Tuesday, January 11, 2011

സജീവമല്ലാത്ത പിഎഫ് നിക്ഷേപം: പലിശ നല്‍കില്ലെന്ന് മന്ത്രി ഖര്‍ഗെ

മൂന്ന് വര്‍ഷത്തിലേറെക്കാലം സജീവമല്ലാത്ത പിഎഫ് അക്കൌണ്ടുകളിലെ പണത്തിന് ഇനിമുതല്‍ പലിശയില്ല. അക്കൌണ്ടിലുള്ള പണത്തിന് മൂന്നുവര്‍ഷത്തിനുശേഷം പലിശ നല്‍കില്ലെന്ന് കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖര്‍ഗെ 'ദേശാഭിമാനിയോടു പറഞ്ഞു. പിരിഞ്ഞവരുടെയും സ്ഥാപനം മാറിയവരുടെയും അക്കൌണ്ടുകളാണ് നിര്‍ജീവമായതില്‍ അധികവും. ബാങ്കുകളില്‍നിന്ന് മറ്റും ലഭിക്കുന്നതിനേക്കാള്‍ പലിശ നല്‍കുന്നതുകൊണ്ടാണ് തൊഴിലാളികള്‍ പിഎഫില്‍നിന്ന് പണം പിന്‍വലിക്കാതിരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍, ചില തൊഴിലാളികള്‍ അക്കൌണ്ടില്‍നിന്ന് പണം പിന്‍വലിക്കാത്തത് അക്കൌണ്ടിലുള്ള പണം വളരെ കുറഞ്ഞതുകൊണ്ടാണ്. അതിനാല്‍, ഇത്തരക്കാരോട് ഉടന്‍ പണം പിന്‍വലിക്കാന്‍ ആവശ്യപ്പെടും. പിന്‍വലിക്കാത്തവര്‍ക്ക് മൂന്നുവര്‍ഷത്തിനുശേഷം പലിശ നല്‍കുന്നത് നിര്‍ത്തും- മന്ത്രി പറഞ്ഞു.

സജീവമല്ലാത്ത രണ്ടുകോടി അക്കൌണ്ടുകളാണ് നിലവിലുള്ളത്. മൊത്തം 10,000 കോടി രൂപ ഈ അക്കൌണ്ടുകളിലുണ്ട്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അക്കൌണ്ടുകളാണിത്. ഇതില്‍ അഞ്ച് ശതമാനം അക്കൌണ്ടുകളിലും അരലക്ഷത്തിലേറെ രൂപ വീതമുണ്ട്. എന്നാല്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റീസാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. സ്ഥാപനം മാറുന്നവര്‍ക്ക് ആ ഘട്ടത്തില്‍ പണം പിന്‍വലിക്കാനുള്ള അവകാശം എടുത്തുകളയുമെന്ന വാര്‍ത്ത ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ അത്തരമൊരു തീരുമാനമില്ല. എന്നാല്‍, കമ്പനികള്‍ മാറുമ്പോള്‍ പിഎഫ് അക്കൌണ്ട് അതേപടി നിലനിര്‍ത്താന്‍ അക്കൌണ്ടുള്ളവര്‍ക്ക് പ്രത്യേക പിഎഫ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും പദ്ധതിയുണ്ട്. ഈ കാര്‍ഡ് സമ്പ്രദായം നടപ്പില്‍ വന്നാല്‍ സ്ഥാപനം മാറിയാലും അക്കൌണ്ട് അതേപടി തുടരാന്‍ കഴിയും- മന്ത്രി പറഞ്ഞു.

ദേശാഭിമാനി 110111

1 comment:

  1. മൂന്ന് വര്‍ഷത്തിലേറെക്കാലം സജീവമല്ലാത്ത പിഎഫ് അക്കൌണ്ടുകളിലെ പണത്തിന് ഇനിമുതല്‍ പലിശയില്ല. അക്കൌണ്ടിലുള്ള പണത്തിന് മൂന്നുവര്‍ഷത്തിനുശേഷം പലിശ നല്‍കില്ലെന്ന് കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖര്‍ഗെ 'ദേശാഭിമാനിയോടു പറഞ്ഞു. പിരിഞ്ഞവരുടെയും സ്ഥാപനം മാറിയവരുടെയും അക്കൌണ്ടുകളാണ് നിര്‍ജീവമായതില്‍ അധികവും. ബാങ്കുകളില്‍നിന്ന് മറ്റും ലഭിക്കുന്നതിനേക്കാള്‍ പലിശ നല്‍കുന്നതുകൊണ്ടാണ് തൊഴിലാളികള്‍ പിഎഫില്‍നിന്ന് പണം പിന്‍വലിക്കാതിരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍, ചില തൊഴിലാളികള്‍ അക്കൌണ്ടില്‍നിന്ന് പണം പിന്‍വലിക്കാത്തത് അക്കൌണ്ടിലുള്ള പണം വളരെ കുറഞ്ഞതുകൊണ്ടാണ്. അതിനാല്‍, ഇത്തരക്കാരോട് ഉടന്‍ പണം പിന്‍വലിക്കാന്‍ ആവശ്യപ്പെടും. പിന്‍വലിക്കാത്തവര്‍ക്ക് മൂന്നുവര്‍ഷത്തിനുശേഷം പലിശ നല്‍കുന്നത് നിര്‍ത്തും- മന്ത്രി പറഞ്ഞു.

    ReplyDelete