Tuesday, May 4, 2010

എസ്എസ്എല്‍സി പരീക്ഷാഫലം നല്‍കുന്ന അനുഭവപാഠം

എസ്എസ്എല്‍സി പരീക്ഷാഫലം

ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയ റെക്കോഡുമായാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷാഫലം വന്നത്. കേരളത്തിനകത്തും ലക്ഷദ്വീപിലും ഗള്‍ഫ് രാജ്യങ്ങളിലുമായി 2729 കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ 4,50,000 വിദ്യാര്‍ഥികളില്‍ 4,08,226 മിടുക്കന്മാരും മിടുക്കികളുമാണ് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. വിജയശതമാനം 90.72. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ആര്‍ജിച്ച മികവിന്റെ തെളിവാണ് ഈ ഫലം. വിദ്യാഭ്യാസമന്ത്രി എം എ ബേബി ചൂണ്ടിക്കാട്ടിയതുപോലെ കുട്ടികള്‍ക്ക് എന്തറിയില്ല എന്ന് പരീക്ഷിച്ച് ഭൂരിപക്ഷം കുട്ടികളെയും അപമാനിതരാക്കി പൊതുധാരയില്‍നിന്ന് പുറത്താക്കുകയായിരുന്നു പലപ്പോഴും മുന്‍കാലങ്ങളിലെ പരീക്ഷാരീതി. അതില്‍നിന്ന് ഭിന്നമായി കുട്ടികള്‍ക്ക് എന്തറിയാമെന്നും അറിയുന്ന കാര്യങ്ങള്‍ പ്രശ്നസന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാനുള്ള കഴിവ് എത്രമാത്രമുണ്ടെന്നും വിലയിരുത്തുന്ന മൂല്യനിര്‍ണയരീതിയാണ് ഇപ്പോഴുള്ളത്. ഈ പുതിയ രീതി വന്നപ്പോള്‍ ഉണ്ടായ മാറ്റം വളരെ പ്രകടമാണെന്ന് സമീപവര്‍ഷങ്ങളിലെ പരീക്ഷാഫലങ്ങള്‍ വെളിവാക്കുന്നു.

2005ലാണ് ഗ്രേഡിങ് രീതിയിലേക്ക് മാറിയത്. ആ വര്‍ഷമൊഴികെ ഒരുതരത്തിലുള്ള മോഡറേഷനും നല്‍കുന്നില്ല. പൊതുവിദ്യാലയങ്ങളിലാണ് കേരളത്തിലെ ബഹുഭൂരിപക്ഷം കുട്ടികളും പഠിക്കുന്നത്. ഇവര്‍ക്കെല്ലാം പഠിക്കാനുള്ള ഇടം കേരളത്തില്‍ ഉണ്ടായി. എന്നാല്‍, അവരില്‍ ഭൂരിപക്ഷവും ക്ളാസ്മുറികളില്‍ അവഗണിക്കപ്പെട്ടു. പട്ടികജാതി പട്ടികവര്‍ഗവിഭാഗത്തില്‍ 35 ശതമാനത്തില്‍ താഴെമാത്രം കുട്ടികളാണ് പത്താംക്ളാസില്‍ എത്തിയിരുന്നത്. അവരില്‍ വിജയിച്ചിരുന്നത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. ഈ ദുഃസ്ഥിതി പരിഹരിക്കാനാണ് ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. പൊതുവിദ്യാലയങ്ങളില്‍ അധ്യാപക-രക്ഷാകര്‍തൃസമിതിയും നാട്ടുകാരും അധ്യാപകസംഘടനകളും അധ്യാപകസമൂഹവും നിയമസഭ-പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും അവരെയെല്ലാം ഏകോപിപ്പിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും നിലകൊണ്ടു. അങ്ങനെ രൂപപ്പെട്ട കൂട്ടായ്മയാണ് പൊതുവിദ്യാലയങ്ങളുടെ ഉണര്‍വിന്റെയും മികവിന്റെയും അടിസ്ഥാനകാരണം. ഇതിന് പശ്ചാത്തലമൊരുക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്.

പഠനത്തില്‍ പിന്നോക്കംനിന്ന 104 സ്കൂളുകളെ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പദ്ധതി 107 സ്കൂളുകളെ ഉള്‍പ്പെടുത്തി തുടര്‍ന്നിരുന്നു. ഇതില്‍ 19 സ്കൂളിലെ മുഴുവന്‍ കുട്ടികളും ഉപരിപഠനയോഗ്യത നേടി. 54 വിദ്യാലയങ്ങള്‍ 90 ശതമാനത്തില്‍ കൂടുതലും 86 വിദ്യാലയങ്ങള്‍ 75 ശതമാനത്തില്‍ കൂടുതലും 102 വിദ്യാലയങ്ങള്‍ 60 ശതമാനത്തില്‍ കൂടുതലും വിജയം നേടി. 50 ശതമാനത്തില്‍ കുറവ് വിജയശതമാനമുള്ള നാല് വിദ്യാലയമേയുള്ളൂ.

കുട്ടികളുടെ പരിമിതികള്‍ കണ്ടെത്തി അനുയോജ്യ പഠനരീതിയും പഠനാന്തരീക്ഷവും സൃഷ്ടിച്ചാല്‍ പഠനത്തില്‍ ഏറ്റവും മോശമാണെന്ന് ധരിക്കുന്ന കുട്ടികളും പ്രോത്സാഹജനകമായ ഫലം നല്‍കുമെന്നാണ് കഴിഞ്ഞ നാലുവര്‍ഷത്തെ പരീക്ഷാഫലങ്ങള്‍ നല്‍കുന്ന അനുഭവപാഠം. അല്ലാതെ കുട്ടികളെ കഴിവുകെട്ടവരെന്ന് മുദ്രകുത്തി പൊതുധാരയില്‍നിന്ന് പുറത്താക്കുകയല്ല വേണ്ടത്.

വിവാദങ്ങള്‍ക്കിടനല്‍കാതെയാണ് ഇത്തവണ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയത്. ചോദ്യപേപ്പര്‍ സുരക്ഷ ഉറപ്പാക്കാന്‍ ട്രഷറികളുടെയും ബാങ്കുകളുടെയും ലോക്കറുകള്‍ ഉപയോഗിച്ചു. മൂല്യനിര്‍ണയംചെയ്ത അധ്യാപകര്‍, രാപ്പകല്‍ പണിയെടുത്ത പരീക്ഷാഭവന്‍ ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും എല്ലാറ്റിനും നേതൃത്വം നല്‍കിയ വിദ്യാഭ്യാസമന്ത്രി എം എ ബേബിയും അഭിനന്ദനമര്‍ഹിക്കുന്നു. പരീക്ഷയെഴുതിയവരില്‍ 5,536 പേര്‍ ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളാണ്. ഈ വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. സ്പെഷ്യല്‍ സ്കൂളുകള്‍ക്കായി 10 കോടി രൂപ ചെലവുചെയ്തു. കുട്ടികളുടെ ആറായിരത്തഞ്ഞൂറിലധികം രക്ഷിതാക്കള്‍ക്കും പ്രധാന അധ്യാപകര്‍ക്കും പരിശീലനം നല്‍കി. ഇതിനു സഹായകമായി വെളിച്ചം എന്ന കൈപ്പുസ്തകം രക്ഷിതാക്കള്‍ക്ക് വിതരണംചെയ്തു. ഇതിന്റെയെല്ലാം ഫലം പ്രകടമായി എന്നത് ഇത്തവണത്തെ പരീക്ഷയുടെ മറ്റൊരു സവിശേഷതയാണ്.

എന്നാല്‍, ഈ കുട്ടികള്‍ക്ക് ആനുകൂല്യം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ചില കേന്ദ്രങ്ങള്‍ അനാവശ്യ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിവിട്ടു. സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടെയും ഭാവനാപൂര്‍ണവുമായ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു ബോധ്യമുള്ള ജനങ്ങള്‍ പക്ഷേ അത്തരം കാമ്പില്ലാത്ത വിമര്‍ശങ്ങള്‍ അവഗണിച്ചതേയുള്ളൂ. പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതും ജീവിതാടിത്തറ പാകുന്നതുമായ സുപ്രധാന ഘട്ടമാണ് സെക്കന്‍ഡറി വിദ്യാഭ്യാസ കാലം. അതിലെ ഓരോ ഇടപെടലും പ്രധാനമാണ്. വിദ്യാഭ്യാസ മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച നവം നവങ്ങളും ശാസ്ത്രീയവുമായ ദിശാ വ്യതിയാനം സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസത്തില്‍ വരുത്തിയ മാറ്റത്തിന്റെ പ്രതിഫലനം കൂടിയായി ഈ പരീക്ഷാഫലത്തെ കാണാം. പരീക്ഷയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപക-രക്ഷാകര്‍തൃസമൂഹത്തെയും സര്‍ക്കാരിനെയും ഒരിക്കല്‍ക്കൂടി അഭിനന്ദിക്കട്ടെ.

ദേശാഭിമാനി മുഖപ്രസംഗം 04052010

എസ്.എസ്.എല്‍.സി വാര്‍ത്തകള്‍

എസ്എസ്എല്‍സി: വിജയം 90.72%

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 90.72 ആണ് വിജയശതമാനം. നാലരലക്ഷത്തോളംപേര്‍ പരീക്ഷ എഴുതിയതില്‍ 4,08,226പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. വിദ്യാഭ്യാസമന്ത്രി എം എ ബേബിയാണ് ഫലം പ്രഖ്യാപിച്ചത്. 2008ലാണ് വിജയശതമാനത്തില്‍ റെക്കോര്‍ഡിട്ടത്. കഴിഞ്ഞ വര്‍ഷം 91.92 വിജയം. സേപരീക്ഷ ഈ മാസം 17നാണ്. 568 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. പഠന വിജയം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച 107 സ്കൂള്‍ പദ്ധതിയില്‍ 19 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി.

ഗുണമേന്മയുടെ അനുഭവപാഠം ഇനി എല്ലാ സ്കൂളിലേക്കും

പൊതുവിദ്യാഭ്യാസരംഗത്ത് ഗുണമേന്മ ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയുടെ അനുഭവപാഠം ഇനി എല്ലാ സ്കൂളിലേക്കും. നാല് വര്‍ഷം മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി ഇപ്പോള്‍ വിജയം കണ്ട പദ്ധതിയുടെ വിജയകാരണങ്ങളാണ് മറ്റ് സ്കൂളുകളിലും നടപ്പാക്കുക. സംസ്ഥാനത്ത് 107 സ്കൂളിലാണ് ഗുണമേന്മാ പദ്ധതി നടപ്പാക്കുന്നത്. ഇത് തുടരും. ഇവിടെ മുഴുവന്‍ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കിയിരുന്നു. കൂടാതെ ഗൃഹസന്ദര്‍ശനം, പഠനക്കൂട്ടങ്ങള്‍, പഠന സാമഗ്രികള്‍ തയ്യാറാക്കല്‍, തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടല്‍, ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിച്ചു. ഇത് മറ്റ് സ്കൂളുകളിലും നടപ്പാക്കാനാണ് തീരുമാനം. പരിമിതികള്‍ കണ്ടെത്തി യോജിച്ച പഠനരീതിയും പഠനാന്തരീക്ഷവും വളര്‍ത്തിയെടുക്കുകയാണ് ഗുണമേന്മാപദ്ധതി വഴി നടപ്പാക്കിയത്. തുടര്‍ച്ചയായ നിരീക്ഷണവും മേല്‍നോട്ടത്തിലും പദ്ധതിനടപ്പാക്കിയതോടെ പിന്നോക്കാവസ്ഥയിലുള്ള സ്കൂളുകളുടെ വിജയശതമാനത്തിന് സ്ഥിരസ്വഭാവം കൈവരിക്കാനായി. പൊതുവിദ്യാലയങ്ങളില്‍ നാട്ടുകാരും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നുള്ള കൂട്ടായ്മ വിജയത്തിന് അടിസ്ഥാനമായി. അധ്യാപക രക്ഷാകര്‍തൃ സമിതികളും അധ്യാപക സമൂഹവും ജനപ്രതിനിധികളും ഒരുമിച്ചു. ഇവരെയെല്ലാം ഏകോപിപ്പിച്ച തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ചേര്‍ന്ന കൂട്ടായ്മയാണ് പൊതു വിദ്യാലയങ്ങളുടെ ഉണര്‍വിന് അടിസ്ഥാനം. സര്‍ക്കാര്‍ ഇതിന് പശ്ചാത്തലമൊരുക്കി.

ഭൂരിപക്ഷം കുട്ടികളെയും അപമാനിതരാക്കി പുറത്താക്കുകയായിരുന്നു മുന്‍ കാലങ്ങളിലെ പരീക്ഷാരീതി. അതില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളുടെ കഴിവും പ്രയോഗശേഷിയും അളക്കുന്നതിന്് മൂല്യനിര്‍ണയ രീതിതന്നെ മാറ്റി. 2006ലെ പരീക്ഷയില്‍ 33 ശതമാനത്തില്‍ താഴെ വിജയം നേടിയ 104 സ്കൂളിലാണ് 'ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' എന്ന പ്രത്യേക പദ്ധതി നടപ്പാക്കിയത്. 2007ല്‍ 50 ശതമാനത്തില്‍ കുറവുള്ള മൂന്ന് സ്കൂളുകളെകൂടി ചേര്‍ത്ത് 107 സ്കൂളിലാക്കി. 2000ല്‍ മോഡറേഷന്‍ ഇല്ലാതെ 42.89 ശതമാനമായിരുന്ന വിജയമാണ് 2010ല്‍ 90 ശതമാനത്തില്‍ എത്തിനില്‍ക്കുന്നത്.

2005ലാണ് എസ്എസ്എല്‍സി ഗ്രേഡിങ് രീതിയിലേക്ക് മാറിയത്. ആ വര്‍ഷം രണ്ട് മാര്‍ക്ക് സബ്ജക്ടിവിറ്റി കറക്ഷന്‍ എന്ന നിലയില്‍ നല്‍കിയിരുന്നു. ഇതിനുശേഷമുളള വര്‍ഷങ്ങളില്‍ മോഡറേഷന്‍ ഒഴിവാക്കി. 2006ല്‍ 68 ശതമാനമായിരുന്ന വിജയം 2007ല്‍ 82.29 ശതമാനമായി. അത് 2008ല്‍ 92.09 ശതമാനമായി ഉയരുകയും 2009ല്‍ 91.92 ശതമാനമായി താഴുകയുംചെയ്തു. അതാണിപ്പോള്‍ 90.72 ശതമാനത്തില്‍ സ്ഥിരത കൈവരിച്ചത്.

2005ല്‍ ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കിയെങ്കിലും 13 ദിവസങ്ങളിലായി 13 വിഷയത്തില്‍ ആകെ 25 മണിക്കൂര്‍ പരീക്ഷയാണ് നടന്നിരുന്നത്.2007ലെ പരീക്ഷയ്ക്ക് 13 പേപ്പര്‍ 10 പേപ്പറായും പരീക്ഷാ സമയം പതിനേഴര മണിക്കൂറായും ചുരുക്കി. കുട്ടികളുടെ ഭാരം ലഘൂകരിക്കാന്‍ ചില വിഷയങ്ങളുടെ നിലവിലെ സിലബസില്‍ ചില ഭാഗങ്ങള്‍ നിരന്തര മൂല്യനിര്‍ണയത്തിന് മാത്രമായി പരിമിതപ്പെടുത്തി.നിരന്തര മൂല്യനിര്‍ണയം ഫലപ്രദമാക്കാന്‍ പരിശീലനവും വിലയിരുത്തലും ശക്തമാക്കി

(ആര്‍ രഞ്ജിത്)

19 വിദ്യാലയത്തിന് നൂറില്‍ നൂറ്

വിദ്യാഭ്യാസപരമായി പിന്നോക്കംനില്‍ക്കുന്ന സ്കൂളുകള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച 'ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' പദ്ധതിവഴി 19 വിദ്യാലയത്തില്‍ ഇത്തവണയും നൂറുശതമാനം വിജയം. 54 വിദ്യാലയം 90 ശതമാനത്തില്‍ അധികം വിജയം നേടി. 86 സ്കൂള്‍ 75 ശതമാനത്തില്‍ അധികവും 102 സ്കൂള്‍ 60 ശതമാനത്തില്‍ അധികവും വിജയം നേടി. 50 ശതമാനത്തില്‍ അധികം വിജയം നേടിയത് 103 സ്കൂളാണ്. നാലു സ്കൂളിന്റെ വിജയം മാത്രമാണ് 50 ശതമാനത്തില്‍ താഴെയായത്. കഴിഞ്ഞ വര്‍ഷം 25 വിദ്യാലയത്തിലായിരുന്നു നൂറു ശതമാനം വിജയം. 56 സ്കൂളില്‍ കഴിഞ്ഞ വര്‍ഷം 90 ശതമാനത്തില്‍ അധികം വിജയമുണ്ടായിരുന്നു. 2006-07 വര്‍ഷത്തില്‍ 104 സ്കൂളില്‍ ആരംഭിച്ച പദ്ധതി 2008 മുതല്‍ 107 സ്കൂളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസവകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും സംയുക്തമായാണ് ഗുണമേന്മാ പദ്ധതി കാര്യക്ഷമമായി നടക്കുന്നത്. പദ്ധതിക്ക് ബജറ്റില്‍ തുകയും വകകൊള്ളിച്ചു. ഉച്ചഭക്ഷണ വിതരണം അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം, സൌജന്യ പഠനോപകരണ വിതരണം തുടങ്ങിയ സഹായങ്ങള്‍ ഇത്തരം സ്കൂളുകള്‍ക്ക് നല്‍കി. അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുത്തിയുള്ള അധ്യാപക പരിശീലനം പൂര്‍ണമായും ഒഴിവാക്കി. എസ്്എസ്എല്‍സി (എച്ച് ഐ) പരീക്ഷയില്‍ 99.47 ശതമാനം പേര്‍ വിജയിച്ചു. ആകെ പരീക്ഷ എഴുതിയ 375 പേരില്‍ 373 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി.

അഷ്നയുടെ വിജയത്തിന് പത്തരമാറ്റ്

എല്ലാ വിഷയത്തിലും എ പ്ളസ് നേടിയ അഷ്നയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം. 10 വര്‍ഷം മുമ്പ് ആര്‍എസ്എസ് ബോംബേറില്‍ കാല്‍തകര്‍ന്ന ചെറുവാഞ്ചേരി പൂവത്തൂരിലെ അഷ്ന പൊയ്ക്കാലില്‍ എത്തിയാണ് പരീക്ഷ എഴുതിയത്. മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥിനിയാണ്. സയന്‍സ് ഗ്രൂപ്പെടുത്ത് ഡോക്ടറാവാനാണ് ആഗ്രഹം. 2000 സെപ്തംബര്‍ 27ന് ചെറുവാഞ്ചേരി പൂവത്തൂരിലെ വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് അഷ്നയുടെ വലത്കാല്‍ ആര്‍എസ്എസ് ബോംബാക്രമണത്തില്‍ നഷ്ടപ്പെട്ടത്. മകള്‍ക്ക് പഠിക്കാന്‍ എല്ലാ സൌകര്യവും നല്‍കാന്‍ അച്ഛന്‍ നാണുവും അമ്മ ശാന്തയും പ്രത്യേകം ശ്രദ്ധിച്ചു. പഠനസൌകര്യത്തിനായി മുത്താറിപ്പീടികയ്ക്കു സമീപം കൂലോത്ത് വാടകവീട് എടുത്തായിരുന്നു താമസം. അനുജന്‍ ആനന്ദ് ഈസ്റ്റ് വള്ള്യായി യുപി സ്കൂള്‍ വിദ്യാര്‍ഥിയാണ്.

വിജയം കൂടുതല്‍ കണ്ണൂരില്‍; 5182പേര്‍ക്ക് എ പ്ളസ്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ്. 96.88 ശതമാനം. വിജയം ശതമാനം കുറവ് പാലക്കാട് ജില്ലയിലാണ്. 83 ശതമാനം. 5182പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി. 17,515പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടി. എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡ് നേടിയവര്‍ 41,011 ആണ്. സര്‍ക്കാരിന്റെ 107 സ്കൂള്‍ പദ്ധതിയില്‍ 19 സ്കൂളുകള്‍ 100ശതമാനം വിജയം നേടി.

ദേശാഭിമാനി 04052010

1 comment:

  1. കുട്ടികള്‍ക്ക് എന്തറിയില്ല എന്ന് പരീക്ഷിച്ച് ഭൂരിപക്ഷം കുട്ടികളെയും അപമാനിതരാക്കി പൊതുധാരയില്‍നിന്ന് പുറത്താക്കുകയായിരുന്നു പലപ്പോഴും മുന്‍കാലങ്ങളിലെ പരീക്ഷാരീതി. അതില്‍നിന്ന് ഭിന്നമായി കുട്ടികള്‍ക്ക് എന്തറിയാമെന്നും അറിയുന്ന കാര്യങ്ങള്‍ പ്രശ്നസന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാനുള്ള കഴിവ് എത്രമാത്രമുണ്ടെന്നും വിലയിരുത്തുന്ന മൂല്യനിര്‍ണയരീതിയാണ് ഇപ്പോഴുള്ളത്. ഈ പുതിയ രീതി വന്നപ്പോള്‍ ഉണ്ടായ മാറ്റം വളരെ പ്രകടമാണെന്ന് സമീപവര്‍ഷങ്ങളിലെ പരീക്ഷാഫലങ്ങള്‍ വെളിവാക്കുന്നു.

    ReplyDelete