ചേലക്കര: ഗ്രാമീണതയുടെ എല്ലാ നന്മയും നൈര്‍മല്യവും പുലരുന്ന തോന്നൂര്‍ക്കര എന്ന കൊച്ചു ഗ്രാമത്തിലാണ് സ്പീക്കര്‍ കെ രാധാകൃഷ്ണന്റെ വീട്. ഇനിയും പണി തീര്‍ന്നിട്ടില്ലാത്ത കൊച്ചു വീട്. ജില്ലാ കൌണ്‍സില്‍ അംഗമായി തുടങ്ങി എംഎല്‍എയും മന്ത്രിയും സ്പീക്കറുമായി കഴിഞ്ഞ 15 വര്‍ഷം തുടര്‍ച്ചയായി നിയമസഭാ സമാജികനായ ഒരു ജനപ്രതിനിധിയുടെ വീടാണ് ഇതെന്ന് വിശ്വസിക്കാന്‍ പ്രയാസമാകും. ലാളിത്യവും വിനയവുംകൊണ്ട് സഹപ്രവര്‍ത്തകരുടെയും എതിരാളികളുടെയും ആദരവും അംഗീകാരവും നേടിയ കെ രാധാകൃഷ്ണന്റെ മനസ്സുപോലെതന്നെ മതില്‍ക്കെട്ടുകളില്ലാത്ത വീടും പരിസരവും. നിയമസഭയിലേക്ക് നാലാം തവണ ജനവിധി തേടുമ്പോഴും പാവങ്ങളുടെ പ്രതിനിധി എന്ന വിശേഷണം രാധാകൃഷ്ണന് സ്വന്തം. ഒരു കൊച്ചുവീട് വച്ചെങ്കിലും ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിന് അഞ്ചുലക്ഷം രൂപ ബാധ്യതയുമുണ്ട്. 12-ാം വയസ്സില്‍ വയലില്‍ പോത്തുകളുമായി കന്നുപൂട്ടാന്‍ പോകേണ്ടിവന്ന ഈ ചെറുപ്പക്കാരന്റെ പ്രവര്‍ത്തനങ്ങളില്‍ കഷ്ടപ്പെടുന്നവന്റെ കണ്ണീരിന്റെ നനവുണ്ട്. ചെറിയ വരുമാനങ്ങളിലും ഏറ്റവും ചുരുങ്ങി ജീവിക്കാന്‍ ശീലിച്ച രാധാകൃഷ്ണന്‍ ജനസേവനത്തിന്റെ കാര്യത്തില്‍ മാത്രമാണ് ധാരാളി.
ദരിദ്ര കര്‍ഷകത്തൊഴിലാളി കുടുംബമായ തോന്നൂര്‍ക്കര വടക്കേ വളപ്പില്‍ കൊച്ചുണ്ണിയുടെയും ചിന്നയുടെയും എട്ട് മക്കളില്‍ രണ്ടാമനായി 1964- മെയ് 24നാണ് രാധാകൃഷ്ണന്റെ ജനനം. മൂന്നാറില്‍ തേയിലത്തോട്ടത്തിലെ തൊഴിലാളികളായിരുന്നു അഛനും അമ്മയും. സ്കൂള്‍ പഠനകാലത്ത് എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായി. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ പട്ടിണി മാറ്റാനും പഠനച്ചെലവിനുമായി കല്ല് ചുമക്കാനും റബറിന് കുഴികുത്താനും തോടുനിര്‍മാണത്തിനുമെല്ലാം പോയിരുന്നു. വടക്കാഞ്ചേരിയിലെ വ്യാസ കോളേജിലായിരുന്നു പ്രീഡിഗ്രി പഠിച്ചത്. അന്ന് എസ്എഫ്ഐ കോളേജ് യൂണിറ്റ് സെക്രട്ടറിയും ചേലക്കര ഏരിയ സെക്രട്ടറിയുമായി. 1983ല്‍ അഖിലേന്ത്യാ ബന്ദിന്റെ ഭാഗമായി ചേലക്കരയില്‍ നടത്തിയ സമരത്തില്‍ വെടിവയ്പ്പുണ്ടായി. നാനൂറോളം പ്രവര്‍ത്തകരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കെ രാധാകൃഷ്ണനായിരുന്നു പതിമൂന്നാം പ്രതി. പൊലീസ് പിടിക്കാന്‍ വന്നപ്പോള്‍ തൊട്ടടുത്ത റബര്‍ എസ്റ്റേറ്റിലൂടെ ഓടി ഒരുരാത്രി മുഴുവന്‍ ഒറ്റയ്ക്ക് പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കേണ്ടിവന്ന കാര്യം പറയുമ്പോള്‍ രാധാകൃഷ്ണന്‍ ചിരിക്കും. പൊലീസ് ഓടിച്ചപ്പോള്‍ കാലിലുണ്ടായ മുറിവും വിദ്യാര്‍ഥി സമരത്തില്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ കഴുത്തിനും എല്ലിനും ക്ഷതമേറ്റതിന്റെ വേദനയും ഇപ്പോഴുമുണ്ട്. ഇടയ്ക്ക് കൈയില്‍ ബാന്‍ഡേജിടുന്നതും ഈ പരിക്കുമൂലമാണ്.
തൃശൂര്‍ കേരളവര്‍മ കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കെ ഡിഗ്രി രണ്ടാം വര്‍ഷത്തില്‍ അച്ഛന്‍ ഹൃദയാഘാതംമൂലം മരിച്ചു. ഇതോടെ പഠനം വഴിമുട്ടി. കുടുംബം നോക്കേണ്ട ചുമതലകൂടിയായപ്പോള്‍ അമ്മയ്ക്കൊപ്പം തേയിലത്തോട്ടത്തില്‍ പണിക്കുപോയി. എന്നാല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ തിരികെ കോളേജിലെത്തിച്ചു. അന്ന് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു. ബ്രാഞ്ച് സെക്രട്ടറിയായിരിക്കെത്തന്നെ സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായി തെരഞ്ഞെടുക്കപ്പെട്ടത് അപൂര്‍വതയായി. കൂലിപ്പണിക്ക് പോകുന്നതിനൊപ്പം പാര്‍ടി പ്രവര്‍ത്തനവുംകൂടി ചെയ്യുന്നതിനിടെയാണ് 1991ല്‍ ആദ്യ ജില്ലാ കൌണ്‍സിലിലേക്ക് വള്ളത്തോള്‍ നഗറില്‍നിന്നും ജയിച്ചത്. 1996ല്‍ ചേലക്കര നിയോജക മണ്ഡലത്തില്‍നിന്നും വലിയ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് എത്തിയത്. ഇതോടെ തിരുത്തിയെഴുതിയത് ചേലക്കര യുഡിഎഫിന്റെ കുത്തക മണ്ഡലമെന്ന അവകാശവാദവും. നായനാര്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ യുവാവ് പട്ടികജാതി- വര്‍ഗ മന്ത്രിയുമായി.
മന്ത്രിയായിരുന്നപ്പോഴും ടാര്‍പോളിന്‍കൊണ്ടു മറച്ച ചെറിയ കൂരയിലായിരുന്നു താമസം. പിന്നീടാണ് ഹൌസിങ്ബോര്‍ഡില്‍ നിന്നും മൂന്ന്ലക്ഷം രൂപ വായ്പയെടുത്ത് ഒറ്റമുറി വീട് വച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയും തന്റെ മണ്ഡലത്തില്‍നിന്നും വിജയിച്ച കെ രാധാകൃഷ്ണന്‍ നിയമസഭാ സ്പീക്കറുമായി. ചേലക്കര ഇന്നേവരെ കണ്ടിട്ടില്ലാത്ത വികസനത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. എതിരാളികളുടെപോലും പൊതുസമ്മതനായ ഈ ചെറുപ്പക്കാരനെ നാലാമങ്കത്തിലും ഇതിനകംതന്നെ ചേലക്കര നെഞ്ചേറ്റിക്കഴിഞ്ഞു.
ദേശാഭിമാനി 250311
ഗ്രാമീണതയുടെ എല്ലാ നന്മയും നൈര്‍മല്യവും പുലരുന്ന തോന്നൂര്‍ക്കര എന്ന കൊച്ചു ഗ്രാമത്തിലാണ് സ്പീക്കര്‍ കെ രാധാകൃഷ്ണന്റെ വീട്. ഇനിയും പണി തീര്‍ന്നിട്ടില്ലാത്ത കൊച്ചു വീട്. ജില്ലാ കൌണ്‍സില്‍ അംഗമായി തുടങ്ങി എംഎല്‍എയും മന്ത്രിയും സ്പീക്കറുമായി കഴിഞ്ഞ 15 വര്‍ഷം തുടര്‍ച്ചയായി നിയമസഭാ സമാജികനായ ഒരു ജനപ്രതിനിധിയുടെ വീടാണ് ഇതെന്ന് വിശ്വസിക്കാന്‍ പ്രയാസമാകും. ലാളിത്യവും വിനയവുംകൊണ്ട് സഹപ്രവര്‍ത്തകരുടെയും എതിരാളികളുടെയും ആദരവും അംഗീകാരവും നേടിയ കെ രാധാകൃഷ്ണന്റെ മനസ്സുപോലെതന്നെ മതില്‍ക്കെട്ടുകളില്ലാത്ത വീടും പരിസരവും. നിയമസഭയിലേക്ക് നാലാം തവണ ജനവിധി തേടുമ്പോഴും പാവങ്ങളുടെ പ്രതിനിധി എന്ന വിശേഷണം രാധാകൃഷ്ണന് സ്വന്തം. ഒരു കൊച്ചുവീട് വച്ചെങ്കിലും ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിന് അഞ്ചുലക്ഷം രൂപ ബാധ്യതയുമുണ്ട്. 12-ാം വയസ്സില്‍ വയലില്‍ പോത്തുകളുമായി കന്നുപൂട്ടാന്‍ പോകേണ്ടിവന്ന ഈ ചെറുപ്പക്കാരന്റെ പ്രവര്‍ത്തനങ്ങളില്‍ കഷ്ടപ്പെടുന്നവന്റെ കണ്ണീരിന്റെ നനവുണ്ട്. ചെറിയ വരുമാനങ്ങളിലും ഏറ്റവും ചുരുങ്ങി ജീവിക്കാന്‍ ശീലിച്ച രാധാകൃഷ്ണന്‍ ജനസേവനത്തിന്റെ കാര്യത്തില്‍ മാത്രമാണ് ധാരാളി.
ReplyDeleteചേലക്കരയുടെ സ്വന്തം സഖാവിനു വിജയാശംസകള്‍
ReplyDeleteമൂല്യങ്ങള്‍ ചോര്‍ന്നു പോയിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇങ്ങനെയും ഒരാളോ....ഹൃദയംഗമമായ വിജയാശംസകള്‍....
ReplyDelete