Friday, March 25, 2011

ദേശീയ വാര്‍ത്തകള്‍ 2

വോട്ടുകോഴ: ലോക്സഭയില്‍ പ്രതിപക്ഷ വാക്കൌട്ട്

ന്യൂഡല്‍ഹി: ഒന്നാം യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത് കോടികള്‍ കോഴപ്പണമായി ഒഴുക്കിയാണെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ സമഗ്രമായി അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചു. വെളിപ്പെടുത്തല്‍ വിശ്വാസത്തിലെടുക്കാനാകില്ലെന്ന് പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. അന്വേഷണത്തിന് മടിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. രാജ്യസഭയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയില്‍മേല്‍ വിശദീകരണത്തിന് പ്രതിപക്ഷ നേതാക്കള്‍ക്ക് സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി അവസരം നിഷേധിച്ചു. സഭ അടുത്ത ദിവസം ചേരുന്നതിനായി പിരിയുകയാണെന്ന് സഭാധ്യക്ഷന്‍ അറിയിച്ചു.

പാര്‍ലമെന്റിന്റെ ഇരുസഭയിലും നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. വോട്ടുകോഴ വിവാദത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിലപാട് വ്യക്തമാക്കണമെന്നും സംശുദ്ധി തെളിയിക്കണമെന്നും സിപിഐ എം സഭാനേതാവ് ബസുദേവ് ആചാര്യ ആവശ്യപ്പെട്ടു. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ ഉചിതമായ ഏജന്‍സിയെവച്ച് ആരോപണങ്ങള്‍ അന്വേഷിക്കണം. ഇന്തോ- യുഎസ് ആണവകരാര്‍ പ്രശ്നത്തില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായിരുന്നു. പിന്നീട് കൃത്രിമമായി ഭൂരിപക്ഷം സൃഷ്ടിച്ചു. വിശ്വാസവോട്ടില്‍നിന്ന് 19 എംപിമാരാണ് വിട്ടുനിന്നത്. ഇവരെല്ലാം എന്‍ഡിഎ കക്ഷികളില്‍പ്പെട്ടവരായിരുന്നു. വോട്ടുകോഴ അന്വേഷിച്ച ലോക്സഭാ സമിതി കൂടുതല്‍ അന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ അതിന് തയ്യാറാകണമെന്ന് ബസുദേബ് ആചാര്യ ആവശ്യപ്പെട്ടു.

തനിക്കൊന്നും അറിയില്ലെന്നു പറയുകയും കുറ്റങ്ങളെല്ലാം മറ്റുള്ളവരുടെ തലയിലിടുകയുമാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് സുഷമസ്വരാജ് പറഞ്ഞു. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ കൃഷിമന്ത്രി ശരത്പവാറിനെ കുറ്റപ്പെടുത്തുന്നു. 2ജി അഴിമതിയില്‍ എ രാജയാണ് ഉത്തരവാദിയെന്നു പറയുന്നു. കോമവെല്‍ത്തിന്റെ കാര്യത്തില്‍ കല്‍മാഡിയാണ് കുറ്റക്കാരനെന്നു പറയുന്നു. വോട്ടുകോഴ സംഭവംകൂടി പുറത്തുവന്നതോടെ പ്രധാനമന്ത്രിയായി തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായിരിക്കയാണ്. രാജിവച്ച് പുറത്തുപോകണം- സുഷമ പറഞ്ഞു. കപില്‍സിബല്‍, പി കെ ബന്‍സല്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടുകോഴ ബിജെപിയുടെ സൃഷ്ടിയാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചു. യുഎസ് നയതന്ത്ര കേബിളുകള്‍ പുറത്തു കൊണ്ടുവന്ന ജൂലിയന്‍ അസാഞ്ചെയെ സൈബര്‍ ഭീകരവാദിയായും കോണ്‍ഗ്രസ് നേതാക്കള്‍ ചിത്രീകരിച്ചു. ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ പ്രധാനമന്ത്രി പഴയ നിലപാടുകള്‍ ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയാവുക എന്നത് തന്റെ ജന്മാവകാശമായാണ് അദ്വാനി കാണുന്നതെന്നും അതുകൊണ്ട് അദ്ദേഹം എപ്പോഴും തന്നെ പഴിക്കുകയാണെന്നും മന്‍മോഹന്‍ പറഞ്ഞു.
(എം പ്രശാന്ത്)


കോണ്‍ഗ്രസ് മമതയ്ക്ക് കീഴടങ്ങിയത് അമേരിക്കന്‍ സമ്മര്‍ദത്തില്‍

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി നാണംകെട്ട സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറായത് അമേരിക്കന്‍ സമ്മര്‍ദത്താല്‍. 34 വര്‍ഷമായി സംസ്ഥാനത്ത് തുടരുന്ന ഇടതുപക്ഷഭരണത്തെ തകര്‍ക്കുകയെന്ന അമേരിക്കന്‍ താല്‍പ്പര്യത്തിനു വേണ്ടി സഖ്യമുണ്ടാക്കാന്‍ പ്രധാന പങ്കുവഹിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. റിഡിഫ് ഡോട്ട്കോം വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും ഇതില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അമേരിക്കന്‍ അനുകൂല ഭരണം സ്ഥാപിക്കാന്‍ വാഷിങ്ടണ്‍ നടത്തുന്ന നീക്കങ്ങളെക്കുറിച്ചുള്ള വിക്കീലിക്സ് രേഖകള്‍ പാര്‍ലമെന്റിനെ പിടിച്ചുകുലുക്കുന്ന വേളയിലാണ് ബംഗാളിലെ ഇടതുഭരണത്തിനെതിരായ അമേരിക്കന്‍ നീക്കവും പുറത്തുവന്നത്.

പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി ഒരുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കുശേഷം സോണിയാഗാന്ധി ധനമന്ത്രി പ്രണബ് മുഖര്‍ജിയെ വിളിച്ച് ഏത്ര കുറഞ്ഞ സീറ്റിനായാലും സഖ്യമുണ്ടാക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് മുഖര്‍ജി മമത ബാനര്‍ജിയെ വിളിച്ച് സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചത്. കോണ്‍ഗ്രസ് തോല്‍വിയറിയാത്ത നാലുമണ്ഡലങ്ങള്‍ പോലും മമതയ്ക്ക് നല്‍കിയായിരുന്നു കീഴടങ്ങല്‍. തുടര്‍ച്ചയായി ഏഴുതവണ ജയിച്ച രാം പ്യാരേ രാം ഉള്‍പ്പെടെ സീറ്റു നിഷേധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. രാമിന്റെ സീറ്റു ലഭിക്കാതെ ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന് നേരത്തേ സോണിയതന്നെ പറഞ്ഞിരുന്നു. 294 അംഗ നിയമസഭയില്‍ 65 സീറ്റുമാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. കോണ്‍ഗ്രസിന്റെ ഉന്നതങ്ങളിലാണ് ഈ തീരുമാനമെടുത്തതതെന്ന് പിസിസി അധ്യക്ഷന്‍ മനാസ് ഭൂനിയ തന്നെ വെളിപ്പെടുത്തി.

മുന്‍കാലങ്ങളിലും കമ്യൂണിസ്റ് സര്‍ക്കാരുകളെ താഴെയിറക്കാന്‍ അമേരിക്ക ഗൂഢാലോചന നടത്തിയിരുന്നു. പ്രഥമ ഇ എം എസ് സര്‍കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന വിമോചനസമരത്തിന് പണം നല്‍കിയിരുന്നുവെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന പാട്രിക്ക് മൊയ്നിഹാന്‍ വെളിപ്പെടുത്തുകയുണ്ടായി.

മൂന്ന് ദശാബ്ദത്തിലേറെയായി സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന പശ്ചിമബംഗാളിലായി പിന്നീട് അവരുടെ കേന്ദ്രീകരണം. 1995ല്‍ പുരുളിയയില്‍ പ്രത്യേക വിമാനത്തില്‍ ആയുധം ഇറക്കിയതുള്‍പ്പെടെ നിരവധിസംഭവങ്ങള്‍ ബംഗാളില്‍ അരങ്ങേറി. സിംഗൂരിലും നന്ദിഗ്രാമിലും നടന്ന സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങളാണ് ഇതില്‍ അവസാനത്തേത്. നന്ദിഗ്രാം സമരത്തിനും മറ്റും നേതൃത്വം നല്‍കിയ പല നേതാക്കളുമായും കൊല്‍ക്കത്തയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ നിരന്തരം കൂടിക്കാഴ്ച നടത്തിയിരുന്നു. പല നേതാക്കളും ഈ ഘട്ടത്തില്‍ അമേരിക്ക സന്ദര്‍ശിച്ചു.

കഴിഞ്ഞ നവംബറില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് കൊല്‍ക്കത്തയില്‍ നന്ദിഗ്രാം സംബന്ധിച്ച് ഒരു ചര്‍ച്ചയും സംഘടിപ്പിച്ചു. മറ്റു രാഷ്ട്രങ്ങളുടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെകൂടി പങ്കെടുപ്പിച്ച ഈ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഏക രാഷ്ട്രീയനേതാവ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം ദിനേഷ് ത്രിവേദിയായിരുന്നു. ഡെപ്യൂട്ടി കോണ്‍സുലേറ്ററും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ചയും നടത്തിയിരുന്നു. കാര്‍ഷികപ്രശ്നം അന്വേഷിക്കാനെന്ന പേരില്‍ സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളായ ബിര്‍ഭൂം ജില്ലയിലെ ചില ഗ്രാമങ്ങള്‍ അമേരിക്കന്‍ കോസുലേറ്റ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചത് വന്‍വിവാദം സൃഷ്ടിച്ചിരുന്നു. ഭൂപരിഷ്കരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പ്രോല്‍സാഹിപ്പിക്കുന്നതായിരുന്നു അമേരിക്കയുടെ നടപടി. സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തെ പരാജയപ്പെടുണമെന്ന് അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പല രാഷ്ട്രീയനേതാക്കളെയും കണ്ട് അഭ്യര്‍ഥിക്കുകയാണ്.
(വി ബി പരമേശ്വരന്‍)

തൊഴില്‍നിയമ ഭേദഗതിബില്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി: തൊഴിലാളി സംഘടനകളുടെയും ഇടതുപക്ഷ അംഗങ്ങളുടെയും പ്രതിഷേധങ്ങള്‍ക്കിടെ, ചെറുകിട സംരംഭങ്ങളുടെ നിര്‍വചനത്തില്‍ മാറ്റംവരുത്തുന്ന തൊഴില്‍നിയമ ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പുതിയ വ്യവസ്ഥ പ്രകാരം പത്തുമുതല്‍ 40 വരെ ജീവനക്കാരുള്ള സംരംഭങ്ങള്‍ ഇനിമുതല്‍ ചെറുകിട സ്ഥാപനങ്ങളായിരിക്കും. നേരത്തെ പത്തുമുതല്‍ 19 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളായിരുന്നു ചെറുകിട സംരംഭങ്ങള്‍.

പുതിയ നിയമം നിലവില്‍ വരുന്നതോടെ രാജ്യത്തെ 60 ലക്ഷത്തോളം തൊഴിലാളികള്‍ തൊഴിലവകാശങ്ങളില്‍ നിന്നും ആനുകൂല്യങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുമെന്ന് സിഐടിയു ജനറല്‍സെക്രട്ടറിയും എംപിയുമായ തപന്‍സെന്‍ പറഞ്ഞു. ചെറുകിട സംരംഭങ്ങള്‍ക്ക് തൊഴില്‍നിയമങ്ങള്‍ ബാധകമാകില്ല. പുതിയ നിയമം നിലവില്‍ വരുന്നതോടെ 40 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ചെറു സംരംഭങ്ങളായി മാറും. പിഎഫ് അടക്കമുള്ള ആനുകൂല്യം ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നഷ്ടമാകും. 2005ല്‍ അവതരിപ്പിച്ച തൊഴില്‍നിയമ ഭേദഗതിബില്‍ പിന്‍വലിച്ചാണ് സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരുന്നത്. തൊഴിലാളി സംഘടനകളുമായി സമവായത്തില്‍ എത്താതെയാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നത്- തപന്‍സെന്‍ പറഞ്ഞു.

സിഐടിയു നേതാവ് മുഹമ്മദ് അമിന്‍, ബിഎംഎസ് നേതാവ് രുദ്രനാരായ പാണി തുടങ്ങിയവരും ബില്ലിനെ എതിര്‍ത്തു. എന്നാല്‍, ബില്ലിനെതിരായി സംസാരിക്കാന്‍ ബിജെപി നേതാക്കള്‍ പാണിയെ അനുവദിച്ചില്ല. ബില്ലിന്റെ ചര്‍ച്ചാവേളയില്‍ ട്രേഡ്യൂണിയന്‍ നേതാക്കള്‍ നിര്‍ദേശങ്ങള്‍ വച്ചാല്‍ പരിഗണിക്കാമെന്നു മാത്രം തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ കാര്‍ഗെ പറഞ്ഞു. തുടര്‍ന്ന് എതിര്‍പ്പുകള്‍ അവഗണിച്ച് ബില്‍ മന്ത്രി അവതരിപ്പിച്ചു.



ലിബിയ: യുഎന്‍ പ്രമേയം പുനഃപരിശോധിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി

ന്യൂഡല്‍ഹി: ലിബിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോസേന നടത്തുന്ന അധിനിവേശത്തിന് അടിസ്ഥാനമാക്കുന്ന യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം പുനഃപരിശോധിക്കാന്‍ ഇന്ത്യ ആവശ്യപ്പെടണമെന്ന നിര്‍ദേശത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറി. ബുധനാഴ്ച ഇടതുപക്ഷ പാര്‍ടികള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ആവശ്യത്തെ ബിജെപിയടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പിന്തുണച്ചിട്ടും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല.

രാജ്യസഭയില്‍ ശൂന്യവേളയില്‍ സിപിഐ എമ്മിലെ പി രാജീവാണ് പ്രശ്നം ഉന്നയിച്ചത്. കോണ്‍ഗ്രസ് ഇതര കക്ഷികളിലെ അംഗങ്ങള്‍ ഈ ആവശ്യത്തെ പിന്തുണച്ചു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് നടത്തുന്ന ആക്രമണം ക്രൂരമായ അധിനിവേശമാണെന്ന് രാജീവ് പറഞ്ഞു. ഇറാഖില്‍ നടന്നതാണ് ഇപ്പോള്‍ ലിബിയയിലും ആവര്‍ത്തിക്കുന്നത്. ലിബിയന്‍ ജനതയെ സംരക്ഷിക്കാനെന്ന പേരില്‍ നടക്കുന്ന ആക്രമണം ആ രാജ്യത്തിന്റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം ആയുധമാക്കിയാണ് ആക്രമണം. ഈ പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രമേയം പുനഃപരിശോധിക്കാന്‍ രക്ഷാസമിതിയോട് ഇന്ത്യ ആവശ്യപ്പെടണം. അതുവരെ സൈനിക നീക്കം നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെടണമെന്ന് രാജീവ് പറഞ്ഞു.

ആന്‍ഡേഴ്സനെ ആവശ്യപ്പെടാന്‍ സിബിഐക്ക് അനുമതി

ന്യൂഡല്‍ഹി: ഭോപാല്‍ കൂട്ടക്കൊലയ്ക്ക് മുഖ്യ ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനി ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ വിചാരണയ്ക്ക് ഇന്ത്യയിലെത്തിക്കാന്‍ സിബിഐക്ക് ഡല്‍ഹി കോടതി അനുമതി നല്‍കി. കുറ്റവാളി കൈമാറ്റനിയമപ്രകാരം ആന്‍ഡേഴ്സനെ വിട്ടുതരാന്‍ അമേരിക്കയോട് അഭ്യര്‍ഥിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട്് സിബിഐ സമര്‍പ്പിച്ച അപേക്ഷയില്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയാണ് അനുമതിനല്‍കിയത്.

ആന്‍ഡേഴ്സനെ വിചാരണയ്ക്കായി ആവശ്യപ്പെടുന്നതില്‍ നിയമതടസ്സമില്ലെന്നും സിബിഐയുടെ അപേക്ഷ അംഗീകരിക്കുന്നതായും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് വിനോദ് യാദവ് പറഞ്ഞു.

അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഫാക്ടറിയില്‍നിന്ന് 1984ല്‍ വിഷവാതകം ചോര്‍ന്ന് പതിനായിരങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ കമ്പനി ചെയര്‍മാനായിരുന്ന ആന്‍ഡേഴ്സ ഇന്ത്യയില്‍ വിചാരണ നേരിട്ടിട്ടില്ല. ദുരന്തമുണ്ടായി ദിവസങ്ങള്‍ക്കകം അറസ്റിലായ ആന്‍ഡേഴ്സനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടപെട്ട് അമേരിക്കയിലേക്ക് കടക്കാന്‍ വഴിയൊരുക്കിയിരുന്നു.

ദേശാഭിമാനി 240311

1 comment:

  1. ഒന്നാം യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത് കോടികള്‍ കോഴപ്പണമായി ഒഴുക്കിയാണെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ സമഗ്രമായി അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചു. വെളിപ്പെടുത്തല്‍ വിശ്വാസത്തിലെടുക്കാനാകില്ലെന്ന് പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. അന്വേഷണത്തിന് മടിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. രാജ്യസഭയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയില്‍മേല്‍ വിശദീകരണത്തിന് പ്രതിപക്ഷ നേതാക്കള്‍ക്ക് സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി അവസരം നിഷേധിച്ചു. സഭ അടുത്ത ദിവസം ചേരുന്നതിനായി പിരിയുകയാണെന്ന് സഭാധ്യക്ഷന്‍ അറിയിച്ചു.

    ReplyDelete