Wednesday, March 23, 2011

പന്ന്യന്‍ തുടങ്ങി പറവൂരില്‍ പൊടിപാറും

കൊച്ചിക്കു മുമ്പെ തുറമുഖനഗരമായി ചരിത്രത്തില്‍ ഇടംനേടിയ 'പട്ടണം' ഉള്‍ക്കൊള്ളുന്ന പറവൂര്‍മണ്ഡലം തുടക്കത്തിലെ തെരഞ്ഞെടുപ്പ് വേലിയേറ്റത്തില്‍ ഇളകിമറിയുന്നു. ഐതിഹാസികമായ പാലിയം സമരത്തിന് സാക്ഷിയായ ഈ കര്‍മഭൂമി ഇപ്പോള്‍ പങ്കുവയ്ക്കുന്നത് വോട്ടുവിശേഷങ്ങളാണ്. ഇടതുനിരയിലെ ശ്രദ്ധേയനായ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫ് ക്യാമ്പിന് വര്‍ധിത ആവേശം പകരുന്നു. എന്നാല്‍ യുഡിഎഫ് ക്യാമ്പിലെ തര്‍ക്കമില്ലാത്ത സ്ഥാനാര്‍ഥിയായിട്ടും കോണ്‍ഗ്രസിലെ വി ഡി സതീശന്‍ തുടക്കത്തിലെ പ്രതിരോധത്തിലേക്കുവീണതായി അണികള്‍ ഭയക്കുന്നു. ഇരുസ്ഥാനാര്‍ഥിയും രംഗത്തിറങ്ങി നേരത്തെ അരങ്ങുണര്‍ന്ന പറവൂര്‍ ചൂടേറിയ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കും വികസന ചര്‍ച്ചകള്‍ക്കും വേദിയാകുകയാണ്.

ഔദ്യോഗികമായി മണ്ഡലപര്യടനം ആരംഭിക്കുന്നതിനു മുമ്പ് പരമാവധി പേരെ കാണാനുള്ള ഓട്ടപ്രദക്ഷിണത്തിലാണ് പന്ന്യന്‍ രവീന്ദ്രന്‍. പൊതുയോഗങ്ങളിലൂടെയും മറ്റും പറവൂരുമായി ഹൃദയബന്ധം സ്ഥാപിച്ചിട്ടുള്ള അദ്ദേഹത്തെ സ്വന്തം നാട്ടുകാരനായാണ് ഇവിടുത്തുകാര്‍ കാണുന്നത്. ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്‍ഷനും ഇതിനു തെളിവായി. വികസനംതന്നെയാണ് തുടക്കത്തില്‍ ഇവിടുത്തെ ചര്‍ച്ചാവിഷയം. മണ്ഡലത്തില്‍ യുഡിഎഫ് വിതരണംചെയ്ത വികസനം സംബന്ധിച്ച പ്രചാരണപുസ്തകത്തില്‍ ഇടംതേടിയിട്ടുള്ളത് സംസ്ഥാനത്തെ ആറ് മന്ത്രിമാരുടെ ചിത്രങ്ങളാണ്. ഇതുതന്നെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കക്ഷിരാഷ്ട്രീയം നോക്കാതെയുള്ള പ്രാദേശിക വികസനനേട്ടത്തിന്റെ സാക്ഷ്യപത്രമായി ജനം വിലയിരുത്തിയതോടെ അമളിപറ്റിയ സ്ഥിതിയിലാണ് യുഡിഎഫ്. 10 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സതീശന് യുഡിഎഫ് ഭരണകാലത്തെ എന്തുനേട്ടമാണ് പങ്കുവയ്ക്കാനുള്ളത് എന്ന എതിര്‍ ചോദ്യവും അവരുടെ നാവടപ്പിക്കുന്നു. കയര്‍, കൈത്തറി, മത്സ്യം, കൃഷി തുടങ്ങിയ പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ ഭാഗധേയം നിര്‍ണയിക്കുന്ന മണ്ണില്‍ ഈ മേഖലയിലുടനീളം വി എസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭരണനേട്ടങ്ങളാണ് എല്‍ഡിഎഫ് മുഖ്യ പ്രചാരണായുധമാക്കുന്നത്.

ഇരുമുന്നണികളെയും തുണച്ചിട്ടുള്ളതാണ് പറവൂരിന്റെ ചരിത്രം. കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍ ശിവന്‍പിള്ളയെ തെരഞ്ഞെടുത്താണ് തുടക്കം. എന്നാല്‍ 2001-ല്‍ ശിവന്‍പിള്ളയുടെ മകനായ പി രാജുവില്‍നിന്ന് വി ഡി സതീശന്‍ മണ്ഡലം പിടിച്ചെടുത്തു. 2006-ലും അദ്ദേഹം വിജയിച്ചു. ഇക്കുറി എല്‍ഡിഎഫിന് പ്രതീക്ഷയേറെയാണ്. വലത്തോട്ടുള്ള കാറ്റിന് ശക്തിയേറിയ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയത് 6500 വോട്ടിന്റെ ഭൂരിപക്ഷമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടിയ 6580 വോട്ടിന്റെ ഭൂരിപക്ഷവും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഒപ്പം പന്ന്യന്‍ രവീന്ദ്രന്റെ സ്ഥാനാര്‍ഥിത്വവും. 1,67,455 വോട്ടര്‍മാര്‍മാരാണ് മണ്ഡലത്തിലുള്ളത്. ജില്ലയില്‍ 18നും 20നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമാണിത്- 6579 പേര്‍.
(ഷഫീഖ് അമരാവതി)

ദേശാഭിമാനി 230311

1 comment:

  1. കൊച്ചിക്കു മുമ്പെ തുറമുഖനഗരമായി ചരിത്രത്തില്‍ ഇടംനേടിയ 'പട്ടണം' ഉള്‍ക്കൊള്ളുന്ന പറവൂര്‍മണ്ഡലം തുടക്കത്തിലെ തെരഞ്ഞെടുപ്പ് വേലിയേറ്റത്തില്‍ ഇളകിമറിയുന്നു. ഐതിഹാസികമായ പാലിയം സമരത്തിന് സാക്ഷിയായ ഈ കര്‍മഭൂമി ഇപ്പോള്‍ പങ്കുവയ്ക്കുന്നത് വോട്ടുവിശേഷങ്ങളാണ്. ഇടതുനിരയിലെ ശ്രദ്ധേയനായ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫ് ക്യാമ്പിന് വര്‍ധിത ആവേശം പകരുന്നു. എന്നാല്‍ യുഡിഎഫ് ക്യാമ്പിലെ തര്‍ക്കമില്ലാത്ത സ്ഥാനാര്‍ഥിയായിട്ടും കോണ്‍ഗ്രസിലെ വി ഡി സതീശന്‍ തുടക്കത്തിലെ പ്രതിരോധത്തിലേക്കുവീണതായി അണികള്‍ ഭയക്കുന്നു. ഇരുസ്ഥാനാര്‍ഥിയും രംഗത്തിറങ്ങി നേരത്തെ അരങ്ങുണര്‍ന്ന പറവൂര്‍ ചൂടേറിയ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കും വികസന ചര്‍ച്ചകള്‍ക്കും വേദിയാകുകയാണ്.

    ReplyDelete