Tuesday, January 11, 2011

2 ജി: കമ്പനികള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 2ജി സ്പെക്ട്രം ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും 11 ടെലികോം കമ്പനികള്‍ക്കും നോട്ടീസ് അയച്ചു. സ്പെക്ട്രം അനുവദിക്കുമ്പോഴുള്ള ചട്ടങ്ങളും ഉപാധികളും പ്രകാരം പ്രവര്‍ത്തന ബാധ്യതകള്‍ പൂര്‍ത്തീകരിക്കുകയോ സര്‍വീസ് ആരംഭിക്കുകയോ ചെയ്യാതിരുന്ന കമ്പനികള്‍ക്കാണ് നോട്ടീസ്. സ്പെക്ട്രം ലഭിച്ച കമ്പനികള്‍ പ്രവര്‍ത്തനബാധ്യത പാലിക്കാതിരുന്നിട്ടും ട്രായ് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും കോടതി ആരാഞ്ഞു. എന്തുകൊണ്ട് ഒരു വര്‍ഷവും ഏഴുമാസവും അവര്‍ നിശബ്ദത പാലിച്ചു. ടെലികോം മേഖലയില്‍ എല്ലാ കാര്യങ്ങളും നിശ്ചയിക്കാന്‍ അധികാരമുള്ള ട്രായ് എന്ത് ചെയ്യുകയായിരുന്നെന്ന് കോടതി ചോദിച്ചു.സെന്റര്‍ ഫോര്‍ പബ്ളിക് ഇന്ററസ്റ് ലിറ്റിഗേഷനും(സിപിഐഎല്‍) ജനതാപാര്‍ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമിയും സമര്‍പ്പിച്ച പരാതികളിലാണ് ജസ്റിസുമാരായ എ കെ ഗാംഗുലി, ജി എസ് സിങ്വി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
ഐഡിയ, ടാറ്റ ടെലിസര്‍വീസസ്, വൊഡാഫോ, എത്തിസലാദ്, എസ് ടെല്‍, യൂണിനോര്‍, ലൂപ് ടെലികോം, വീഡിയോകോ, അലയന്‍സ് ഇന്‍ഫ്ര, സിസ്റ്റെമ, ശ്യാം ടെലിസര്‍വീസസ്, ഡിഷ്നെറ്റ് വയര്‍ലെസ് എന്നീ കമ്പനികള്‍ക്കാണ് കോടതിയുടെ നോട്ടീസ്. ടെലികോം വകുപ്പും കമ്പനികളും മൂന്നാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണം. ഫെബ്രുവരി ഒന്നിന് കോടതി കേസ് വീണ്ടും പരിഗണിക്കും. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയെ (ട്രായ്) കേസില്‍ എതിര്‍കക്ഷിയാക്കും. സ്പെക്ട്രം ലഭിച്ച പല കമ്പനികളും പ്രവര്‍ത്തന ബാധ്യതകള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി 2010 നവംബര്‍ 15ന് ടെലികോം സെക്രട്ടറിക്ക് ട്രായ് അയച്ച കത്ത് കണക്കിലെടുത്താണ് ട്രായിയെ കക്ഷിചേര്‍ത്തത്.

നഷ്ടക്കണക്ക് സംബന്ധിച്ച ഭിന്നാഭിപ്രായങ്ങള്‍ സിപിഐഎല്ലിനു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷ ശ്രദ്ധയില്‍പ്പെടുത്തി. സര്‍ക്കാരാണ് കൃത്യമായ കണക്കുകള്‍ പറയേണ്ടതെന്ന് കോടതി പറഞ്ഞു. ഖജനാവിന് എത്ര നഷ്ടമുണ്ടായെന്ന് സര്‍ക്കാരിനോട് ആരായുമെന്ന് കോടതി വ്യക്തമാക്കി. സിഎജി റിപ്പോര്‍ട്ടില്‍ നഷ്ടക്കണക്കുകള്‍ പറയുന്നുണ്ടെന്ന് പ്രശാന്ത്ഭൂഷണ്‍ പറഞ്ഞപ്പോള്‍ അത് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. ലൈസന്‍സ് ലഭിച്ച കമ്പനികള്‍ മൂന്നരട്ടി വിലയ്ക്ക് അത് മറിച്ചു വിറ്റതില്‍നിന്നുതന്നെ നഷ്ടം ബോധ്യപ്പെടുമെന്ന് പ്രശാന്ത്ഭൂഷണ്‍ പറഞ്ഞപ്പോള്‍ നഷ്ടക്കണക്ക് ഇപ്പോള്‍ ഒരു സംവാദവിഷയമായി മാറിയിരിക്കയാണെന്നും കോടതി പറഞ്ഞു. മന്ത്രി കപില്‍സിബല്‍ നഷ്ടക്കണക്കിനെ പരസ്യമായി ഖണ്ഡിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് രേഖകളുടെ ഭാഗമല്ലാത്തതിനാല്‍ കോടതിക്ക് സ്വമേധയാ ഒന്നും ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാല്‍, സ്പെക്ട്രം ഇടപാടില്‍ സിവിസി നിര്‍ദേശപ്രകാരം സിബിഐ കേസെടുത്തിരിക്കുന്നതുതന്നെ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും പിന്നെങ്ങനെയാണ് കേന്ദ്രമന്ത്രി സിഎജി റിപ്പോര്‍ട്ടിനെ സംശയിക്കുന്നതെന്നും കോടതി അത്ഭുതം പ്രകടിപ്പിച്ചു.

സിഎജി റിപ്പോര്‍ട്ട് പ്രകാരം ലൈസന്‍സ് ലഭിച്ച 122 കമ്പനികളില്‍ 85 എണ്ണവും അര്‍ഹതയില്ലാത്തവരാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സ്പെക്ട്രത്തിനായി ലഭിച്ച 343 അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചതുപോലുമില്ല. ലൈസന്‍സ് ലഭിച്ച 122 കമ്പനികളില്‍ 69 എണ്ണത്തിന്റെയും ലൈസന്‍സ് റദ്ദാക്കണമെന്ന് ട്രായ് തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ നടപടിക്ക് മടിക്കുകയാണ്.

ദേശാഭിമാനി 110111

1 comment:

  1. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 2ജി സ്പെക്ട്രം ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും 11 ടെലികോം കമ്പനികള്‍ക്കും നോട്ടീസ് അയച്ചു. സ്പെക്ട്രം അനുവദിക്കുമ്പോഴുള്ള ചട്ടങ്ങളും ഉപാധികളും പ്രകാരം പ്രവര്‍ത്തന ബാധ്യതകള്‍ പൂര്‍ത്തീകരിക്കുകയോ സര്‍വീസ് ആരംഭിക്കുകയോ ചെയ്യാതിരുന്ന കമ്പനികള്‍ക്കാണ് നോട്ടീസ്. സ്പെക്ട്രം ലഭിച്ച കമ്പനികള്‍ പ്രവര്‍ത്തനബാധ്യത പാലിക്കാതിരുന്നിട്ടും ട്രായ് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും കോടതി ആരാഞ്ഞു. എന്തുകൊണ്ട് ഒരു വര്‍ഷവും ഏഴുമാസവും അവര്‍ നിശബ്ദത പാലിച്ചു. ടെലികോം മേഖലയില്‍ എല്ലാ കാര്യങ്ങളും നിശ്ചയിക്കാന്‍ അധികാരമുള്ള ട്രായ് എന്ത് ചെയ്യുകയായിരുന്നെന്ന് കോടതി ചോദിച്ചു.

    ReplyDelete