ഒന്നാം യുപിഎ സര്‍ക്കാര്‍ 2008ല്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടിയത് കോടികള്‍ കോഴ നല്‍കി എംപിമാരെ വിലയ്ക്കെടുത്താണെന്ന് സ്ഥിരീകരിച്ചു. സോണിയകുടുംബത്തിന്റെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് സതീശ്ശര്‍മ ഇതുസംബന്ധിച്ച് അമേരിക്കന്‍ നയതന്ത്രജ്ഞനോട് നടത്തിയ സംഭാഷണം പുറത്തുവന്നു. സതീശ്ശര്‍മയെ ഉദ്ധരിച്ച് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ സ്റീഫന്‍ വൈറ്റ് വാഷിങ്ടണിലേക്ക് അയച്ച സന്ദേശം വിക്കിലീക്സ് ചോര്‍ത്തിയതാണ് കുറെക്കാലമായി നിലനില്‍ക്കുന്ന ആരോപണത്തിന്റെ സ്ഥിരീകരണത്തിന് വഴിയൊരുക്കിയത്. സന്ദേശത്തിന്റെ വിശദവിവരങ്ങള്‍ 'ദ ഹിന്ദു' പത്രം ബുധനാഴ്ച പ്രസിദ്ധീകരിച്ചു. അകാലിദളിന്റെ എട്ടു എംപിമാരെ സ്വാധീനിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും ശ്രമിച്ചു. ആണവകരാര്‍വിഷയത്തില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് കോടിക്കണക്കിന് രൂപ ഒഴുക്കിയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയതെന്ന് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനായി സതീശ്ശര്‍മയുടെ വീട്ടില്‍ സൂക്ഷിച്ച 60 കോടിയോളം രൂപയുടെ ഒരുഭാഗം അടങ്ങിയ ബാഗുകള്‍ അദ്ദേഹത്തിന്റെ അനുയായി നചികേതകുമാര്‍ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥനെ കാണിക്കുകയുമുണ്ടായി. പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് അഞ്ചുദിവസം മുമ്പ്, 2008 ജൂലൈ 16നായിരുന്നു ഈ സംഭവം. വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാന്‍ അജിത്സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദളിന്റെ നാല് എംപിമാര്‍ക്ക് പത്തുകോടിരൂപ വീതം ഇതിനകം നല്‍കിയതായും നചികേതകുമാര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥനോടു പറഞ്ഞു. പണം എത്ര കൊടുക്കാനും തയ്യാറാണെന്നും എംപിമാരുടെ പിന്തുണ ഉറപ്പാക്കുകയെന്നതാണ് പ്രധാനമെന്നും കുമാര്‍ തുടര്‍ന്നു.
അമേരിക്കന്‍ സ്ഥാനപതികാര്യാലയത്തിലെ രാഷ്ട്രീയവിഭാഗം ചുമതലക്കാരനായ സ്റീഫന്‍ വൈറ്റ് ജൂലൈ 17നുതന്നെ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് വാഷിങ്ടണിലെ വിദേശവകുപ്പ് ആസ്ഥാനത്തേയ്ക്ക് സന്ദേശം അയച്ചു. യുപിഎ സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിനുള്ള വ്യഗ്രതയുടെ തെളിവാണിത്. സ്റീഫന്‍ വൈറ്റ് ജൂലൈ 16ന് സതീശ്ശര്‍മയെ സന്ദര്‍ശിച്ചപ്പോഴാണ് സര്‍ക്കാരിനെ സംരക്ഷിക്കാന്‍ യുപിഎ നേതൃത്വം നടത്തുന്ന ഇടപാടുകളുടെ വിവരം ലഭിച്ചത്. ബിജെപിയുടെയും അകാലിദളിന്റെയും എംപിമാരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായും അന്ന് സതീശ്ശര്‍മ വെളിപ്പെടുത്തി. അകാലിദളിന്റെ എട്ടു എംപിമാരെ സ്വാധീനിക്കാന്‍ സാമ്പത്തിക ഇടപാടുകാരനായ സന്ത് ചത്വാള്‍ വഴി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ ശ്രമിച്ചതായും ദൌര്‍ഭാഗ്യവശാല്‍ അത് വിജയിച്ചില്ലെന്നും ശര്‍മ വിശദീകരിച്ചു. ആണവകരാര്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി, സോണിയഗാന്ധി, രാഹുല്‍ഗാന്ധി എന്നിവര്‍ പ്രതിജ്ഞാബദ്ധരാണെന്നും ഈ സന്ദേശം കോണ്‍ഗ്രസിലാകെ നല്‍കിയിട്ടുണ്ടെന്നും ശര്‍മ അമേരിക്കന്‍ പ്രതിനിധിക്ക് ഉറപ്പുനല്‍കി. വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ശിവസേനയെ പ്രേരിപ്പിക്കാന്‍ ശ്രമം നടന്നു. വാജ്പേയിയുടെ മരുമകന്‍ രഞ്ജന്‍ ഭട്ടാചാര്യയെ ഉപയോഗിച്ച് പരമാവധി ബിജെപി എംപിമാരെ സ്വാധീനിക്കാനും ശ്രമിച്ചുവെന്ന്-ശര്‍മ പറഞ്ഞു.
സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ നല്‍കിയ പണമാണെന്ന് ആരോപിച്ച് വോട്ടെടുപ്പിന് തൊട്ടുമുമ്പ് ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ നോട്ടുകെട്ടുകള്‍ ഹാജരാക്കിയിരുന്നു. ഇക്കാര്യം അന്വേഷിക്കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നുമുണ്ടായില്ല. എംപിമാരെ വിലയ്ക്കുവാങ്ങാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ സതീശ്ശര്‍മയില്‍ മാത്രം ഒതുങ്ങിനിന്നിരുന്നില്ലെന്നും സ്റീഫന്‍ വൈറ്റിന്റെ സന്ദേശം വ്യക്തമാക്കുന്നു. ഇത്രയും ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന് നേരിയ ഭൂരിപക്ഷം മാത്രമാണ് ലഭിക്കുകയെന്ന് വൈറ്റ് സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസപ്രമേയത്തിന് അനുകൂലമായി 273 വോട്ടും എതിരായി 251 വോട്ടും ലഭിച്ചേക്കും. 19 പേര്‍ വിട്ടുനില്‍ക്കും. ഈ പ്രവചനം ഏതാണ്ട് ശരിയായി. മന്‍മോഹന്‍സിങ് സര്‍ക്കാരിനെ 275 പേര്‍ പിന്തുണച്ചു. 256 പേര്‍ എതിര്‍ത്തു. 10 പേര്‍ വോട്ട്ചെയ്തില്ല. കോണ്‍ഗ്രസ് നേതാക്കളും അമേരിക്കന്‍ നയതന്ത്രജ്ഞരും തമ്മില്‍ മറയില്ലാതെ നടത്തുന്ന സംഭാഷണങ്ങള്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ തന്ത്രപരമായബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കുമുള്ള താല്‍പ്പര്യം വെളിപ്പെടുത്തുന്നു. ഇതിന്റെ ഫലമായി ഇന്ത്യന്‍ ജനാധിപത്യവും പരമാധികാരവും നേരിടുന്ന വെല്ലുവിളിയും.
പാര്‍ലമെന്റ് സ്തംഭിച്ചു
യുപിഎ സര്‍ക്കാര്‍ 2008ല്‍ വിശ്വാസവോട്ട് നേടിയത് പണമൊഴുക്കിയാണെന്ന വിക്കിലീക്സ് വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭയും വ്യാഴാഴ്ച സ്തംഭിച്ചു. കോഴ നല്‍കിയാണ് വിശ്വാസവോട്ട് നേടിയതെന്ന് വെളിപ്പെട്ടതോടെ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടതായി ഇടതുപക്ഷ- മതേതര പാര്‍ടികള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും സര്‍ക്കാര്‍ പുറത്തുപോകണമെന്നും എന്‍ഡിഎ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അടിയന്തരമായി വിശദീകരണം നടത്തണമെന്ന് സീതാറാംയെച്ചൂരി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുജെയ്റ്റ്ലി ആവശ്യപ്പെട്ടു. ആക്ഷേപങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച പ്രധാനമന്ത്രി രാജ്യസഭയില്‍ എത്തേണ്ടതാണെങ്കിലും ബോധപൂര്‍വം വിട്ടുനിന്നു. ധനമന്ത്രി പ്രണബ്മുഖര്‍ജിയാണ് വിശദീകരണത്തിന് തയ്യാറായത്്. പ്രധാനമന്ത്രിതന്നെ വിശദീകരിക്കണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നതോടെ 12 വരെ സഭനിര്‍ത്തി. വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. ഒരു പരമാധികാര രാഷ്ട്രവും അവരുടെ എംബസികളും തമ്മിലുള്ള ആശയവിനിമയങ്ങള്‍ക്ക് നയതന്ത്ര സംരക്ഷണമുണ്ടെന്ന് പ്രണബ് അവകാശപ്പെട്ടു. അതുകൊണ്ട് വിക്കിലീക്സ് വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സര്‍ക്കാരിന് കഴിയില്ല- പ്രണബ് പറഞ്ഞു.
ഈ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് പ്രതിപക്ഷം പറഞ്ഞു. നയതന്ത്ര സംരക്ഷണം യുഎസ് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അവകാശപ്പെടാനാവൂ. ധനമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തിപ്പെടാതെ പ്രതിപക്ഷ എംപിമാര്‍ വീണ്ടും നടുത്തളത്തിലിറങ്ങിയതോടെ സഭ വീണ്ടും നിര്‍ത്തി. ലോക്സഭയിലും വിക്കിലീക്സ് വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടപടികള്‍ സ്തംഭിച്ചു. വൈകിട്ട് ആറുമണിക്ക് സഭ ചേര്‍ന്ന് വിവിധ വകുപ്പികളുടെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചകൂടാതെ പാസാക്കി. വൈകിട്ട് പ്രധാനമന്ത്രി സഭയിലെത്തിയെങ്കിലും പ്രതികരണത്തിന് തയ്യാറായില്ല.
(എം പ്രശാന്ത്)
സര്‍ക്കാരിന് തുടരാന്‍ അവകാശമില്ല: പ്രതിപക്ഷം
വിക്കിലീക്സ് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ടികള്‍ ഒന്നടങ്കം രംഗത്തെത്തി. ഒന്നാം യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്് കോഴ നല്‍കിയാണെന്ന വിക്കിലീക്സ് വെളിപ്പെടുത്തലിനെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം നടത്തണമെന്ന് ഇടതുപക്ഷ- മതേതര പാര്‍ടികള്‍ ആവശ്യപ്പെട്ടു. അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം സര്‍ക്കാരിന് നഷ്ടമായി. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് എന്‍ഡിഎയും ആവശ്യപ്പെട്ടു. ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ഇടതുപക്ഷ- മതേതര പാര്‍ടികളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ നേതാവ് ഗുരുദാസ്ദാസ് ഗുപ്ത, മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ, സമാജ്വാദിപാര്‍ടി ലോക്സഭാ ഉപനേതാവ് ശൈലേന്ദ്രകുമാര്‍, തെലുങ്കുദേശം ലോക്സഭാ നേതാവ് നമോ നാഗേശ്വര്‍റാവു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അമേരിക്കയുമായുള്ള ആണവകരാറിനെ എതിര്‍ത്ത് ഇടതുപക്ഷ പാര്‍ടികള്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചശേഷം ലോക്സഭയില്‍ നടന്ന വിശ്വാസവോട്ടില്‍ നാണംകെട്ട കുതിരക്കച്ചവടമാണ് നടന്നതെന്ന് യെച്ചൂരി പറഞ്ഞു. വിശ്വാസവോട്ടിന് പിന്തുണ ഉറപ്പിക്കാന്‍ കള്ളപ്പണം വ്യാപകമായി ഒഴുകി. നോട്ടുകെട്ടുകള്‍ ലോക്സഭയില്‍ പ്രദര്‍ശിക്കപ്പെട്ടു. ഇതന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഉന്നതര്‍ ഉള്‍പ്പെട്ട കേസെന്ന നിലയില്‍ ഉചിതമായ ഏജന്‍സിയെവച്ച് അന്വേഷിക്കണം. വിക്കിലീക്സ് വെളിപ്പെടുത്തലുകളോട് പ്രധാനമന്ത്രി പ്രതികരിക്കേണ്ടതുണ്ട്. വിക്കിലീക്സ് വെളിപ്പെടുത്തല്‍ ബിജെപിക്കും പ്രശ്നമുണ്ടാക്കും. മുന്‍ പ്രധാനമന്ത്രിയുടെ മരുമകനെ ഉപയോഗിച്ച് വോട്ടുകള്‍ മറിക്കാന്‍ ശ്രമിച്ചെന്ന് രേഖകളിലുണ്ട്. വോട്ടുകോഴ അന്വേഷിക്കുന്നതിനുള്ള സമിതിയുടെ നിര്‍ദേശങ്ങള്‍ പൂഴ്ത്തുന്നതില്‍ ഭരണകക്ഷിയും മുഖ്യപ്രതിപക്ഷ കക്ഷിയും യോജിച്ചിട്ടുണ്ടോയെന്ന് സംശയിക്കണം- യെച്ചൂരി പറഞ്ഞു.
അധികാരത്തില്‍ തുടരാന്‍ യുപിഎ സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്ന് എന്‍ഡിഎ കക്ഷികളുടെ വാര്‍ത്താസമ്മേളനത്തില്‍ അധ്യക്ഷന്‍ എല്‍ കെ അദ്വാനി പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണിത്. വിക്കിലീക്സ് രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു വ്യക്തി കോണ്‍ഗ്രസിന്റെ വിദേശസെല്ലില്‍ പ്രവര്‍ത്തിച്ചയാളാണ്. അകാലിദളിനെ സ്വാധീനിക്കാന്‍ സന്ത് ചത്വാളെന്ന ഹോട്ടല്‍ വ്യവസായിയെ പ്രധാനമന്ത്രിയാണ് നിയോഗിച്ചത്. അകാലിദളിനെ സ്വാധീനിക്കുന്നതില്‍ ചത്വാള്‍ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന് പത്മപുരസ്കാരം നല്‍കി യുപിഎ സര്‍ക്കാര്‍ നന്ദി പ്രകടിപ്പിച്ചു. പ്രധാനമന്ത്രി കാര്യാലയമാണ് ഇതിനും മുന്‍കൈയെടുത്തത്- അദ്വാനി പറഞ്ഞു.
പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല: സിപിഐ എം
ഒന്നാം യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത് പണം കൊടുത്താണെന്ന വിക്കിലീക്സ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പറഞ്ഞു. 2008 ജൂലൈയില്‍ നടന്ന വിശ്വാസവോട്ടില്‍ എംപിമാര്‍ക്ക് പണം നല്‍കിയാണ് വിജയിച്ചതെന്നാണ് വിക്കിലീക്സ് വഴി 'ഹിന്ദു' ദിനപത്രത്തിന് ലഭിച്ച അമേരിക്കന്‍ എംബസി കേബിളുകള്‍ പറയുന്നത്. അമേരിക്കന്‍ എംബസിയിലെ രാഷ്ട്രീയവിഭാഗം ചുമതലക്കാരന്‍ അയച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ കേന്ദ്രമന്ത്രി സതീഷ് ശര്‍മയ്ക്കും നചികേത കപൂറിനുമെതിരെ അന്വേഷണം വേണമെന്നും പിബി ആവശ്യപ്പെട്ടു. പണം കൊടുത്താണ് വിശ്വാസവോട്ട് നേടിയതെന്ന എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയ്ക്ക് സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. വിശ്വാസവോട്ട് നടന്ന ദിവസംതന്നെ ഇക്കാര്യം ലോക്സഭയില്‍ വലിയ ബഹളത്തിന് കാരണമായി. പാര്‍ലമെന്ററിസമിതിയുടെ അന്വേഷണത്തില്‍ തെളിവ് കണ്ടെത്താനായെങ്കിലും ഒരു നടപടിയും കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ല- പിബി പ്രസ്താവനയില്‍ പറഞ്ഞു.
മറുപടിയില്ലാതെ പ്രധാനമന്ത്രി
വിക്കിലീക്സിന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാര്‍ലമെന്റ് നടപടികളില്‍നിന്ന് വിട്ടുനിന്നു. പാര്‍ലമെന്റ് ചേരുന്ന ദിവസങ്ങളില്‍ വ്യാഴാഴ്ച രാജ്യസഭയിലാണ് പ്രധാനമന്ത്രി സന്നിഹിതനാകേണ്ടത്. എന്നാല്‍, രാവിലെ സഭ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ ഇരിപ്പിടം ശൂന്യമായിരുന്നു. ധനമന്ത്രി പ്രണബ് മുഖര്‍ജി മാത്രമാണ് പ്രതിപക്ഷത്തെ പ്രതിരോധിക്കാനുണ്ടായിരുന്നത്. വിക്കിലീക്സ് വെളിപ്പെടുത്തലുകളോട് പ്രധാനമന്ത്രി നേരിട്ടെത്തി പ്രതികരിക്കണമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടിട്ടും മന്‍മോഹന്‍സിങ് സഭയില്‍ വരാന്‍ ധൈര്യം കാട്ടിയില്ല. പ്രധാനമന്ത്രി എത്താത്തതിന്റെ പേരില്‍ മൂന്നുവട്ടം രാജ്യസഭ നിര്‍ത്തി.
കമല്‍നാഥ് കോഴഇടപാടില്‍ വമ്പനെന്ന് പരാമര്‍ശം
വിക്കിലീക്സ് വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് നേതാക്കളുടെ തനിനിറം വെളിപ്പെടുത്തുന്നു. പണമൊഴുക്കാന്‍ വാണിജ്യമന്ത്രി കമല്‍നാഥിനുള്ള ശേഷിയെപ്പറ്റി ഒരു കോണ്‍ഗ്രസ് നേതാവ് ഇങ്ങനെ പറഞ്ഞതായി അമേരിക്കന്‍ നയതന്ത്രജ്ഞന്‍ സ്റ്റീഫന്‍ വൈറ്റ് എഴുതിയിരിക്കുന്നു:
"മുമ്പ് അദ്ദേഹത്തിന് ചെറുവിമാനങ്ങള്‍ മാത്രമേ കോഴയായി വാഗ്ദാനം ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. ഇപ്പോള്‍ വോട്ടിനുപകരം ജെറ്റുകള്‍തന്നെ നല്‍കാനാകും''.
കഥ തീരുന്നില്ല. ജനാധിപത്യത്തെ കച്ചവടമാക്കി മാറ്റാന്‍ കൂട്ടുനിന്ന സതീശ്ശര്‍മയുടെ അനുയായി നചികേതകുമാറിനെ അമേരിക്ക ആദരിക്കുകയുംചെയ്തു. 2008ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുത്ത അന്താരാഷ്ട്രനിരീക്ഷകരില്‍ ഒരാളായി ഇദ്ദേഹം മാറി. ഇതേപ്പറ്റി കുമാര്‍ തന്റെ ബ്ളോഗില്‍ എഴുതി: "അമേരിക്കന്‍ സമൂഹത്തിന്റെ ജനാധിപത്യബോധവും തുറന്ന മനസ്സും പ്രതിഫലിപ്പിക്കുന്ന നടപടിയാണിത്''.
വിക്കിലീക്സിനെ ലോകം തള്ളിയതെന്ന് കോണ്‍ഗ്രസ്
വിക്കിലീക്സിന്റെ വെളിപ്പെടുത്തലുകള്‍ ലോകം തള്ളിക്കളഞ്ഞതാണെന്ന് കോണ്‍ഗ്രസ്. ഇതിന്റെ പേരില്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ള പറഞ്ഞു. വിശ്വാസവോട്ട് നേടാന്‍ യുപിഎ സര്‍ക്കാര്‍ കോഴ നല്‍കിയെന്ന വിക്കിലീക്സിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിലെ പ്രകടനത്തിന് പ്രതിപക്ഷം മാപ്പുപറയണമെന്നും ശുക്ള ആവശ്യപ്പെട്ടു.
ദേശാഭിമാനി 180311
വിക്കിലീക്സ് വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് നേതാക്കളുടെ തനിനിറം വെളിപ്പെടുത്തുന്നു. പണമൊഴുക്കാന്‍ വാണിജ്യമന്ത്രി കമല്‍നാഥിനുള്ള ശേഷിയെപ്പറ്റി ഒരു കോണ്‍ഗ്രസ് നേതാവ് ഇങ്ങനെ പറഞ്ഞതായി അമേരിക്കന്‍ നയതന്ത്രജ്ഞന്‍ സ്റ്റീഫന്‍ വൈറ്റ് എഴുതിയിരിക്കുന്നു:
ReplyDelete"മുമ്പ് അദ്ദേഹത്തിന് ചെറുവിമാനങ്ങള്‍ മാത്രമേ കോഴയായി വാഗ്ദാനം ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. ഇപ്പോള്‍ വോട്ടിനുപകരം ജെറ്റുകള്‍തന്നെ നല്‍കാനാകും''.
വിശ്വാസവോട്ട് നേടുന്നതിനായി കോഴ നല്‍കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പറഞ്ഞു. 2008ല്‍ വിശ്വാസവോട്ട് നേടുന്നതിന് എംപിമാര്‍ക്ക് കോണ്‍ഗ്രസ് കോഴ നല്‍കിയെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിനുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. വിക്കിലീക്ക്സിന്റെ വെളിപ്പെടുത്തല്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. 2008 ജൂലൈ 22ന് വിശ്വാസം നേടുന്നതിന് കോടികള്‍ കൈക്കൂലി നല്‍കിയതായി കോണ്‍ഗ്രസ് നേതാവ് സതീഷ്ശര്‍മ്മ അമേരിക്കന്‍ നയതന്ത്രജ്ഞനോട് നടത്തിയ സംഭാഷണമാണ് വിക്കിലീക്ക്സ് ചോര്‍ത്തിയത്. ഇതു സംബന്ധിച്ച് ശര്‍മ്മയുടെ സെക്രട്ടറി നചികേത കുമാര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ സ്റ്റീഫന്‍ വൈറ്റുമായി നടത്തിയ സംഭാഷണമാണ് തെളിവ്. അജിത്സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിന്റെ എംപിമാര്‍ക്ക് 10 കോടി വീതം കൊടുത്തതായും ഇനിയും കൂടുതല്‍ പേര്‍ക്ക് കൊടുക്കുന്നതിനുള്ള പണം രണ്ട് ബാഗുകളില്‍ സൂക്ഷിച്ചത് നചികേതസ് വൈറ്റിനെ കാണിച്ചതായും വൈറ്റിന്റെ വെളിപ്പെടുത്തലിലുണ്ട്.
ReplyDelete