'ഓര്‍ക്കുവാന്‍ ഓര്‍ക്കുന്നതല്ലിതൊന്നും
ഓര്‍ക്കുവാന്‍ പറ്റിയ നേരമല്ല'
കടമ്മനിട്ടയുടെ വരികള്‍. എങ്കിലും ഈ അവസരത്തില്‍പ്പോലും ഓര്‍ക്കാതിരിക്കാന്‍ പറ്റുന്നതല്ല കരുണാകരനെക്കുറിച്ചുള്ള കേരളത്തിലെ ജീവനക്കാരുടെ അനുഭവം. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കരുണാകരനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം സംസ്ഥാനജീവനക്കാര്‍ക്ക് മാത്രമല്ല കേരളത്തിലെ തൊഴിലെടുക്കുന്ന വിഭാഗങ്ങള്‍ക്കെല്ലാം തിക്തമായ ഒട്ടേറെ കാര്യങ്ങള്‍ മനസ്സില്‍ നിറയുന്നു.
1967ലെ ഐക്യമുന്നണി സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടശേഷം വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് മാര്‍ക്സിസ്റ്വിരുദ്ധ മുന്നണി അധികാരത്തിലെത്തിയത്. അച്യുതമേനോന്‍ മുഖ്യമന്ത്രിയും കരുണാകരന്‍ ആഭ്യന്തരമന്ത്രിയും. ഭരണത്തിന്റെ കാലാവധി തീരാറായപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഏഴുവര്‍ഷം തുടര്‍ച്ചയായി ആ മര്‍ദനവാഴ്ച കേരളീയര്‍ക്ക് അനുഭവിക്കേണ്ടതായി വന്നു. ആ കാലഘട്ടത്തിലെ വേദനിക്കുന്ന ഒട്ടേറെ ഓര്‍മകള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്‍ ഡയറിയില്‍ കുറിച്ചിട്ടിട്ടുണ്ട്.
1971ല്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമസ്തസംഘടനകളും ചേര്‍ന്ന് കേന്ദ്ര അഡ്ഹോക് ക്ഷാമബത്തയ്ക്കുവേണ്ടി നടത്തിയ 12 ദിവസത്തെ പണിമുടക്കുകാലംമുതല്‍ കരുണാകരന്റെ മര്‍ദകവാഴ്ചയുടെ രുചി അറിഞ്ഞവരാണ് സംസ്ഥാനജീവനക്കാര്‍. അന്ന് അക്ഷരാര്‍ഥത്തില്‍ത്തന്നെ സംസ്ഥാനത്ത് ഭരണവും പഠനവും സ്തംഭിച്ചിരുന്നു. എന്നിട്ടും ഉന്നയിക്കപ്പെട്ട ആവശ്യം അനുവദിക്കാനല്ല, അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ തുനിഞ്ഞത്. സമരവീര്യത്തെ തല്ലിക്കെടുത്താനാകില്ലെന്നായപ്പോള്‍ ചില കോടാലിക്കൈകളെ സമരനിരയില്‍നിന്ന് ഊരിയെടുത്താണ്, ഒപ്പം ഭാഗികമായി ചില ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊണ്ടാണ് സമരം അവസാനിപ്പിക്കുന്നതിന് കളമൊരുക്കിയത്.
1973ല്‍ ശമ്പളപരിഷ്കരണത്തിനുവേണ്ടി ജീവനക്കാരും അധ്യാപകരും നടത്തിയ 54 ദിവസം നീണ്ട പണിമുടക്കിനെ പൊലീസിനെയും കരിനിയമങ്ങളെയും ഉപയോഗിച്ചാണ് മാടമ്പിമട്ടില്‍ നേരിട്ടത്. കേരളത്തിലെ ആത്മാഭിമാനമുള്ള ഏതെങ്കിലും ജീവനക്കാരന് വിസ്മരിക്കാനാകില്ല അത്. പണിമുടക്കിയാല്‍ തിരിച്ചുവരേണ്ടതായി വരില്ല എന്ന പ്രഖ്യാപനമാണ് പണിമുടക്ക് തുടങ്ങിയ 1973 ജനുവരി 10ന് സര്‍ക്കാരിന്റേതായി വന്നത്. 1972 ഡിസംബര്‍ 20ന് ആഭ്യന്തരമന്ത്രി കരുണാകരന്‍ നടത്തിയ പത്രസമ്മേളനം ജീവനക്കാര്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായിരുന്നു. അറസ്റും മര്‍ദനങ്ങളും കിരാതമായ പീഡനങ്ങളും ജീവനക്കാര്‍ക്കുനേരെ മാത്രമല്ല, പണിമുടക്കിനെ സഹായിച്ച പൊതുപ്രവര്‍ത്തകര്‍ക്കും നേരിടേണ്ടി വന്നു. സ്കൂള്‍കുട്ടികളെപ്പോലും തെരുവില്‍ തല്ലിച്ചതച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊലീസ് കടന്നുകയറി അഴിഞ്ഞാടി. അതിനെല്ലാം ഒത്താശചെയ്ത, ഉശിരുപകര്‍ന്ന ആഭ്യന്തരമന്ത്രിയെ കേരളത്തിന് മറക്കാനാകില്ല. പിരിച്ചുവിടലും സസ്പെന്‍ഷനും കൂട്ടസ്ഥലംമാറ്റവും ഡയസ്നോണും മറ്റു പ്രതികാര നടപടികളുംകൊണ്ടാണ് അന്ന് സര്‍ക്കാര്‍ പണിമുടക്കിനെ നേരിട്ടത്. ആ പണിമുടക്കിനെ കിരാതമായി നേരിട്ടിട്ടും ജീവനക്കാര്‍ പിടിച്ചുനിന്നു. സര്‍ക്കാരിന്റെ നിഷേധാത്മക നയത്തിന്റെ അനന്തരഫലമാണ് പില്‍ക്കാലത്ത് സിവില്‍സര്‍വീസിലുണ്ടായ അരാജകാവസ്ഥ. പണിമുടക്ക് പിന്‍വലിച്ചശേഷവും ഒടുങ്ങാത്ത പകയ്ക്കും വിദ്വേഷത്തിനും ജീവനക്കാരും നേതാക്കളും ഇരയായി. അടിയന്തരാവസ്ഥയുടെ തക്കംനോക്കി എന്‍ജിഒ യൂണിയന്‍ പ്രസിഡന്റ് ഇ പത്മനാഭനെ മിസ ഉപയോഗിച്ച് ജയിലില്‍ അടച്ചു; യൂണിയന്‍ ജനറല്‍ സെക്രട്ടറി പി ആര്‍ രാജനെ കള്ളക്കേസില്‍ കുടുക്കി ലോക്കപ്പിലിട്ടു.
'നാവടക്കൂ പണിയെടുക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും മേലെ അച്ചടക്കഭീകരത സൃഷ്ടിച്ചു. അടിയന്തരാവസ്ഥ അച്ചടക്കത്തിന്, അടിയന്തരാവസ്ഥ ജനനന്മയ്ക്ക് എന്ന വാദം മുന്നോട്ടുവച്ച് ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതില്‍നിന്നുപോലും തൊഴിലാളികളെ വിലക്കി. ആഭ്യന്തരമന്ത്രിയുടെ തണലില്‍ ചില വകുപ്പുമേധാവികള്‍ സ്വീകരിച്ച കിരാതനടപടികള്‍ കേരളത്തിന്റെ സര്‍വീസ് ചരിത്രത്തില്‍ കേട്ടുകേള്‍വിപോലുമുള്ളതല്ല. സര്‍ക്കാര്‍ അനുവദിക്കാതെ ഒരീച്ചപോലും പറക്കില്ലെന്ന് പല യോഗങ്ങളിലും കരുണാകരന്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തെ ഒരുപതിറ്റാണ്ട് പിറകിലോട്ട് കൊണ്ടുപോകുകയാണ് യഥാര്‍ഥത്തില്‍ അടിയന്തരാവസ്ഥ ചെയ്തത്. ജനങ്ങളുടെ, തൊഴിലാളികളുടെ സമരങ്ങളുടെ ഉല്‍പ്പന്നമാണ് കേരളമോഡല്‍ എന്ന് നാം വിശേഷിപ്പിക്കുന്ന പലതും. അടിയന്തരാവസ്ഥയില്‍ 397 ആളുകളുടെ പേരില്‍ നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. 62 പേരെ നിര്‍ബന്ധിച്ച് പെന്‍ഷന്‍ നല്‍കി പിരിച്ചുവിട്ടു. 46 പേരെ സസ്പെന്‍ഡുചെയ്തു.
1982ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലവും ജീവനക്കാരെ സംബന്ധിച്ചിടത്തോളം കറുത്തനാളുകളായിരുന്നു. ശമ്പളപരിഷ്കരണത്തിന്റെ അഞ്ചുവര്‍ഷ തത്വം നടപ്പാക്കുന്നതിനെക്കുറിച്ച് ചോദ്യമുന്നയിച്ചപ്പോള്‍ കരുണാകരന്‍ പ്രതികരിച്ചത് ശമ്പളപരിഷ്കരണത്തിന് അഞ്ചുവര്‍ഷ തത്വം താന്‍ അംഗീകരിക്കുന്നില്ല എന്നാണ്. ശമ്പളപരിഷ്കരണത്തെക്കുറിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ചയുണ്ടോ എന്ന പത്രലേഖകരുടെ ചോദ്യത്തിന് കരുണാകരന്റെ മറുപടി, "പോത്തിനോട് ചോദിച്ചല്ല നുകം വയ്ക്കുന്നത്'' എന്നായിരുന്നു.
1983ല്‍ ലീവ് സറണ്ടര്‍ ആനുകൂല്യം നിര്‍ത്തലാക്കി കരുണാകരന്‍ ഉത്തരവിറക്കിയപ്പോള്‍ (1968ല്‍ ഇ എം എസ് സര്‍ക്കാരാണ് ഈ ആനുകൂല്യം ജീവനക്കാര്‍ക്ക് അനുവദിച്ചത്) അതിനെതിരെ തികച്ചും സമാധാനപരമായി ധര്‍ണ നടത്തിയ ജീവനക്കാരെ സെക്രട്ടറിയറ്റിനു മുന്നിലിട്ട് തല്ലിച്ചതച്ചത്, തല തല്ലിപ്പൊളിച്ചത്, കരുണാകരന്‍ എന്ന മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നു. പ്രതിഷേധിക്കുന്ന ജീവനക്കാരെ സെക്രട്ടറിയറ്റ് ഗേറ്റിനുമുന്നില്‍നിന്ന് തുടച്ചുനീക്കിയശേഷം ആ ഗേറ്റിലൂടെതന്നെ തനിക്ക് പുറത്തുപോകണമെന്ന കരുണാകരന്റെ അധികാരഗര്‍വായിരുന്നുഅന്നത്തെ ആ നൃശംസതയ്ക്ക് ഇടയാക്കിയത്.
1981ല്‍ ശമ്പളപരിഷ്കരണത്തിനും ഇടക്കാലാശ്വാസത്തിനുംവേണ്ടി പണിമുടക്കിയതിന് സെക്രട്ടറിയറ്റിലെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന സി ജെ ജോസഫിനെ പിരിച്ചുവിട്ടതും നിരവധി ജീവനക്കാര്‍ക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിച്ചതും വിസ്മരിക്കാനാകില്ല. പ്രക്ഷോഭത്തിലൂടെ ആനുകൂല്യങ്ങള്‍ നേടാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല എന്നതായിരുന്നു കരുണാകരന്റെ നയം. ഇത് സിവില്‍ സര്‍വീസിന് ഏല്‍പ്പിച്ച ആഘാതത്തെ നേരിടാനാണ്, കരുണാകരന്റെ അധികാരവാഴ്ചയുടെ നാളുകളില്‍ ജീവനക്കാര്‍ക്ക് പോരാടേണ്ടിവന്നത്. കരുണാകരന്‍ അധികാരത്തിലിരുന്ന ഏതെങ്കിലുംകാലത്ത് സമരത്തിന്റെയും ശക്തിപ്രകടനത്തിന്റെയും ഫലമായിട്ടല്ലാതെ ജീവനക്കാര്‍ക്ക് ചില്ലി പൈസയുടെയെങ്കിലും ആനുകൂല്യം അനുവദിച്ച ചരിത്രമില്ല. 1983ലെ ശമ്പളപരിഷ്കരണം 1985 ആയപ്പോഴും നടപ്പാക്കാതായപ്പോള്‍ പണിമുടക്കാന്‍ നിര്‍ബന്ധിതരായ സ്വന്തം അനുയായികള്‍ക്കുപോലും കരുണാകരന്റെ പൊലീസ്വാഴ്ചയുടെ ചൂടറിയേണ്ടതായി വന്നതും ചരിത്രമാണ്. ആനുകൂല്യങ്ങള്‍ അനുവദിച്ചതിന്റെ ഓര്‍മകളല്ല, കവര്‍ന്നെടുക്കപ്പെട്ടതിന് ശ്രമിച്ചതിന്റെ ഓര്‍മകളാണ് ജീവനക്കാര്‍ക്ക് കരുണാകരനുമായി ബന്ധപ്പെട്ടുള്ളത്.
1991ല്‍ കരുണാകരന്‍ വീണ്ടും അധികാരത്തിലെത്തിയപ്പോഴാണല്ലോ 1983ല്‍ നടപ്പാക്കാന്‍ കഴിയാതെപോയ സറണ്ടര്‍ലീവ് ആനുകൂല്യമടക്കം ഇല്ലാതാക്കിക്കൊണ്ടും ഇംക്രിമെന്റ് നിരക്ക് കുറച്ചും മാസ്റര്‍സ്കെയില്‍ റദ്ദുചെയ്തും കേന്ദ്രപാരിറ്റി എന്നപേരില്‍ പ്രഹസനം നടപ്പാക്കിയത്. കരുണാകരന്റെ ആശ്രിതര്‍ക്കു മാത്രമല്ലാതെ കേരളസര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഇങ്ങനെ അവകാശനിഷേധത്തിന്റെയും അടിച്ചമര്‍ത്തലിന്റേതുമായ തിക്താനുഭവങ്ങളല്ലാതെ മറ്റൊന്നും ഓര്‍ക്കാനുണ്ടാകില്ല എന്നതാണ് സത്യം.
കെ വരദരാജന്‍ ചിന്ത വാരിക 140111
'ഓര്‍ക്കുവാന്‍ ഓര്‍ക്കുന്നതല്ലിതൊന്നും
ReplyDeleteഓര്‍ക്കുവാന്‍ പറ്റിയ നേരമല്ല'
കടമ്മനിട്ടയുടെ വരികള്‍. എങ്കിലും ഈ അവസരത്തില്‍പ്പോലും ഓര്‍ക്കാതിരിക്കാന്‍ പറ്റുന്നതല്ല കരുണാകരനെക്കുറിച്ചുള്ള കേരളത്തിലെ ജീവനക്കാരുടെ അനുഭവം. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കരുണാകരനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം സംസ്ഥാനജീവനക്കാര്‍ക്ക് മാത്രമല്ല കേരളത്തിലെ തൊഴിലെടുക്കുന്ന വിഭാഗങ്ങള്‍ക്കെല്ലാം തിക്തമായ ഒട്ടേറെ കാര്യങ്ങള്‍ മനസ്സില്‍ നിറയുന്നു.