Monday, May 10, 2010

കേരളാ കോണ്‍ഗ്രസ് ലയനത്തിനു പിന്നില്‍ ആര്?

കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ടി ഭിന്നിക്കുന്നതും രണ്ടോ അതിലധികമോ പാര്‍ടികള്‍ പരസ്പരം ലയിക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാല്‍, ഈയിടെ കേരള കോണ്‍ഗ്രസ് (ജെ)യിലെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് (എം)ല്‍ ലയിക്കാന്‍ തീരുമാനിച്ച രീതി അഭൂതപൂര്‍വമാണ്.

കേരള കോണ്‍ഗ്രസ് ജെ യും എമ്മും ആയി ഭിന്നിച്ചിട്ട് മൂന്നു പതിറ്റാണ്ടായി. ജെ 1980കളുടെ തുടക്കത്തില്‍ യുഡിഎഫിന്റെ ഭാഗമായിരുന്നു. പിന്നീട് ആ മുന്നണി വിട്ടു. ഒരു മുന്നണിയിലും ഇല്ലാതെ കുറച്ചുകാലം നിന്നു. പിന്നീട് ഇടതുപക്ഷ നിലപാടുകള്‍ പൊതുവില്‍ അംഗീകരിച്ചുകൊണ്ടാണ് എല്‍ഡിഎഫില്‍ ചേര്‍ന്നത്.

എല്‍ഡിഎഫ് ഇടതുപാര്‍ടികളുടെയും മതനിരപേക്ഷ ജനാധിപത്യ പാര്‍ടികളുടെയും മുന്നണിയാണ്. ആ മുന്നണിക്കു ചേര്‍ന്ന നിലപാടാണ് തങ്ങള്‍ക്ക് ഉള്ളത് എന്ന് ജോസഫ് കേരള ജനസമക്ഷം സ്പഷ്ടമാക്കിയ ശേഷമാണ് എല്‍ഡിഎഫില്‍ ആ പാര്‍ടി ഉള്‍ക്കൊള്ളിക്കപ്പെട്ടത്.

എല്‍ഡിഎഫ് അംഗീകരിക്കുന്ന നയപരിപാടിയോടോ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളോടോ ജോസഫ് കേരള ഇതുവരെ ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല. എല്‍ഡിഎഫ് വിടാനും മാണി കേരളയില്‍ ലയിക്കുന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനും ജോസഫ് കേരളയുടെ സംസ്ഥാന കമ്മിറ്റിയോഗം ചേര്‍ന്നത് മെയ് ഒന്നിനാണ്. അതുവരെ തങ്ങള്‍ എല്‍ഡിഎഫ് വിടാന്‍ ആലോചിക്കുന്നതായി പോലും അവരില്‍ ആരെങ്കിലും എല്‍ഡിഎഫിനെ അറിയിച്ചിരുന്നില്ല. പത്രവാര്‍ത്തകളിലും ആ വിവരം സ്ഥലം പിടിച്ചില്ല. ഒരു മുന്നണിയില്‍ തുടരാന്‍ ആശയപരമോ പ്രത്യയശാസ്ത്രപരമോ ആയ കാരണങ്ങളാല്‍ ഏതെങ്കിലും പാര്‍ടിക്ക് താല്‍പര്യമില്ലാതെ വന്നാല്‍, അതിനാധാരമായ പ്രശ്നം തെളിവായി അവതരിപ്പിച്ചുകൊണ്ട് ആ പാര്‍ടി മുന്നണിക്കും അതിന്റെ നേതൃശക്തിക്കും എതിരായി കടുത്ത ആക്രമണം അഴിച്ചുവിടാറുണ്ട്. സ്വന്തം പാര്‍ടിക്കാരെ നിലവിലുള്ള രാഷ്ട്രീയ നിലപാടില്‍നിന്ന് അകറ്റിയെടുക്കാന്‍ ഏതു രാഷ്ട്രീയ പാര്‍ടിയുടെ നേതൃത്വവും ഏര്‍പ്പെടുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണത്. മെയ് ഒന്നുവരെ ജോസഫ് കേരള അതൊന്നും ചെയ്തില്ല.

ജോസഫ് കേരള എല്‍ഡിഎഫ് വിടാനും മാണി കേരളയില്‍ ലയിക്കാനും തീരുമാനമെടുക്കാന്‍ കോട്ടയത്ത് ആ പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റിയോഗം ചേര്‍ന്നതിനു ശേഷവും സിപിഐ എമ്മിനോ എല്‍ഡിഎഫിനോ എതിരായി ഒരു പരാതിയും വിമര്‍ശനവും ഉന്നയിച്ചിരുന്നില്ല. കേരളത്തില്‍ ഏത് പ്രശ്നത്തെയും രാഷ്ട്രീയവല്‍കരിക്കാനുള്ള മാധ്യമ പ്രവണത വ്യാപകമാണ്. എന്നാല്‍ എന്തുകൊണ്ടോ അവരങ്ങനെ ചെയ്തില്ല. ഇനി എപ്പോഴെങ്കിലും തങ്ങളുടെ വിമര്‍ശനം ഉന്നയിക്കുമെന്നു മാത്രമേ ജോസഫും മറ്റും പറഞ്ഞിട്ടുള്ളൂ. ഒരു മാധ്യമ പ്രവര്‍ത്തകനോട് ചില കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മര്‍ദ്ദംമൂലമാണ് താനും പാര്‍ടിയും എല്‍ഡിഎഫ് വിട്ട് മാണി കേരളയില്‍ ലയിക്കുന്നതെന്ന് പി ജെ ജോസഫ് പറഞ്ഞതായി വാര്‍ത്ത ഉണ്ടായിരുന്നു. അതിനെ ശരിവെക്കുന്ന തരത്തില്‍ പല മാധ്യമങ്ങളിലും വാര്‍ത്തകളും വിശകലനങ്ങളും വരികയുണ്ടായി.

മേല്‍പറഞ്ഞ വാര്‍ത്തയെ സാധൂകരിക്കുന്നതാണ് മറ്റ് പല യുഡിഎഫ് പാര്‍ടികളുടെയും പ്രതികരണം. എല്‍ഡിഎഫില്‍നിന്ന് ഒരു പാര്‍ടി വിട്ട് തങ്ങളോടൊപ്പം അണിനിരക്കുമ്പോള്‍ യുഡിഎഫിനു മൊത്തത്തിലും അതിലെ പ്രധാനകക്ഷികള്‍ക്ക് വിശേഷിച്ചും വലിയ സന്തോഷം ഉണ്ടാകേണ്ടതാണ്. എല്‍ഡിഎഫിലാണ് തിരിച്ചടി ഏറ്റതില്‍ വലിയ ദുഃഖവും ഞെട്ടലും ഉണ്ടാകേണ്ടത്.

എന്നാല്‍, ഉണ്ടായത് നേരെ മറിച്ചാണ്. ജോസഫ് കേരള എല്‍ഡിഎഫ് വിടാന്‍ പോകുന്നു എന്ന വാര്‍ത്ത കുറെ മാസങ്ങളായി വായുവില്‍ ഉണ്ടായിരുന്നു. ജോസഫ് കേരളയുടെ സംസ്ഥാന കമ്മിറ്റി അത് സ്ഥിരീകരിച്ചപ്പോള്‍ എല്‍ഡിഎഫില്‍ അതു വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല. തങ്ങളുടെ ഭാഗത്തുനിന്നു ഏതെങ്കിലും നടപടിയെ എല്‍ഡിഎഫ് വിടുന്നതിനുള്ള കാരണമായി ജോസഫ് കേരള ചൂണ്ടിക്കാട്ടാത്ത പശ്ചാത്തലത്തില്‍ വിശേഷിച്ചും.

ജോസഫ് കേരളയെ കൂടെ കിട്ടിയതില്‍ ആഹ്ളാദത്തിമിര്‍പ്പ് ഉണ്ടാകേണ്ട യുഡിഎഫില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. ഏറ്റവും വലിയ പ്രതിഷേധവും എതിര്‍പ്പും പ്രകടിപ്പിച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. നിയോജകമണ്ഡല പുനഃസംഘടനയെ തുടര്‍ന്ന് ഉത്തര കേരളത്തില്‍ അരഡസനോളം സീറ്റ് വര്‍ദ്ധിച്ചു. തെക്കന്‍ കേരളത്തില്‍ അത്രയും സീറ്റ് കുറഞ്ഞു. വടക്ക് പുതുതായി ലഭിച്ച സീറ്റുകളില്‍ പലതിലും ലീഗും വീരേന്ദ്രകുമാര്‍ ജനതാദളും പിടിമുറുക്കും. തെക്ക് സീറ്റ് കുറയുമ്പോഴും വികസിതമായ മാണി കേരള ജോസഫ് വിഭാഗത്തിനായി കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നു കോണ്‍ഗ്രസ് നേതൃത്വം ഭയപ്പെടുന്നു. കെപിസിസിയുടെ പ്രതികരണത്തിലെ എതിര്‍പ്പ് ഈ സാധ്യതക്കെതിരെയാണ്. കോണ്‍ഗ്രസ് മാത്രമല്ല, യുഡിഎഫിലെ മറ്റ് പല കക്ഷികളും ഇക്കാര്യത്തില്‍ മാണി കേരള നടത്തിയ ലയന നീക്കത്തിനു എതിരാണ്.

ഇത്രയെല്ലാമായിട്ടും മാണിക്കോ ജോസഫിനോ ഒരു കൂസലുമില്ല. ജോസഫ് കേരളയില്‍ ഒരു വിഭാഗം എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനം. അവശേഷിക്കുന്നവര്‍ക്ക് യുഡിഎഫില്‍ ഇടം കിട്ടിയേ തീരൂ. അതിനാല്‍ യുഡിഎഫ് കക്ഷികള്‍ ഉയര്‍ത്തുന്ന എതിര്‍പ്പിനെ സംബന്ധിച്ച് അവരൊന്നും പ്രതികരിക്കുന്നില്ല. അത് നേരിടേണ്ട ബാധ്യത അവര്‍ കെ എം മാണിക്ക് വിട്ടുകൊടുത്തിരിക്കയാണ്.

കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഗ്രൂപ്പ് പ്രവര്‍ത്തനം കൊടുമ്പിരിക്കൊണ്ടിട്ടുണ്ട്. പഴയ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലല്ല. യൂത്ത് കോണ്‍ഗ്രസുകാര്‍ മൊത്തത്തില്‍ മൂത്തവരില്‍ പലരും കുത്തകയാക്കി വെച്ച സീറ്റുകള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടത് വേറൊരു ചേരിതിരിവിനു ഇടയാക്കി. ഈ പശ്ചാത്തലത്തില്‍ കാര്യമായ വോട്ട് ബാങ്കൊന്നും സ്വന്തമായി ഇല്ലാത്തതും സീറ്റുകള്‍ ആവശ്യപ്പെടുന്നതുമായ ജോസഫ് കേരളയുടെ വരവ് കോണ്‍ഗ്രസിലും മറ്റ് യുഡിഎഫ് കക്ഷികളിലും, വിശേഷിച്ച് അവയുടെ നേതാക്കളില്‍, സന്തോഷമല്ല, മുറുമുറുപ്പാണ് ഉണ്ടാക്കിയത്. അത് പെട്ടെന്നൊന്നും അടങ്ങുമെന്നും തോന്നുന്നില്ല.

മധ്യതിരുവിതാംകൂറില്‍ ചില സീറ്റുകളില്‍ ജോസഫ് കേരളയും കോണ്‍ഗ്രസ്സുമാണ് ഏറ്റുമുട്ടാറുള്ളത്. ജോസഫടക്കം പല നേതാക്കള്‍ക്കും എതിരായി അവര്‍ അഴിമതി ആരോപണങ്ങളും മറ്റും ഉയര്‍ത്തിക്കൊണ്ടിരുന്നു. ഇനി അതൊക്കെ ഉടന്‍ വിഴുങ്ങണം. ആ നേതാക്കളെ ചുമലിലേറ്റി നടക്കണം. പഴയ നിലപാട് മാറ്റാന്‍ ഒരു ദിവസത്തിന്റെ പോലും സാവകാശം കിട്ടിയില്ല.

എന്നാല്‍ മാണി കേരളയ്ക്ക് അഴിമതിക്കാരാണെങ്കിലും തങ്ങള്‍ക്ക് പുതിയ നേതാക്കളെയും അണികളെയും കിട്ടിയതിലുള്ള സന്തോഷമാണ്. യുഡിഎഫിനുള്ളില്‍ ഇത് തങ്ങളുടെ വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിക്കുമെന്നു അവര്‍ പ്രതീക്ഷിക്കുന്നു. ഏതായാലും ജോസഫ് കേരളയും മാണി കേരളയും തമ്മിലുള്ള ലയനവും ജോസഫ് കേരളയുടെ യുഡിഎഫ് പ്രവേശവും ഏച്ചു കൂട്ടിയാല്‍ മുഴച്ചുനില്‍ക്കും എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നു.

എന്തിനാണ്, എങ്ങനെയാണ് ഇത്ര പെട്ടെന്ന് ജോസഫ് കേരള എല്‍ഡിഎഫ് വിട്ടത്? വളരെ പ്രയാസപ്പെട്ടായിരുന്നു അവരുടെ എല്‍ഡിഎഫ് പ്രവേശം. 1990കളുടെ ആദ്യം. ഇപ്പോള്‍ പെട്ടെന്നു കഴിഞ്ഞു. എന്താണ് ഇതിനു പ്രകോപനം? ഒന്നും ജോസഫ് കേരള ചൂണ്ടിക്കാട്ടിയിട്ടില്ല. എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണങ്ങളിലും ഒന്നും പറയുന്നില്ല. എന്നാല്‍, അവര്‍ക്ക് യുഡിഎഫിലേക്ക് ചേക്കേറാന്‍ പ്രചോദനമായത് ചില കത്തോലിക്കാ ബിഷപ്പുമാരാണെന്ന് പറയപ്പെടുന്നു. അത് സംബന്ധമായി വന്ന ചില വാര്‍ത്തകളെ മലയാള മനോരമയും മാതൃഭൂമിയുംപോലുള്ള യുഡിഎഫിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാര്‍ ഖണ്ഡിച്ചിട്ടില്ല. ആ വാര്‍ത്തകള്‍ കേള്‍ക്കാത്ത മട്ടിലാണ് അവരുടെ പെരുമാറ്റം.

ദീപിക പത്രമാണല്ലോ കത്തോലിക്കാ സഭയുടെ ഏറ്റവും പഴയ മുഖപത്രം. അതില്‍ ഫാദര്‍ മാത്യു ചന്ദ്രന്‍ കുന്നേല്‍ എഴുതിയ ലേഖനം (മെയ് 5) കുമ്പളങ്ങ കട്ടത് ഞാനല്ല എന്നു പറഞ്ഞ് ചുമലിലെ വെളുത്ത പൊടി തുടച്ചു കളയുന്നവനെപ്പോലെയാണ് പ്രതികരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ ലയനം സംബന്ധിച്ച പ്രതികരണം അസഹിഷ്ണുതയും അപക്വതയുമാണ് പ്രകടിപ്പിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. കത്തോലിക്കാ സഭയ്ക്കാകെ ലയന കാര്യത്തില്‍ പങ്കുണ്ടെന്ന് പിണറായി വിജയനോ മറ്റ് എല്‍ഡിഎഫ് നേതാക്കളോ പറഞ്ഞിട്ടില്ല. ചില ബിഷപ്പുമാരുടെ പങ്കാണ് അവര്‍ സൂചിപ്പിച്ചത്. അതു സംബന്ധിച്ച് ഫാദര്‍ മാത്യു മിണ്ടുന്നുമില്ല. അപ്പോള്‍ ആരാണ് ഇതിനു ഉത്തരവാദി എന്നു സ്പഷ്ടം.

സി പി നാരായണന്‍ chintha weekly 14052010

1 comment:

  1. കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ടി ഭിന്നിക്കുന്നതും രണ്ടോ അതിലധികമോ പാര്‍ടികള്‍ പരസ്പരം ലയിക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാല്‍, ഈയിടെ കേരള കോണ്‍ഗ്രസ് (ജെ)യിലെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് (എം)ല്‍ ലയിക്കാന്‍ തീരുമാനിച്ച രീതി അഭൂതപൂര്‍വമാണ്.

    ReplyDelete