Wednesday, March 23, 2011

വനിതാലീഗിന് കൈപൊള്ളി

മുസ്ളിംലീഗിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് വനിതകളെ ഒഴിവാക്കിയതിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ പകപോക്കല്‍. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭപ്രശ്നത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി പരസ്യനിലപാട് സ്വീകരിക്കാത്തതിനാലാണ് വനിതാ ലീഗ് നേതാക്കളെ തഴഞ്ഞതെന്ന് ഒരു വനിതാ ലീഗ് സംസ്ഥാനഭാരവാഹി വെളിപ്പെടുത്തി. ഐസ്ക്രീം പ്രശ്നത്തില്‍ യുഡിഎഫ് മഹിളാസംഘടനകളെ അണിനിരത്തി പ്രചാരണം നടത്തണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ താല്‍പ്പര്യം കാട്ടാതിരുന്നതാണ് സ്ഥാനാര്‍ഥിപദം തെറിക്കാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. ഇ കെ വിഭാഗം സുന്നിനേതാക്കളുടെ സമ്മര്‍ദവും സീറ്റ്നിഷേധത്തിന് കാരണമായെന്ന് ഇവര്‍ പറഞ്ഞു.

സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള രണ്ടു സീറ്റില്‍ വനിതകളെ പരിഗണിക്കുമെന്നായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്. എന്നാല്‍, ഇരവിപുരം, ഗുരുവായൂര്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളായതോടെ സ്ത്രീകള്‍ പൂര്‍ണമായി പുറത്തായി. അഡ്വ. നൂര്‍ബിന റഷീദ്, ഖമറുന്നീസ അന്‍വര്‍, അഡ്വ. കെ പി മറിയുമ്മ എന്നിവര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതില്‍ നൂര്‍ബിനയുടെ പേര് കോഴിക്കോട് സൌത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, സുന്നി പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കി. സുന്നിഫോറത്തിന്റെ പേരില്‍ പോസ്ററുകളും പ്രത്യക്ഷപ്പെട്ടു. സീറ്റ് മോഹികളാണ് സുന്നി ഫോറത്തിനു പിന്നിലെന്നാണ് വനിതാലീഗുകാര്‍ കരുതുന്നത്.

ഇക്കുറി സ്ത്രീസമൂഹത്തില്‍നിന്ന് ലീഗിനെതിരായ എതിര്‍പ്പ് പ്രകടമാണ്. പാര്‍ടിയെക്കുറിച്ച് സ്ത്രീവോട്ടര്‍മാരില്‍ അവമതിപ്പുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടു സീറ്റില്‍ വനിതകളെ മത്സരിപ്പിക്കണമെന്നായിരുന്നു വനിതാലീഗ് ആവശ്യപ്പെട്ടത്.

മഹിളാലീഗുകാരുടെ പ്രതിഷേധത്തോടൊപ്പം ലീഗില്‍ പേമെന്റ് സീറ്റ് വിവാദവും ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട്, മഞ്ചേശ്വരം സീറ്റുകളാണ് ലീഗ് നേതൃത്വം കച്ചവടം നടത്തിയതായി വിമര്‍ശമുണ്ടായിരിക്കുന്നത്. എന്‍ എ നെല്ലിക്കുന്നും പി ബി അബ്ദുള്‍ റസാഖുമാണ് ഇവിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍. കെഎംസിസിയും യൂത്ത്ലീഗുമാണ് സീറ്റ്കച്ചവട പ്രശ്നം ഉന്നയിച്ചിട്ടുള്ളത്. പി വി അബ്ദുള്‍ വഹാബിന് ഇക്കുറി സീറ്റ് നിഷേധിക്കാന്‍ കാരണം ആവശ്യപ്പെട്ട പണം നല്‍കാന്‍ വിസമ്മതിച്ചതാണെന്നു സൂചനയുണ്ട്. മഞ്ചേരിയില്‍ ആദ്യഘട്ടത്തിലേ ഉയര്‍ന്ന പേരായിരുന്നു വഹാബിന്റേത്. മുന്‍ മന്ത്രിമാരായ സി ടി അഹമ്മദലി, കുട്ടി അഹമ്മദ് കുട്ടി, ചെര്‍ക്കളം അബ്ദുള്ള എന്നിവരെ കുഞ്ഞാലിക്കുട്ടി തഴഞ്ഞതില്‍ അണികള്‍ക്ക് പ്രതിഷേധമുണ്ട്. എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തിന് ജയിക്കുന്ന കൊല്ലം ജില്ലയിലെ ഇരവിപുരത്തേക്കാണ് പി കെ കെ ബാവയെ നാടുകടത്തിയത്. ഐസ്ക്രീം പാര്‍ലര്‍ പെവാണിഭം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ചെര്‍ക്കളം അബ്ദുള്ളയ്ക്ക് സീറ്റ് നിഷേധിച്ചത്.
(പി വി ജീജോ)

ദേശാഭിമാനി 230311

1 comment:

  1. മുസ്ളിംലീഗിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് വനിതകളെ ഒഴിവാക്കിയതിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ പകപോക്കല്‍. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭപ്രശ്നത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി പരസ്യനിലപാട് സ്വീകരിക്കാത്തതിനാലാണ് വനിതാ ലീഗ് നേതാക്കളെ തഴഞ്ഞതെന്ന് ഒരു വനിതാ ലീഗ് സംസ്ഥാനഭാരവാഹി വെളിപ്പെടുത്തി. ഐസ്ക്രീം പ്രശ്നത്തില്‍ യുഡിഎഫ് മഹിളാസംഘടനകളെ അണിനിരത്തി പ്രചാരണം നടത്തണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ താല്‍പ്പര്യം കാട്ടാതിരുന്നതാണ് സ്ഥാനാര്‍ഥിപദം തെറിക്കാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. ഇ കെ വിഭാഗം സുന്നിനേതാക്കളുടെ സമ്മര്‍ദവും സീറ്റ്നിഷേധത്തിന് കാരണമായെന്ന് ഇവര്‍ പറഞ്ഞു.

    ReplyDelete