Tuesday, January 11, 2011

കേന്ദ്ര പാരിറ്റി: കെ പി സി സി പ്രസിഡന്റിന്റെ പ്രസ്താവന വഞ്ചനയെന്ന് ജോയിന്റ് കൗണ്‍സില്‍

എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതുവരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വേണ്ടി യാതൊന്നും ചെയ്തിട്ടില്ലെന്നും യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ കേന്ദ്രപാരിറ്റി പൂര്‍ണമായും നടപ്പിലാക്കുമെന്നുമുള്ള കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വഞ്ചനയാണെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ജോസ്പ്രകാശ് പറഞ്ഞു. 1991 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രഖ്യാപിച്ചത്, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കേന്ദ്ര പാരിറ്റി നടപ്പിലാക്കുമെന്നായിരുന്നു. എന്നാല്‍ അധികാരത്തില്‍ വന്ന യു ഡി എഫ് സര്‍ക്കാര്‍ കേന്ദ്രപാരിറ്റി നടപ്പിലാക്കുന്നതിനു പകരം പേ ഇക്വലൈസേഷന്‍ കമ്മിറ്റിയെ നിയമിക്കുകയാണ് ചെയ്തത്. ഈ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഭൂരിപക്ഷം തസ്തികകള്‍ക്കും അടിസ്ഥാന ശമ്പളത്തിലോ വീട്ടു വാടക ഉള്‍പ്പടെയുള്ള അലവന്‍സുകളിലോ തുല്യത ഉറപ്പു വരുത്തിയില്ല എന്നു മാത്രമല്ല നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ 27000 തസ്തികകള്‍ ഇല്ലാതാക്കി. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണമെന്ന കീഴ്‌വഴക്കം അട്ടിമറിച്ചു. 28 മാസത്തെ ആനുകൂല്യങ്ങള്‍ നിഷേധിച്ചു. പുതുതായി സര്‍വീസില്‍ വരുന്നവര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നത് നിര്‍ത്തലാക്കി പ്രമോഷനുകളും പി എസ് സി നിയമനങ്ങളും 19 മാസം മരവിപ്പിച്ചു. ക്ഷാമബത്ത കുടിശിക നിഷേധിച്ചു. ഭവന നിര്‍മാണ പദ്ധതി അവസാനിപ്പിച്ചു. എന്നാല്‍ ഈ സര്‍ക്കാര്‍ ശമ്പളപരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനിക്കുകയും 47000 തസ്തികകള്‍ പുതുതായി സൃഷ്ടിക്കുകയും ചെയ്തു. ക്ഷാമബത്ത കൂടിശികകള്‍ യഥാസമം അനുവദിച്ചു.

നിര്‍ത്തലാക്കിയ പെന്‍ഷന്‍ ആനുകൂല്യം പുനസ്ഥാപിച്ചു. ഭവന നിര്‍മാണ പദ്ധതി പുനസ്ഥാപിച്ചു. ഈ വസ്തുതകള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ കെ പി സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു നടത്തുന്ന പ്രസ്താവനകളിലെ പൊള്ളത്തരം നല്ല അനുഭവമുള്ള ജനങ്ങളും ജീവനക്കാരും തള്ളിക്കളയുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നു: കെ ഇ ഇസ്മയില്‍

ആലപ്പുഴ: രാജ്യത്ത് രൂക്ഷമായി കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ ഇ ഇസ്മയില്‍ എംപി പറഞ്ഞു. എഐടിയുസി സംസ്ഥാന സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക പ്രതിസന്ധിമൂലം ഇന്ത്യയില്‍ ദാരിദ്ര്യവും ജീവിതദുരിതവും വര്‍ധിക്കുകയാണ്. തൊഴിലാളി സംഘടനകള്‍ യോജിച്ച് ഇതിനെ ചെറുക്കണമെന്നും ഇസ്മയില്‍ ആഹ്വാനം ചെയ്തു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തൊഴില്‍ നഷ്ടം പെരുകുന്നു. ഇന്ത്യയിലും ഇതിന്റെ അലയൊലികള്‍ ഉയര്‍ന്നുവരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് പ്രഖ്യാപിക്കുന്നവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ്.

പൊതുമേഖലയുടെ ശക്തമായ സാന്നിധ്യമാണ് ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഒരുപരിധിവരെ രക്ഷിച്ചത്. ജനാധിപത്യ സംവിധാനത്തില്‍ ലോകത്തില്‍ തന്നെ മാതൃകയായ ഇന്ത്യ അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നത് അപമാനകരമാണ്. കോടികളുടെ അഴിമതി കണ്ടെത്തിയിട്ടും കേന്ദ്രസര്‍ക്കാരിന് യാതൊരു കുറ്റബോധവുമില്ലെന്ന് കെ ഇ ഇസ്മയില്‍ കുറ്റപ്പെടുത്തി. ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യമാണ് സംഭരിക്കാന്‍ കഴിയാതെ നശിക്കുന്നത്. ഇത് തടയുവാന്‍ ആവശ്യത്തിന് ഗോഡൗണുകള്‍ നിര്‍മ്മിക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഗോഡൗണുകള്‍ നിര്‍മ്മിക്കാന്‍ പണമില്ലെന്ന കേന്ദ്രത്തിന്റെ സമീപനം ലജ്ജാകരമാണെന്നും ഇസ്മയില്‍ പറഞ്ഞു.

സമ്മേളനത്തില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടി പ്രദീപ്കുമാര്‍, സെക്രട്ടറി ടി ടി ജിസ്‌മോന്‍, മഹിളാസംഘം സംസ്ഥാന സെക്രട്ടറി കമലാസദാനന്ദന്‍ തുടങ്ങിയവരും അഭിവാദ്യമര്‍പ്പിച്ചു.

ജനാധിപത്യത്തില്‍ പണാധിപത്യം വലിയ സ്വാധീനം ചെലുത്തുന്നു: സി കെ ചന്ദ്രപ്പന്‍

തിരുവനന്തപുരം: ജനാധിപത്യ വ്യവസ്ഥയില്‍ പണാധിപത്യം വലിയതോതില്‍ സ്വാധീനം ചെലുത്തുന്നതായി സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. നാഷണല്‍ സോഷ്യല്‍ വാച്ച് പഠന റിപ്പോര്‍ട്ട് പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ നെടുംതൂണായ പാര്‍ലമെന്ററിരംഗത്ത് ഉണ്ടാകുന്ന അപകടം നാം തിരിച്ചറിയേണ്ടതുണ്ട്. പാര്‍ലമെന്റംഗങ്ങളില്‍ 360 കോടീശ്വരന്‍മാരും 200 ഓളം ക്രിമിനലുകളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആഗോളവല്‍ക്കരണം രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ക്ക് ആധിപത്യം സൃഷ്ടിക്കാന്‍ വഴിയൊരുക്കി. സാമ്പത്തികരംഗത്ത് ഇന്ത്യ അതിവേഗം വളരുന്നുവെന്ന് പറയപ്പെടുമ്പോഴും ഇന്ത്യയില്‍ ഒരു വിഭാഗം ജനങ്ങളുടെ ജീവിതദുരിതങ്ങള്‍ വര്‍ധിക്കുകയാണ്. ഗ്രാമീണമേഖലയില്‍ കൂട്ട ആത്മഹത്യകളും തൊഴിലില്ലായ്മയും ദാരിദ്ര്യവും കൂടിവരുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാന്‍ ഇനിയും കേന്ദ്ര ഭരണാധികാരികള്‍ക്ക് കഴിയുന്നില്ല.

രാജ്യത്ത് അഴിമതി വളരുകയാണ്. സ്‌പെക്ട്രം ഇടപാടില്‍ നഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറയുന്നത്. ഈ വാദം ജെ പി സി അന്വേഷണം വേണമെന്ന ആവശ്യം ശക്തിപ്പെടുത്തുകയാണ്.

ജനാധിപത്യത്തിന്റെ മറ്റൊരു ആശ്രയകേന്ദ്രമായ ജുഡീഷ്യറിയെക്കുറിച്ചും ആരോപണങ്ങള്‍ ശക്തമായി കഴിഞ്ഞിരിക്കുന്നു. കോര്‍പ്പറേറ്റ് ഭരണസംവിധാനങ്ങളില്‍ നീരാ റാഡിയമാരുടെ സ്വാധീനം വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസരി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ പി ഗോവിന്ദപിള്ള റിപ്പോര്‍ട്ട് പ്രകാശനം നിര്‍വഹിച്ചു. രാജ്യത്തിന്റെ സമഗ്രവികസനത്തിന് അധികാര വികേന്ദ്രീകരണം താഴെതട്ടില്‍ എത്തേണ്ടത് അനിവാര്യമാണെന്ന് പി ഗോവിന്ദപിള്ള പറഞ്ഞു. അധികാരം ഒരു വരേണ്യവര്‍ഗം നയിക്കുന്നത് അപകടകരമാണ്. രാജ്യത്ത് അഴിമതി വളരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വരെ ഇപ്പോള്‍ അഴിമതിക്കാരനെന്ന ആരോപണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍ സാമുവല്‍, കെ പി കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനയുഗം 110111

1 comment:

  1. എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതുവരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വേണ്ടി യാതൊന്നും ചെയ്തിട്ടില്ലെന്നും യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ കേന്ദ്രപാരിറ്റി പൂര്‍ണമായും നടപ്പിലാക്കുമെന്നുമുള്ള കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വഞ്ചനയാണെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ജോസ്പ്രകാശ് പറഞ്ഞു. 1991 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രഖ്യാപിച്ചത്, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കേന്ദ്ര പാരിറ്റി നടപ്പിലാക്കുമെന്നായിരുന്നു. എന്നാല്‍ അധികാരത്തില്‍ വന്ന യു ഡി എഫ് സര്‍ക്കാര്‍ കേന്ദ്രപാരിറ്റി നടപ്പിലാക്കുന്നതിനു പകരം പേ ഇക്വലൈസേഷന്‍ കമ്മിറ്റിയെ നിയമിക്കുകയാണ് ചെയ്തത്. ഈ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഭൂരിപക്ഷം തസ്തികകള്‍ക്കും അടിസ്ഥാന ശമ്പളത്തിലോ വീട്ടു വാടക ഉള്‍പ്പടെയുള്ള അലവന്‍സുകളിലോ തുല്യത ഉറപ്പു വരുത്തിയില്ല എന്നു മാത്രമല്ല നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു.

    ReplyDelete