Saturday, May 1, 2010

ഒഞ്ചിയം രക്തസാക്ഷിസ്മരണ പുതുക്കി

ഒഞ്ചിയം: നെഞ്ചിലെ ചോരകൊണ്ട് ഇതിഹാസം രചിച്ച ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് രണധീരര്‍ക്ക് നാടിന്റെ അഭിവാദ്യം. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ അറുപത്തിരണ്ടാം വാര്‍ഷികാചരണം വിവിധ പരിപാടികളോടെ ഒഞ്ചിയത്ത് ആചരിച്ചു. പോരാട്ട സ്മൃതികളുണര്‍ത്തി ബ്രാഞ്ചുകളില്‍ ചെങ്കൊടി ഉയര്‍ത്ത പ്രഭാതഭേരി നടത്തി. രക്തസാക്ഷി സ്ക്വയറില്‍ ലോക്കല്‍ സെക്രട്ടറി വി പി ഗോപാപലകൃഷ്ണന്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി കുടുംബാംഗങ്ങളും പ്രവര്‍ത്തകരും നൂറുകണക്കിന് വാഹനങ്ങളില്‍ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുറങ്കരയിലെ സുമൃതിമണ്ഡപത്തില്‍ പ്രതിജ്ഞ പുതുക്കി. ഏരിയ സെക്രട്ടരി സി ഭാസ്കരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈകീട്ട് കണ്ണൂക്കരയിലും വെള്ളികുളങ്ങരയിലും കേന്ദ്രീകരിച്ച ആയിരങ്ങള്‍ അണിചേര്‍ന്ന് പ്രകടനമായി രക്തസാക്ഷി നഗറിലെത്തി. ഒഞ്ചിയം മണ്ണ് 'കുലംകുത്തി'കളുടേതല്ലെന്ന് പ്രഖ്യാപിച്ച പ്രകടനം ഒഞ്ചിയത്തിന്റെ കമ്യൂണിസ്റ്റ് അജയ്യത വിളിച്ചോതി. അനുസമരണസമ്മേളനം സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 26ന്് നടന്ന ചിത്രരചനാമല്‍സര (വര്‍ണോത്സവം- 2010) വിജയികള്‍ക്ക് പിണറായി വിജയന്‍ സമ്മാനങ്ങള്‍ നല്‍കി. കെ ഗംഗാധരക്കുറുപ്പ് അധ്യക്ഷനായി. ടി പി രാമകൃഷ്ണന്‍, പി സതീദേവി, അഡ്വ എം റഹ്മത്തുള്ള, സി ഭാസ്കരന്‍, സത്യന്‍ മൊകേരി, ഇ കെ വിജയന്‍, ആര്‍ ഗോപാലന്‍, സി എച്ച് അശോകന്‍ എന്നിവര്‍ സംസാരിച്ചു. വി പി ഗോപാപലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. മണ്ടോടി കണ്ണനെക്കുറിച്ചുള്ള ഗാനം കൃഷ്ണദാസ് വടകര ആലപിച്ചു. വടകര പുതിയാപ്പ കേരളകലാഭവന്റെ വിപ്ളവഗാനമേളയും ഉണ്ടായി.

രക്തസാക്ഷികളുടെ ലക്ഷ്യപ്രാപ്തിക്ക് പ്രവര്‍ത്തിക്കുക: ദക്ഷിണാമൂര്‍ത്തി

വടകര: സോഷ്യലിസവും കമ്മ്യുണിസവും നടപ്പാക്കാന്‍ വീരമൃത്യുവരിച്ച ഒഞ്ചിയം രക്തസാക്ഷികളുടെ ലക്ഷ്യപ്രാപ്തിക്കായി പ്രവര്‍ത്തിക്കുകയാണ് ഏപ്രില്‍ 30ന്റെ പ്രതിജ്ഞ പുതുക്കലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുറങ്കരയിലെ അനുസ്മരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി വേണുഗോപാലന്‍ അധ്യക്ഷനായി. ലോകസഭയില്‍ ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്നപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തിരുത്താന്‍ കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഖജനാവിലേക്ക് കോടികള്‍ നല്‍കുന്ന ബിഎച്ച്ഇഎല്‍പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത്. ഇടതുപക്ഷം എതിര്‍ത്തതിനെ തുടര്‍ന്ന് യുപിഎ സര്‍ക്കാരിന് ഈ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിച്ച് നാല്‍പതിനായിരം കോടി രൂപ നേടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുത്തത് നാടിന് വേണ്ടിയാണ്. അത് നിലനിര്‍ത്താന്‍ ശ്രമിച്ചതും നാടിന് വേണ്ടിയാണ്. വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. സത്യന്‍ മൊകേരി, എന്‍ കെ വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു. സി ദാമോദരന്‍ സ്വാഗതം പറഞ്ഞു.

ജനങ്ങള്‍ ജോസഫിന്റെ കുഞ്ഞാടുകളല്ല: പിണറായി

ഒഞ്ചിയം: തങ്ങള്‍ പറയുന്നതിനനുസരിച്ച് ഒരു ദിവസം പൊടുന്നനെ രാഷ്ട്രീയ നിലപാടുകള്‍ മാറ്റുന്ന അനുസരണയുള്ള കുഞ്ഞാടുകളല്ല ജനങ്ങളെന്ന് പി ജെ ജോസഫും കൂട്ടരും മനസിലാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷി ദിനാചരണത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ പൊതുവായ ആശയത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണ്. ഇതുവരെ പറഞ്ഞതും പ്രവര്‍ത്തിച്ചതുമെല്ലാം ഉപ്പും കൂട്ടി വിഴുങ്ങാന്‍ അണികളെ കിട്ടില്ല. ജോസഫ് എല്‍ഡിഎഫ് വിട്ടത് രാജ്യം കണ്ട ഏറ്റവും നിന്ദ്യമായ വഞ്ചനയായി ചരിത്രം രേഖപ്പെടുത്തും.

ക്രൈസ്തവ സഭയുടെ അവാന്തരവിഭാഗം എന്ന നിലയിലാണ് രൂപീകരണ കാലത്ത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിരുന്നത്. ജോസഫ് എല്‍ഡിഎഫില്‍ വരുമ്പോള്‍ ക്രൈസ്തവസഭയുമായുള്ള ഇവരുടെ ബന്ധത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ ഇ എം എസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷമാണ് ഇവരെ എല്‍ഡിഎഫില്‍ എടുത്തത്. എന്തുകൊണ്ടാണ് തങ്ങള്‍ മുന്നണി വിടുന്നതെന്ന് ജോസഫും കൂട്ടരും സമൂഹത്തോട് പറയണം. മുന്നണിയില്‍ ജോസഫുമായി ഒരു കാര്യത്തിലും തര്‍ക്കമുണ്ടായിട്ടില്ല. ജോസഫിന്റെ വിമാനയാത്ര വിവാദമടക്കം ഇവര്‍ മുന്നണിക്കുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. ആ സമയങ്ങളിലെല്ലാം എല്‍ഡിഎഫ് അവരോട് തീര്‍ത്തും മാന്യമായ സമീപനമാണ് സ്വീകരിച്ചത്. എല്‍ഡിഎഫില്‍പ്പെട്ട കേരള കോണ്‍ഗ്രസ് ജെയുടെ നേതാക്കള്‍ ആരോപണങ്ങള്‍ക്ക് വിധേയരായപ്പോള്‍ അതിന്മേല്‍ നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെ എന്ന സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. മതമേലധ്യക്ഷന്മാരുടെ സമ്മര്‍ദം മൂലമാണ് തങ്ങള്‍ എല്‍ഡിഎഫ് വിടുന്നതെന്നാണ് ജോസഫ് പറഞ്ഞതായി ഒരു മാധ്യമം പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും ഒന്നുമില്ലാതെ ജോസഫ് അങ്ങിനെ പറയില്ല. മതം നില്‍ക്കേണ്ടിടത്ത് നില്‍ക്കണം. രാഷ്ട്രീയത്തില്‍ ഇടപെടരുത്. ഇത് ലംഘിച്ചാല്‍ നാം കരുതുന്നതിനും എത്രയോ അപ്പുറത്തുള്ള കുഴപ്പങ്ങളാണ് സംഭവിക്കുക. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവസാന വാക്ക് പുരോഹിതന്മാരാണ്. ഇതിനര്‍ഥം രാജ്യത്ത് സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും അവസാന വാക്ക് അവരാണ് എന്നല്ല. പുരോഹിതന്മാരുടെ സമ്മര്‍ദമാണ് മുന്നണി വിടാന്‍ ജോസഫിനെ പ്രേരിപ്പിച്ചതെന്നത് പൂര്‍ണമായി തള്ളാനാവില്ല. സ്ഥാനത്തിരിക്കുന്നതും അല്ലാത്തതുമായ ചില പുരോഹിതര്‍ നേരത്തെ സ്വീകരിച്ച നിലപാടുകള്‍ അത്തരത്തില്‍ വിശ്വസിക്കാനാണ് പ്രേരിപ്പിക്കുന്നത്.

രഹസ്യമായ ചരടുവലികളാണ് മാണി കോണ്‍ഗ്രസുമായുള്ള ലയനത്തിന് ജോസഫും കൂട്ടരും നടത്തിയത്. ഇത് ചുരുങ്ങിയ സമയംകൊണ്ട് തീരുമാനിച്ചതല്ല. തങ്ങള്‍ പറഞ്ഞാല്‍ എല്ലാവരും പോവുമെന്നാണ് ജോസഫ് കരുതിയത്. വഞ്ചകനായ ജോസഫിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയതോടെ പ്രശംസസനീയമായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ എല്ലാ പിന്തിരിപ്പന്‍ ശക്തികളും ഒന്നിക്കുകയാണെന്ന് തിരിച്ചറിയണം. എല്ലാ മേഖലയിലും പ്രശംസനീയമായ ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഒഞ്ചിയം രക്തസാക്ഷിദിനത്തില്‍ പങ്കെടുത്ത ആയിരങ്ങളുടെ ആവേശം പ്രസ്ഥാനത്തെ വെല്ലുവിളിക്കാന്‍ വന്നവര്‍ക്കുള്ള മറുപടിയാണ്. ഒഞ്ചിയത്തിന്റെ മണ്ണ് കുലംകുത്തികളുടേതല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ ഗംഗാധരക്കുറുപ്പ് അധ്യക്ഷനായി.

ലാവ്ലിന്‍: മാധ്യമവാര്‍ത്ത പച്ചക്കള്ളം

ഒഞ്ചിയം: ലാവ്ലിന്‍ കേസില്‍ തന്റെ സ്റ്റേ ആവശ്യം സുപ്രീം കോടതി തള്ളി എന്ന തരത്തില്‍ കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷി ദിനാചരണത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇങ്ങനെയൊരാവശ്യം തന്റെയോ തന്റെ വക്കീലിന്റെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഉന്നയിക്കാത്ത ആവശ്യങ്ങള്‍ കെട്ടിച്ചമച്ച് പച്ചക്കള്ളം പടച്ചുവിടുകയാണ് ഈ മാധ്യമങ്ങള്‍. അറ്റോര്‍ണി ജനറല്‍ കേസ് സ്റ്റേ ചെയ്യാമെന്ന് പറയുകയും സര്‍ക്കാര്‍ വക്കീല്‍ സ്റ്റേ വേണ്ടതില്ല എന്ന് പറയുകയുമായിരുന്നു. പിണറായി വിജയനെതിരായി ഘോഷിക്കാന്‍ മാത്രമുള്ളതായതുകാണ്ടാണ് ഇത്തരത്തില്‍ കെട്ടച്ചമച്ച വാര്‍ത്തകള്‍ വരുന്നത്. മാധ്യമ സാക്ഷരരാവാനുള്ള പ്രക്രിയ നാം ആരംഭിക്കണം. കൊടുക്കുന്നതെല്ലാം അപ്പാടെ ജനം സ്വീകരിക്കുമെന്നാണ് ചിലര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാര്‍ത്തകള്‍ 01052010

2 comments:

  1. നെഞ്ചിലെ ചോരകൊണ്ട് ഇതിഹാസം രചിച്ച ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് രണധീരര്‍ക്ക് നാടിന്റെ അഭിവാദ്യം. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ അറുപത്തിരണ്ടാം വാര്‍ഷികാചരണം വിവിധ പരിപാടികളോടെ ഒഞ്ചിയത്ത് ആചരിച്ചു.

    ReplyDelete
  2. raktha sakshikal sindabad

    onchiyam Rakthasakshidinam janasagaram kond shakthamaya adethara urappichu

    ReplyDelete