Tuesday, May 11, 2010

മനോരമയുടെ തെറ്റുതിരുത്തല്‍ ആര്‍ക്കുവേണ്ടി?

സിപിഐ (എം) നെ അപഹസിക്കാന്‍ കെട്ടുകഥകളും അപവാദങ്ങളും കുത്തിനിറച്ച് വിഷം പടര്‍ത്തിയ മലയാള മനോരമയുടെ പരമ്പരയ്ക്ക് ഉദ്ദേശിച്ച നേട്ടം കൊയ്യാനായില്ല. യൂത്ത് കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പുകളുടെ പടയൊരുക്കം ചെറുപൂരങ്ങളില്‍നിന്ന് പൂരങ്ങളുടെ പൂരമായ മൂത്ത കോണ്‍ഗ്രസിന്റെ "ഗ്രൂപ്പ് പൂരമായി'' ആടിത്തിമിര്‍ത്തപ്പോള്‍ മനോരമ പതറി. മാണിയും ജോസഫും ചേര്‍ന്ന് ഇരുട്ടറയില്‍ നടത്തിവന്ന അവിഹിതങ്ങള്‍ നാട്ടില്‍ പാട്ടായപ്പോള്‍ ലയനമെന്ന വികൃതഗര്‍ഭത്തിന് സുഖപ്രസവമൊരുക്കാന്‍ പലരും ജാഗരൂകരായി. അപകടം മണത്ത കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചപ്പോള്‍ "ലയന''മെന്ന ദുര്‍ഘടസന്തതിയുടെ പിറവി യുഡിഎഫിന്റെ തലവേദനയായി. തമ്മിലടിച്ച് തിമിര്‍ക്കുന്ന യുഡിഎഫിന്റെ തമ്മിലടിയും വിഴുപ്പലക്കുംകണ്ട് ജനങ്ങള്‍ യുഡിഎഫ് വാഴ്ചയുടെ പഴയകാലം ഓര്‍ത്തു. ആന്റണി-കരുണാകര വിഴുപ്പലക്കലിന്റെ പുതിയ പതിപ്പുകള്‍ക്കായി എന്തിന് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന ചിന്ത ജനങ്ങളിലുണര്‍ന്നു. സിപിഐ (എം)നെതിരെ പല പരമ്പരകളായി തയ്യാറാക്കി വച്ചിരുന്ന പലവിധ അമിട്ടുകളിലൊന്ന് വേനല്‍മഴപോലെ അനവസരത്തിലെത്തിയ ലയന വിവാദത്തില്‍ നനഞ്ഞുപോയതോര്‍ത്ത് അന്തപ്പുര ലേഖകന്മാര്‍ കണ്ണീര്‍വാര്‍ക്കുകയാണ്. എങ്കിലും മനോരമ പടര്‍ത്തുന്ന വിഷം അതല്ലാതാവുന്നില്ല. അതിനാല്‍ പ്രതികരിച്ചേ തീരു.

പിണറായി വിജയന്റെ യാത്രകള്‍ എന്നും മനോരമയെ അറിയിക്കണമത്രെ. അല്ലെങ്കില്‍ അത് രഹസ്യയാത്രയാകും. പക്ഷെ 2010 ഫെബ്രുവരിയില്‍തന്നെ പാര്‍ടിയുടെ ഉന്നതസമിതികള്‍ നിശ്ചയിച്ച് പാര്‍ടിയില്‍ അറിയിച്ച ഒരു യാത്രയെ എങ്ങനെ രഹസ്യയാത്രയെന്ന് പറയാനാകും? രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പരസ്യമായി നടത്താന്‍ വിലക്കുള്ള രാജ്യങ്ങളിലേക്ക് സഞ്ചാരം നടത്തുമ്പോള്‍ അത് ആ നിലയില്‍ കൈകാര്യം ചെയ്യുന്നത് എങ്ങനെ ഗൂഢമായ പ്രവര്‍ത്തനമാകും? കേരളത്തില്‍നിന്ന് പതിറ്റാണ്ടുകളായി മറുനാട്ടിലെത്തി വിയര്‍പ്പൊഴുക്കി അധ്വാനിച്ച് ജീവിക്കുന്ന പലരും വിദേശത്ത് പാര്‍ടിയംഗങ്ങളായും അനുഭാവികളായും പാര്‍ടി സംഘടനയോടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അവരെ മുന്‍കൂട്ടി അറിയിച്ച് പാര്‍ടി തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു പര്യടനം നടത്തിയാല്‍ അത് എങ്ങനെ തെറ്റായ നടപടിയാകും? സിപിഐ (എം)ഉം പിണറായിവിജയനും എന്തുചെയ്താലും കുറ്റമെന്ന നിലയിലാണ് മനോരമ നല്‍കുന്ന മാധ്യമനീതി.

നവ ഗള്‍ഫ് യാത്രയെന്ന പേരില്‍ ഏപ്രില്‍ 24ന് ആരംഭിച്ച പരമ്പരയില്‍ എത്രയോ കള്ളങ്ങള്‍, ഭര്‍ത്സനങ്ങള്‍, പരസ്പരവിരുദ്ധമായ വാചകങ്ങള്‍ ഒരേപേജില്‍ ഒരേ പാരഗ്രാഫില്‍ എഴുതിവയ്ക്കാന്‍ മനോരമ കാട്ടിയ ധൈര്യം അപാരം. നായനാര്‍ സ്മാരകം സംബന്ധിച്ച് പറയുന്ന ഒരുദാഹരണം നോക്കുക. മില്ലിന്റെ സ്ഥലം ഇന്ത്യന്‍ ബാങ്ക് ലേലത്തില്‍ വച്ചപ്പോള്‍ പങ്കെടുക്കാന്‍ സിപിഐ (എം) മാത്രമേ ഉണ്ടായുള്ളു. മറ്റുള്ളവരെ പാര്‍ടി പിന്തിരിപ്പിക്കുകയായിരുന്നു. ഇതിലേറെ വില കിട്ടുന്ന സ്ഥലമാണെങ്കില്‍ ബാങ്ക് ലേലം ഉറപ്പിച്ച് കൊടുക്കുമായിരുന്നോ എന്ന മറു ചോദ്യം ചോദിക്കാനാവില്ല. ബാങ്ക് ലേലംചെയ്യുന്നത് സ്വന്തം പണം കിട്ടാനായിരിക്കുമല്ലോ? എന്നാല്‍ അടുത്ത വാചകത്തില്‍ മനോരമ പറയുന്നത് മറ്റൊന്നാണ്. "തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കാനാണ് മില്‍ വില്‍പനയ്ക്ക് വച്ചതെന്നും ബാങ്കിന്റെ ബാധ്യതയും കെഎസ്ഇബി, പിഎഫ് കുടിശികകളും കഴിഞ്ഞപ്പോള്‍ തൊഴിലാളികള്‍ക്ക് യാതൊന്നും ലഭിച്ചില്ല'' എന്നും മൊഴിയുന്നു.

ഇവിടെ ഒരു സ്വകാര്യ സ്ഥാപനം കടബാധ്യതയില്‍പ്പെട്ടപ്പോള്‍ നടന്ന ലേലത്തില്‍ പങ്കെടുത്ത് സെന്റിന് 1,23000/- രൂപ വിലനല്‍കി നായനാര്‍ സ്മാരകത്തിന് സ്ഥലം കണ്ടെത്തിയെന്ന കുറ്റമേ പാര്‍ടി ചെയ്തുള്ളു. അതിന് മുടക്കിയ പണമാകട്ടെ കേരളത്തിലെ ബഹുജനങ്ങള്‍ സംഭാവന ചെയ്തതുമാണ്. സ്ഥലത്തിന് കൂടുതല്‍ വില കൊടുക്കേണ്ടിവന്നതിനാല്‍ സ്മാരക നിര്‍മാണത്തിനായി പുറം നാടുകളിലേക്ക് പോയി ഫണ്ട് സ്വീകരിക്കാന്‍ പാര്‍ടി നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

"അടച്ചുപൂട്ടിയ മില്ലിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കാനാണ് മില്‍ വിറ്റതെങ്കിലും ഒരാള്‍ക്കുപോലും തുക നല്‍കിയില്ല'' എന്ന് ഫോട്ടോയുടെ അടിക്കുറിപ്പ് നല്‍കുന്ന വാര്‍ത്തയില്‍ത്തന്നെ ബാങ്കിന്റെ ബാധ്യതയും കെഎസ്ഇബി കുടിശികയും പിഎഫ് ഓഹരികള്‍ക്കുള്ള ബാധ്യതയും ഉണ്ടെന്ന് പറയുന്നു. ലേലവും അനന്തരനടപടികളും ചെയ്തത് ബാങ്ക് ആണെന്നിരിക്കെ. പാര്‍ടിയെ ആക്ഷേപിക്കുന്നതിന്റെ ന്യായം എന്താണ്? ആത്മവഞ്ചന നിറഞ്ഞ ഈ കഥയെഴുത്ത് എത്രയോ നിലവാരശൂന്യമാണെന്ന് പ്രൊഫഷണലിസത്തിന്റെ അപ്പോസ്തലന്മാരായി ആദരിക്കപ്പെടുന്ന ഇവരുടെ മാധ്യമ ഉടമസ്ഥരെങ്കിലും ചിന്തിക്കേണ്ടതായിരുന്നില്ലേ?

സിപിഐ (എം) എന്ന ഒറ്റ രാഷ്ട്രീയ പാര്‍ടിയേ ഇന്ത്യയിലുള്ളുവെന്നാണോ മനോരമ കാണുന്നത്. ആസ്തിയുടെ കാര്യത്തില്‍ സിപിഐ (എം)നേക്കാള്‍ ബഹുദൂരം മുന്നിലുള്ള കോണ്‍ഗ്രസും ബിജെപിയും അതൊക്കെ സംഭരിച്ചതെങ്ങനെയെന്ന് ഏതെങ്കിലും മനോരമലേഖകന്‍ അന്വേഷിക്കാത്തതെന്തുകൊണ്ട്? സിപിഐ (എം)ന്റെ തെറ്റുതിരുത്തല്‍ രേഖയിലെ വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് പുട്ടിന് പീരപോലെ ഇട്ടുകൊടുക്കുന്ന മനോരമയുടെ ലേഖനപരമ്പര, യാഥാര്‍ത്ഥ്യങ്ങളെ മാത്രമല്ല, പാര്‍ടി രേഖയേയും വളച്ചൊടിച്ച് സ്വന്തം സംതൃപ്തിക്കായി നടത്തുന്ന ഒരുതരം ആത്മരതിയില്‍ അഭിരമിക്കുന്നു.

"നവഗള്‍ഫ്യാത്ര''യെന്ന തലക്കെട്ടില്‍ എഴുതിപ്പിടിപ്പിച്ച കാര്യങ്ങളില്‍ത്തന്നെ എത്രയെല്ലാം കള്ളങ്ങള്‍ ഒളിഞ്ഞിരിക്കുന്നു! ഉദാഹരണങ്ങള്‍ നോക്കുക- 1. സാധാരണ അണികളെ മറന്ന് നേതാക്കള്‍ ഗള്‍ഫ് പണം തേടിച്ചെല്ലുന്നു (2) വന്‍ പിരിവുകള്‍ക്ക് നാട്ടിലായാലും ഗള്‍ഫിലായാലും രസീതുപതിവില്ല (3) ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ല. (4) പത്തുലക്ഷമില്ല എങ്കില്‍ വേറെ ആളെ വിടാം. (5) അരങ്ങൊരുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനെ പൈലറ്റായി ഇറക്കി. (6) ഹവാലക്കാര്‍, കള്ളക്കടത്തുകാര്‍, മാഫിയ ബന്ധമുള്ളവര്‍ എന്നിവരുടെ ചുമതലയായിരുന്നു ഈ ഉദ്യോഗസ്ഥന്.

ഗള്‍ഫില്‍ പലയിടത്തും പിരിവിനും പൊതു സമ്മേളനം നടത്തുന്നതിനും നിയമപരമായി തടസ്സങ്ങളുള്ളതിനാല്‍ എല്ലാം പരമരഹസ്യമായിരുന്നുവെന്ന് മനോരമതന്നെ സമ്മതിക്കുന്നു. നിയമപരമായി നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തിലുള്ള സാംസ്കാരിക പരിപാടികളുടെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. വിദേശ മലയാളികളുടെ പ്രശ്നങ്ങള്‍ അംബാസിഡര്‍മാരുമായി സംസാരിക്കുന്നത് മനോരമ വാര്‍ത്തയാക്കിയില്ലെങ്കിലും പിണറായിയുടെ യാത്രയില്‍ അത് നിര്‍വഹിക്കപ്പെട്ടു. കേരള സര്‍ക്കാരിന്റെ നേട്ടങ്ങളും, കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളും അവിടെ പരാമര്‍ശിക്കപ്പെട്ടു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുചേര്‍ന്ന രീതിയില്‍ നിര്‍വഹിക്കപ്പെട്ട ഈ പര്യടനത്തിന്റെ ഭാഗമായി നായനാര്‍ സ്മാരകഫണ്ട് വിജയിപ്പിക്കാന്‍ നടത്തിയ ആഹ്വാനം വിജയം കണ്ടു. അതിന്റെ കണക്ക് നായനാര്‍ സ്മാരക ട്രസ്റ്റ് രേഖകളിലുണ്ടാകും. സ്മാരകം ഉയരുമ്പോള്‍ അത് കൃത്യമായി ചിലവഴിക്കപ്പെട്ടത് സംഭാവന നല്‍കിയവര്‍ക്ക് മാത്രമല്ല മനോരമയ്ക്കും കാണാനാകും. ഇവിടെ ഹവാലക്കാരുടേയും കള്ളപ്പണക്കാരുടേയും പിമ്പേ നടക്കുന്നവരായി പാര്‍ടി നേതാക്കളെ ചിത്രീകരിക്കുമ്പോള്‍ അതിന് അടിസ്ഥാനമായ ഒരു ചെറിയ കാര്യമെങ്കിലും ചൂണ്ടിക്കാന്‍ മനോരമയ്ക്ക് കഴിയേണ്ടതായിരുന്നു. മറ്റൊരാളുടെ ആര്‍ഭാടം നിറഞ്ഞ വീട് പിണറായിയുടെ സ്വന്തമെന്ന് ആരോപിച്ചതുപോലെ മനോരമ എഴുതിയ പരമ്പര മാധ്യമസ്വാതന്ത്യ്രത്തിനല്ല, അതിന്റെ വ്യഭിചാരത്തിനാണ് തെളിവുനല്‍കുന്നത്.

ഏപ്രില്‍ 30 ലെത്തിയപ്പോള്‍ ബക്കറ്റ് പിരിവിന് എതിരെയായി ആക്ഷേപം. ചില സ്ഥലങ്ങളില്‍ സംഭവിച്ച തെറ്റുകളില്‍, കണക്കുകള്‍ സൂക്ഷിക്കാത്തത് രേഖയില്‍ ചൂണ്ടിക്കാട്ടുന്നു. അത് വ്യാപകമല്ല. എങ്കിലും ഒറ്റപ്പെട്ട അത്തരം തെറ്റുകള്‍ തിരുത്തണമെന്ന് പാര്‍ടി കീഴ്ഘടകങ്ങളോട് പറഞ്ഞാല്‍ അതിന്റെ രാഷ്ട്രീയ നന്മ കാണേണ്ടതിനു പകരം പാര്‍ടിയാകെ അങ്ങനെയാണെന്ന് വരുത്താന്‍ ശ്രമിക്കുന്നത് ന്യായമാണോ? "പെട്ടി ബൂര്‍ഷ്വാകള്‍ക്ക് സ്വാഗതം'' എന്നെഴുതിയ കാര്‍ട്ടൂണില്‍ കള്ളക്കഥകള്‍ കുത്തിനിറയ്ക്കുമ്പോള്‍ കമ്യൂണിസ്റ്റ്വിരുദ്ധരായ വായനക്കാരെ അത് ഉന്മാദിപ്പിക്കും. കുറെ ശുദ്ധാത്മാക്കള്‍ വിശ്വസിക്കുകയും ചെയ്യും. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പല പാര്‍ടി നേതാക്കളും പങ്കെടുത്ത ഒരു ചടങ്ങില്‍ പത്മശ്രീ ലഭിച്ച ഒരു വ്യവസായിയെ സ്വീകരിച്ചത് സിപിഐ (എം)ന്റെ മാത്രം അപചയമാണെന്ന് വാര്‍ത്ത കൊടുത്തതില്‍ എന്തു മര്യാദയാണുള്ളത? ഒന്നുകില്‍ അവിടെപ്പോയ എല്ലാ പാര്‍ടി നേതാക്കളും തെറ്റുകാരാണ്. ഇവിടെ സംഭവിക്കുന്നത് അതല്ല. അതില്‍ പങ്കെടുത്ത സിപിഐ എം മാത്രം ആക്രമിക്കപ്പെട്ടപ്പോള്‍ ആ സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രിയുടെ പാര്‍ടി അതിന്റെ ഗുണഭോക്താവായി മാറുന്നു. കോണ്‍ഗ്രസ്സിനും യുഡിഎഫിനും ഗുണം നല്‍കുന്ന ഒരു പ്രത്യേക തരം രാഷ്ട്രീയ ബോധം സൃഷ്ടിക്കുകയെന്ന മാധ്യമ അജണ്ടയാണ് മനോരമ നിര്‍വഹിക്കുന്നത്. പത്മശ്രീ ലഭിച്ച ഒരാള്‍ സ്വീകരിക്കപ്പെടുന്നത് അത്രയേറെ മോശം കാര്യമെങ്കില്‍ അയാള്‍ക്ക് ആ പട്ടം ചാര്‍ത്തിക്കൊടുത്ത കേന്ദ്ര സര്‍ക്കാരിനെ മനോരമ വിമര്‍ശിക്കേണ്ടതല്ലേ? മാമ്മന്‍മാപ്പിള കുടുംബത്തിലുള്ളവര്‍ക്കും കിട്ടിയിട്ടില്ലേ ഇത്തരം പദവികള്‍?

"ചില്ലുമേടയിലിരുന്ന് കല്ലെറിയാം'' എന്ന പേരില്‍ മെയ് ഒന്നിന് പരമ്പര കൊഴുക്കുമ്പോള്‍ സിപിഐ എം സമ്പത്തിന്റെ കണക്കുണ്ട്. മറ്റ് പാര്‍ടികള്‍ പാവങ്ങള്‍. പിരിവുമില്ല, കാശുമില്ല, സമ്പത്തുമില്ല. കൈരളി ടവര്‍ അനന്തപുരിയില്‍ ഉയര്‍ന്നത് അഭിമാനകരമാണ്. ലാഭവിഹിതം കൊടുക്കുന്ന ഒരു കമ്പനിയാണത്. ഇന്റഗ്രേറ്റഡ് ഫിനാന്‍സ് പോലെ "ഇത് ഞങ്ങളുടേതല്ല'' എന്ന് പരസ്യം കൊടുക്കേണ്ട ഗതികേട് കൈരളിയെ സംബന്ധിച്ച് അത് സംഘടിപ്പിക്കാനിറങ്ങിയവര്‍ക്കുണ്ടായിട്ടില്ല. ഇവിടെ ഒരു ദൃശ്യമാധ്യമം ലാഭകരമായി പ്രവര്‍ത്തിക്കുമ്പോള്‍ അതിനൊരു കേന്ദ്രം നിര്‍മിക്കുന്നത് ഏതോ അധമവൃത്തിയാണെന്ന് തോന്നുന്നതു എന്തോ മനോരോഗമല്ലേ? തങ്ങളുടെ എതിരാളിയെന്ന നിലയില്‍ തകര്‍ന്നടിയണമെന്ന് മനോരമ ആഗ്രഹിക്കുന്ന ദേശാഭിമാനി പത്രം മനോരമയുടെ ലക്ഷങ്ങളുടെ പ്രചാരത്തിനിടയിലൂടെ തലയുയര്‍ത്തി വരുന്നത് കാണുമ്പോള്‍ വല്ലാത്ത രോഷം ഉണ്ടാകുന്നത് സ്വാഭാവികം. മാധ്യമങ്ങളെന്ന നിലയ്ക്ക് തങ്ങളുടെ സഹജീവികളായ കൈരളിയേയും ദേശാഭിമാനിയേയും ഈ പരമ്പരയിലേക്ക് വലിച്ചിഴച്ചതില്‍നിന്ന് മനോരമയെ മഥിക്കുന്ന ഹൃദയവികാരം രാഷ്ട്രീയ പക മാത്രമല്ല വൃത്തികെട്ട അസൂയ കൂടിയാണെന്ന് വ്യക്തം. എല്ലാ ജില്ലയിലും എഡിഷനും വലിയ കെട്ടിടവും മനോരമക്ക് മാത്രമാകാം. ദേശാഭിമാനിക്ക് പാടില്ല. "കറുത്ത ചടയന് എന്തിനാണ് വെളുത്ത പെണ്ണെന്ന'' മാടമ്പിയുടെ ചോദ്യം മനോരമ ഉയര്‍ത്തുമ്പോള്‍ പോരാട്ടങ്ങളിലൂടെ കമ്യൂണിസ്റ്റുകള്‍ കുടിയൊഴിപ്പിച്ച ജന്മിത്വത്തിന്റെ ചെറ്റത്തരങ്ങളുടെ മാനിഫെസ്റ്റോ ആയി മനോരമയുടെ പരമ്പര മാറുന്നു. മനോരമ എത്രയോ കൊല്ലം മുമ്പ് ഉണ്ടാക്കിയിട്ടുള്ള ചില്ലുമേടയില്‍ ഇരുന്ന് എത്രയോ കാലമായി എറിഞ്ഞുകൊണ്ടേയിരിക്കുന്നു. സ്വന്തം ചില്ലു പൊട്ടിയതല്ലാതെ സിപിഐ എം തകര്‍ന്നില്ല എന്നതിന്റെ തെളിവാണ് പാര്‍ടിക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ആഫീസുകളുടെ കെട്ടിടങ്ങളും നാട്ടിലുയരുന്നത്.

ബൂര്‍ഷ്വാകളുടെ പിന്നാലെ നടക്കുന്ന പാര്‍ടിയായി സിപിഐ എമ്മിനെ അപഹസിക്കുമ്പോള്‍, കോര്‍പറേറ്റുകള്‍ അയച്ചു നല്‍കിയ കോടികളുടെ ചെക്ക് തിരിച്ചയച്ച പാരമ്പര്യം ഈ പാര്‍ടിക്കുണ്ടെന്ന് മനോരമ ഓര്‍മിക്കേണ്ടതായിരുന്നു. തങ്ങള്‍ പിന്തുണക്കുന്ന കോണ്‍ഗ്രസ് അത് മാത്രമല്ല, എത്രയോ കോടികളാണ് ബൂര്‍ഷ്വാകളില്‍നിന്ന് വാങ്ങുകയും, അതിന്റെ ബലത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയണമായിരുന്നു. ഇന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വഴിവിട്ട് ഏതെങ്കിലും ബൂര്‍ഷ്വക്ക് എന്തെങ്കിലും ചെയ്തതായി ആരോപിക്കാന്‍പോലും കഴിയാത്ത ഒരു പത്രമാണ്, യാതൊരു തെളിവോ, അടിസ്ഥാനമോ ഇല്ലാതെ നാലഞ്ചു ദിവസം "എന്തും'' എഴുതുന്ന ഇടമായി തങ്ങളുടെ നെഞ്ചകം തന്നെ നല്‍കിയതെന്നോര്‍ക്കുമ്പോള്‍ ലജ്ജയെന്ന വികാരം ആര്‍ക്കെങ്കിലും ഉണ്ടാകേണ്ടതല്ലേ?

ആരായിരുന്നു എ കെ ജിയെന്ന് മെയ് 3ന് മനോരമ ചോദിക്കുന്നു. അതിന് പഴയ പത്രത്താളുകള്‍ ചികഞ്ഞു നോക്കാന്‍ മനോരമ സ്വയം തയ്യാറാകുമോ? ജീവിച്ചിരുന്ന കാലത്ത് എ കെ ജിയുടെ ഏതെല്ലാം സമരങ്ങളെയാണ് മനോരമ പിന്തുണച്ചത്? "ഗോപാലസേനയെന്നും തേങ്ങാമോഷണ''മെന്നുമൊക്കെ എ കെ ജിയെ കളിയാക്കിയ മിച്ചഭൂമി സമരം മനോരമത്താളുകളിലുണ്ട്. അന്നൊന്നും മനോരമയ്ക്ക് തകര്‍ക്കാന്‍ കഴിയാതിരുന്ന ഇ എം എസ്സിനെയും എ കെ ജിയെയും സൃഷ്ടിച്ച ഒരു പാര്‍ടിക്ക് സ്വയം വളരാനും തെറ്റു തിരുത്താനും ഇനി മനോരമ കനിയണോ? അവിടെയും ഇവിടെയും കേട്ട കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ച് അതെല്ലാം സത്യമാണെന്ന നാട്യത്തില്‍ ആളേപ്പറ്റിക്കുന്ന മനോരമ ലേഖകര്‍ പൌരുഷത്തിന്റെ അടയാളമായി ഏതെങ്കിലും ഒരു കാര്യത്തിലെങ്കിലും വ്യക്തമായി തെളിവ് നല്‍കണമായിരുന്നു. മാനനഷ്ടക്കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ തക്കവിധം അധമമായ മാധ്യമ പ്രവര്‍ത്തനം നടത്തിവരുന്ന "ക്രൈം'' മാസികയുടെ അധമ ജേര്‍ണലിസത്തിന്റെ പ്രൊഫഷണലിസം മനോരമ ഇവിടെ പകര്‍ത്തിയെടുത്തിരിക്കുന്നു. ക്രൈം മാസികയുടെ നിലവാരത്തിലേക്ക് സ്വന്തം പത്രത്തെ ഉയര്‍ത്തിയെന്നോ താഴ്ത്തിയെന്നോ ഒക്കെ അവരവരുടെ നിലവാരമനുസരിച്ച് മനോരമ ലേഖകന്‍മാര്‍ക്ക് ആത്മ നിര്‍വൃതിയടയാം. പക്ഷേ സിപിഐ എമ്മിനെ അവര്‍ക്ക് സ്പര്‍ശിക്കാന്‍പോലും കഴിയാത്തത്ര ഉയരത്തിലാണ് പാര്‍ടിയില്‍ ജനങ്ങളര്‍പ്പിക്കുന്ന വിശ്വാസവും അവരില്‍ പാര്‍ടിക്കുള്ള സ്വാധീനവുമെന്ന് കേരളം കാട്ടിക്കൊടുക്കും.

മലയാള മനോരമയുടെ പരമ്പര നോക്കു കൂലിയിലെത്തുമ്പോള്‍ മുന്‍വിധികള്‍ പുറത്തുവരുന്നതു കാണാം. ലേഖകര്‍ ഉദ്ധരിക്കുന്ന നാലു നേതാക്കളുടെ പ്രസ്താവനകള്‍ നോക്കുകൂലിക്കെതിരെയാണ്. സിഐടിയു സംസ്ഥാന സമ്മേളനം തന്നെ നോക്കുകൂലിക്കെതിരെ രംഗത്തുവന്നത് ലേഖകന്‍ ഓര്‍മിക്കുന്നില്ല. ഐഎന്‍ടിയുസിയും ബിഎംഎസ്സും നോക്കുകൂലി അവകാശമാണെന്ന് പരസ്യമായി പറഞ്ഞു നടക്കുന്നതിനെ മനോരമ എതിര്‍ക്കാത്തതെന്ത്? നോക്കുക്കൂലിക്കെതിരെ പ്രസ്താവന ഇറക്കിയതിന് പിണറായിയെ ബിഎംഎസ്സും ഐഎന്‍ടിയുസിയും എതിര്‍ക്കുമ്പോള്‍ മനോരമ നോക്കുകൂലിയുടെ പേരില്‍ പാര്‍ടിയെ എതിര്‍ക്കുകയും ഈ വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സഹായകരമായ പ്രചാരണങ്ങള്‍ തുടരുകയുമാണ്.

കുട്ടനാട്ടിലെ നെല്‍പാടത്ത് ഒരു ബാങ്ക് 28 ലക്ഷം രൂപ വായ്പ നല്‍കി നടത്തിവന്ന ഒരു പദ്ധതി പരാജയപ്പെട്ടത് മറച്ചുപിടിച്ച് സിപിഐ എമ്മിനെയും വി എസിനെയും ആക്രമിക്കുന്നതു കണ്ടാല്‍, ആരും അല്‍ഭുതപ്പെടും. ചെറിയ ചെറിയ പ്രാദേശിക സംഭവങ്ങളെ വലുതായി അവതരിപ്പിച്ച് അതില്‍ നിറം ചേര്‍ത്ത് രാഷ്ട്രീയം കളിക്കുന്ന മനോരമ ഒരിടത്തുപോലും സ്വയം പിടികൊടുക്കുന്ന വിധം വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കാത്തത് ബോധപൂര്‍വ്വമാണ്. മാധ്യമ സ്വാതന്ത്യ്രത്തിന്റെ കാണാമറയത്തിരുന്ന് ഹീനമായ പ്രയോഗങ്ങളാല്‍ പാര്‍ടിയെ ആക്രമിക്കുമ്പോള്‍, കുറെ സാധാരണക്കാരെങ്കിലും അതില്‍ പെട്ടുപോയെന്നിരിക്കും.

തെറ്റു തിരുത്തല്‍ രേഖയില്‍ ചൂണ്ടിക്കാട്ടിയ തെറ്റുകള്‍ തിരുത്താന്‍ തന്നെയാണ് പാര്‍ടി ശ്രമിക്കുന്നത്. അതിന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമ്പോള്‍ എവിടെയെങ്കിലും എന്തെങ്കിലുമൊക്കെ നടന്നതായി ദു:സൂചനകള്‍ നല്‍കി നുണകളുടെ ആഘോഷമാക്കി തങ്ങളുടെ പത്ര പരമ്പരയെ മാറ്റി തീര്‍ക്കുമ്പോള്‍ ഒരു ചോദ്യം ബാക്കി. സിപിഐ എമ്മിനെ ഇത്രയേറെ മോശമായി അവതരിപ്പിക്കുമ്പോള്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാര്‍ടികള്‍ ഇന്ത്യയിലുണ്ടോയെന്ന് മനോരമ പറയണം.

ഒരു മുതലാളിത്ത സമൂഹത്തിനകത്ത് രൂപപ്പെടുന്ന മാലിന്യങ്ങളെ പുറന്തള്ളിയും അതിനെതിരെ പൊരുതിയുമാണ് ഓരോ കമ്യൂണിസ്റ്റുകാരനും പാര്‍ടിയും ഇവിടെ പ്രവര്‍ത്തിക്കുന്നത്. മുതലാളിത്ത ജീര്‍ണതകള്‍ ബാധിക്കാതിരിക്കാനുള്ള ചെറുത്തുനില്‍പും പ്രതിരോധ പ്രവര്‍ത്തനവുമാണ് തെറ്റുതിരുത്തല്‍ രേഖ. അതിന്റെ അറ്റവും മുറിയും തുന്നിക്കെട്ടി പാര്‍ടിയാകെ തെറ്റിനടിപ്പെട്ടുപോയെന്ന പ്രചാരവേലയുടെ ലക്ഷ്യം രാഷ്ട്രീയമാണ്. സിപിഐ എമ്മിന്റെ തെറ്റുകള്‍ ആരു ചൂണ്ടിക്കാട്ടിയാലും സവിനയം തിരുത്താന്‍ പാര്‍ടി തയ്യാറാണ്. അത് എല്ലാ പ്രവര്‍ത്തകര്‍ക്കും ഘടകങ്ങള്‍ക്കും നേതാക്കള്‍ക്കും ഒരുപോലെ ബാധകമാണെന്നും അതിന് പാര്‍ടി സന്നദ്ധമാണെന്നും തെറ്റുതിരുത്തല്‍ രേഖ അടിവരയിട്ടു പറയുന്നു. തെറ്റുകളില്‍നിന്ന് സ്വയം മോചനം നേടാനുള്ള ജാഗ്രതാപൂര്‍ണ്ണമായ ശ്രമങ്ങള്‍ക്ക് മനോരമയുടെ സഹായം വേണ്ടതില്ല. മനോരമ സ്വന്തം കുഞ്ഞാടുകളെ നേര്‍വഴി നടത്താന്‍ ഒരു വരിയെങ്കിലും എഴുതുന്നത് മലയാളികള്‍ക്ക് എന്ന് കാണാനാകും?

അഡ്വ. കെ അനില്‍കുമാര്‍ chintha weekly 14052010

3 comments:

  1. സിപിഐ (എം) നെ അപഹസിക്കാന്‍ കെട്ടുകഥകളും അപവാദങ്ങളും കുത്തിനിറച്ച് വിഷം പടര്‍ത്തിയ മലയാള മനോരമയുടെ പരമ്പരയ്ക്ക് ഉദ്ദേശിച്ച നേട്ടം കൊയ്യാനായില്ല. യൂത്ത് കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പുകളുടെ പടയൊരുക്കം ചെറുപൂരങ്ങളില്‍നിന്ന് പൂരങ്ങളുടെ പൂരമായ മൂത്ത കോണ്‍ഗ്രസിന്റെ "ഗ്രൂപ്പ് പൂരമായി'' ആടിത്തിമിര്‍ത്തപ്പോള്‍ മനോരമ പതറി. മാണിയും ജോസഫും ചേര്‍ന്ന് ഇരുട്ടറയില്‍ നടത്തിവന്ന അവിഹിതങ്ങള്‍ നാട്ടില്‍ പാട്ടായപ്പോള്‍ ലയനമെന്ന വികൃതഗര്‍ഭത്തിന് സുഖപ്രസവമൊരുക്കാന്‍ പലരും ജാഗരൂകരായി. അപകടം മണത്ത കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചപ്പോള്‍ "ലയന''മെന്ന ദുര്‍ഘടസന്തതിയുടെ പിറവി യുഡിഎഫിന്റെ തലവേദനയായി. തമ്മിലടിച്ച് തിമിര്‍ക്കുന്ന യുഡിഎഫിന്റെ തമ്മിലടിയും വിഴുപ്പലക്കുംകണ്ട് ജനങ്ങള്‍ യുഡിഎഫ് വാഴ്ചയുടെ പഴയകാലം ഓര്‍ത്തു. ആന്റണി-കരുണാകര വിഴുപ്പലക്കലിന്റെ പുതിയ പതിപ്പുകള്‍ക്കായി എന്തിന് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന ചിന്ത ജനങ്ങളിലുണര്‍ന്നു. സിപിഐ (എം)നെതിരെ പല പരമ്പരകളായി തയ്യാറാക്കി വച്ചിരുന്ന പലവിധ അമിട്ടുകളിലൊന്ന് വേനല്‍മഴപോലെ അനവസരത്തിലെത്തിയ ലയന വിവാദത്തില്‍ നനഞ്ഞുപോയതോര്‍ത്ത് അന്തപ്പുര ലേഖകന്മാര്‍ കണ്ണീര്‍വാര്‍ക്കുകയാണ്. എങ്കിലും മനോരമ പടര്‍ത്തുന്ന വിഷം അതല്ലാതാവുന്നില്ല. അതിനാല്‍ പ്രതികരിച്ചേ തീരു.

    ReplyDelete
  2. അസ്സലായി... അഭിവാദ്യങ്ങള്‍..:)

    ReplyDelete
  3. എളമരംകരീം പറഞ്ഞത് കേട്ടില്ലേ,57 ല് കംനിഷ്ടമാര് അധികാരത്തില്‍ വന്നാല്‍ പരാമര് അടിച്ചു മരിക്കുംന്നു പറഞ്ഞ മനോരമ മൊതലാളിമാപ്ള വിഷം കുടിച്ചെങ്കിലും ഫ്യൂസടിച്ചു പോയില്ല ,കാരണം കുടിച്ചതിനെക്കാള്‍ വിഷം ഉള്ളിലുണ്ടായിരുന്നെന്നു.പിന്നെയെവിടെയാ ഈ മാഫ്യങ്ങള്‍ക്ക് ദേഷ്യം വരാതിരിക്കുന്നതു. മറ്റുള്ള മടിയില്‍ കനമുള്ള രാഷ്ട്ര്യീയക്കാര് ഈ മാഫ്യങ്ങളെ കാണുമ്പോ വാലാട്ടി നില്‍ക്കുമ്പോ,ഇമ്മാതിരി ചാംബലല്ലേ സീപിയേം നേതാക്കള് ചാംബുന്നത്.

    ReplyDelete