Tuesday, March 22, 2011

ഇങ്ങനെയെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമായിരുന്നു


കെ.എം. മാണിയുമായി എസ് മനോജ് നടത്തിയ അഭിമുഖം

കോട്ടയം: താന്‍ യുഡിഎഫില്‍ രണ്ടാമനാകുമെന്ന് പൊതുസമൂഹത്തില്‍ ഉയര്‍ന്ന ചര്‍ച്ച കേരള കോണ്‍ഗ്രസിന് അര്‍ഹമായ സീറ്റു കിട്ടുന്നതിന് തടസ്സമായെന്ന് കെ എം മാണി. സ്ഥിതി ഇതാവുമായിരുന്നെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

"ഒന്നാമനോ രണ്ടാമനോ ആകണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. അര്‍ഹമായ സീറ്റു കിട്ടാതിരിക്കാന്‍ ഇതും ഒരു കാരണമായി.''-ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

? ലയനത്തിലൂടെ കേരള കോണ്‍ഗ്രസ് ശക്തമാകുന്നത് യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചിട്ടുണ്ടോ

ഒരിക്കലുമില്ല. ലയനത്തിലൂടെ യുഡിഎഫാണ് ശക്തിപ്പെട്ടത്. അതിന്റെ ഗുണം എല്ലാ ഘടകകക്ഷിക്കും കിട്ടും. പിന്നെ എന്തിനാണ് പ്രകോപനം. തെറ്റായ വ്യാഖ്യാനമാണത്.

? ജോസഫ്ഗ്രൂപ്പ് കാരണമില്ലാതെ എല്‍ഡിഎഫ് വിട്ട് മാണിഗ്രൂപ്പില്‍ ലയിച്ചത് ഉള്‍ക്കൊള്ളാനാകില്ല എന്നല്ലേ യുഡിഎഫ് നിലപാട്. .

ലയനം യാഥാര്‍ഥ്യമായി. ഇനി അതിനെക്കുറിച്ച് ചര്‍ച്ചയില്ല. കേരള കോണ്‍ഗ്രസിലേക്ക് കൂടുതല്‍ ജനവിഭാഗങ്ങള്‍ വരണമെന്നാണ് ആഗ്രഹം.

? അര്‍ഹമായ സീറ്റ് വേണമെന്ന നിലപാടിലായിരുന്നല്ലോ 22 സീറ്റ് ആവശ്യപ്പെട്ടത്? 15 ലേക്ക് താണത് കീഴടങ്ങലല്ലേ. .

അല്ല. അര്‍ഹത നിലനില്‍ക്കുന്നു. മുന്നണി സംവിധാനത്തിന് വേണ്ടിയുള്ള പിന്‍വാങ്ങലാണിത്. ദുര്‍വ്യാഖ്യാനമരുത്. 18 സീറ്റെങ്കിലും കിട്ടുമെന്ന് കരുതി. പക്ഷേ, തരേണ്ടത് കോണ്‍ഗ്രസാണ്. തന്നില്ല. 15 സീറ്റ് കുറവാണെന്നതില്‍ ആര്‍ക്കാണ് സംശയം. ഞങ്ങളുടെ ശക്തിക്കനുസരിച്ച സീറ്റു കിട്ടിയില്ലെന്നുമാത്രമെ ഇപ്പോള്‍ പറയുന്നുള്ളൂ. ബാക്കി തെരഞ്ഞെടുപ്പിനുശേഷം പറയാം. വഴക്കടിച്ച് മുന്നോട്ടു പോകേണ്ട സമയമല്ല ഇത്. പത്രിക സമര്‍പ്പിക്കേണ്ട 26 വരെ തര്‍ക്കവുമായി പോയാല്‍ യുഡിഎഫ് അണികള്‍ക്ക് അത് അംഗീകരിക്കാനാകില്ല. പലതും അറിയാഞ്ഞിട്ടല്ല...

? 15ല്‍ തന്നെ പലതും വിജയസാധ്യത ഇല്ലാത്ത എല്‍ഡിഎഫ് കോട്ടകളല്ലേ. കോണ്‍ഗ്രസ് ഇത്രയധികം സമ്മര്‍ദത്തിലാക്കിയപ്പോള്‍ മുതിര്‍ന്ന നേതാവായ താങ്കള്‍ക്ക് വേദന തോന്നിയില്ലേ? ഏതെങ്കിലും ഘട്ടത്തില്‍ മുന്നണി വിട്ട് വിലപേശണം എന്ന് ചിന്തിച്ചോ .

സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ അവരെ നേരിടാന്‍ അവസരം കിട്ടുന്നതും അംഗീകാരമാണ്. പൊളിറ്റിക്സിലെ 'ലോങ് ടേം ഇന്‍വെസ്റ്മെന്റാ'യാണ് ഇതിനെ കാണുന്നത്. യുഡിഎഫ് ശക്തിപ്പെടുത്തിയതില്‍ കേരള കോണ്‍ഗ്രസിന്റെ സംഭാവന കണ്ടില്ലെന്ന് നടിക്കുകയാണ് പലരും. ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ്. കുറെ മുമ്പ് ആയിരുന്നെങ്കില്‍ മുന്നണി വിട്ട് പുറത്തുവന്ന് മത്സരിക്കുമായിരുന്നു. 25-30 സീറ്റില്‍ മത്സരിക്കാമായിരുന്നു. ബാക്കിയെല്ലാം ജനങ്ങള്‍ക്ക് വിടുമായിരുന്നു. ഇപ്പോഴത് ചെയ്യാത്തത് യുഡിഎഫ് അനുഭാവികളെ കരുതി മാത്രമാണ്. എല്ലാത്തിലും ദുഃഖമുണ്ട്.

? മുന്നണി വിട്ട് ഏതുതരത്തിലുള്ള മത്സരമാണ് ഉദ്ദേശിച്ചത് . എന്താണ് ഈ പറയുന്നത്.

ഏയ് ഒന്നുമില്ല, ഒന്നുമില്ല. 'ദേശാഭിമാനി' ഉദ്ദേശിക്കുന്ന അര്‍ഥമെന്നും അതിനില്ല. തെരഞ്ഞെടുപ്പ് എത്തി. സീറ്റ്, മുന്നണി, മണ്ഡലം, സ്ഥാനാര്‍ഥി,...എന്നോട് ഇത്തരം കാര്യങ്ങള്‍ ഒന്നും ചോദിക്കേണ്ട. നമുക്ക് അവസാനിപ്പിക്കാം.

? കേരള കോണ്‍ഗ്രസ് രൂപീകരണത്തെക്കുറിച്ച് ആര്‍ ബാലകൃഷ്ണപിള്ള ആത്മകഥയില്‍ പറയുന്നത്.... .

ജയിലില്‍ കിടക്കുന്നയാളായതിനാലാണ് ഞാന്‍ പ്രതികരിക്കാത്തത്. അതൊക്കെ ചരിത്രത്തെ വളച്ചൊടിക്കലാണ്. കോട്ടയം ലക്ഷ്മി നിവാസ് ഹോട്ടലില്‍ രൂപീകരണ യോഗം വിളിച്ചുചേര്‍ത്തവരില്‍ ഒരാളാണ് ഞാന്‍. കോട്ടയത്തെ കോണ്‍ഗ്രസിലെ പിളര്‍പ്പാണ് യാഥാര്‍ഥ്യം. അല്ലാതെ കൊട്ടാരക്കരയില്‍നിന്ന് ആരെങ്കിലും വന്നാല്‍ കേരള കോണ്‍ഗ്രസ് പിറക്കുമോ?

ദേശാഭിമാനി 220311

1 comment:

  1. താന്‍ യുഡിഎഫില്‍ രണ്ടാമനാകുമെന്ന് പൊതുസമൂഹത്തില്‍ ഉയര്‍ന്ന ചര്‍ച്ച കേരള കോണ്‍ഗ്രസിന് അര്‍ഹമായ സീറ്റു കിട്ടുന്നതിന് തടസ്സമായെന്ന് കെ എം മാണി. സ്ഥിതി ഇതാവുമായിരുന്നെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    "ഒന്നാമനോ രണ്ടാമനോ ആകണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. അര്‍ഹമായ സീറ്റു കിട്ടാതിരിക്കാന്‍ ഇതും ഒരു കാരണമായി.''-ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

    ReplyDelete