Saturday, May 22, 2010

ഡല്‍ഹിയില്‍ ഒന്നും ഭദ്രമല്ല - യു.പി.എയുടെ ഒരു വര്‍ഷം

ഒരുവര്‍ഷം മുമ്പ് തെല്ല് അഹംഭാവത്തോടെയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറിയത്. യുപിഎയ്ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് തനിച്ച് 206 സീറ്റ് ലഭിച്ചതും ഇടതുപക്ഷത്തിന്റെ പിന്തുണ ആവശ്യമില്ലാത്തതും ഇതിനു കാരണമായി. കോണ്‍ഗ്രസിന് തനിച്ചു തന്നെ ഭൂരിപക്ഷമുണ്ടെന്നപോലെയാണ് ഭരണം തുടങ്ങിയത്. എന്നാല്‍, ഭരണനടപടികളുമായി മുന്നോട്ടു പോകാന്‍ ആരംഭിച്ചതോടെ വ്യക്തമായ ഭൂരിപക്ഷമില്ലെന്ന യാഥാര്‍ഥ്യം യുപിഎയ്ക്ക് ബോധ്യപ്പെട്ടു. വനിതാബില്‍ അവതരിപ്പിച്ചപ്പോഴാണ് ഇക്കാര്യം സര്‍ക്കാരിന് ആദ്യം ബോധ്യപ്പെട്ടത്. പിന്നീട് ഇടതുപക്ഷം ലോക്സഭയില്‍ ഖണ്ഡനോപക്ഷേപം കൊണ്ടുവന്നപ്പോള്‍ വനിതാബില്ലിനെ എതിര്‍ത്ത ആര്‍ജെഡിയുടെയും എസ്പിയുടെയും പിന്തുണ തേടി ഭൂരിപക്ഷമുണ്ടാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിക്കുന്ന ബിഎസ്പിയുടെ പിന്തുണപോലും നേടിയാണ് ഖണ്ഡനോപക്ഷേപത്തെ സര്‍ക്കാര്‍ അതിജീവിച്ചത്. അല്ലാത്തപക്ഷം 266 പേരുടെ പിന്തുണ മാത്രമേ യുപിഎ സര്‍ക്കാരിന് ലോക്സഭയില്‍ ഉണ്ടാകുമായിരുന്നുള്ളൂ.

പ്രധാനമന്ത്രിയുടെ പ്രധാന അജന്‍ഡയായ ആണവബാധ്യതാബില്‍ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം ലോക്സഭയില്‍ അവതരിപ്പിച്ചതും ഇതേ കക്ഷികളുടെ പിന്തുണ ഉറപ്പാക്കിയ ശേഷമായിരുന്നു. തുടര്‍ന്നുള്ള നാളുകളില്‍ ലാലുപ്രസാദ് യാദവിന്റെയും മുലായത്തിന്റെയും മായാവതിയുടെയും ആവശ്യങ്ങള്‍ക്കു മുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങുന്നതാണ് കണ്ടത്. വനിതാസംവരണബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നത് മാറ്റി. മുലായത്തിനും ലാലുവിനും എതിരായ സിബിഐ കേസുകള്‍ മരവിപ്പിച്ചു. സെന്‍സസ് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ ഇനി ജാതിക്കോളം ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നു പറഞ്ഞ ആഭ്യന്തരമന്ത്രിയെ മണിക്കൂറിനകം തിരുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തയ്യാറായി. ജാതി കോളം ഉള്‍പ്പെടുത്തുന്ന വിഷയം മന്ത്രിസഭയുടെ അജണ്ടയില്‍ ഉള്‍പ്പപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അടിത്തറ ഭദ്രമല്ലെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ഇനി ഏതുകാര്യത്തിനും മുലായത്തിന്റെയും ലാലുവിന്റെയും മായാവതിയുടെയും മുഖം പ്രസാദിക്കണം. കോണ്‍ഗ്രസിന്റെ തനിച്ചുള്ള ഭരണമോഹങ്ങള്‍ തകരുകയും സര്‍ക്കാരിന്റെ സ്ഥിരത തന്നെ അപകടത്തിലാവുകയും ചെയ്തിരിക്കുന്നു. ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സര്‍ക്കാര്‍ ആടിഉലയുകയാണ്.
(വി ബി പരമേശ്വരന്‍)

അമേരിക്ക കല്‍പ്പിക്കുന്നു ഇവിടെ നടപ്പാകുന്നു

അമേരിക്കയുമായി തന്ത്രപ്രധാനബന്ധം സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി രണ്ടാം യുപിഎ സര്‍ക്കാര്‍ അതിവേഗം മുന്നോട്ടുനീങ്ങി. ഇതില്‍ ഏറ്റവും പ്രധാനം ആണവബാധ്യത ബില്‍തന്നെയാണ്. റിയാക്ടര്‍ ഇടപാട് നടത്തണമെങ്കില്‍ അമേരിക്കയിലെ ജനറല്‍ മോട്ടോഴ്സ്, വെസ്റ്റിങ് ഹൌസ് എന്നീ ആണവ റിയാക്ടര്‍ കമ്പനികളെ ബാധ്യതയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കുന്ന നിയമനിര്‍മാണം ഇന്ത്യ നടത്തണമെന്നാണ് അവരുടെ ആവര്‍ത്തിച്ചുള്ള ആവശ്യം. ഇതിന്റെ ഭാഗമായാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ബില്‍ കൊണ്ടുവരാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായത്. മാര്‍ച്ച് 15ന് ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയെങ്കിലും ഇതിനെ ഇടതുപക്ഷം ചോദ്യംചെയ്യുമെന്ന് ഉറപ്പായതോടെ സര്‍ക്കാര്‍ പിന്‍വാങ്ങി. അന്ന് സഭയില്‍ യുപിഎ ഘടകകക്ഷി അംഗങ്ങളുടെ അംഗബലം കുറവായിരുന്നു. പിന്നീട് വനിതാബില്‍ ലോക്സഭയില്‍ അവതരിപ്പിക്കില്ലെന്ന് ഉറപ്പുനല്‍കി. മുലായംസിങ്ങിന്റെയും ലാലുപ്രസാദിന്റെയും പിന്തുണ നേടിയശേഷമാണ് ബജറ്റ് സമ്മേളനത്തിന്റെ അവസാനദിവസം ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ഈ ബില്‍ എത്രയുംവേഗം പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ അംബാസഡര്‍ റോയ്മറുടെ പ്രസ്താവന വന്നതിന് തൊട്ടുപിറകെയാണ് ആണവോര്‍ജ സഹമന്ത്രികൂടിയായ പൃഥ്വിരാജ് ചൌഹാന്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. അപകടം ഉണ്ടാകുന്നപക്ഷം ആണവനിലയങ്ങളുടെ നടത്തിപ്പുകാര്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിന് 500 കോടി പരിധി നിശ്ചയിക്കുന്നതാണ് ഈ ബില്‍. ഭോപാല്‍ വാതകദുരന്തത്തിന്റെ ഭീകര ഓര്‍മ നിലനില്‍ക്കെയാണ് അതിന് നഷ്ടപരിഹാരമായി നല്‍കിയ തുകയേക്കാള്‍ കുറഞ്ഞ തുക നഷ്ടപരിഹാരമായി നിജപ്പെടുത്തിയത്.

ഇന്ത്യയില്‍ ആണവനിലയങ്ങളുടെ നടത്തിപ്പ് പൊതുമേഖലാ സ്ഥാപനമായ ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷനായതിനാല്‍ (എന്‍പിസിഐഎല്‍) നഷ്ടപരിഹാരത്തിന്റെ പൂര്‍ണബാധ്യത സര്‍ക്കാരിന്റെ ചുമലില്‍തന്നെ. നികുതിപ്പണം എടുത്താണ് അമേരിക്കന്‍ കമ്പനികളുടെ വീഴ്ചയുടെ ഫലമായി ഉണ്ടാകുന്ന ആണവ അപകടങ്ങള്‍ക്കുപോലും നഷ്ടപരിഹാരമായി നല്‍കേണ്ടിവരിക. ബില്‍ ഊര്‍ജമന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുന്നതിനുപകരം ശാസ്ത്ര- സാങ്കേതിക മന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതില്‍നിന്നുതന്നെ സര്‍ക്കാരിന്റെ മനോഭാവം മനസ്സിലാക്കാം. പാര്‍ലമെന്ററിമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍തന്നെയാണ് ബില്‍ ഊര്‍ജമന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുമെന്ന് പറഞ്ഞത്. എന്നാല്‍, ഈ കമ്മിറ്റിയുടെ അധ്യക്ഷന്‍ മുലായംസിങ് യാദവാണ്. അദ്ദേഹത്തെ പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം സുബ്ബിരാമിറെഡ്ഡി അധ്യക്ഷനായ ശാസ്ത്ര- സാങ്കേതിക മന്ത്രാലയത്തിന്റെ സ്റാന്‍ഡിങ് കമ്മിറ്റിക്ക് ബില്‍ വിട്ടത്.

ആണവബാധ്യത ബില്‍ തിരക്കിട്ട് ലോക്സഭയില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ ഈ താല്‍പ്പര്യം ഇന്ത്യക്ക് ആണവകരാറിന്റെ ഭാഗമായി ലഭിക്കേണ്ട പുനഃസംസ്കരണ സംവിധാനത്തിനുവേണ്ടി കാണിച്ചില്ലെന്നതും വസ്തുതയാണ്. 2008ല്‍ ഒപ്പിട്ട സിവില്‍ ആണവകരാറിന്റെ ഭാഗമായി അമേരിക്ക നല്‍കുന്ന യുറേനിയം പുനഃസംസ്കരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യക്ക് ലഭിക്കേണ്ടതാണ്. ഇന്ത്യയുടെ ആദ്യത്തെ ആണവനിലയമായ താരാപുരിനുവേണ്ടി അമേരിക്കയില്‍നിന്ന് ഇറക്കുമതിചെയ്ത ഇന്ധനം 40 വര്‍ഷത്തിനുശേഷവും പുനഃസംസ്കരിക്കാന്‍ അമേരിക്ക അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു അനുവാദം കരാറിന്റെ ഭാഗമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. കഴിഞ്ഞ നവംബറില്‍തന്നെ ഇതുസംബന്ധിച്ച കരാറിന്റെ കരടായെന്നും ഏതാനും ദിവസങ്ങള്‍ക്കകം ഇതില്‍ ഒപ്പിടുമെന്നും സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഇനിയും ഒപ്പുവച്ചിട്ടില്ല. ഒരുവര്‍ഷത്തിനകം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മൂന്നുതവണ അമേരിക്ക സന്ദര്‍ശിച്ചെങ്കിലും കരാറില്‍ ഒപ്പുവയ്ക്കുകയുണ്ടായില്ല. ആണവകരാറിന്റെ ഭാഗമായി പ്രതിരോധമേഖലയില്‍ നൂറ് ശതമാനം സ്വകാര്യവല്‍ക്കരണം ഏര്‍പ്പെടുത്താനുള്ള സമ്മര്‍ദവും ശക്തമാണ്. ഇതിന് പ്രതിരോധമന്ത്രാലയം വഴങ്ങുകയാണെന്നാണ് അവസാനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഓഹരിവില്‍പ്പന തകൃതി; വിത്തെടുത്ത് കുത്തല്‍

പണമുണ്ടാക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ കണ്ടെത്തിയ എളുപ്പ മാര്‍ഗമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന. ഇടതുപക്ഷ പാര്‍ടികളുടെ “പിന്തുണ സര്‍ക്കാരിന് ആവശ്യമില്ലാത്തതിനാല്‍ ആരോടും ആലോചിക്കുകയും വേണ്ട. അതുകൊണ്ട് തന്നെ നടപ്പ് സാമ്പത്തികവര്‍ഷം ഓഹരിവില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ധനമന്ത്രി പ്രണബ്മുഖര്‍ജി ലക്ഷ്യമിട്ടിരിക്കുന്നത് ചില്ലറ തുകയല്ല-നാല്‍പ്പതിനായിരം കോടി രൂപയാണ്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുതായി എട്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുന്ന ഘട്ടത്തില്‍ തന്നെയാണ് സോണിയാ ഗാന്ധിയുടെയും മന്‍മോഹന്‍ സിങ്ങിന്റെയും നേതൃത്വത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി വിറ്റഴിക്കുന്നത്.

നവരത്ന സ്ഥാപനമായ സെയിലിന്റെ ഓഹരിവിറ്റഴിച്ചാണ് ഇക്കൊല്ലത്തെ വില്‍പ്പനമേളയ്ക്ക് യുപിഎ സര്‍ക്കാര്‍ തുടക്കമിട്ടത്. സെയിലിന്റെ പത്തുശതമാനം ഓഹരിയാണ് വിറ്റത്. പത്തുശതമാനം സ്വകാര്യ മൂലധനം പുതിയ ഓഹരി വാഗ്ദാനത്തിലൂടെ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വില്‍പ്പനയിലൂടെ 16000 കോടി രൂപ വരെ ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇതില്‍ പകുതി കമ്പനിക്ക് തന്നെ കൊടുക്കുമെന്ന് ഉരുക്ക് മന്ത്രി വീരഭദ്ര സിങ് അവകാശപ്പെടുന്നുണ്ട്. എന്തായാലും 86 ശതമാനമായിരുന്ന സര്‍ക്കാര്‍ ഓഹരി ഇതുവഴി 69 ശതമാനമായാണ് കുറയുന്നത്. അടുത്തഘട്ടം വില്‍പ്പനയിലൂടെ സെയില്‍ പൂര്‍ണമായും സ്വകാര്യ കരങ്ങളിലെത്തുമെന്ന് തീര്‍ച്ച.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും വഴി കോണ്‍ഗ്രസ് നേതൃത്വം നയം വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷ പിന്തുണയില്ലാതെ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ പത്ത് മാസങ്ങളില്‍ 17,295 കോടി രൂപ സര്‍ക്കാര്‍ ഓഹരി വിറ്റ് സമ്പാദിച്ചു. 1992ല്‍ ഓഹരിവിറ്റഴിക്കലിന് തുടക്കമിട്ട ശേഷം നടന്ന ഏറ്റവും വലിയ വില്‍പ്പനയാണിത്. ഓഹരിവില്‍പ്പനയ്ക്ക് പ്രത്യേക മന്ത്രാലയം തന്നെ തുറന്ന എന്‍ഡിഎ സര്‍ക്കാര്‍ 2003-04ല്‍ ഓഹരിവിറ്റ് 16,563 കോടി സമ്പാദിച്ചതായിരുന്നു മുന്‍റെക്കോഡ്. എന്നാല്‍ പത്തുമാസം കൊണ്ട് രണ്ടാംയുപിഎ സര്‍ക്കാര്‍ അത് മറികടന്നു. പത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങളുടെ അഞ്ച് മുതല്‍ 30 ശതമാനം വരെ ഓഹരികള്‍ വിറ്റാണ് നാല്‍പ്പതിനായിരം കോടി രൂപ സ്വരൂപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.— സര്‍ക്കാരിന്റെ സാമൂഹികക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ പൊതുമേഖലാ ഓഹരി വില്‍ക്കുന്നുവെന്നാണ് പ്രണബ്മുഖര്‍ജിയുടെ ന്യായം. ഓഹരിവില്‍പ്പന തകൃതിയായി നടക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹികപദ്ധതികളൊന്നും ട്രാക്കിലെത്തിയിട്ടില്ല.

1991 മുതല്‍ ഇതുവരെയായി ഏകദേശം 53000 കോടിരൂപയുടെ ഓഹരികളാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറിയിട്ടുള്ളത്. സെയിലിന്റെ വില്‍പ്പന ഇതില്‍പെടുന്നില്ല.— കഴിഞ്ഞ യുപിഎ സര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണ നിര്‍ണായകമായിരുന്നതിനാല്‍ വില്‍പ്പന പ്രതീക്ഷിച്ചതുപോലെ നടത്താന്‍ മന്‍മോഹനും കൂട്ടര്‍ക്കും കഴിഞ്ഞിരുന്നില്ല. സെയിലിന് പുറമെ ബിഎസ്എന്‍എല്ലും കോള്‍ഇന്ത്യയുമാണ് നടപ്പുവര്‍ഷം വില്‍പ്പനയ്ക്ക് വെയ്ക്കുന്ന പ്രമുഖ സ്ഥാപനങ്ങള്‍. ഓഹരി ഒന്നിന് മൂന്നൂറ് രൂപ മുതല്‍ 400 രൂപ വരെയുള്ള ബിഎസ്എന്‍എല്ലിന്റെ 10 ശതമാനം ഓഹരി വിറ്റ് 15000 മുതല്‍ 20000 കോടി രൂപവരെ നേടാനാകും. കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ പത്ത് ശതമാനം ഓഹരി വിറ്റ്— 10000 കോടിയോളം നേടാനാകുമെന്നും സര്‍ക്കാര്‍ കരുതുന്നു. ഭെല്ലിന്റെ 10 ശതമാനം (10500 കോടി) , പവര്‍ഗ്രിഡിന്റെ അഞ്ച് ശതമാനം (3000 കോടി), ഗ്രാമീണ വൈദ്യുതീകരണ കോര്‍പറേഷന്റെ 14 ശതമാനം (2500 കോടി), യുണെറ്റഡ് ബാങ്കിന്റെ 20 ശതമാനം(400 കോടി,) എന്‍എച്ച്പിസിയുടെ 14 ശതമാനം(3000 കോടി), ഓയില്‍ ഇന്ത്യയുടെ 11 ശതമാനം(700 കോടി), ആര്‍ഐടിഎസിന്റെ 28 ശതമാനം (450 കോടി രൂപ ) എന്നിങ്ങനെയാണ് മറ്റ് ഓഹരി വില്‍പ്പനലക്ഷ്യങ്ങള്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ 51 ശതമാനം വരെ ഓഹരി വില്‍ക്കുകയാണ് ലക്ഷ്യമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തപ്പോള്‍ വ്യക്തമാക്കിയിരുന്നു. മൊത്തം പൊതുമേഖലാ സ്ഥാപനങ്ങളുടെ 49 ശതമാനം ഓഹരി വിറ്റാല്‍ 4.46 ലക്ഷം കോടി രൂപ സര്‍ക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രതിവര്‍ഷം അരലക്ഷം കോടിയുടെ ഓഹരി വീതംവിറ്റാല്‍ അഞ്ചാണ്ടില്‍ 2.5 ലക്ഷം കോടിയുടെ ഓഹരി വില്‍ക്കാം. അതിനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ആഗോളസാമ്പത്തികമാന്ദ്യത്തില്‍ ഇന്ത്യ പിടിച്ചുനിന്നത് പൊതുമേഖലയുടെ കരുത്തിലാണ്. ഇതില്‍നിന്ന് ഒന്നും മനസ്സിലാക്കാതെയാണ് പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റ് തുലയ്ക്കുന്നത്.
(എം പ്രശാന്ത്)

deshabhimani 21052010

1 comment:

  1. ഒരുവര്‍ഷം മുമ്പ് തെല്ല് അഹംഭാവത്തോടെയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറിയത്. യുപിഎയ്ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് തനിച്ച് 206 സീറ്റ് ലഭിച്ചതും ഇടതുപക്ഷത്തിന്റെ പിന്തുണ ആവശ്യമില്ലാത്തതും ഇതിനു കാരണമായി. കോണ്‍ഗ്രസിന് തനിച്ചു തന്നെ ഭൂരിപക്ഷമുണ്ടെന്നപോലെയാണ് ഭരണം തുടങ്ങിയത്. എന്നാല്‍, ഭരണനടപടികളുമായി മുന്നോട്ടു പോകാന്‍ ആരംഭിച്ചതോടെ വ്യക്തമായ ഭൂരിപക്ഷമില്ലെന്ന യാഥാര്‍ഥ്യം യുപിഎയ്ക്ക് ബോധ്യപ്പെട്ടു. വനിതാബില്‍ അവതരിപ്പിച്ചപ്പോഴാണ് ഇക്കാര്യം സര്‍ക്കാരിന് ആദ്യം ബോധ്യപ്പെട്ടത്. പിന്നീട് ഇടതുപക്ഷം ലോക്സഭയില്‍ ഖണ്ഡനോപക്ഷേപം കൊണ്ടുവന്നപ്പോള്‍ വനിതാബില്ലിനെ എതിര്‍ത്ത ആര്‍ജെഡിയുടെയും എസ്പിയുടെയും പിന്തുണ തേടി ഭൂരിപക്ഷമുണ്ടാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിക്കുന്ന ബിഎസ്പിയുടെ പിന്തുണപോലും നേടിയാണ് ഖണ്ഡനോപക്ഷേപത്തെ സര്‍ക്കാര്‍ അതിജീവിച്ചത്. അല്ലാത്തപക്ഷം 266 പേരുടെ പിന്തുണ മാത്രമേ യുപിഎ സര്‍ക്കാരിന് ലോക്സഭയില്‍ ഉണ്ടാകുമായിരുന്നുള്ളൂ.

    ReplyDelete