Wednesday, May 12, 2010

രാഹുല്‍ പറഞ്ഞതും പറയാത്തതും

സിപിഐ എം കാലഹരണപ്പെട്ട പാര്‍ടിയാണെന്ന് രാഹുല്‍ഗാന്ധി കേരളത്തില്‍വന്ന് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭൂതകാലത്തിലും വെറും ആശയങ്ങളിലും മാത്രം കുടുങ്ങിക്കിടക്കുകയാണെന്നും എഐസിസി ജനറല്‍സെക്രട്ടറി മൊഴിഞ്ഞുപോലും. ചിലര്‍ക്ക് ഭൂതകാലം അലോസരം സൃഷ്ടിക്കും. ഭൂതകാലത്തിന്റെ ഓര്‍മ മനസ്സിന്റെ സമനിലപോലും അപകടത്തില്‍പ്പെടുത്താന്‍ പ്രേരണ നല്‍കുന്നതായിരിക്കും. സിപിഐ എമ്മിന് ഭൂതകാലത്തിന്റെ ഓര്‍മ അഭിമാനപൂരകമാണ്. രാഹുലിന്റെ മുതുമുത്തച്ഛന്‍ മോത്തിലാല്‍ നെഹ്റു ലെജിസ്ളേറ്റീവ് അസംബ്ളിയില്‍ ചെയ്ത പ്രസംഗത്തില്‍ ഇങ്ങനെ ചോദിച്ചു.

'മുള്ളുവേലി കെട്ടി ആശയങ്ങള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? അതിന് നിങ്ങള്‍ക്ക് സാധിച്ചിരുന്ന കാലമെല്ലാം കഴിഞ്ഞുപോയി. എനിക്ക് പരിചയമുള്ള ഈ ആളുകള്‍, ഈ കമ്യൂണിസ്റ്റുകാര്‍, സ്വന്തമായ അഭിപ്രായങ്ങള്‍, ശക്തിയായ അഭിപ്രായങ്ങള്‍ ഉള്ളവരാണ്. അഭിപ്രായങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ധീരാത്മക്കളുമാണ്. അത്തരമാളുകള്‍ നിങ്ങള്‍ അവരോട് യോജിച്ചാലും ഇല്ലെങ്കിലും സമചിത്തരായ സകലരുടെയും ആദരവ് അര്‍ഹിക്കുന്നവരാണ് (ലെജിസ്ളേറ്റീവ് അസംബ്ളി ചര്‍ച്ചകള്‍, വാള്യം 1. 1929 പേജ് 531-32)

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു ഉദാഹരണം മാത്രമാണിവിടെ ഓര്‍മിപ്പിക്കുന്നത്. അന്നും ഇന്നും കമ്യൂണിസ്റ്റുകാര്‍ക്ക് ആശയവ്യക്തതയുണ്ട്. ലക്ഷ്യബോധമുണ്ട്. ദിശാബോധമുണ്ട്. ഭൂതകാലത്തിന്റെ അനുഭവങ്ങളില്‍നിന്ന് പാഠംപഠിച്ച് വര്‍ത്തമാനകാലത്തിനും ഭാവികാലത്തിനും രൂപം നല്‍കുന്നവരാണ്. രാഹുലിന്റെ പാര്‍ടി അങ്ങനെയല്ല. അടിയന്തരാവസ്ഥയുടെ ഭൂതകാലം ചരിത്രത്തില്‍നിന്ന് മാച്ചുകളയാന്‍ അവര്‍ ആഗ്രഹിച്ചാലും നടപ്പുള്ള കാര്യമല്ല. ജനാധിപത്യം, തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളാണ് രാഹുല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിലും മൂത്ത കോണ്‍ഗ്രസിലും തെരഞ്ഞെടുപ്പ് ഇന്നും എന്നും പേടിസ്വപ്നമാണ്. തിരുവനന്തപുരത്ത് ഒരു കോണ്‍ഗ്രസുകാരന്‍ മറ്റൊരു കോണ്‍ഗ്രസുകാരനെ ചവിട്ടിക്കൊന്നുകൊണ്ടാണ് തെരഞ്ഞെടുപ്പു പരിപാടിക്ക് തുടക്കുംകുറിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് സ്വന്തംപാര്‍ടിയില്‍ ഒരു രക്തസാക്ഷിയെ സൃഷ്ടിച്ചിരിക്കുന്നു.

ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പുകാലത്ത് പ്രചരിപ്പിച്ച മുദ്രാവാക്യം പലരും മറന്നുകാണും. ഗരീബിഹഠാവോ (ദാരിദ്ര്യം അകറ്റുക) എഴുതിവയ്ക്കാന്‍ മാത്രമുള്ളതായിരുന്നു. ദശാബ്ദങ്ങള്‍ പലതും പിന്നിട്ടതിനുശേഷവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 42 ശതമാനമാണെന്നാണ് ശാസ്ത്രീയമായി കണക്കാക്കിയിട്ടുള്ളത്. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ഭക്ഷ്യവസ്തുവിന്റെ ലഭ്യത ക്ളേശകരമാണെന്നാണ് പ്രസിദ്ധ കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം എസ് സ്വാമിനാഥന്‍ പറയുന്നത്. പോഷകാഹാരക്കുറവുള്ള ലോകജനതയില്‍ 20 ശതമാനം ഇന്ത്യയിലാണ്. പോഷകാഹാരക്കുറവ് കൊണ്ട് ദുരിതമനുഭവിക്കുന്ന ശിശുക്കള്‍ ഇന്ത്യയില്‍ 43 ശതമാനമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് രണ്ടുവര്‍ഷം കഴിഞ്ഞ് മോചനം നേടിയ ചൈനയില്‍ വെറും ഏഴു ശതമാനമാണ്. ഇന്ത്യയിലെ ധാന്യകലവറകളില്‍ ഭക്ഷ്യധാന്യം പഴകിദ്രവിച്ചുകൊണ്ടിരിക്കുമ്പോള്‍ ജനങ്ങള്‍ പട്ടിണികിടക്കുന്നു എന്നും സ്വാമിനാഥന്‍ തന്നെ പറഞ്ഞതാണ്. 2010-11ലെ കേന്ദ്ര ബജറ്റ് നിരാശജനകം എന്നാണദ്ദേഹം വിശേഷിപ്പിച്ചത്.

സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയം നടപ്പാക്കിയതിനെതുടര്‍ന്ന് തൊഴിലില്ലായ്മ രൂക്ഷമായ തോതില്‍ പെരുകിവരികയാണ്. ജവാഹര്‍ലാല്‍ നെഹ്റു വളര്‍ത്തിയെടുത്ത പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റുതുലയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. വിലക്കയറ്റംമൂലം ജനജീവിതം പൊറുതിമുട്ടിയിരിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അടിമയെന്ന നിലയിലേക്ക് ഇന്ത്യയെ കോണ്‍ഗ്രസ് ഭരണാധികാരികള്‍ എത്തിച്ചിരിക്കുന്നു.
കോണ്‍ഗ്രസിന് വര്‍ത്തമാനകാലം ഭൂതകാലത്തിന്റെ ഓര്‍മകളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നു. സിപിഐ എം അങ്ങനെയല്ല. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ എന്നും നിലനിന്ന പാര്‍ടിയാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയും അതിന്റെ തുടര്‍ച്ചയായ സിപിഐ എമ്മും. അതുകൊണ്ടാണ് യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയ കാലത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുനിന്നത്. ജവാഹര്‍ലാല്‍ നെഹ്റു തന്റെ ജീവിതകാലത്ത് വാനോളം പുകഴ്ത്തിയ പൊതുമേഖലാവ്യവസായങ്ങളെ സ്വകാര്യമേഖലയ്ക്ക് തീറെഴുതുമ്പോള്‍ കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നു. സാമൂഹ്യക്ഷേമപദ്ധതികളില്‍ കേരളം വികസിതരാജ്യങ്ങള്‍ക്കൊപ്പം തിളക്കത്തോടെ സ്ഥാനം പിടിച്ചിരിക്കുന്നു. ആഗോളവല്‍ക്കരണ നയത്തില്‍നിന്ന് വ്യത്യസ്തമായ ബദല്‍നയമാണ് കേരളം ദൃഢനിശ്ചയത്തോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വനിതാ സംവരണബില്‍ ഭരണം നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ യുപിഎ സര്‍ക്കാര്‍ തന്ത്രപൂര്‍വം പരണത്ത് വയ്ക്കുമ്പോള്‍ കേരളം തദ്ദേശഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50ശതമാനം സംവരണം നടപ്പാക്കിക്കഴിഞ്ഞു.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ത്യക്കാകെ മാതൃകയാണെന്ന് അഭിമാനത്തോടെ വിളിച്ചുപറയാം. ഭൂതകാലത്തെ 57ലെ ഇ എം എസ് സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് പിന്നീടുള്ള ഇടതുപക്ഷ സര്‍ക്കാരുകള്‍. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരുള്‍പ്പെടെ. കാലത്തെ അതിജീവിച്ചുകൊണ്ടാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നേറുന്നത്. കോണ്‍ഗ്രസിനും രാഹുലിനും ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും മുദ്രാവാക്യങ്ങളെല്ലാം കാലഹരണപ്പെട്ടുകഴിഞ്ഞു. കോണ്‍ഗ്രസിന് വര്‍ത്തമാനകാലം രാഹുല്‍ എന്ന ചെറുപ്പക്കാരനില്‍ എത്തിനില്‍ക്കുന്നു.

സ്വാധീനശക്തിയുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ മാത്രമേ യുവാക്കള്‍ക്ക് രാഷ്ട്രീയപ്രവേശനം സാധ്യമാകൂ എന്ന സ്ഥിതി മാറ്റാനാണ് കെ എസ് യുവില്‍ വിജകരമായി പരീക്ഷിച്ച ജനാധിപത്യരീതിയിലുള്ള സംഘടനാ തെരഞ്ഞെടുപ്പ് യൂത്ത് കോണ്‍ഗ്രസിലും നടപ്പാക്കുന്നതെന്ന് രാഹുല്‍തന്നെ പറഞ്ഞത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായി. നെഹ്റു, ഇന്ദിര, രാജീവ്, സോണിയ, രാഹുല്‍ എന്ന ചങ്ങലയിലെ കണ്ണിയായി നിന്നുകൊണ്ടാണ് ഇത് പറഞ്ഞത്. പറഞ്ഞതിനെന്തര്‍ഥം?

ദേശാഭിമാനി മുഖപ്രസംഗം 12052010

1 comment:

  1. സിപിഐ എം കാലഹരണപ്പെട്ട പാര്‍ടിയാണെന്ന് രാഹുല്‍ഗാന്ധി കേരളത്തില്‍വന്ന് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭൂതകാലത്തിലും വെറും ആശയങ്ങളിലും മാത്രം കുടുങ്ങിക്കിടക്കുകയാണെന്നും എഐസിസി ജനറല്‍സെക്രട്ടറി മൊഴിഞ്ഞുപോലും. ചിലര്‍ക്ക് ഭൂതകാലം അലോസരം സൃഷ്ടിക്കും. ഭൂതകാലത്തിന്റെ ഓര്‍മ മനസ്സിന്റെ സമനിലപോലും അപകടത്തില്‍പ്പെടുത്താന്‍ പ്രേരണ നല്‍കുന്നതായിരിക്കും. സിപിഐ എമ്മിന് ഭൂതകാലത്തിന്റെ ഓര്‍മ അഭിമാനപൂരകമാണ്. രാഹുലിന്റെ മുതുമുത്തച്ഛന്‍ മോത്തിലാല്‍ നെഹ്റു ലെജിസ്ളേറ്റീവ് അസംബ്ളിയില്‍ ചെയ്ത പ്രസംഗത്തില്‍ ഇങ്ങനെ ചോദിച്ചു.

    'മുള്ളുവേലി കെട്ടി ആശയങ്ങള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? അതിന് നിങ്ങള്‍ക്ക് സാധിച്ചിരുന്ന കാലമെല്ലാം കഴിഞ്ഞുപോയി. എനിക്ക് പരിചയമുള്ള ഈ ആളുകള്‍, ഈ കമ്യൂണിസ്റ്റുകാര്‍, സ്വന്തമായ അഭിപ്രായങ്ങള്‍, ശക്തിയായ അഭിപ്രായങ്ങള്‍ ഉള്ളവരാണ്. അഭിപ്രായങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ധീരാത്മക്കളുമാണ്. അത്തരമാളുകള്‍ നിങ്ങള്‍ അവരോട് യോജിച്ചാലും ഇല്ലെങ്കിലും സമചിത്തരായ സകലരുടെയും ആദരവ് അര്‍ഹിക്കുന്നവരാണ് (ലെജിസ്ളേറ്റീവ് അസംബ്ളി ചര്‍ച്ചകള്‍, വാള്യം 1. 1929 പേജ് 531-32)

    ReplyDelete