Tuesday, May 4, 2010

വിജയശ്രീ, മുകുളം, വിദ്യാജ്യോതി...

വിജയത്തിന് കരുത്തായി 'വിജയശ്രീ' പദ്ധതി

പാലക്കാട്: ജില്ലയില്‍ എസ്എസ്എല്‍സി വിജയത്തിന് മുതല്‍ക്കൂട്ടായത് ജില്ലാപഞ്ചായത്തിന്റെ 'വിജയശ്രീ' പദ്ധതി. കഴിഞ്ഞ വര്‍ഷം 75 ശതമാനത്തില്‍ കുറവ് വിജയം നേടിയ 32 സര്‍ക്കാര്‍വിദ്യാലയങ്ങളെയാണ് പദ്ധതിയിലുള്‍പ്പെടുത്തി ദത്തെടുത്തത്. ഈ വിദ്യാലയങ്ങള്‍ ഈ വര്‍ഷം ആറ് ശതമാനംവരെ മുന്നേറ്റം സൃഷ്ടിച്ചു. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 28 വിദ്യാലയങ്ങളെയും ഒറ്റപ്പാലത്ത് നാല് വിദ്യാലയങ്ങളെയുമാണ് പദ്ധതിയിലുള്‍പ്പെടുത്തിയത്. ലെക്കിടി സ്കൂളില്‍ 93 ശതമാനം വിജയമുണ്ടായി. കഴിഞ്ഞ വര്‍ഷം 63 ശതമാനമായിരുന്നു വിജയം. പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ വിജയം 45 ശതമാനത്തില്‍നിന്ന് 80.8 ശതമാനമായി വര്‍ധിച്ചപ്പോള്‍ ചുനങ്ങാട് സ്കൂളില്‍ 88 ശതമാനത്തിന്റെ വര്‍ധന യുണ്ടായി. കൊല്ലങ്കോട് സ്കൂളില്‍ 92 ശതമാനംപേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം ഇവിടെ 67 ആയിരുന്നു. പഴമ്പാലക്കോട്, എരിമയൂര്‍, കുഴല്‍മന്ദം, കുത്തനൂര്‍, പെരിങ്ങോട്ടുകുറുശി, കൊടുവായൂര്‍, മാരായമംഗലം, പട്ടാമ്പി, മുതലമട, തിരുവാലത്തൂര്‍, വണ്ണമട, എരുത്തേമ്പതി, കല്ലേക്കുളങ്ങര, പറളി, കേരളശേരി, കോങ്ങാട്, മുണ്ടൂര്‍, പുതുപ്പരിയാരം, പൊറ്റശേരി, കോട്ടപ്പാടം ഹൈസ്കൂളുകളില്‍ വിജയശതമാനത്തില്‍ വര്‍ധനയുണ്ടായി.

ജില്ലാ പഞ്ചായത്ത് പ്രത്യേകം ഫണ്ട് നല്‍കിയാണ് ഈ വിദ്യാലയങ്ങളില്‍ പഠനനിലവാരമുയര്‍ത്താന്‍ പദ്ധതി തയ്യാറാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസഹാഖ് പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിജയശതമാനം വര്‍ധിപ്പിക്കാനായി 'ഹരിശ്രീ'പദ്ധതി നടപ്പാക്കിയിരുന്നു. ജില്ലയുടെ പിന്നോക്കാവസ്ഥയും ആദിവാസിമേഖലയിലെ സാഹചര്യങ്ങളും കണക്കിലെടുത്താണ് ഇത്തവണ 'വിജയശ്രീ' പദ്ധതി നടപ്പാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യമുണ്ടാക്കാനും കൊഴിഞ്ഞുപോക്ക് തടയുന്നതിനും പ്രത്യേകം കൌസിലിങ് നടത്തി. കണക്ക്, സയന്‍സ് വിഷയങ്ങളില്‍ പ്രത്യേകം ക്ളാസുകള്‍ നല്‍കി. 'ഡയറ്റ്'ന്റെ സഹകരണവും വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തി. ഓരോമാസവും ക്ളാസ്ടെസ്റ്റുകള്‍ നടത്താനും വെബ്സൈറ്റുവഴി വിജ്ഞാനം വര്‍ധിപ്പിക്കാനും 'ഡയറ്റ്' സഹായിച്ചു. പ്രത്യേക ഫണ്ടില്‍നിന്ന് കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍, റിഫ്രഷ്മെന്റ് എന്നിവ നല്‍കി. അധ്യാപകരും പിടിഎ കമ്മിറ്റികളും 'വിജയശ്രീ' സ്കൂള്‍കമ്മിറ്റികളും വിജയത്തിനായി പ്രയത്നിച്ചുവെന്ന് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഗോവിന്ദരാജന്‍ പറഞ്ഞു.

'മുകുള'ത്തിന് സ്വര്‍ണത്തിളക്കം

കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷാ വിജയത്തില്‍ കണ്ണൂര്‍ വീണ്ടും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തുമ്പോള്‍ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന 'മുകുളം' പദ്ധതിക്ക് സ്വര്‍ണത്തിളക്കം. 'പഠനവീട്'പരിപാടിയിലൂടെ പിന്നോക്കവിഭാഗങ്ങള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളിലും നൂറ്മേനി കൊയ്യാനായത്് ഈ വര്‍ഷത്തെ വിജയത്തെ പത്തരമാറ്റുള്ളതാക്കുന്നു. മുകുളം പദ്ധതി നാലാംവര്‍ഷം പിന്നിടുമ്പോള്‍ വിജയത്തിന്റെ പൊന്‍തിളക്കം ഉണ്ടാക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസപ്രവര്‍ത്തകരും. പദ്ധതി നല്ല നിലയില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ പഞ്ചായത്ത് കാണിച്ച അതീവ ജാഗ്രതയും ശുഷ്കാന്തിയുമാണ് കണ്ണൂരിനെ വീണ്ടും വിദ്യാഭ്യാസചരിത്രത്തിന്റെ നെറുകയില്‍ എത്തിച്ചത്. പദ്ധതി നടപ്പാക്കുന്നതില്‍ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും വിദ്യാര്‍ഥികളും കാണിച്ച ആത്മാര്‍ഥതയും അര്‍പണമനോഭാവവുമാണ് നേട്ടത്തിന് പിന്നില്‍.

25 ലക്ഷംരൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് ചെലവഴിച്ചത്. 18 ലക്ഷത്തോളം ചെലവഴിച്ചത് കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്‍കാനാണ്. പിന്നോക്കം നില്‍ക്കുന്ന വിഷയത്തില്‍ കുട്ടികളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് 2007ല്‍ മുകുളം പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് എസ്എസ്എല്‍സി ഫലത്തില്‍ കണ്ണൂരിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ആദ്യവര്‍ഷം 90.7 ശതമാനമായിരുന്നു വിജയം. 2008ല്‍ 96.4 ശതമാനം വിജയവുമായി വീണ്ടും ഒന്നാംസ്ഥാനത്ത് എത്തി. 2009ല്‍ വിജയം 96.84 ശതമാനവുമായി. 2010ല്‍ ഫലം 96.88ശതമാനമായി വീണ്ടും ഉയര്‍ന്നു. മലയാളവും ഹിന്ദിയും ഉള്‍പ്പെടുത്തി എട്ടു കൈപ്പുസ്തകം ആഗസ്തില്‍ പുറത്തിറക്കി. സെപ്തംബറില്‍ അധ്യാപകര്‍ക്ക് പരിശീലനവും നല്‍കി. എ പ്ളസ് വര്‍ധിപ്പിക്കാന്‍ പ്രത്യേക പാക്കേജുമുണ്ടാക്കി. സാമൂഹ്യക്ഷേമവകുപ്പിന്റെ 'കിഷോരി ശക്തിയോജന' പദ്ധതി ഉപയോഗപ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൌസലിങ്ങും ഏര്‍പ്പെടുത്തി. കണ്ണൂരിനെ വീണ്ടും വിജയത്തിന്റെ നെറുകയിലെത്തിക്കുന്നതിനായി പ്രയത്നിച്ചവരെയും വിദ്യാര്‍ഥികളെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നാരായണനും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം സമ്പത്ത്കുമാറും അഭിനന്ദിച്ചു.

പഠന നിലവാരം ഉയര്‍ത്തി കെഎസ്ടിഎ വിദ്യാജ്യോതി

കാസര്‍കോട്: പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനും എസ്എസ്എസ്എല്‍സി വിജയശതമാനം വര്‍ധിപ്പിക്കുന്നതിനും കെഎസ്ടിഎ ജില്ലാകമ്മിറ്റി നടപ്പാക്കിയ വിദ്യാജ്യോതി പഠന പ്രവര്‍ത്തനത്തിലൂടെ ആറ് സ്കൂളുകള്‍ക്കും മികച്ച വിജയം. സബ്ജില്ലയിലെ വിജയത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഓരോ സ്കൂളാണ് തെരഞ്ഞെടുത്തത്. പിടിഎ, തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഒഎസ്എസ് ടീം അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂജ്യരെന്ന് ദുഷ്പ്പേര് വീണ ആലമ്പാടി ഹയര്‍സെക്കണ്ടറി സ്കൂള്‍ കെഎസ്ടിഎ ഏറ്റെടുത്ത സ്കൂളില്‍ ഒന്നാണ്. ഈ വര്‍ഷം നൂറ് ശതമാനം വിജയം വരിച്ചാണ് കുട്ടികള്‍ മികവ് തെളിയിച്ചത്. കഴിഞ്ഞവര്‍ഷം വിദ്യാജ്യോതി പദ്ധതിയിലൂടെ 97 ശരതമാനം വിജയം നേടിയാണിവര്‍ നൂറിലേക്ക് എത്തിയത്. 88 പേരെ പരീക്ഷക്കിരുത്തിയാണ് ഈ നേട്ടമുണ്ടാക്കിയത്. പല ഇംഗ്ളീഷ് മീഡിയം സ്കൂളുകളും അമ്പതില്‍ താഴെ കുട്ടികളെ എഴുതിച്ച് നൂറ്ശതമാനം നേടുമ്പോഴാണ് ആലമ്പാടിയുടെ മിന്നുന്ന വിജയം.

ഗവ. വിഎച്ച്എസ്എസ് മൊഗ്രാലാണ് പദ്ധതി നടപ്പാക്കിയ മറ്റൊരു സ്കൂള്‍. ഒരു കാലത്ത് പിന്നണിയിലായിരുന്ന ഇവിടെയും കുട്ടികള്‍ പഠന മികവ് തെളിയിച്ചു. കഴിഞ്ഞ വര്‍ഷം 83 ശതതമാനമായിരുന്നത് 88ലേക്ക് ഉയര്‍ത്തി. 179ല്‍ 158 പേരും ഉന്നതപഠനത്തിന് യോഗ്യരായി. ബേക്കല്‍ ജിഎഫ്വിഎച്ച്എസ്എസ് ഈവര്‍ഷം 95.6ലേക്ക് വിജയം ഉയര്‍ത്തി. മുന്‍വര്‍ഷം 81ശതമാനമായിരുന്നു. 139 പേര്‍ പരീക്ഷക്കിരുന്നപ്പോള്‍ ആറ്പേരാണ് പിന്നോട്ട് പോയത്. കരിമ്പില്‍ എച്ച്എസ് കുമ്പളപള്ളി 86 ല്‍നിന്ന് 95 ലേക്കാണ് വിജയ ശതമാനം ഉയര്‍ത്തിയത്. 53 പേരില്‍ 50പേരും തുടര്‍പഠന യോഗ്യരായി. ചീമേനി സ്കൂളില്‍ 96 ല്‍നിന്ന് 98 ലേക്ക് ഉയര്‍ന്നു. ഈ വര്‍ഷം 152 കുട്ടികള്‍ പരീക്ഷ എഴുതി 149 പേരും തുടര്‍പഠന യോഗ്യത നേടി. വിദ്യാജ്യോതി പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം നൂറ് മേനി നേടിയ തായന്നൂര്‍ ജിഎച്ച്എസ്എസിന് ഈ വര്‍ഷം ആ പദവി നിലനിര്‍ത്താനായില്ലെങ്കിലും 96 ശതമാനം വിജയം നേടാനായി. പരീക്ഷ എഴുതിയതില്‍ മൂന്നുപേര്‍ മാത്രമാണ് കടമ്പ കടക്കാത്തത്.

സബ് ജില്ലാ അക്കാദമി കൌസിലുകള്‍ രൂപീകരിച്ചാണ് വിദ്യാജ്യോതിക്ക് നേതൃത്വം നല്‍കിയത്. ആഗസ്തില്‍ സ്കൂള്‍തല ഉദ്ഘാടനം നടന്നു. തുടര്‍ന്ന് കുട്ടികളുടെ അക്കാദമിക് നിലവാരം ഉയര്‍ത്താനുള്ള നിരവധി പ്രവര്‍ത്തനം ഏറ്റെടുത്തു. ഒഴിവ് ദിവസങ്ങളിലും വൈകിട്ടും ക്ളാസുകള്‍, ഓണം, ക്രിസ്തുമസ് അവധിയില്‍ പഠനക്യാമ്പുകള്‍, പിന്നോക്കകാര്‍ക്ക് പ്രത്യേക പരിശീലനം, ഒഎസ്എസ്, ആര്‍പിമാര്‍ ഉള്‍പ്പെടെയുള്ള എപതോളം അധ്യാപകരുടെ നിസ്വാര്‍ഥ സേവനം, പിടിഎയുടെ സഹകരണത്തോടെ ക്യാമ്പു ദിനങ്ങളില്‍ ലഘുഭക്ഷണം, വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഇതര അധ്യപാക സംഘടനകളുടെയും സഹകരണം എന്നിവയിലൂടെയാണ് വിദ്യാജ്യോതി വിജയപഥത്തില്‍ എത്തിയത്. പരിപാടി വിജയിപ്പിക്കാന്‍ സഹകരിച്ച മുഴുവനാളുകളെയും കെഎസ്ടിഎ ജില്ലാകമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് വി ആര്‍ സദാനന്ദന്‍ അധ്യക്ഷനായി. സെക്രട്ടറി കെ രാഘവന്‍, വി ശിവദാസ്, ബി എസ് തന്ത്രി, സി എം മീനാകുമാരി, എം കെ സതീശന്‍, എ പവിത്രന്‍, സി ശാന്തകുമാരി, എസ് വിനായകന്‍, എം ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാര്‍ത്ത 04052010

1 comment:

  1. പൊതുവിദ്യാഭ്യാസ രംഗത്തെ ചില ചുവടുവെയ്പ്പുകള്‍...

    ReplyDelete