Saturday, May 22, 2010

അഴിമതിക്ക് തണല്‍ - യു.പി.എയുടെ ഒരു വര്‍ഷം

മാവോയിസ്റ്റ് ഭീകരതയില്‍ തകര്‍ന്ന ആഭ്യന്തരസുരക്ഷ

രണ്ടാം യുപിഎ സര്‍ക്കാര്‍ ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ‘ഭീഷണി ഇടതുപക്ഷ തീവ്രവാദമാണ്. ഒന്നാം വാര്‍ഷികാഘോഷവേളയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ വീഴ്ചയായി മാറുന്നതും എങ്ങുമെത്താത്ത നക്സല്‍വിരുദ്ധ വേട്ടതന്നെ. മാവോയിസ്റ്റുകള്‍ താലിബാന്‍ ശൈലിയിലേക്ക് ‘ഭീകരതയെ വളര്‍ത്തുമ്പോള്‍ ആവര്‍ത്തിക്കപ്പെടുന്ന കൂട്ടക്കൊലകള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. “ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനുള്ള മാവോയിസ്റ്റുകളുടെ തിരിച്ചടി— പി ചിദംബരത്തിന്റെ മന്ത്രിക്കസേര തെറിപ്പിക്കുംവിധം ശക്തി പ്രാപിച്ചിരിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ ആഭ്യന്തര സംഘര്‍ഷങ്ങളാണ് മാവോയിസ്റ്റുകള്‍ക്കെതിരായ നീക്കം ദുര്‍ബലമാക്കിയതെന്നുള്ള വിമര്‍ശം ഓരോദിവസവും ശക്തമാകുകയാണ്.— പ്രതിപക്ഷ പാര്‍ടികള്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചെങ്കിലും മാവോയിസ്റ്റുകള്‍ക്കെതിരായ നീക്കത്തില്‍ യുപിഎയുടെ പിന്തുണ നേടാന്‍ ചിദംബരത്തിനായില്ല. പ്രതിരോധ മന്ത്രാലയത്തിന് ആഭ്യന്തരമന്ത്രിയുടെ നീക്കങ്ങളോട് ശക്തമായ എതിര്‍പ്പുണ്ടെന്നും വ്യക്തമാണ്. മാവോയിസ്റ്റ് വിരുദ്ധനീക്കത്തിന് വ്യക്തമായ നയം രൂപീകരിക്കാനോ രൂപരേഖ തയ്യാറാക്കാനോ ‘ഭരണനേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. രാജ്യത്തിന്റെ പരമാധികാരത്തിനുപോലും ‘ഭീഷണിയായ ‘ഭീകരതയെ വെറും “ക്രമസമാധനപ്രശ്നമായി ചുരുക്കിക്കാട്ടാനുള്ള ശ്രമം ആഭ്യന്തരമന്ത്രിയുടെ നിസ്സഹായതയ്ക്ക് തെളിവായി. സംസ്ഥാനങ്ങള്‍ക്കാണ് മാവോയിസ്റ്റുകളെ നേരിടേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തമെന്നും കേന്ദ്രസര്‍ക്കാരിന് സഹായിക്കാന്‍ മാത്രമേ കഴിയൂവെന്നും ചിദംബരം ആവര്‍ത്തിക്കുന്നു.
രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ട്. ഛത്തീസ്ഗഢ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അവര്‍ സജീവമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെതന്നെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 220 ജില്ലകളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനമുണ്ട്. 90 ജില്ലയില്‍ ‘ഭീഷണി ശക്തമാണെന്നും ചിദംബരം സമ്മതിക്കുന്നു. 2050നകം ഇന്ത്യയുടെ ജനാധിപത്യഭരണം അട്ടിമറിക്കുമെന്ന് പ്രഖ്യാപിച്ചാണ്— മാവോയിസ്റ്റുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ ‘ഭീകരത പടര്‍ത്തുന്നത്. ആക്രമണങ്ങള്‍ വ്യാപിപ്പിച്ച് പുതിയ മേഖലകള്‍ പിടിച്ചെടുക്കുകയുംചെയ്യുന്നു.

മാവോയിസ്റ്റുകളുടെ ആക്രമണത്തിന്റെ വാര്‍ത്തയില്ലാതെ ഒറ്റ ദിവസവും കടന്നുപോകുന്നില്ല. 17ന് ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ നടന്നത് ഈ വര്‍ഷത്തെ അഞ്ചാമത്തെ വന്‍ ആക്രമണമാണ്. കഴിഞ്ഞ ഫെബ്രുവരി 15ന് പടിഞ്ഞാറന്‍ മിഡ്നാപുരിലെ സില്‍ദയില്‍ സിഈസ്റ്റേ ഫ്രോണ്ടിയര്‍ റൈഫിള്‍സിന്റെ താവളം ആക്രമിച്ച മാവോയിസ്റ്റുകള്‍ 24 പേരെ വധിച്ചു. ഏപ്രില്‍ നാലിന് നക്സല്‍വിരുദ്ധസേനയായ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിലെ 11 പേരെ ഒറീസയിലെ കൊരാപുതില്‍ കുഴിബോംബ് ആക്രമണത്തില്‍ കൊലപ്പെടുത്തി. സിആര്‍പിഎഫിന് എതിരായ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തില്‍ ഏപ്രില്‍ ആറിന് ദന്തേവാഡയില്‍ 76 ജവാന്മാര്‍ കൊല്ലപ്പെട്ടു. മെയ് എട്ടിന് ഛത്തീസ്ഗഢിലെ ബിജാപുരില്‍ സിആര്‍പിഎഫിന്റെ ബുള്ളറ്റ്പ്രൂഫ് വാഹനം തകര്‍ത്ത് എട്ട് ജവാന്മാരെ കൊലപ്പെടുത്തി. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റ 2009 മെയ് 22ന് മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ 16 പൊലീസുകാരെ വധിച്ചാണ് മാവോയിസ്റ്റുകള്‍ നയം വ്യക്തമാക്കിയത്.
(വിജേഷ് ചൂടല്‍)

സര്‍ക്കാരിന്റെ കാപട്യം തെളിഞ്ഞു

ചരിത്രപരമായ ചുവടുവയ്പെന്നാണ് വനിതാസംവരണ ബില്ലിനെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിശേഷിപ്പിച്ചത്. സ്ത്രീ ശാക്തീകരണമെന്ന രാജീവ് ഗാന്ധിയുടെ സ്വപ്നം സഫലമാവുകയാണെന്ന് രാജ്യസഭ ബില്‍ പാസാക്കിയപ്പോള്‍ സോണിയ ഗാന്ധി പ്രതികരിച്ചു. എന്നാല്‍, രണ്ടുമാസമായി ബില്ലിനെ ക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് മിണ്ടാട്ടമില്ല. വനിതാബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്് ഒരിക്കലും സത്യസന്ധതയോ രാഷ്ട്രീയ ഇച്ഛാശക്തിയോ പ്രകടിപ്പിച്ചിട്ടില്ല. പ്രതിപക്ഷ ഐക്യം ദുര്‍ബലപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് രാജ്യസഭയില്‍ ഏറെ തിടുക്കത്തില്‍ സര്‍ക്കാര്‍ വനിതാബില്‍ അവതരിപ്പിച്ചത്. പിന്നീട് ഏതുവിധേനയും അധികാരത്തില്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രങ്ങളുടെ ‘ഭാഗമായി ബില്ല് അതേപടി മുക്കുകയുംചെയ്തു. ഇനിയിപ്പോള്‍ ലോക്സഭയില്‍ ബില്ല് എപ്പോള്‍ വരുമെന്ന കാര്യത്തില്‍ ആര്‍ക്കും നിശ്ചയമില്ല.

സാര്‍വദേശീയ മഹിളാദിനമായ മാര്‍ച്ച് എട്ടിന് ബില്‍ പാസാക്കാനായിരുന്നു സോണിയ ഗാന്ധിയുടെ നിര്‍ദേശം. എന്നാല്‍, എസ്പി, ആര്‍ജെഡി അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഈ നീക്കം പാളി. ഇതിന് തൊട്ടടുത്ത ദിവസം, എതിര്‍പ്പ് പ്രകടിപ്പിച്ച എംപിമാരെ ബലംപ്രയോഗിച്ച് നീക്കിയശേഷം ബില്‍ പാസാക്കി. മാധ്യമങ്ങളും രാഷ്ട്രീയനിരീക്ഷകരും സോണിയയെ പ്രശംസകള്‍കൊണ്ട് മൂടി. അടുത്തുതന്നെ ലോക്സഭയിലും ബില്ല് കൊണ്ടുവരുമെന്ന് സോണിയ പ്രഖ്യാപിക്കുകയുംചെയ്തു. എന്നാല്‍, ഒന്നും സംഭവിച്ചില്ല. ആര്‍ജെഡിയെയും സമാജ്വാദി പാര്‍ടിയെയും പിണക്കരുതെന്നും അവരെ ആവശ്യം വരുമെന്നും ചാണക്യതന്ത്രം ഉപദേശിച്ചത് പ്രണബ്മുഖര്‍ജിയാണ്. പിന്നാമ്പുറത്ത് ചര്‍ച്ചകള്‍ തകൃതിയായി നടന്നു. ഒടുവില്‍ വിലപേശി കാര്യങ്ങള്‍ ഉറപ്പിച്ചു. രണ്ട് കാര്യമാണ് കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനംചെയ്തത്. ഒന്ന്, മുലായത്തിനും ലാലുവിനുമെതിരായ സിബിഐ കേസുകള്‍ മരവിപ്പിക്കും. രണ്ട്, വനിതാ ബില്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കും. പകരമായി കോണ്‍ഗ്രസ് മുന്നോട്ടുവച്ചതും രണ്ട് കാര്യങ്ങള്‍. ഒന്ന്, ലോക്സഭയില്‍ ഖണ്ഡനോപക്ഷേപം വരുമ്പോള്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യരുത്. രണ്ട്, ആണവബാധ്യതാ ബില്ലിനെ പിന്തുണയ്ക്കണം. എല്ലാം ഇതനുസരിച്ച് നടന്നു. ഖണ്ഡനപ്രമേയത്തെ സര്‍ക്കാര്‍ അതിജീവിച്ചു. ആണവബാധ്യതാ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ആര്‍ജെഡിയും എസ്പിയും നല്‍കിയ സഹായത്തിന് പ്രത്യുപകാരമായി ഒരു കാര്യം കൂടി കോണ്‍ഗ്രസ് നേതൃത്വം ചെയ്തു. ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്താമെന്ന ഉറപ്പ് പ്രധാനമന്ത്രി പാര്‍ലമെന്റിന് നല്‍കി.

അഴിമതിക്ക് തണല്‍

അഴിമതി കമുന്നില്‍ നടക്കുമ്പോള്‍ നടപടിയെടുക്കാന്‍ കഴിയാത്ത ഭരണാധിപനെ ഏതു ഗണത്തില്‍പ്പെടുത്തണം? കഴിവുകെട്ട ഭരണാധികാരിയെന്നോ അഴിമതിക്ക് തണല്‍വിരിക്കുന്ന ഭരണാധികാരിയെന്നോ? എന്തു ന്യായങ്ങള്‍ നിരത്തിയാലും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും പ്രതിരോധമന്ത്രി എ കെ ആന്റണിയെയും അഴിമതിക്ക് കൂട്ടുനിന്നവരായി മാത്രമേ കാണാന്‍ കഴിയൂ. യുപിഎ ഭരണത്തില്‍ നടന്ന ഏറ്റവും വലിയ അഴിമതി 2ജി സ്പെക്ട്രം ഇടപാടാണ്. ഇതുതന്നെയാണ് സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഴിമതിയും. മൊബൈല്‍ഫോണ്‍ മേഖല പടര്‍ന്നുപന്തലിക്കുന്ന കാലത്ത് അതിനാവശ്യമായ സാങ്കേതിക പശ്ചാത്തലമായ 2ജി സ്പെക്ട്രം ലേലംചെയ്യാതെ വീതിച്ചുകൊടുത്തതുമൂലം പൊതുഖജനാവിന് ഒരുലക്ഷം കോടി രൂപയാണ് നഷ്ടമായത്. എഴുപതിനായിരത്തിലധികം കോടി രൂപ ലഭിക്കുമായിരുന്ന 2ജി സ്പെക്ട്രം ലേലം വേണ്ടെന്നുവച്ച് ആദ്യം വന്നവര്‍ക്കായി വീതംവച്ചപ്പോള്‍ ഖജനാവില്‍ എത്തിയത് 10722 കോടി മാത്രം. ഇതിന്റെ സേവനവുമായി ബന്ധപ്പെട്ട് ലഭിക്കുമായിരുന്ന 30,000 കോടികൂടി നഷ്ടമായപ്പോള്‍ നാടിന് ഏറ്റവും നഷ്ടമുണ്ടാക്കിയ ഇടപാടായി അതു മാറി.

അബദ്ധത്തില്‍ സംഭവിച്ചതോ ആരെങ്കിലും രഹസ്യമായി നടത്തിയതോ അല്ല ഈ അഴിമതി. വന്‍ നഷ്ടം വരുത്തുന്ന അഴിമതി നടക്കാന്‍ പോകുന്നെന്ന മുന്നറിയിപ്പ് വളരെ മുമ്പുതന്നെ സിപിഐ എം അടക്കമുള്ള രാഷ്ട്രീയ പാര്‍ടികള്‍ നല്‍കിയിരുന്നു. ബിഎസ്എന്‍എല്‍ മേധാവികള്‍, ജീവനക്കാരുടെ യൂണിയനുകള്‍, കേന്ദ്ര ധനമന്ത്രാലയം, കേന്ദ്ര നിയമമന്ത്രാലയം എന്നിവ പരാതി നല്‍കി. അഴിമതിയില്‍ മുങ്ങിയ 2ജി സ്പെക്ട്രം ഇടപാടു തടയണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പരാതികള്‍ കിട്ടിയ സാഹചര്യത്തില്‍ തന്നോട് ആലോചിക്കാതെ സ്പെക്ട്രം വിതരണ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് പ്രധാനമന്ത്രി കത്തിലൂടെ വിവരവിനിമയ മന്ത്രി എ രാജയോട് ആവശ്യപ്പെട്ടു. ഈ കത്ത് നിലനില്‍ക്കുമ്പോള്‍ത്തന്നെ അഴിമതി നടന്നു.

ഡിഎംകെ നേതാവ് കരുണാനിധിക്ക് ഏറ്റവും വേണ്ടപ്പെട്ടയാളാണ് മന്ത്രി എ രാജ. ഡിഎംകെയുടെ ധനശേഖരണ സംവിധാനത്തിന്റെ നായകനുമാണ് ഈ മന്ത്രി. കരുണാനിധി പ്രധാനമന്ത്രിയെയും സോണിയ ഗാന്ധിയെയും നേരില്‍ കണ്ട് സംസാരിച്ചതോടെ തടസ്സങ്ങള്‍ നീങ്ങി. രാജയുടെ വേണ്ടപ്പെട്ടവര്‍ക്ക് സ്പെക്ട്രം അനുവദിച്ചു. മാനദണ്ഡങ്ങളും കീഴ്വഴക്കങ്ങളും നഗ്നമായി ലംഘിച്ചപ്പോള്‍ പ്രധാനമന്ത്രി കാഴ്ചക്കാരനായി. 2ജി സ്പെക്ട്രം ഇടപാടില്‍ അഴിമതി നടന്നെന്ന ആരോപണം എത്രത്തോളം ശരിയാണെന്നറിയാന്‍ 3ജി സ്പെക്ട്രം ലേലം പരിശോധിച്ചാല്‍ മതി.

ലേലമല്ലാത്ത 2ജി സ്പെക്ട്രം വീതംവയ്ക്കലിന്റെ അനുഭവം മുന്നിലുള്ളതിനാല്‍ 3ജി സ്പെക്ട്രം ഇടപാടില്‍ ധനമന്ത്രാലയം ശക്തമായി ഇടപെട്ടു. ലേലംതന്നെ നടന്നു. ഒരുമാസം നീണ്ട ലേലപ്രക്രിയയിലൂടെ 67,719 കോടി കേന്ദ്ര ഖജനാവിനു ലഭിച്ചു. 3ജി സ്പെക്ട്രം ലേലത്തിലൂടെ കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ച വരുമാനം 35,000 കോടി രൂപയാണ്. ലഭിച്ചത് അതിന്റെ ഇരട്ടിയും. 2ജി സ്പെക്ട്രം ഇടപാടില്‍ 2001ലെ വിപണി നിലവാരംവച്ചാണ് ഫീസ് നിശ്ചയിച്ചത്. 3ജിയില്‍ നിലവിലുള്ള വിപണി നിലവാരമനുസരിച്ച് ലേലം നടന്നു.

2ജി സ്പെക്ട്രം ഇടപാടില്‍ അഴിമതിയുണ്ടെന്ന് പ്രഥമദൃഷ്ട്യാ സിബിഐ കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും അതു ബോധ്യപ്പെട്ടു. പാര്‍ലമെന്റില്‍ ഈ വിഷയം കൊടുങ്കാറ്റുയര്‍ത്തി. മന്ത്രി എ രാജയെ തല്‍സ്ഥാനത്തുനിന്നു മാറ്റണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. എന്നാല്‍, അഴിമതിമന്ത്രി ഇന്നും തല്‍സ്ഥാനത്തു തുടരുന്നു.

പ്രതിരോധ ഇടപാടുകളിലെ അഴിമതി നാട്ടുനടപ്പ് എന്ന മട്ടിലാണ് യുപിഎ ഭരണത്തിന്റെ നിലപാട്. ബരാക് മിസൈല്‍ ഇടപാടില്‍ സിബിഐ സംശയിക്കുന്ന ഇസ്രയേലിലെ ഇസ്രയേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസുമായി (ഐഎഐ) പ്രതിരോധമന്ത്രാലയം 10,000 കോടി രൂപയുടെ എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനത്തിനുള്ള ഇടപാടില്‍ ഒപ്പിട്ടു. ഐഎഐ ഇനിയും വികസിപ്പിച്ചിട്ടില്ലാത്ത സംവിധാനത്തിനുവേണ്ടിയാണ് ഈ ഇടപാടു നടത്തിയത്. ബരാക് മിസൈല്‍ ഇടപാടിലെ കുപ്രസിദ്ധമായ 'ബിസിനസ് ചാര്‍ജ്' ഈ ഇടപാടിലും കോഴപ്പണമായി മാറി. ഇന്ത്യന്‍ പ്രതിരോധ ഗവേഷണസംഘടന ഇതിനകം വികസിപ്പിച്ച അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് സിസ്റ്റം ഏറെ മികവുള്ളതാണ്. അത് ഉപയോഗിക്കാതെ അതിനേക്കാള്‍ താഴ്ന്ന നിലവാരമുള്ള ഉപകരണത്തിനായി ഇടപാടുണ്ടാക്കി. ഇതേക്കുറിച്ചും സിപിഐ എം അടക്കമുള്ള രാഷ്ട്രീയപാര്‍ടികളും സംഘടനകളും മുന്നറിയിപ്പു നല്‍കിയിട്ടും 'അഴിമതിവിരോധി' ആയ പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് അഴിമതിക്കെതിരെ പ്രതിരോധം പടുത്തുയര്‍ത്താനായില്ല.

വിദേശസഹമന്ത്രി സ്ഥാനത്തിരുന്ന് ഐപിഎല്‍ ടീം ലേലത്തില്‍ ഇടപെട്ട ശശി തരൂരിനെ മന്ത്രിസ്ഥാനത്തുനിന്നു ഒഴിവാക്കിയത് പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയതുകൊണ്ടാണ്. ഘാനയിലേക്ക് കയറ്റുമതിചെയ്യാന്‍ കുറഞ്ഞ വിലയ്ക്ക് അരി സംഭരിച്ച് കൂടിയ വിലയ്ക്ക് വിറ്റ് 2000 കോടി രൂപയുടെ അഴിമതി നടത്തിയിട്ടും നടപടി എടുക്കാനായില്ല. ഇടപാടിലെ കള്ളക്കളി അന്വേഷിക്കണമെന്ന് ഘാന ഗവമെന്റ് ആവശ്യപ്പെട്ടെങ്കിലും അനക്കമില്ല.
(വി ജയിന്‍)

ദേശാഭിമാനി 21052010

1 comment:

  1. അഴിമതി കമുന്നില്‍ നടക്കുമ്പോള്‍ നടപടിയെടുക്കാന്‍ കഴിയാത്ത ഭരണാധിപനെ ഏതു ഗണത്തില്‍പ്പെടുത്തണം? കഴിവുകെട്ട ഭരണാധികാരിയെന്നോ അഴിമതിക്ക് തണല്‍വിരിക്കുന്ന ഭരണാധികാരിയെന്നോ? എന്തു ന്യായങ്ങള്‍ നിരത്തിയാലും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും പ്രതിരോധമന്ത്രി എ കെ ആന്റണിയെയും അഴിമതിക്ക് കൂട്ടുനിന്നവരായി മാത്രമേ കാണാന്‍ കഴിയൂ.

    ReplyDelete