Tuesday, May 25, 2010

തത്വാധിഷ്ഠിത രാഷ്ട്രീയം

കേരളകോണ്‍ഗ്രസ് ജെയിലെ ഒരു വിഭാഗം യുഡിഎഫില്‍ ചേക്കേറിയതിനോടും ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ ഇടപെടലിനോടും സിപിഐ എം സ്വീകരിച്ച നിലപാടിന് മതനിരപേക്ഷ സമൂഹത്തിന്റെ അംഗീകാരം പൊതുവെ ലഭിച്ചിട്ടുണ്ട്. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരായ നിലപാടാണ് ഈ പ്രശ്നങ്ങളില്‍ സിപിഐ എം സ്വീകരിച്ചത്. പാര്‍ടി സെക്രട്ടറി പിണറായി വിജയന്റെ പ്രസംഗങ്ങളിലും തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസിലും ഈ സമീപനമാണ് ശക്തമായി അവതരിപ്പിച്ചത്. എല്‍ഡിഎഫ് സ്വീകരിക്കുന്ന ഈ സമീപനത്തിന് ഇന്നത്തെ കേരളത്തില്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. വര്‍ഗീയ ശക്തികള്‍ മതനിരപേക്ഷതയ്ക്ക് ഭീഷണിയാകുംവിധം രാജ്യത്ത് ശക്തിപ്പെട്ടുതുടങ്ങിയ എപതുകളുടെ രണ്ടാംപകുതിയില്‍തന്നെ വര്‍ഗീയതക്കെതിരായ സമീപനമാണ് കേരള രാഷ്ട്രീയത്തില്‍ സിപിഐ എം സ്വീകരിക്കുന്നത്. തങ്ങളുടെ പിന്തുണയില്ലാതെ ഒരു മുന്നണിക്കും കേരളം ഭരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച മുസ്ളീംലീഗില്ലാതെയാണ് 1980ല്‍ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍വന്നത്. പിന്നീട് 1987 ആയപ്പോഴേക്കും അഖിലേന്ത്യാലീഗിനെയും കൂട്ടാതെയാണ് എല്‍ഡിഎഫ് മത്സരിച്ചത്. ആ മുന്നണിക്ക് ജനങ്ങള്‍ വലിയ അംഗീകാരമാണ് നല്‍കിയത്.

മുസ്ളിം ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് തങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന ലീഗിന്റെ വര്‍ത്തമാനം അര്‍ഥമില്ലാത്തതാണെന്ന് ആ സമുദായത്തില്‍പ്പെട്ടവര്‍ക്കുതന്നെ മനസിലായി. മുസ്ളിം സമുദായത്തിലെ സമ്പന്നരുടെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് ലീഗ് സംരക്ഷിക്കുന്നത്. അതിനുവേണ്ടി സാമുദായിക വികാരത്തെ ദുരുപയോഗപ്പെടുത്തുകയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയം കൈകാര്യംചെയ്യുന്ന പാര്‍ടികളെ കൂട്ടാതെ അധികാരത്തില്‍വന്നതിനുശേഷം രണ്ടു ദശകം പിന്നിടുമ്പോഴാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പ് ലീഗിനു കനത്ത തിരിച്ചടിയാണ് നല്‍കിയത്. മലപ്പുറം ജില്ലയാണ് മുസ്ളിംലീഗിന്റെ കോട്ടയായി കരുതുന്നത്. അവിടെ ഒരിക്കലും ലീഗ് തോല്‍ക്കാത്ത മണ്ഡലങ്ങളില്‍ ആ പാര്‍ടിയുടെ പ്രധാനനേതാക്കള്‍ വലിയ വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി തുടരുകയും മിക്കവാറും അധികാരം പങ്കിടുകയും ചെയ്ത ലീഗിന്റെ കേരള രാഷ്ട്രീയത്തിലെ പ്രസക്തിയാണ് ഇതോടെ ചോദ്യം ചെയ്യപ്പെട്ടത്.

അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളും ഈ സമുദായത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളില്‍ വലിയ മതിപ്പുണ്ടാക്കി. സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് സ്വീകരിച്ച പ്രത്യേക നടപടിയും മറ്റും ഇതിന്റെ ഉദാഹരണമാണ്. മത്സ്യമേഖലയിലും കാര്‍ഷികരംഗത്തും സ്വീകരിച്ച നടപടികള്‍ നല്ലൊരു വിഭാഗത്തിന്റെയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കി. വിദ്യാഭ്യാസരംഗത്തെ സാധാരണക്കാര്‍ക്ക് സഹായകമായ സമീപനത്തിന് എംഇഎസ് പോലുള്ള സംഘടനകളുടെവരെ അംഗീകാരം ലഭിച്ചു. മാറിയ മാറാടിന്റെ മുഖം ഇടതുപക്ഷ സര്‍ക്കാരിന്റെയും മുന്നണിയുടെയും മതനിരപേക്ഷതയോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. വര്‍ഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതുകൊണ്ടാണ് ഇതു സാധ്യമായത്. ഇടതുപക്ഷം സ്വീകരിക്കുന്ന കറകളഞ്ഞ സാമ്രാജ്യത്വവിരുദ്ധ നിലപാടിന് മറ്റു വിഭാഗങ്ങളിലേതുപോലെ മുസ്ളിം സമുദായത്തിലെയും ചിന്തിക്കുന്നവരുടെ പിന്തുണ ലഭിച്ചു. ഇങ്ങനെതന്നെ കാര്യങ്ങള്‍ പോയാല്‍ തങ്ങള്‍ക്ക് ഒരിക്കലും അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന ചിന്ത ലീഗിനെ ശക്തമായി സ്വാധീനിച്ചിട്ടുണ്ടാകും. അതോടെയാണ് നേരത്തെ സ്വീകരിച്ച സമീപനത്തില്‍നിന്ന് വ്യത്യസ്തമായി എന്‍ഡിഎഫ് പോലുള്ളവയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നതിലേക്ക് നയിച്ചത്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ ഈ ധാരണ പരസ്യമായിരുന്നു. എന്നാല്‍, എല്‍ഡിഎഫിനു പിഡിപി നല്‍കിയ പിന്തുണയെ സംബന്ധിച്ചുണ്ടായ പ്രചാരവേലയിലൂടെ മതനിരപേക്ഷ സമൂഹത്തിന്റെ ശ്രദ്ധയെ ഇതില്‍നിന്ന്വഴിതിരിച്ചുവിടാനും കഴിഞ്ഞു. ഇപ്പോഴാകട്ടെ ജമാഅത്തെ ഇസ്ളാമിയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കുന്നതിനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. ഇത് ആ പാര്‍ടിയുടെ അണികളില്‍നിന്നുതന്നെ എതിര്‍പ്പ് വിളിച്ചുവരുത്തി. അതോടെയാണ് നേതൃത്വം തല്‍ക്കാലം പിന്‍വാങ്ങിയത്.

ജമാഅത്തെ ഇസ്ളാമി മതനിരപേക്ഷതയ്ക്ക് എതിരായി കടുത്ത നിലപാട് എടുക്കുന്ന സംഘടനയാണ്. മതവും രാഷ്ട്രീയവും തമ്മിലുള്ള വേര്‍തിരിവ് അവര്‍ അംഗീകരിക്കുന്നില്ല. ഇസ്ളാം രാഷ്ട്രീയമതമാണെന്ന കാഴ്ചപ്പാടില്‍ ഊന്നിയ വ്യാഖ്യാനമാണ് അവര്‍ നല്‍കുന്നത്. ഇസ്ളാമിക രാഷ്ട്രമെന്ന കാഴ്ചപ്പാടാണ് അവരുടേത്. മാധ്യമം പ്രസിദ്ധീകരണങ്ങളിലൂടെ ഒരു പുരോഗമന മുഖം സൃഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. ശരിയായ മുഖം പ്രബോധനത്തില്‍ വായിക്കാന്‍ കഴിയും. കേരളത്തില്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും സമുദായത്തിനകത്തുപോലും സ്വാധീനമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് സോളിഡാരിറ്റി പോലുള്ള സംഘടനകള്‍ രൂപീകരിച്ച് പൊതുപ്രശ്നങ്ങളില്‍ ഇടപെടുന്നെന്ന പ്രതീതി സൃഷ്ടിച്ച് പൊതുസമൂഹത്തിന്റെ പിന്തുണയ്ക്ക് ശ്രമിച്ചത്. ഇതിന്റെ തുടര്‍ച്ചയില്‍ ലീഗുവഴി യുഡിഎഫിന്റെ ഭാഗമാകാനാണ് ശ്രമം.

എന്‍ഡിഎഫുമായി ധാരണയുണ്ടാക്കിയ യുഡിഎഫിന് ജമാഅത്തെ ഇസ്ളാമിയെ കൂട്ടുന്നതിനു തെല്ലും മടിയില്ല. 1957ലെ ആദ്യത്തെ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിച്ച വിശാല കമ്യൂണിസ്റ് വിരുദ്ധമുന്നണിയുടെ ഇന്നത്തെ തുടര്‍ച്ചയ്ക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 1987 മുതല്‍ സിപിഐ എം സ്വീകരിച്ച നിലപാടില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുന്നതിന് കോണ്‍ഗ്രസ് തയ്യാറല്ല.

ഇന്നാണെങ്കില്‍ അന്നത്തേക്കാളും ഗൌരവമുള്ള സാഹചര്യമാണ്. വര്‍ഗീയശക്തികള്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. ഹിന്ദുത്വശക്തികള്‍ നടത്തിയ ഭീകരപ്രവര്‍ത്തനം മലേഗാവില്‍ മാത്രമല്ല. എവിടെ ഭീകരപ്രവര്‍ത്തനം നടന്നാലും അത് മുസ്ളിം സമുദായത്തിന്റെ മേല്‍ ആരോപിക്കാനുള്ള ശ്രമവും തുറന്നുകാട്ടപ്പെട്ടു. മറുവശത്ത് ഇസ്ളാമിനെ തെറ്റായി വ്യാഖ്യാനിക്കുന്ന ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനവും നാടിന്റെ താല്‍പ്പര്യത്തിന് എതിരാണ്. മുംബൈയിലെ ഭീകരാക്രമണത്തിനുശേഷം ഇത്തരം രീതികള്‍ക്കെതിരായ പൊതുവികാരം ശക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിഡിപി ഇടതുപക്ഷത്തിനു നല്‍കിയ പിന്തുണപോലും പൊതുസമൂഹത്തിനു ദഹിക്കാതെ വന്നതില്‍ ഇതു പ്രധാനകാരണമാണ്. അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ളാമിപോലുള്ള സംഘങ്ങളുടെ രാഷ്ട്രീയമോഹങ്ങള്‍ തുടക്കത്തില്‍തന്നെ പ്രതിരോധിക്കാന്‍ മതനിരപേക്ഷശക്തികള്‍ക്ക് ഉത്തരവാദിത്തമുണ്ട്.

ചില മതമേധാവികളുടെ നിര്‍ദേശപ്രകാരമാണ് മുന്നണി വിട്ടതെന്ന് വെളിപ്പെടുത്തിയ പി ജെ ജോസഫും സംഘവും വിശാല കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയാണ് ലക്ഷ്യമിടുന്നത്. രാജാവിനുള്ളത് രാജാവിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ബൈബിള്‍ വചനം ഉദ്ധരിച്ചാണ് 87ല്‍ തന്റെ പഴയ നിലപാട് ജോസഫ് തിരുത്തിയത്. മതമേധാവികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് ജോസഫിന്റേത് എന്ന ധാരണ തിരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ഇ എം എസിന്റെ അഭിപ്രായത്തിനുള്ള പ്രതികരണമായാണ് ഇങ്ങനെ അദ്ദേഹം പറഞ്ഞത്. എന്നാല്‍, രണ്ടു ദശകത്തിനുശേഷം പഴയ രീതിയിലേക്ക് ജോസഫ് മടങ്ങിയിരിക്കുന്നു.

കമ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് മൂന്‍തൂക്കം നല്‍കുന്ന കത്തോലിക്ക വിഭാഗത്തിലെ ഒരു ചെറുസംഘം മതമേധാവികളാണ് ഇതിനു പുറകിലുള്ളത്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി തുടരുന്ന കമ്യൂണിസ്റ്റ് വിരുദ്ധതകൊണ്ട് സമുദായത്തിന് എന്തെങ്കിലും ഗുണമുണ്ടായോ എന്ന ആത്മപരിശോധന ഈ വിഭാഗം നടത്തേണ്ടതുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ വഴി ക്രൈസ്തവ സമൂഹത്തിലെ മഹാഭൂരിപക്ഷത്തിനും നേട്ടമുണ്ടായിട്ടുണ്ട്്. സുറിയാനി കത്തോലിക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഉള്‍പ്പെടെ സംവരണവും ഫീസ് ആനുകൂല്യവും നല്‍കുന്ന നിയമം കൊണ്ടുവരാന്‍ ശ്രമിച്ച സര്‍ക്കാരാണിത്. എന്നാല്‍, സമുദായത്തിലെ അതിസമ്പന്നരുടെ താല്‍പ്പര്യംമാത്രം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഇതിനെ എതിര്‍ക്കുകയാണ് ചെയ്തത്. കര്‍ഷക കടാശ്വാസവും മത്സ്യമേഖലയിലെ നടപടികളുടെയും നേട്ടങ്ങള്‍ ഈ വിഭാഗത്തിനും അനുഭവവേദ്യമാണ്. യുഡിഎഫ് ഭരണത്തില്‍നിന്ന് വ്യത്യസ്തമായി ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പള്ളിയും ആക്രമിക്കപ്പെട്ടില്ല, ഒരു പുരോഹിതനും കൊല്ലപ്പെട്ടില്ല.

കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ട ആസിയന്‍ കരാറിനെതിരെ കത്തോലിക്ക സഭതന്നെ പരസ്യമായി അഭിപ്രായം പറഞ്ഞിട്ടുണ്ട്. പുതിയ തീരദേശനിയമത്തിനെതിരെ ലത്തീന്‍ കത്തോലിക്ക വിഭാഗം പരസ്യമായി സമരരംഗത്താണ്. അന്തര്‍ദേശീയ തലത്തില്‍ വത്തിക്കാന്‍തന്നെ മാര്‍ക്സിസത്തെ അംഗീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ പഴയ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ നിലപാടോടെ കോണ്‍ഗ്രസിനെ അന്ധമായി പിന്തുണയ്ക്കുന്ന സമീപനം ഗുണമാണോ എന്ന ചിന്തയാണ് യഥാര്‍ഥ വിശ്വാസികളില്‍ ഉണ്ടാകുന്നത്. ക്രൈസ്തവ സമൂഹത്തിലെ വ്യത്യസ്ത ധാരകളില്‍പ്പെട്ട നല്ലൊരുവിഭാഗം മതപുരോഹിതരും ഈ അഭിപ്രായക്കാരാണ്. മതത്തെ സംബന്ധിച്ച ദാര്‍ശനിക നിലപാടുകളില്‍ വ്യത്യസ്തതയുള്ളപ്പോള്‍തന്നെ ഏതൊരു വിശ്വാസിക്കും അതതു വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഉറച്ചനിലപാട് എക്കാലത്തും സ്വീകരിക്കുന്ന പാര്‍ടിയാണ് സിപിഐ എം. ആത്മീയമായ കാര്യങ്ങളില്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയമായ പ്രശ്നങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നതല്ലോ ശരിയെന്നാണ് ഈ ഘട്ടത്തില്‍ കത്തോലിക്കാ സഭാനേതൃത്വം ചിന്തിക്കേണ്ടത്.

ഇന്നത്തെ കേരളത്തിന് ആവശ്യം മതനിരപേക്ഷമായ നിലപാടില്‍ അടിയുറച്ചുനില്‍ക്കുന്ന രാഷ്ട്രീയ സംവിധാനമാണ്. സിപിഐ എം നയിക്കുന്ന സര്‍ക്കാരിനെതിരായ നിലപാടില്‍മാത്രം കേന്ദ്രീകരിച്ച് ഏതറ്റംവരെയും പോകാന്‍ തയ്യാറായി നില്‍കുന്ന യുഡിഎഫിന്റെ നിലപാടിലെ അപകടം കേരളീയസമൂഹം തിരിച്ചറിയുകതന്നെ ചെയ്യും. തത്വാധിഷ്ഠിത രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുന്ന സിപിഐ എം നിലപാടിനോട് അടുക്കാന്‍ ഇന്ന് യുഡിഎഫിനു പിന്നില്‍ അണിനിരന്നിട്ടുള്ള ജനവിഭാഗങ്ങളെ ഈ പുതിയ സാഹചര്യം പ്രേരിപ്പിക്കുകയുംചെയ്യും. അതിന്റെ കേളികൊട്ടാണ് ജമാഅത്തെ ഇസ്ളാമി പ്രശ്നത്തില്‍ ലീഗിലും മാണിയോടുള്ള സമീപനത്തില്‍ പൊതുവെ യുഡിഎഫിലും ഇപ്പോള്‍ കാണുന്നത്.

പി രാജീവ് ദേശാഭിമാനി 25052010

2 comments:

  1. കേരളകോണ്‍ഗ്രസ് ജെയിലെ ഒരു വിഭാഗം യുഡിഎഫില്‍ ചേക്കേറിയതിനോടും ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ ഇടപെടലിനോടും സിപിഐ എം സ്വീകരിച്ച നിലപാടിന് മതനിരപേക്ഷ സമൂഹത്തിന്റെ അംഗീകാരം പൊതുവെ ലഭിച്ചിട്ടുണ്ട്. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരായ നിലപാടാണ് ഈ പ്രശ്നങ്ങളില്‍ സിപിഐ എം സ്വീകരിച്ചത്. പാര്‍ടി സെക്രട്ടറി പിണറായി വിജയന്റെ പ്രസംഗങ്ങളിലും തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസിലും ഈ സമീപനമാണ് ശക്തമായി അവതരിപ്പിച്ചത്. എല്‍ഡിഎഫ് സ്വീകരിക്കുന്ന ഈ സമീപനത്തിന് ഇന്നത്തെ കേരളത്തില്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. വര്‍ഗീയ ശക്തികള്‍ മതനിരപേക്ഷതയ്ക്ക് ഭീഷണിയാകുംവിധം രാജ്യത്ത് ശക്തിപ്പെട്ടുതുടങ്ങിയ എപതുകളുടെ രണ്ടാംപകുതിയില്‍തന്നെ വര്‍ഗീയതക്കെതിരായ സമീപനമാണ് കേരള രാഷ്ട്രീയത്തില്‍ സിപിഐ എം സ്വീകരിക്കുന്നത്. തങ്ങളുടെ പിന്തുണയില്ലാതെ ഒരു മുന്നണിക്കും കേരളം ഭരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച മുസ്ളീംലീഗില്ലാതെയാണ് 1980ല്‍ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍വന്നത്. പിന്നീട് 1987 ആയപ്പോഴേക്കും അഖിലേന്ത്യാലീഗിനെയും കൂട്ടാതെയാണ് എല്‍ഡിഎഫ് മത്സരിച്ചത്. ആ മുന്നണിക്ക് ജനങ്ങള്‍ വലിയ അംഗീകാരമാണ് നല്‍കിയത്.

    ReplyDelete
  2. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടി കോണ്ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, ജനതാ ദള് നേതാക്കള് പല തവണ വന്നിട്ടുണ്ട്, സുദീര്ഘമായ ചര്ച്ചകള് നടത്തിയിട്ടുമുണ്ട്. അവരാരും ഒരിക്കലും ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട് തിരുത്തണമെന്നാവശ്യപ്പെട്ടിട്ടില്ല. ആശയ സംവാദത്തിലേര്പ്പെട്ടിട്ടുമില്ല. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില് ജമാഅത്ത് നേതാക്കളെ നേരില് കണ്ട സി.പി.എം സെക്രട്ടറി പിണറായി വിജയനും അതേപ്പറ്റി അക്ഷരം ഉരിയാടിയിട്ടില്ല. ആദര്ശത്തിലോ ലക്ഷ്യത്തിലോ കടുകിടാ വിട്ടുവീഴ്ച ചെയ്യാമെന്ന ഒരുറപ്പും സംഘടന ആര്ക്കും നല്കിയിട്ടുമില്ല. പിന്നെയന്തിന് ജമാഅത്തിന്റെ ഇല്ലാത്ത മുഖംമൂടി അഴിച്ചു കളയാന് പിണറായി സാഹസപ്പെടണം? അദ്ദേഹത്തിന്റെ പാര്ട്ടിക്ക് നാസ്തികവാദവും ഭൌതികവാദവും സ്റാലിനിസവും ഉദ്ഘോഷിക്കാന് ഇന്ത്യന് ജനാധിപത്യത്തില് സ്വാതന്ത്യ്രമുണ്ടെങ്കില് അതേ സ്വാതന്ത്യ്രം ദൈവിക സന്മാര്ഗത്തെയും ഇസ്ലാമിക സാമൂഹിക നീതിയെയും കുറിച്ച് പറയാന് ജമാഅത്തെ ഇസ്ലാമിക്കുമുണ്ട്. നാസ്തികര്ക്ക് മദ്യരാജ്യമോ ഗുണ്ടാ രാജ്യമോ കൊണ്ടുവരാമെങ്കില് ധാര്മിക പ്രസ്ഥാനത്തിന് ദൈവരാജ്യവും കൊണ്ടുവരാം. സ്വതന്ത്ര ഇന്ത്യയില് ജമാഅത്തിന്റെ ഇന്നുവരെയുള്ള പ്രവര്ത്തനം സമാധാന ഭംഗമോ സാമുദായിക ധ്രുവീകരണമോ സൃഷ്ടിച്ചിട്ടില്ലെങ്കില് നാളെയും അതുണ്ടാവാന് പോവുന്നില്ല. എല്.ഡി.എഫിന് ജമാഅത്ത് തത്ത്വാധിഷ്ഠിത പിന്തുണ നല്കി; യു.ഡി.എഫിനും വേണ്ടിവന്നാല് നല്കും. ഒരു മുന്നണിക്കും നല്കാതെയുമിരിക്കും. അടിയറവ് കരാറോ സഖ്യമോ ധാരണയോ ഒരു പാര്ട്ടിയോടും മുന്നണിയോടും ഉണ്ടാക്കിയിട്ടില്ല.
    പ്രബോധനം വാരിക(5.6.2010)

    ReplyDelete