Monday, May 24, 2010

ഡല്‍ഹി സമരഭൂമിയായപ്പോള്‍

ബജറ്റ് സമ്മേളനത്തിന്റെ അവസാനനാളുകളില്‍ ഡല്‍ഹിയിലെ ചൂട് 46 ഡിഗ്രി സെന്റിഗ്രേഡിനു മേലെയായിരുന്നു. പാര്‍ലമെന്റിന്റെ അകത്ത് വിമര്‍ശങ്ങളുടെ കൊടും ചൂടില്‍ കോണ്‍ഗ്രസും സര്‍ക്കാരും വിയര്‍ക്കുകയായിരുന്നു. ഐപിഎല്‍ വിവാദം, ഫോണ്‍ ചോര്‍ത്തല്‍, 2ജി സ്പെക്ട്രം കുംഭകോണം, വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ കഴിയാത്തത്, വിലക്കയറ്റം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ഭരണകക്ഷി തീര്‍ത്തും പ്രതിരോധത്തിലായിരുന്നു. അതേസന്ദര്‍ഭത്തില്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതില്‍ സമീപനം തുടരുകയും ചെയ്യുന്നു. ഈ നയങ്ങള്‍ക്കെതിരെ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ദിവസങ്ങളായിരുന്നു പാര്‍ലമെന്റിനകത്തും പുറത്തും.

വിലക്കയറ്റത്തനെതിരെ 13 പാര്‍ടികള്‍ പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ ധര്‍ണ സമീപകാലത്ത് ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ ചേര്‍ന്ന് നടത്തിയ ഏറ്റവും വലിയ സമരമായിരുന്നു. ഏപ്രില്‍ 27ന് നടന്ന ഭാരത ഹര്‍ത്താല്‍ ദിവസംതന്നെയായിരുന്നു ഡല്‍ഹിയില്‍ ഈ സമരത്തിന്റെ തുടക്കംകുറിച്ചത്. കേരളത്തിലെ ജനങ്ങളെ ആകെ ബാധിക്കുന്ന ഭക്ഷ്യപ്രശ്നം പല സന്ദര്‍ഭങ്ങളിലും സഭയില്‍ ഉയര്‍ന്നുവന്നു. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്നുള്ള ആയിരത്തോളം ഡിവൈഎഫ്ഐ സഖാക്കള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും മറ്റൊരു ജനകീയ സമരത്തിന്റെ മുഖമായിരുന്നു. പിബി അംഗം സീതാറാം യെച്ചൂരിയാണ് സമരം ഉദ്ഘാടനംചെയ്തത്. തുടര്‍ന്ന് സീതാറാമിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐ നേതാക്കളായ ശ്രീരാമകൃഷ്ണന്‍, എം ബി രാജേഷ്, പി രാജീവ്, വി രാജേഷ് തുടങ്ങിയ പ്രതിനിധിസംഘം പ്രധാനമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നിവേദനം നല്‍കി. കേരളത്തിലെ ഇടതുപക്ഷ എംപിമാരെല്ലാം സമരത്തെ അഭിസംബോധനചെയ്യാനെത്തി.

ഡല്‍ഹിയിലെ ചുട്ടുപൊള്ളുന്ന വെയിലത്താണ് ഇരുപതിനായിരത്തോളം വനിതകള്‍ 48 മണിക്കൂര്‍ പാര്‍ലമെന്റിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തിയത്. കേരളത്തില്‍നിന്ന് അഞ്ഞൂറോളം വനിതകളാണ് പങ്കെടുത്തത്. രണ്ടുദിവസം രാവും പകലും നടന്ന ഈ സമരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി തപന്‍ സെന്‍ ആണ് സമരം ഉദ്ഘാടനംചെയ്തത്. വൃന്ദ കാരാട്ട്, ഹേമലത, ഡോ. ടി എന്‍ സീമ, പി കരുണാകരന്‍, എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, പി രാജീവ്, സുസ്മിത ബൌറി, മറ്റ് വിവിധ സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ സമരത്തെ അഭിവാദ്യംചെയ്തു. വൃന്ദ കാരാട്ടിന്റെയും ഹേമലതയുടെയും മറ്റും നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പ്രധാനമന്ത്രിയെയും മറ്റു മന്ത്രിമാരെയും കണ്ട് നിവേദനം നല്‍കി. പെന്‍ഷന്‍ അനുവദിക്കുക, മിനിമം വേജസ് നടപ്പാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് ഈ നിവേദനത്തില്‍ ഉന്നയിച്ചത്.

കേരളത്തിലെ ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള സമരവും ഇതോടൊപ്പം ഡല്‍ഹിയില്‍ നടന്നു. റെയില്‍വേ ജീവനക്കാര്‍ രണ്ടുദിവസം തുടര്‍ച്ചയായി നടത്തിയ നിരാഹാര സത്യഗ്രഹത്തില്‍ വിവിധ സംസ്ഥാനത്തില്‍നിന്ന് ആയിരത്തോളംപേര്‍ പങ്കെടുത്തു. ബസുദേവ് ആചാര്യയാണ് സമരം ഉദ്ഘാടനംചെയ്തത്. റെയില്‍വേരംഗത്ത് നേരത്തെ അംഗീകരിച്ച തീരുമാനങ്ങള്‍ നടപ്പാക്കണമെന്നായിരുന്നു ആവശ്യം. ഭാരിച്ച ഇന്നത്തെ ജോലി കുറവുവരുത്തുക, ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുക, റെയില്‍വേയില്‍ നടപ്പാക്കുന്ന സ്വകാര്യവല്‍ക്കരണം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇതേസമയം, മുംബൈയില്‍ നടന്ന നിരാഹാരസമരം മിന്നല്‍ പണിമുടക്കിലേക്ക് നീങ്ങുകയും ഒരുദിവസം മുംബൈയിലെ റെയില്‍ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുകയും ചെയ്തു. പാര്‍ലമെന്റില്‍ ബസുദേവ് ആചാര്യയും കക്ഷി രാഷ്ട്രീയത്തിനതീതമായി മറ്റ് നേതാക്കന്മാരും റെയില്‍വെയുടെ അനാസ്ഥയെ വിമര്‍ശിച്ചു. രണ്ടുദിവസം നടന്ന ശക്തമായ പ്രക്ഷോഭത്തെതുടര്‍ന്ന് ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഗവമെന്റ് തയ്യാറായി.

കേരളത്തില്‍ രണ്ടു ലക്ഷത്തിലേറെപേര്‍ക്ക് ജോലി നല്‍കുകയും കോടി കണക്കിന് രൂപ ഗവണ്‍മെന്റിന് വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന കേരളത്തിലെ പേപ്പര്‍ ലോട്ടറിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും സജീവ ചര്‍ച്ചാവിഷയമായി. എം വി ജയരാജന്റെ നേതൃത്വത്തില്‍ അറുന്നൂറോളം ലോട്ടറി ജീവനക്കാരാണ് സമരത്തിന് ഡല്‍ഹിയില്‍ എത്തിയത്. സീതാറാം യെച്ചൂരി എംപി സമരം ഉദ്ഘാടനംചെയ്തു. കേരളത്തിലെ മിക്ക എംപിമാരും സമരത്തെ അഭിസംബോധാനചെയ്തു. ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കുകയോ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുകയോ വേണമെന്നായിരുന്നു പ്രധാന ആവശ്യം. സര്‍വകക്ഷി പ്രതിനിധി സംഘത്തോടൊപ്പം പി കരുണാകരന്‍, പി സി ചാക്കോ, ഇ ടി മുഹമ്മദ്ബഷീര്‍, ജോസ് കെ മാണി, എം പി അച്യുതന്‍ എന്നിവരും മറ്റ് നേതാക്കളും ഉണ്ടായിരുന്നു. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഇതുസംബന്ധിച്ച് നിവേദനവും നല്‍കി.

വിദ്യാഭ്യാസരംഗത്തെപ്പോലെതന്നെ അനൌപചാരിക വിദ്യാഭ്യാസരംഗത്തും കേരളം ഇന്ത്യക്കു മാതൃകയാണ്. ഏറ്റവും വിപുലമായ സാക്ഷരതാ പ്രസ്ഥാനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ആയിരക്കണക്കിന് സാക്ഷരതാ പ്രേരക്മാരുടെ നിസ്വാര്‍ഥ സേവനമാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്ത്. വളരെ ചുരുങ്ങിയ വേതനം പറ്റിക്കൊണ്ടാണ് മഹാ ഭൂരിപക്ഷംവരുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന പ്രേരക്മാരുടെ പ്രവര്‍ത്തനം. കേന്ദ്രസര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്ന സാമ്പത്തികസഹായം ഈ വര്‍ഷംമുതല്‍ നിര്‍ത്തലാക്കുകയാണ്. ഈ വിഷയം ഉന്നയിച്ചുകൊണ്ടാണ് ആയിരത്തോളം വരുന്ന സാക്ഷരതാ പ്രേരക്‍മാര്‍ ഡല്‍ഹിയില്‍ എത്തിയത്. പി ജയരാജന്‍ എംഎല്‍എയും പ്ളാനിങ് ബോര്‍ഡ് അംഗം സി പി നാരായണനുമാണ് സമരത്തിന് നേതൃത്വം നല്‍കിയത്. ഈ സമരവും ഉദ്ഘാടനംചെയ്തത് സീതാറാം യെച്ചൂരിയായിരുന്നു. കേരളത്തില്‍നിന്നുള്ള എംപിമാരായ പി കരുണാകരന്‍, പി രാജീവ്, എ സമ്പത്ത്, പി കെ ബിജു, ഇ ടി മുഹമ്മദ്ബഷീര്‍, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ സമരത്തെ അഭിസംബോധനചെയ്തു. മനുഷ്യവിഭവശേഷി സഹമന്ത്രി പുരന്ദേശ്വരിയെ കണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ചര്‍ച്ചചെയ്തു. പ്രതിനിധിസംഘത്തില്‍ പി ജയരാജന്‍, സി പി നാരായണന്‍, എംപിമാരായ പി കരുണാരന്‍, പി സി ചാക്കോ എന്നിവര്‍ പങ്കെടുത്തു.

ഡല്‍ഹിയില്‍ ഈ സന്ദര്‍ഭത്തില്‍ നടന്ന മറ്റൊരു പ്രധാനപ്പെട്ട സമരമായിരുന്നു മോട്ടോര്‍ത്തൊഴിലാളികളുടേത്. മോട്ടോര്‍രംഗത്തെ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള ഈ സമരം ഉദ്ഘാടനംചെയ്തത് എ കെ പത്മനാഭനാണ്. കേരളത്തില്‍നിന്ന് വി വി ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വലിയൊരു സംഘം പ്രവര്‍ത്തകര്‍ ഈ സമരത്തില്‍ പങ്കെടുത്തു. ടെക്സ്റൈല്‍, ബീഡി രംഗത്തെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളത്തില്‍നിന്നുള്ള ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഈ സംഘത്തില്‍ത്തന്നെയാണ് ഡല്‍ഹിയില്‍ എത്തിയത്. മന്ത്രിമാരായ ദയാനിധിമാരന്‍, മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരെ കണ്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചു. പ്രതിനിധിസംഘത്തില്‍ കെ പി സഹദേവന്‍, അരക്കന്‍ ബാലന്‍, എ കെ നാരായണന്‍, കെ ബാലകൃഷ്ണന്‍ എന്നിവരും എംപിമാരയ പി കരുണാകരന്‍, പി കെ ബിജു, എ സമ്പത്ത് എന്നിവരും ഈ സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധിസംഘം സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഡല്‍ഹിയില്‍വന്നു. കേരളത്തിലെ നാഷണല്‍ ഹൈവേ, വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍,കേരളത്തിന്റെ അരിവിഹിതം, കൊച്ചി മെട്രോ, കാലവര്‍ഷക്കെടുതിക്കുള്ള സഹായം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍, ഭക്ഷ്യമന്ത്രി സി ദിവാകരന്‍, വിദ്യാഭ്യാസമന്ത്രി എം എ ബേബി, ജലസേചനമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ കണ്ടത്. പ്രശ്നങ്ങളെ സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തി വകുപ്പുമന്ത്രിമാരുമായി ബന്ധപ്പെട്ട് പരിഹാരം കാണാന്‍ ശ്രമിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.

ഈ സന്ദര്‍ഭത്തില്‍ത്തന്നെ മലയാളഭാഷയ്ക്ക് ക്ളാസിക്കല്‍ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക നായകര്‍ ഡല്‍ഹിയില്‍ എത്തിയത്. സാംസ്കാരികമന്ത്രി എം എ ബേബിയുടെ നേതൃത്വത്തില്‍ ഒ എന്‍ വി കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദന്‍, ഓംചേരി എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിനിധിസംഘം പ്രധാനമന്ത്രിയെയും മന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, ഇ അഹമ്മദ് എന്നിവരെയും കണ്ട് കേരളത്തിന്റെ ആവശ്യം ശ്രദ്ധയില്‍പ്പെടുത്തി.

ജനകീയപ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് ശക്തമായ പോരാട്ടങ്ങളുടെ ദിനങ്ങളായിരുന്നു ഡല്‍ഹിയില്‍ കാണാന്‍ കഴിഞ്ഞത്. പ്രത്യേകിച്ച് കേരളത്തില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആയിരക്കണക്കിനാളുകളുടെ സമര നിരതന്നെ പാര്‍ലമെന്റിന്റെ മുന്നില്‍ ദൃശ്യമായി. അതോടൊപ്പം ജനകീയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും ജനകീയ പ്രതിനിധികളും കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി കേന്ദ്രത്തിന്റെ മുന്നില്‍ ശക്തമായ സമ്മര്‍ദം ചെലുത്തി. എല്ലാ രാഷ്ട്രീയ പാര്‍ടികളും പ്രതിനിധികളും ഇതില്‍ പങ്കെടുത്തെന്നുള്ളത് ശ്രദ്ധേയമാണ്.

പി കരുണാകരന്‍ ദേശാഭിമാനി

1 comment:

  1. ബജറ്റ് സമ്മേളനത്തിന്റെ അവസാനനാളുകളില്‍ ഡല്‍ഹിയിലെ ചൂട് 46 ഡിഗ്രി സെന്റിഗ്രേഡിനു മേലെയായിരുന്നു. പാര്‍ലമെന്റിന്റെ അകത്ത് വിമര്‍ശങ്ങളുടെ കൊടും ചൂടില്‍ കോണ്‍ഗ്രസും സര്‍ക്കാരും വിയര്‍ക്കുകയായിരുന്നു. ഐപിഎല്‍ വിവാദം, ഫോണ്‍ ചോര്‍ത്തല്‍, 2ജി സ്പെക്ട്രം കുംഭകോണം, വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ കഴിയാത്തത്, വിലക്കയറ്റം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ഭരണകക്ഷി തീര്‍ത്തും പ്രതിരോധത്തിലായിരുന്നു. അതേസന്ദര്‍ഭത്തില്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതില്‍ സമീപനം തുടരുകയും ചെയ്യുന്നു. ഈ നയങ്ങള്‍ക്കെതിരെ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ദിവസങ്ങളായിരുന്നു പാര്‍ലമെന്റിനകത്തും പുറത്തും.

    ReplyDelete