Tuesday, March 22, 2011

കരിമണലില്‍ എഴുതിയ പുതിയ ചരിത്രം

ചവറ: ഭൂഖണ്ഡത്തിലെ ഏറ്റവും ബൃഹത്തായ ജനകീയ കുടിവെള്ള പദ്ധതിയിലൂടെ കരിമണലിന്റെ നാട് ചരിത്രത്തില്‍ ഇടംനേടുന്നു. സമയബന്ധിതമായി പൂര്‍ത്തീകരിച്ച പദ്ധതി ചവറ, പന്മന പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുകയാണ്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ജനുവരി ഒന്നിന് ഉദ്ഘാടനംചെയ്ത ചവറ-പന്മന സമ്പൂര്‍ണ കുടിവെള്ളപദ്ധതിവഴി പ്രദേശത്തെ 90 ശതമാനം കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കഴിഞ്ഞു. വാട്ടര്‍ മീറ്ററുകള്‍കൂടി ഘടിപ്പിച്ചുകഴിഞ്ഞാല്‍ പദ്ധതി പൂര്‍ണ ഫലപ്രാപ്തിയിലെത്തും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാംനിരയില്‍ ചേര്‍ത്തുവയ്ക്കാവുന്ന വികസന പദ്ധതിയായി ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്റെ മണ്ഡലത്തിലെ കുടിവെള്ളപദ്ധതി മാറിക്കഴിഞ്ഞു.

ചവറ, പന്മന പഞ്ചായത്തുകളിലെ 46 വാര്‍ഡിലെ 22,000 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണംലഭിക്കും. കേരള ജലഅതോറിറ്റിയും ജലനിധിയും സംയുക്തമായി നടപ്പാക്കിയ പദ്ധതിക്ക് 55 കോടിയാണ് ചെലവ്. ലോകബാങ്കിന്റെ ധനസഹായത്തോടെയാണ് ആരംഭിച്ചതെങ്കിലും പദ്ധതിയുടെ പ്രാഥമികഘട്ടത്തില്‍തന്നെ അവര്‍ പിന്‍വാങ്ങി. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ 35 കോടി രൂപ ചെലവഴിച്ച് പദ്ധതി പൂര്‍ത്തിയാക്കി. യഥാര്‍ഥ ഗുണഭോക്തൃവിഹിതം 2000 രൂപയ്ക്കു മുകളിലാണ്. എന്നാല്‍, സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പരിഗണിച്ച് ചവറയിലെ ഗുണഭോക്താവില്‍നിന്ന് ആയിരവും പന്മനയിലെ ഗുണഭോക്താവില്‍നിന്ന് 1200 രൂപയുമാണ് ഈടാക്കിയത്. ബാക്കി തുക സര്‍ക്കാര്‍ തന്നെ അടച്ചു. ദരിദ്രവിഭാഗങ്ങള്‍ക്ക് കൂടുതല്‍ സൌജന്യം അനുവദിക്കാന്‍ കെഎംഎംഎല്ലും ഐആര്‍ഇയും മാതാ അമൃതാനന്ദമയി മഠവും സാമ്പത്തികസഹായം നല്‍കി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും മത്സ്യത്തൊഴിലാളികളും ഗുണഭോക്തൃവിഹിതമായി തുച്ഛമായ തുക നല്‍കിയാല്‍ മതി. 2007 സെപ്തംബറില്‍ ആരംഭിക്കുകയും 2011 മാര്‍ച്ച് 31ന് എല്ലാ ഗാര്‍ഹിക കണക്ഷനും പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന പദ്ധതി യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തിയാകുന്നത്. 372 കിലോമീറ്റര്‍ വിതരണശൃംഖലയുള്ള കുടിവെള്ളപദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലും ജനപങ്കാളിത്തവും സുതാര്യതയുംകൊണ്ട് പുതിയ ചരിത്രമെഴുതുകയാണ്.

ദേശാഭിമാനി 220311

1 comment:

  1. ഭൂഖണ്ഡത്തിലെ ഏറ്റവും ബൃഹത്തായ ജനകീയ കുടിവെള്ള പദ്ധതിയിലൂടെ കരിമണലിന്റെ നാട് ചരിത്രത്തില്‍ ഇടംനേടുന്നു. സമയബന്ധിതമായി പൂര്‍ത്തീകരിച്ച പദ്ധതി ചവറ, പന്മന പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുകയാണ്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ജനുവരി ഒന്നിന് ഉദ്ഘാടനംചെയ്ത ചവറ-പന്മന സമ്പൂര്‍ണ കുടിവെള്ളപദ്ധതിവഴി പ്രദേശത്തെ 90 ശതമാനം കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കഴിഞ്ഞു. വാട്ടര്‍ മീറ്ററുകള്‍കൂടി ഘടിപ്പിച്ചുകഴിഞ്ഞാല്‍ പദ്ധതി പൂര്‍ണ ഫലപ്രാപ്തിയിലെത്തും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാംനിരയില്‍ ചേര്‍ത്തുവയ്ക്കാവുന്ന വികസന പദ്ധതിയായി ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്റെ മണ്ഡലത്തിലെ കുടിവെള്ളപദ്ധതി മാറിക്കഴിഞ്ഞു.

    ReplyDelete