Wednesday, March 23, 2011

പപ്പുയാദവിനെ മാതൃകയാക്കി യുഡിഎഫ്

ബിഹാറിലെ പപ്പുയാദവിന്റെ വഴിയിലേക്ക് കേരളത്തെ എത്തിക്കാനാണ് യുഡിഎഫ് ശ്രമം. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കുമെന്ന പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്. കൊലപാതകം, കൊള്ള തുടങ്ങിയവയ്ക്ക് കോടതി തിഹാര്‍ ജയിലിലടച്ച പപ്പുയാദവ് ലോക്സഭയിലേക്ക് മത്സരിച്ചതുപോലെയാണ് പിള്ളയുടെ പുറപ്പാട്. അഴിമതി-പെണ്‍‌വാഭ കേസുകളില്‍ ജയില്‍പ്പുള്ളികളുടെ കുപ്പായം അണിയാന്‍ നില്‍ക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി, ടി എം ജേക്കബ്, അടൂര്‍ പ്രകാശ്, എം കെ മുനീര്‍, കെ പി വിശ്വനാഥന്‍ എന്നിവര്‍ക്ക് മത്സരിക്കാമെങ്കില്‍ എന്തുകൊണ്ട് തനിക്കായിക്കൂടായെന്ന ചോദ്യമാണ് പിള്ള ഉയര്‍ത്തുന്നത്. പൂജപ്പുര ജയിലിലെ തടവുപുള്ളിയാണെങ്കിലും നാമനിര്‍ദേശ പത്രിക ജയിലില്‍ കിടന്ന് സമര്‍പ്പിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ജയില്‍ സൂപ്രണ്ടിന്റെ മുന്നില്‍വച്ച് പത്രിക ഒപ്പിട്ടുനല്‍കിയാല്‍, അത് പിള്ളയുടെ ഏജന്റ് വരണാധികാരിയെ ഏല്‍പ്പിച്ചാല്‍ മതി. കരുതല്‍ തടങ്കലില്‍ കഴിഞ്ഞ കമ്യൂണിസ്റ് നേതാക്കള്‍ അങ്ങനെ മത്സരിച്ച് ജയിച്ചിട്ടുണ്ട്. പക്ഷേ, പിള്ളയുടേത് അഴിമതിക്കേസാണ്. ഇടമലയാര്‍ കേസില്‍ നാലുവര്‍ഷം കഠിനതടവ് നല്‍കിയ വിജിലന്‍സ് പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീംകോടതിയാണ് ശരിവച്ചത്. എന്നാല്‍, പ്രായവും മറ്റും കണക്കിലെടുത്ത് തടവ് ഒരു വര്‍ഷവും പിഴ പതിനായിരവുമാക്കി ചുരുക്കി. ഇതിനെ ദുര്‍വ്യാഖ്യാനിച്ചാണ് മത്സരത്തിനുള്ള പുറപ്പാട്.

അഴിമതിക്കേസിലോ ബലാത്സംഗം, സ്ത്രീകളോടുള്ള ക്രൂരത, കള്ളക്കടത്ത്, രാജ്യദ്രോഹം, മയക്കുമരുന്ന് കേസ് തുടങ്ങിയവയിലോ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷകിട്ടിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല എന്നാണ് 1951ലെ ജനപ്രാതിനിധ്യനിയമത്തിലെ എട്ടാംവകുപ്പില്‍ പറയുന്നത്. പിള്ളയ്ക്ക് നാലുവര്‍ഷത്തേക്കുള്ള കീഴ്ക്കോടതി ശിക്ഷ സുപ്രീംകോടതി ശരിവച്ചിരിക്കയാണ്. പ്രായവും കേസിന്റെ 20 വര്‍ഷത്തെ ദൈര്‍ഘ്യവും കണക്കിലെടുത്താണ് നാലുവര്‍ഷത്തെ ശിക്ഷ ഒരുവര്‍ഷത്തെ കഠിനതടവിലൂടെ അനുഭവിച്ചുതീരുക എന്ന് സുപ്രീംകോടതി കല്‍പ്പിച്ചത്. പിള്ളയുടെ റിവ്യു ഹര്‍ജി സുപ്രിംകോടതി തള്ളി. പിന്നെ, ഹേബിയസ് കോര്‍പസ് ഹര്‍ജിയുള്‍പ്പെടെ സകലവഴികളും തേടി. തന്നെ അന്യായ തടങ്കലില്‍ വച്ചിരിക്കുകയാണെന്നും മോചിപ്പിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. അപൂര്‍വ നിയമയുദ്ധം നടത്താമെന്ന പ്രതീക്ഷയായിരുന്നു പിള്ളയ്ക്ക്. പക്ഷേ, കോടതിയുടെ കര്‍ശനമായ നിരീക്ഷണത്തെത്തുടര്‍ന്ന് ഹര്‍ജി പിന്‍വലിച്ച് തടിയൂരി. പൂര്‍ണമായി ശിക്ഷാവിധി മരവിച്ചാല്‍മാത്രമേ പിള്ളയ്ക്ക് മത്സരിക്കാന്‍ കഴിയൂ എന്നാണ് നിയമകേന്ദ്രങ്ങള്‍ ഇതുവരെ വ്യക്തമാക്കിയത്. ശിക്ഷിക്കപ്പെടുന്നയാള്‍ എംഎല്‍എയോ എംപിയോ ആണെങ്കില്‍ പദവി നഷ്ടപ്പെടും. ശിക്ഷാ കാലാവധി കഴിഞ്ഞുള്ള ആറുവര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. അതായത് പിള്ളയ്ക്ക് ഏഴുവര്‍ഷം കഴിഞ്ഞിട്ടേ നിയമസഭയിലേക്കോ ലോക്സഭയിലേക്കോ മത്സരിക്കാന്‍ കഴിയൂവെന്നാണ് നിയമകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പത്രിക സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം കൊട്ടാരക്കര മണ്ഡലത്തിലെ വരണാധികാരിയായ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലതികയ്ക്കാണ്. എന്നാല്‍, പിള്ളയുടെ സ്ഥാനാര്‍ഥിത്വത്തെ അംഗീകരിക്കാന്‍ യുഡിഎഫിലും കോണ്‍ഗ്രസിലുമുള്ള അണികളില്‍ വലിയ വിഭാഗം തയ്യാറാകില്ല. ഈ സ്ഥിതിയില്‍ യുഡിഎഫ് നേതൃത്വം പിള്ളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ എന്തു നിലപാട് എടുക്കുമെന്നതും കൌതുകകരം.
(ആര്‍ എസ് ബാബു)

ദേശാഭിമാനി 230311

1 comment:

  1. ബിഹാറിലെ പപ്പുയാദവിന്റെ വഴിയിലേക്ക് കേരളത്തെ എത്തിക്കാനാണ് യുഡിഎഫ് ശ്രമം. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കുമെന്ന പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്. കൊലപാതകം, കൊള്ള തുടങ്ങിയവയ്ക്ക് കോടതി തിഹാര്‍ ജയിലിലടച്ച പപ്പുയാദവ് ലോക്സഭയിലേക്ക് മത്സരിച്ചതുപോലെയാണ് പിള്ളയുടെ പുറപ്പാട്. അഴിമതി-പെണ്‍‌വാഭ കേസുകളില്‍ ജയില്‍പ്പുള്ളികളുടെ കുപ്പായം അണിയാന്‍ നില്‍ക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി, ടി എം ജേക്കബ്, അടൂര്‍ പ്രകാശ്, എം കെ മുനീര്‍, കെ പി വിശ്വനാഥന്‍ എന്നിവര്‍ക്ക് മത്സരിക്കാമെങ്കില്‍ എന്തുകൊണ്ട് തനിക്കായിക്കൂടായെന്ന ചോദ്യമാണ് പിള്ള ഉയര്‍ത്തുന്നത്. പൂജപ്പുര ജയിലിലെ തടവുപുള്ളിയാണെങ്കിലും നാമനിര്‍ദേശ പത്രിക ജയിലില്‍ കിടന്ന് സമര്‍പ്പിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ജയില്‍ സൂപ്രണ്ടിന്റെ മുന്നില്‍വച്ച് പത്രിക ഒപ്പിട്ടുനല്‍കിയാല്‍, അത് പിള്ളയുടെ ഏജന്റ് വരണാധികാരിയെ ഏല്‍പ്പിച്ചാല്‍ മതി. കരുതല്‍ തടങ്കലില്‍ കഴിഞ്ഞ കമ്യൂണിസ്റ് നേതാക്കള്‍ അങ്ങനെ മത്സരിച്ച് ജയിച്ചിട്ടുണ്ട്. പക്ഷേ, പിള്ളയുടേത് അഴിമതിക്കേസാണ്. ഇടമലയാര്‍ കേസില്‍ നാലുവര്‍ഷം കഠിനതടവ് നല്‍കിയ വിജിലന്‍സ് പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീംകോടതിയാണ് ശരിവച്ചത്. എന്നാല്‍, പ്രായവും മറ്റും കണക്കിലെടുത്ത് തടവ് ഒരു വര്‍ഷവും പിഴ പതിനായിരവുമാക്കി ചുരുക്കി. ഇതിനെ ദുര്‍വ്യാഖ്യാനിച്ചാണ് മത്സരത്തിനുള്ള പുറപ്പാട്.

    ReplyDelete