Thursday, March 24, 2011

ക്ളാസില്‍കയറി ഹൈബിയുടെ വോട്ടുപിടിത്തം

എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനും കൂട്ടാളികളും തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ കയറി ക്ളാസ് സമയത്ത് വോട്ടുപിടിച്ചത് സംഘര്‍ഷത്തിനിടയാക്കി. വ്യാഴാഴ്ച പകല്‍ 12നാണ് ഹൈബിയും സംഘവും ക്യാമ്പസിലെത്തിയത്. പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കപ്പിള്ളിലിനെ കണ്ട ഹൈബി അധ്യാപകരെക്കണ്ട് അനുഗ്രഹം വാങ്ങാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചു. തുടര്‍ന്ന് ഒന്നാംവര്‍ഷ കെമിസ്ട്രി ക്ളാസിലെത്തിയ ഹൈബി വിദ്യാര്‍ഥികളോട് വോട്ടഭ്യര്‍ഥിച്ച് കുട്ടികളോട് സംസാരിച്ചു. ഹൈബിയോടൊപ്പമുണ്ടായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോളേജ് പരിസരത്ത് ചുറ്റിത്തിരിഞ്ഞ് വോട്ടു ചോദിച്ചു.

ഈ സമയത്ത് ചില ചാനലുകള്‍ 'വോട്ടഭ്യര്‍ഥിക്കല്‍ നാടകം' ക്യാമറയില്‍ പകര്‍ത്തുന്നതുകണ്ട യൂണിയന്‍ ഭാരവാഹികളുള്‍പ്പെട്ട വിദ്യാര്‍ഥിസംഘം ഹൈബി ക്യാമ്പസില്‍നിന്ന് പുറത്തുപോകണമെന്നാവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ വിവരമറിയിച്ചതോടെ ക്ളാസിലെത്തിയ പ്രിന്‍സിപ്പല്‍ ക്ളാസ്സമയത്ത് രാഷ്ട്രീയ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും ഹൈബി പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍തന്നെ കയ്യില്‍പിടിച്ച് ഹൈബിയെ ക്ളാസില്‍നിന്ന് പുറത്തിറക്കി. ചെറുത്തുനില്‍ക്കാന്‍ നോക്കിയ ഹൈബിയോട് 'ജനപ്രതിനിധിയാവാന്‍ മത്സരിക്കുന്ന നിങ്ങളെപ്പോലുള്ള യുവാക്കള്‍ ഇങ്ങനെ പെരുമാറരുതെന്നും' പ്രിന്‍സിപ്പലും മറ്റ് അധ്യാപകരും പറഞ്ഞു. ഗെയ്റ്റിന് വെളിയിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘം 'പുറത്ത് വരുമ്പോള്‍ കാണാമെന്ന്' വിദ്യാര്‍ഥികളെ വെല്ലുവിളിച്ചു.

കോളേജിലേക്കുവന്ന മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായ മുഹമ്മദിനെ പുറത്തേയ്ക്കിറങ്ങുന്ന വഴിയില്‍ യൂത്ത് കോണ്‍ഗ്രസുകാരില്‍ ചിലര്‍ തള്ളിയിട്ടതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. രംഗം ചിത്രീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ വിളിച്ചുവരുത്തിയ ചില ചാനലുകാരും എത്തിയതോടെ ഹൈബിയുടെ നാടകം കൊഴുത്തു. കഴിഞ്ഞ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുസമയത്തും ക്യാമ്പസില്‍ പ്രവേശിച്ച് പ്രശ്നമുണ്ടാക്കാന്‍ ഹൈബിയുടെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍സ് സംഘം ശ്രമിച്ചിരുന്നു.

ദേശാഭിമാനി 240311

1 comment:

  1. എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനും കൂട്ടാളികളും തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ കയറി ക്ളാസ് സമയത്ത് വോട്ടുപിടിച്ചത് സംഘര്‍ഷത്തിനിടയാക്കി. വ്യാഴാഴ്ച പകല്‍ 12നാണ് ഹൈബിയും സംഘവും ക്യാമ്പസിലെത്തിയത്. പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കപ്പിള്ളിലിനെ കണ്ട ഹൈബി അധ്യാപകരെക്കണ്ട് അനുഗ്രഹം വാങ്ങാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചു. തുടര്‍ന്ന് ഒന്നാംവര്‍ഷ കെമിസ്ട്രി ക്ളാസിലെത്തിയ ഹൈബി വിദ്യാര്‍ഥികളോട് വോട്ടഭ്യര്‍ഥിച്ച് കുട്ടികളോട് സംസാരിച്ചു. ഹൈബിയോടൊപ്പമുണ്ടായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോളേജ് പരിസരത്ത് ചുറ്റിത്തിരിഞ്ഞ് വോട്ടു ചോദിച്ചു.

    ReplyDelete