമുണ്ടെന്ന് മന്ത്രിസഭയെ 'ബോധ്യപ്പെടുത്തി'യാണ് ചിദംബരവും വീരേന്ദ്രകുമാറും വിദേശത്ത് നോട്ടടിക്കാന്‍ അനുമതി വാങ്ങിയത്. അമേരിക്കയിലെ അമേരിക്കന്‍ ബാങ്ക് നോട്ട് കമ്പനി, ബ്രിട്ടനിലെ തോമസ് ഡിലാറൂ പ്രിന്റിങ്കമ്പനി, ജര്‍മനിയിലെ ഗീസെക് ആന്‍ഡ് ഡെവ്റിയന്റ് കസോര്‍ഷ്യം എന്നീ സ്വകാര്യ പ്രസുകള്‍ക്കാണ് നോട്ടടിക്കാന്‍ കരാര്‍ നല്‍കിയത്. 100 രൂപയുടെ 200 കോടി നോട്ടും 500 രൂപയുടെ 160 കോടി നോട്ടുമാണ് വിദേശത്ത് അടിച്ചത്. അമേരിക്കന്‍ കമ്പനിയില്‍ 63.5 കോടിയുടെയും ബ്രിട്ടീഷ് കമ്പനിയില്‍ 136.5 കോടിയുടെയും 100 രൂപ നോട്ടാണ് അടിച്ചത്. 500 രൂപയുടെ നോട്ടുകള്‍ പൂര്‍ണമായും ജര്‍മനിയിലാണ് അടിച്ചത്. കറന്‍സി ആവശ്യകതയില്‍ പെട്ടെന്ന് വര്‍ധന വന്നതിനാല്‍ വിദേശത്ത് നോട്ടടിച്ചെന്ന വിശദീകരണമാണ് റിസര്‍വ് ബാങ്ക് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചിരിക്കുന്നത്.

1996 മുതല്‍ 2000 വരെയുള്ള കാലത്ത് ബാങ്ക്നോട്ടുകളുടെ ഉല്‍പ്പാദനവും ആവശ്യകതയും കണക്കാക്കുമ്പോള്‍ 1,20,000 കോടിയുടെ കുറവ് വരുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് ഒരു ലക്ഷം കോടി രൂപയുടെ (മൂല്യാടിസ്ഥാനത്തില്‍) ബാങ്ക്നോട്ടുകള്‍ ഇറക്കുമതി ചെയ്യാന്‍ ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തെന്നും ഇത് അംഗീകരിച്ചെന്നും റിസര്‍വ് ബാങ്ക് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. റിസര്‍വ് ബാങ്കിന്റെ വിശദീകരണം പൂര്‍ണമായും സ്റ്റാന്‍ഡിങ് കമ്മിറ്റി തള്ളി.

വിദേശത്ത് നോട്ടടിച്ച നടപടി അങ്ങേയറ്റം ആശങ്കാജനകമാണ്. കൂടുതല്‍ കറന്‍സി നോട്ട് അനധികൃതമായി അടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മൂന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ നോട്ടടിക്കാനുള്ള തീരുമാനം എങ്ങനെ കൈക്കൊണ്ടെന്ന് മനസ്സിലാകുന്നില്ല. വികസിത രാജ്യങ്ങളായതിനാല്‍ കറന്‍സി അച്ചടിസംവിധാനം പൂര്‍ണമായും നിലനിര്‍ത്താന്‍ സാധിക്കും. ഇത് രാജ്യത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് ഭീഷണിയാണ്. നോട്ടുകള്‍ കൂടുതലായി അടിച്ചിട്ടുണ്ടെങ്കില്‍ ഭീകരവാദികളുടെയും സാമ്പത്തികകുറ്റവാളികളുടെയും മറ്റും കൈവശം എത്താനുള്ള സാധ്യത ഏറെയാണ്. ഇത്തരം നടപടി ഭാവിയില്‍ ഉണ്ടാകരുത്- സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞു. വിദേശത്ത് കറന്‍സി അടിച്ച വിഷയത്തില്‍ അന്വേഷണം ആവശ്യമാണോ എന്നതും മറ്റും പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടതെന്നും കിഷോര്‍ചന്ദ്രദേവ് പറഞ്ഞു.
(എം പ്രശാന്ത്)

വിദേശത്ത് കറന്‍സി അച്ചടി: വീരേന്ദ്രകുമാറും കൂട്ടുനിന്നു

ന്യൂഡല്‍ഹി: വിദേശത്ത് കറന്‍സി അച്ചടിക്കാന്‍ പി ചിദംബരത്തിന് കൂട്ടുനിന്നത് ജനതാദള്‍ വിമതനേതാവ് എം പി വീരേന്ദ്രകുമാര്‍. 1996ല്‍ ദേവഗൌഡ മന്ത്രിസഭയില്‍ മന്ത്രിമാരായിരിക്കെയാണ് ചിദംബരം- വീരേന്ദകുമാര്‍ സംഘം രാജ്യസുരക്ഷയ്ക്ക് ദോഷകരമായ നടപടി സ്വീകരിച്ചത്. അങ്ങേയറ്റം ആശങ്കാജനകമാണ് ഈ നടപടിയെന്ന് പാര്‍ലമെന്റ് പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തികപ്രവര്‍ത്തനത്തില്‍ സുപ്രധാനമായ കറന്‍സി നോട്ടിന്റെ അച്ചടി അതിന്റെ അതീവ പ്രാധാന്യത്തോടെയും സുരക്ഷയോടെയും കൈകാര്യംചെയ്യേണ്ടതാണ്. ഇത് കണക്കിലെടുക്കാതെ മൂന്ന് വിദേശരാജ്യങ്ങളിലാണ് കറന്‍സി അടിച്ചത്.

ഗൌഡ മന്ത്രിസഭയില്‍ ധനസഹമന്ത്രിയായിരിക്കെയാണ് രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയ്ക്ക് അപകടകരമായ തീരുമാനമെടുക്കാന്‍ ചിദംബരത്തിന് താങ്ങും തണലുമായി വീരേന്ദ്രകുമാര്‍ നിന്നത്. ഇത്തരമൊരു തീരുമാനമെടുക്കുന്നതിലേക്ക് നയിച്ച നയവൈകല്യത്തെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിശിതമായി വിമര്‍ശിച്ചു.

റിസര്‍വ് ബാങ്കിന്റെ നയരൂപീകരണം കേന്ദ്ര ധനമന്ത്രാലയമാണ് നടത്തുന്നത്. കറന്‍സി അച്ചടിക്കുന്നതിന്റെ മേല്‍നോട്ടം റിസര്‍വ് ബാങ്കിനാണ്. സെക്യൂരിറ്റി പ്രസുകളില്‍ മാത്രം അച്ചടിച്ചിരുന്ന കറന്‍സി നോട്ടുകള്‍ പുറംജോലിക്കരാര്‍ വഴി അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ അച്ചടിക്കാന്‍ തീരുമാനിച്ചതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. അമേരിക്കയിലെ അമേരിക്കന്‍ ബാങ്ക്നോട്ട് കമ്പനി, ഇംഗ്ളണ്ടിലെ തോമസ് ഡി ലാ റ്യൂ, ഗീസെക് ആന്‍ഡ് ഡെവ്റിയന്റ് കസോര്‍ഷ്യം എന്നീ കമ്പനികള്‍ക്കാണ് കറന്‍സി അച്ചടിക്കാന്‍ പുറംകരാര്‍ കൊടുത്തത്.

കറന്‍സി അച്ചടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരു കാരണവശാലും മറ്റ് രാജ്യങ്ങളില്‍ എത്താതിരിക്കുക എന്നതിന് പരമപ്രാധാന്യമാണ് അതത് ഗവമെന്റുകള്‍ നല്‍കുന്നത്. മറ്റ് രാജ്യങ്ങളില്‍ കറന്‍സി അച്ചടിക്കുന്നത് ദുരുപയോഗം ചെയ്താല്‍ അത് രാജ്യത്തിന്റെ സാമ്പത്തികസംവിധാനത്തെ തകര്‍ക്കും. പാകിസ്ഥാനില്‍നിന്നും ബംഗ്ളാദേശില്‍നിന്നും വന്‍തോതില്‍ കള്ളനോട്ടുകള്‍ ഇന്ത്യയിലെത്തുന്നത് കേന്ദ്ര സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്നുണ്ട്. ഇതിന്റെ അടിവേരുകള്‍ അന്വേഷിച്ചാല്‍ കറന്‍സി വിദേശത്ത് അച്ചടിച്ചതിന് പങ്കുണ്ടാകുമെന്ന സംശയമുയര്‍ന്നിട്ടുണ്ട്.

ഇന്ത്യയില്‍ അച്ചടിക്കുന്ന നോട്ടുകള്‍ പെട്ടെന്ന് മുഷിഞ്ഞ് നശിച്ചുപോകുന്നതിനാലാണ് വിദേശത്ത് അച്ചടിക്കാന്‍ തീരുമാനിച്ചതെന്ന റിസര്‍വ് ബാങ്കിന്റെ വിശദീകരണം ബോധ്യപ്പെടാത്തതാണെന്ന് പാര്‍ലമെന്ററി കമ്മിറ്റി വിലയിരുത്തി. കറന്‍സി നോട്ടുകള്‍ പഴകിപ്പോകുന്നത് പുതിയൊരു കാര്യമല്ലെന്നും വിദേശത്ത് അച്ചടിക്കുന്നതിന് അത് മതിയായ കാരണമല്ലെന്നും സമിതി വിലയിരുത്തി. ചിദംബരവും വീരേന്ദ്രകുമാറുംകൂടി കണ്ടെത്തിയയുക്തിയെയാണ് 13 വര്‍ഷത്തിനുശേഷം പാര്‍ലമെന്ററി സമിതി തള്ളിക്കളഞ്ഞത്. നാടിന്റെ സമ്പദ്ഘടനയെയും സുരക്ഷയെയും തകര്‍ക്കുന്ന തീരുമാനത്തില്‍ പങ്കാളിയായ വീരേന്ദ്രകുമാറിന് ഇതിന്റെ ധാര്‍മികബാധ്യതയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ല.

ദേശാഭിമാനി വാര്‍ത്തകള്‍ 01052010&03052010

2 comments:

  1. ന്യൂഡല്‍ഹി: ചിദംബരം ധനമന്ത്രിയും എം പി വീരേന്ദ്രകുമാര്‍ ധനസഹമന്ത്രിയുമായിരിക്കെ ലക്ഷം കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സി വിദേശരാജ്യങ്ങളില്‍ അച്ചടിച്ചതായി പാര്‍ലമെന്റിന്റെ പൊതുമേഖലാ സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്ടെത്തി. 1996-97 കാലത്താണ് അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളിലെ സ്വകാര്യപ്രസുകളില്‍ ഇന്ത്യന്‍ കറന്‍സി അച്ചടിച്ചത്. രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ തെറ്റാണ് ഇതെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ കിഷോര്‍ചന്ദ്ര ദേവ് വാര്‍ത്താലേഖകരോട് പറഞ്ഞു.

    ReplyDelete
  2. ഗുരുതരംതന്നെ

    ReplyDelete