Sunday, May 9, 2010

വളര്‍ച്ചയുടെ വഴിത്താരയില്‍ ദേശാഭിമാനി

വളര്‍ച്ചയുടെ വഴിത്താരയില്‍ ദേശാഭിമാനി ആസ്ഥാനമന്ദിരം തുറന്നു

ആയിരങ്ങളുടെ ഹൃദയതാളം ആവേശമായി പെയ്തിറങ്ങിയ അന്തരീക്ഷത്തില്‍ വളര്‍ച്ചയുടെ പുതിയ പടവിലേക്ക് 'ദേശാഭിമാനി'യുടെ കാല്‍വയ്പ്. നേരിന്റെയും നന്മയുടെയും ശബ്ദമായ ദേശാഭിമാനിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന് അനന്തപുരിയുടെ ചരിത്രഭൂമികയില്‍ സാക്ഷാല്‍ക്കാരം. കലാ-സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും തൊഴിലാളികളും സാധാരണക്കാരും സാക്ഷ്യംനിന്ന നിമിഷത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആസ്ഥാനമന്ദിരം ജനങ്ങള്‍ക്കായി തുറന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പുതിയ പ്രസിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി. തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷനിലെ മന്ദിര അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, ആര്‍എസ്പി അഖിലേന്ത്യ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍, മലയാളത്തിന്റെ അഭിനയപ്രതിഭ മോഹന്‍ലാല്‍, പ്രിയകവി ഒ എന്‍ വി കുറുപ്പ്, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മുകേഷ്, മുസ്ളിംലീഗ് നേതാവ് കെ എന്‍ എ ഖാദര്‍, ബി കെ ശേഖര്‍ (ബിജെപി), എന്‍ എം ജോസഫ് (ജനതാദള്‍), മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, കേരള കൌമുദി ചീഫ് എഡിറ്റര്‍ എം എസ് മണി, ജനയുഗം എഡിറ്റര്‍ എം പി അച്യുതന്‍, മാധ്യമം എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ ബാലകൃഷ്ണന്‍, മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ്, ചന്ദ്രിക മാനേജര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ ആശംസ നേര്‍ന്നു. ദേശാഭിമാനി ജനറല്‍ മാനേജരും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്‍ സ്വാഗതവും സംഘാടക സമിതി ചെയര്‍മാന്‍ കടകംപള്ളി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

പ്രത്യേക പതിപ്പ് ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി പ്രകാശനം ചെയ്തു. നടന്‍ മുകേഷ് ഏറ്റുവാങ്ങി. എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍, മന്ത്രിമാര്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഭാത് പട്നായിക്, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ വേദിയിലും സദസ്സിലും സന്നിഹിതരായി. ഏതാനും മിനിറ്റ് നീണ്ട ചാറ്റല്‍മഴയെ കൂസാതെയാണ് ചടങ്ങിനു ജനാവലി ഒഴുകിയെത്തിയത്. വിദ്യാര്‍ഥികള്‍, വര്‍ഗ ബഹുജന സംഘടനാ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സിപിഐ എം പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനെത്തി.

68 വര്‍ഷം മുമ്പ് വാരികയായി തുടങ്ങി, നാലു വര്‍ഷത്തിനുശേഷം കോഴിക്കോട്ടുനിന്ന് കല്ലച്ചില്‍ അച്ചടിച്ച് ദിനപത്രമായി മാറിയ ദേശാഭിമാനിയുടെ പുതിയ കുതിപ്പിനു സാക്ഷ്യംവഹിക്കാന്‍ സിപിഐ എമ്മിന്റെ ആദ്യകാല പ്രവര്‍ത്തകരും ദേശാഭിമാനിയുടെ ആദ്യകാല വിതരണക്കാരും ഏജന്റുമാരും കുടുംബാംഗങ്ങളും എത്തിയിരുന്നു. ദേശാഭിമാനിയുടെ വിവിധ യൂണിറ്റിലെ പ്രവര്‍ത്തകര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങിനു സാക്ഷ്യംവഹിച്ചു. മുന്‍ ജനറല്‍ മാനേജര്‍മാരായ പി കരുണാകരന്‍ എംപി, പി ജയരാജന്‍ എംഎല്‍എ എന്നിവരും പങ്കെടുത്തു. മുന്‍ ജനറല്‍ എഡിറ്റര്‍ കെ മോഹനന്‍ രോഗവും അവശതയും അവഗണിച്ചാണ് ചടങ്ങിനെത്തിയത്. മലയാളിയുടെ വരദാനമായ ജി ദേവരാജന്‍ ജന്മംനല്‍കിയ 'ശക്തിഗാഥ'യുടെ സംഗീത വിരുന്നോടെയാണ് ചടങ്ങ് തുടങ്ങിയത്. മലയാളത്തിന് അവിസ്മരണീയ ഈണങ്ങള്‍ സമ്മാനിച്ച ജോസ പരിപാടിക്ക് നേതൃത്വം നല്‍കി. ഒ എന്‍ വി എഴുതി അര്‍ജുനന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തി ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസും മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും ആലപിച്ച 'ദേശാഭിമാനി'യുടെ മുദ്രാഗാനം ചടങ്ങിനു നവ്യാനുഭവമായി.
(കെ ശ്രീകണ്ഠന്‍)

ഉത്സവമായി ഉദ്ഘാടനം

ദേശാഭിമാനിയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനച്ചടങ്ങില്‍ സമൂഹത്തിന്റെ സമസ്തമേഖലയില്‍നിന്നുള്ള ജനവിഭാഗങ്ങളുടെ മഹാസാന്നിധ്യം. അപൂര്‍വമായ ജനപങ്കാളിത്തത്തില്‍ ഉദ്ഘാടനച്ചടങ്ങ് അക്ഷരാര്‍ഥത്തില്‍ ഉത്സവമായി മാറി. കൊടുംചൂടിനിടയിലേക്ക് ചന്നംപിന്നമെത്തിയ മഴയെയും അവഗണിച്ച് അണിനിരന്ന ആയിരങ്ങള്‍ ദേശാഭിമാനി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ ജനകീയ അടിത്തറയായി. ജനങ്ങളുടെ ഭാഷയും ശക്തിയുമായ ദേശാഭിമാനിയെ ഒന്നാമത്തെ പത്രമാക്കാനുള്ള ശ്രമങ്ങള്‍ക്ക് അവര്‍ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. മന്ത്രിമാര്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാഹിത്യ, കല, കായിക, ശാസ്ത്ര- സാങ്കേതിക, മാധ്യമരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം സദസ്സിലും വേദിയിലും നിറഞ്ഞുനിന്നു. വര്‍ഗബഹുജനസംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളുമെല്ലാം എത്തിയിരുന്നു. ദേശാഭിമാനിയുടെ പഴയകാല പ്രവര്‍ത്തകരുടെയും മമറഞ്ഞ പ്രിയപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സാന്നിധ്യം ആവേശമായി.

വൈകിട്ട് മൂന്നിന് ദേശാഭിമാനി അങ്കണത്തിലേക്ക് ആരംഭിച്ച ജനപ്രവാഹം ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞിട്ടും നിലച്ചില്ല. കയര്‍, കശുവണ്ടി, തോട്ടം തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, യുവജനത, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ചുമട്ടുതൊഴിലാളികള്‍, മോട്ടോര്‍ തൊഴിലാളികള്‍ തുടങ്ങി ജനപ്രവാഹം രാത്രിയോളം നീണ്ടു. തങ്ങളുടെ പത്രത്തിന്റെ ഉയര്‍ച്ചയില്‍ നാഴികക്കല്ലാകുന്ന ചടങ്ങിന് നേരിട്ട് സാക്ഷ്യംവഹിക്കാന്‍ തിരക്കുകൂട്ടുന്ന കാഴ്ച ആവേശപൂര്‍ണമായി. ദേശാഭിമാനി പ്രവര്‍ത്തകരും ഏജന്റുമാരും കുടുംബസമേതം പങ്കെടുത്തു.

മന്ത്രിമാരായ എം എ ബേബി, പി കെ ഗുരുദാസന്‍, പി കെ ശ്രീമതി, എ കെ ബാലന്‍, ജി സുധാകരന്‍, എം വിജയകുമാര്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി ശിവദാസമേനോന്‍, ആനത്തലവട്ടം ആനന്ദന്‍, എം വി ഗോവിന്ദന്‍, കൊല്ലം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ്, സാംസ്കാരിക പ്രവര്‍ത്തകരായ പിരപ്പന്‍കോട് മുരളി, പ്രഭാവര്‍മ, പെരുമ്പടവം ശ്രീധരന്‍, ഐ വി ദാസ്, സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടി, എംപിമാരായ പി കരുണാകരന്‍, ടി എന്‍ സീമ, എ സമ്പത്ത്, പി കെ ബിജു, എംഎല്‍എമാരായ പി ജയരാജന്‍, വി ശിവന്‍കുട്ടി, ആര്‍ സെല്‍വരാജ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, കാര്‍ഷിക കടാശ്വാസ കമീഷന്‍ അംഗം എം കെ ഭാസ്കരന്‍, ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി രാജീവ്, മുന്‍ ജനറല്‍ എഡിറ്റര്‍ കെ മോഹനന്‍, മുന്‍ മാനേജര്‍ പി കെ ചന്ദ്രാനന്ദന്‍, കാപ്പെക്സ് ചെയര്‍മാന്‍ ബി തുളസീധരക്കുറുപ്പ്, സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍നായര്‍, മേയര്‍ സി ജയന്‍ബാബു, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ്, സെക്രട്ടറി പി ബിജു തുടങ്ങിയവരും ചടങ്ങിനെത്തി. ദേശാഭിമാനിക്ക് ആശംസ അര്‍പ്പിക്കാന്‍ തമിഴ്നാട്ടില്‍നിന്നുള്ള സിപിഐ എം പ്രവര്‍ത്തകരുമെത്തി.

ജനങ്ങളുടെ പിന്തുണ ദേശാഭിമാനിയുടെ ശക്തി: കാരാട്ട്

ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ദേശാഭിമാനിയുടെ ശക്തിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ദേശാഭിമാനി ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കാരാട്ട്. ദീര്‍ഘകാലത്തെ ത്യാഗപൂര്‍വമായ നേട്ടങ്ങളിലൂടെയാണ് ദേശാഭിമാനി ഇന്നത്തെ നിലയില്‍ എത്തിയത്. 1942ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച ദേശാഭിമാനി നിരവധിവട്ടം അടിച്ചമര്‍ത്തലിന് വിധേയമായി. കമ്യൂണിസ്റ് പാര്‍ടിക്ക് കരുത്തുപകരുമെന്നു കണ്ട് ദേശാഭിമാനിയെ നിരോധിക്കാന്‍പോലും ബ്രിട്ടീഷ് ഭരണം ഭയപ്പെട്ടിരുന്നു. പത്രത്തെ നിരോധിക്കുന്നതിനെതിരെ ബ്രിട്ടീഷ് ഭരണകാലത്ത് ഡെപ്യൂട്ടി കലക്ടര്‍ രഹസ്യറിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്രത്തെ നിരോധിക്കുമ്പോള്‍ ജനങ്ങളിലേക്കിറങ്ങുകയും അവര്‍ കൂടുതല്‍ സഹായം നല്‍കുകയും ചെയ്യുന്നുവെന്ന ആ റിപ്പോര്‍ട്ട് ഇന്ന് ചരിത്രരേഖയാണ്. മദ്രാസ് ആര്‍ക്കേവ്സില്‍ ഗവേഷണത്തിനിടെ ആ രേഖ കണ്ടെടുത്ത് ഇ എം എസിന് കൈമാറിയിരുന്നു. ഇത് ദേശാഭിമാനിയുടെ ശക്തിയാണ് വ്യക്തമാക്കുന്നത്. സാമ്രാജ്യത്വവിരുദ്ധസമരത്തില്‍ ചാലകശക്തിയായി മാറാന്‍ ദേശാഭിമാനിക്ക് കഴിഞ്ഞു. ജനങ്ങള്‍ക്കിടയിലാണ് ദേശാഭിമാനി ജീവിക്കുന്നത്. വരുംനാളുകളില്‍ ദേശാഭിമാനി കൂടുതല്‍ ശക്തിപ്പെടുമെന്നും കാരാട്ട് പറഞ്ഞു.

deshabhimani 09052010

1 comment:

  1. ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ദേശാഭിമാനിയുടെ ശക്തിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ദേശാഭിമാനി ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കാരാട്ട്. ദീര്‍ഘകാലത്തെ ത്യാഗപൂര്‍വമായ നേട്ടങ്ങളിലൂടെയാണ് ദേശാഭിമാനി ഇന്നത്തെ നിലയില്‍ എത്തിയത്. 1942ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച ദേശാഭിമാനി നിരവധിവട്ടം അടിച്ചമര്‍ത്തലിന് വിധേയമായി. കമ്യൂണിസ്റ് പാര്‍ടിക്ക് കരുത്തുപകരുമെന്നു കണ്ട് ദേശാഭിമാനിയെ നിരോധിക്കാന്‍പോലും ബ്രിട്ടീഷ് ഭരണം ഭയപ്പെട്ടിരുന്നു. പത്രത്തെ നിരോധിക്കുന്നതിനെതിരെ ബ്രിട്ടീഷ് ഭരണകാലത്ത് ഡെപ്യൂട്ടി കലക്ടര്‍ രഹസ്യറിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്രത്തെ നിരോധിക്കുമ്പോള്‍ ജനങ്ങളിലേക്കിറങ്ങുകയും അവര്‍ കൂടുതല്‍ സഹായം നല്‍കുകയും ചെയ്യുന്നുവെന്ന ആ റിപ്പോര്‍ട്ട് ഇന്ന് ചരിത്രരേഖയാണ്. മദ്രാസ് ആര്‍ക്കേവ്സില്‍ ഗവേഷണത്തിനിടെ ആ രേഖ കണ്ടെടുത്ത് ഇ എം എസിന് കൈമാറിയിരുന്നു. ഇത് ദേശാഭിമാനിയുടെ ശക്തിയാണ് വ്യക്തമാക്കുന്നത്. സാമ്രാജ്യത്വവിരുദ്ധസമരത്തില്‍ ചാലകശക്തിയായി മാറാന്‍ ദേശാഭിമാനിക്ക് കഴിഞ്ഞു. ജനങ്ങള്‍ക്കിടയിലാണ് ദേശാഭിമാനി ജീവിക്കുന്നത്. വരുംനാളുകളില്‍ ദേശാഭിമാനി കൂടുതല്‍ ശക്തിപ്പെടുമെന്നും കാരാട്ട് പറഞ്ഞു.

    ReplyDelete