Friday, March 18, 2011

വികസനത്തിന്റെ സൈറണ്‍ മുഴക്കി മുന്നോട്ട്

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പുനലൂര്‍ എം എല്‍ എ എന്ന നിലയില്‍ ഏറെ സംതൃപ്തി നല്‍കുന്ന നേട്ടമേതെന്ന് ചോദിച്ചപ്പോള്‍ കെ രാജു എംഎല്‍ എയുടെ മറുപടി ഉടന്‍വന്നു. 27 വര്‍ഷമായി പൂട്ടിക്കിടന്ന പുനലൂര്‍ പേപ്പര്‍മില്‍ തുറക്കാന്‍ കഴിഞ്ഞു എന്നതുതന്നെ. എല്ലാ വാതിലുകളും അടഞ്ഞു എന്ന് കരുതിയ ഈ സ്ഥാപനം വീണ്ടും തുറക്കാന്‍ കഴിഞ്ഞതിലും അതില്‍ തനിക്ക് എളിയ പങ്ക് വഹിക്കാന്‍ സാധ്യമായതിലും ഏറെ അഭിമാനം തോന്നുന്നു.

ഒരു കാലത്ത് പുനലൂരിന്റെ 'ലാന്‍ഡ്മാര്‍ക്ക്' എന്നു വിശേഷിപ്പിക്കാവുന്ന പേപ്പര്‍മില്‍ നാടിന്റെ സാമ്പത്തിക മേഖലയില്‍ കരുത്തുതെളിയിച്ച സ്ഥാപനമായിരുന്നു. സാമ്പത്തിക സാമൂഹ്യമേഖലയില്‍ അത് ചെലുത്തിയ സ്വാധീനം ചില്ലറയല്ല. ട്രേഡ്‌യൂണിയന്‍ ചരിത്രത്തില്‍ ആലപ്പുഴയോടൊപ്പം പുനലൂരും സ്ഥാനം പിടിച്ചതിന്റെ പിന്നിലും ഈ സ്ഥാപനമാണ്. അത് അടഞ്ഞപ്പോള്‍ അനേകം കുടുംബങ്ങളുടെ പ്രതീക്ഷയാണ് തകര്‍ന്നത്. അതോടൊപ്പം ഒരു പ്രദേശത്തിന്റെ വികസന സങ്കല്‍പ്പങ്ങളും.

27 വര്‍ഷമായി പലരും ഫാക്ടറി തുറക്കാന്‍ പരിശ്രമിച്ചു. അവസാനം രാജു എന്ന കൊച്ചുമനുഷ്യന്‍ ലക്ഷ്യം കണ്ടു. സര്‍ക്കാരിനെയും ബന്ധപ്പെട്ട എല്ലാവരെയും കോര്‍ത്തിണക്കി, കുരുക്കുകള്‍ ഓരോന്നായി അഴിച്ചു. പുതിയ സംരംഭകരെ കണ്ടെത്തി. ഒരിക്കല്‍ പുനലൂരിന്റെ ചലനങ്ങളെ നിയന്ത്രിച്ച പേപ്പര്‍മില്‍ സൈറണ്‍ വീണ്ടും മുഴങ്ങിയപ്പോള്‍ ഹൃദയം കൊണ്ടെങ്കിലും ഈ എം എല്‍ എയേയും എല്‍ ഡി എഫ് സര്‍ക്കാരിനെയും ആശീര്‍വദിക്കാത്തവര്‍ ചുരുക്കമായിരിക്കും.

തുറക്കുന്നതിനു മുമ്പ് തൊഴിലാളികള്‍ക്ക് കുടിശ്ശിക ഇനത്തില്‍ എട്ട് കോടി രൂപ വിതരണം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരുമായി മാനേജ്‌മെന്റ് ധാരണാപത്രം ഒപ്പിട്ടു.
റിട്ടയര്‍ ചെയ്യാത്ത എല്ലാ തൊഴിലാളികള്‍ക്കും ജോലി നല്‍കാനും മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാനും ധാരണയായി. 2011 വിഷുദിനത്തില്‍ കമ്പനിയുടെ ട്രയല്‍റണ്‍ നടക്കും.

വ്യവസായങ്ങളുടെ ശവപ്പറമ്പായിരുന്ന പുനലൂരില്‍ പൂട്ടിക്കിടന്നവ തുറക്കാനും പുതിയ സംരംഭങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്നതിനും പ്രഥമ പരിഗണനയാണ് നല്‍കിയത്. പൊതുമേഖല സ്ഥാപനമായ പ്ലൈവുഡ് ഫാക്ടറിയും ദീര്‍ഘകാലമായി അടഞ്ഞുകിടക്കുകയായിരുന്നു. ഈ സ്ഥാപനത്തെ കിന്‍ഫ്രാ ഏറ്റെടുത്തു. ആധുനിക വ്യവസായപാര്‍ക്ക് ഇവിടെ സ്ഥാപിക്കുകയാണ്. അതിനുള്ള അടിസ്ഥാന വികസനം ആരംഭിച്ചുകഴിഞ്ഞു. ബജറ്റില്‍ ഇതിനായി 11 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. 1500 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.

ആറ് വര്‍ഷമായി പൂട്ടിക്കിടന്ന മറ്റൊരു പൊതുമേഖലാസ്ഥാപനമായ അഗ്രോഫ്രൂട്ട് പ്രോഡക്ട്‌സ് ലിമിറ്റഡ് തുറക്കാന്‍ കഴിഞ്ഞതാണ് മറ്റൊരു നേട്ടം. അവിടെ ഉണ്ടായിരുന്ന എല്ലാ തൊഴിലാളികള്‍ക്കും ജോലി നല്‍കി. ഏറെ കീര്‍ത്തി കേട്ട ഉല്പന്നങ്ങളായിരുന്നു അഗ്രോഫ്രൂട്ട്‌സിന്റേത്. അവയുടെ ഉല്പാദനം പുനരാരംഭിക്കാന്‍ കഴിഞ്ഞു. കൃഷിവകുപ്പ് അനുവദിച്ച ഒരു കോടി രൂപ കൊണ്ട് വൈവിദ്ധ്യമാര്‍ന്ന വികസനം നടത്തിവരുന്നു.

പുനലൂരിന്റെ ഏറ്റവും വലിയ ശാപമായിരുന്നു അസൗകര്യം നിറഞ്ഞ കെഎസ്ആര്‍ടിസി ഡിപ്പോ. അത് വിപുലീകരിക്കാനായി 62 സെന്റ് സ്ഥലം കെ എസ് ആര്‍ ടി സിക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞു. എംഎല്‍എ ഫണ്ടില്‍ നിന്ന് 30 ലക്ഷവും മുനിസിപ്പല്‍ ഫണ്ടില്‍ നിന്ന് ഒന്നര കോടിയും മുടക്കി പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചു.

യാര്‍ഡ് വികസനത്തിനായി കെ എസ് ആര്‍ ടി സിക്കും തുക അനുവദിച്ചു. ടാറിംഗ് പണി നടന്നുവരികയാണ്. ഒന്നാംഘട്ട വികസനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കെ എസ് ആര്‍ ടി സി ഡിപ്പോയുടെ സമീപം തോടിനും കല്ലട ആറിന് സമീപവും പുതിയ  മതില്‍ നിര്‍മ്മിച്ചു. റിവര്‍ മാനേജ്‌മെന്റ് ഫണ്ടാണ് ഇതിനുപയോഗിച്ചത്.

പുനലൂരിന്റെ ചിലകാല സ്വപ്‌നങ്ങളിലൊന്നായിരുന്നു സബ്‌കോടതി. ഈ വര്‍ഷത്തെ ബജറ്റില്‍ അതിന് ഫണ്ട് അനുവദിച്ചു. കോര്‍ട്ട് കോംപ്ലക്‌സ് ഭരണാനുമതിയും ലഭിച്ചു. മൂന്നുകോടി രൂപയാണ് അനുവദിച്ചത്. വര്‍ക്ക് ടെന്റര്‍ ചെയ്തുകഴിഞ്ഞു.

പുനലൂരിലെ എല്ലാ പൊതുമരാമത്ത് വകുപ്പുകള്‍ക്കുമായി ടി ബി കോമ്പൗണ്ടിന് സമീപം പി ഡബ്ല്യു ഡി കോംപ്ലക്‌സ് നിര്‍മ്മാണം പുരോഗമിച്ചുവരുകയാണ്. ഇതിന് രണ്ട് കോടി രൂപയാണ് അടങ്കല്‍. പുനലൂര്‍ മിനി സിവില്‍സ്റ്റേഷന്‍ പൂര്‍ത്തീകരിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 365 ലക്ഷം രൂപയാണ് ഇതിന് ചെലവായത്. 13 സര്‍ക്കാര്‍ ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വേണ്ടി സര്‍ക്കാരില്‍ നിന്നും 75 ലക്ഷം രൂപാ ചെലവഴിച്ച് സ്‌നാനഘട്ടം പൂര്‍ത്തീകരിച്ചു. ഇതിന്റെ തുടര്‍പ്രവര്‍ത്തനം കൊല്ലം ഡി ടി പി സിയെയാണ് ഏല്‍പ്പിച്ചത്.

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായ മീനാട് പദ്ധതിയുടെ ഇന്‍ടേക് വെല്‍, ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലും ശുദ്ധജലം എത്തിക്കാന്‍ കഴിയുന്നു. ഭാവിയില്‍ ഈ പദ്ധതി പുനലൂര്‍ നഗരത്തിലേക്കും വ്യാപിപ്പിക്കും.
മണ്ഡലത്തില്‍ രണ്ടാമത്തെ സിവില്‍സ്റ്റേഷന്‍ അഞ്ചലില്‍ നിര്‍മ്മാണം തുടങ്ങി. അഞ്ചല്‍ മാര്‍ക്കറ്റിന് സമീപം 13 ഏക്കര്‍ സ്ഥലത്ത് പണി ധൃതഗതിയില്‍ നടന്നുവരുന്നു. ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം.

യാത്രാക്കുരുക്ക് ഒഴിവാക്കാന്‍ വട്ടമണ്‍ പാലത്തിന് സമീപത്തുനിന്നും ആരംഭിച്ച് പുനലൂര്‍ റോഡില്‍ എത്തുന്ന അഞ്ചല്‍ ബൈപാസിന് ഭരണാനുമതി നേടിക്കഴിഞ്ഞു.

പൊന്നും വിലയ്ക്ക് സ്ഥലം എടുക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായിവരുന്നു. രണ്ട് കോടി രൂപയാണ് റോഡ് നിര്‍മ്മാണത്തിനായി ഭരണാനുമതി ലഭിച്ചിട്ടുള്ളത്. വസ്തു എടുക്കാന്‍ 80 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. അര്‍ജന്‍സി ക്ലാസില്‍ ഉള്‍പ്പെടുത്തിയാണ് സ്ഥലമെടുപ്പ് നടപടി പൂര്‍ത്തിയാക്കുന്നത്.

അഞ്ചലില്‍ പൊലീസ് സ്റ്റേഷന്‍, സര്‍ക്കിള്‍ ഓഫീസ്, പൊലീസ് ബാരക്ക് എന്നിവ അടങ്ങിയ പൊലീസ് സ്റ്റേഷന്‍ സമുച്ചയത്തിന് ആഭ്യന്തരമന്ത്രി തറക്കല്ലിട്ടു. ഒരു കോടി രൂപ ഇതിന്റെ നിര്‍മ്മാണത്തിന് അനുവദിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷന് ജില്ലയിലെ ഏറ്റവും വലിയ കെട്ടിടം 45 ലക്ഷം രൂപ ചെലവില്‍ പണിഞ്ഞുനല്‍കി. ഏരൂര്‍ പൊലീസ് സ്റ്റേഷന് സ്വന്തമായി മന്ദിരം നിര്‍മ്മാണം തുടങ്ങി. 30 ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്.

അഞ്ചലില്‍ നാല് കോടി രൂപ ചെലവഴിച്ച് കെഎസ്ഇബി സബ്‌സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. വൈദ്യുതിയുമായി ബന്ധപ്പെട്ട് അഞ്ചല്‍, ഇടമുളയ്ക്കല്‍, ഇട്ടിവ, ഏരൂര്‍, അലയമണ്‍ പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാകും. ആയൂര്‍, പുനലൂര്‍ സെക്ഷന്‍ ഓഫീസുകള്‍ക്ക് പുതിയ കെട്ടിടമായി. കരവാളൂര്‍, അഞ്ചല്‍ വെസ്റ്റ് എന്നിവിടങ്ങളില്‍ പുതിയ സെക്ഷനുകള്‍ ആരംഭിക്കാനും കഴിഞ്ഞു.

ജില്ലയിലെ ഏറ്റവും വലിയ താലൂക്ക് ആശുപത്രിയായി പുനലൂര്‍  ആശുപത്രി വികസിക്കുകയാണ്. 14.77 കോടി രൂപ ചെലവില്‍ പ്രകൃതിസൗഹൃദ കെട്ടിടനിര്‍മ്മാണത്തിന് ശിലയിട്ടുകഴിഞ്ഞു. പേവാര്‍ഡുകള്‍ പുതുക്കിപണിഞ്ഞു. മൊത്തം 17 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. ഇപ്പോള്‍ ഇതൊരു സ്‌പെഷ്യലിസ്റ്റ് ആശുപത്രിയാണ്. അഞ്ചല്‍ സി എച്ച് സിക്ക് 25 ലക്ഷം രൂപയുടെ വികസനം നടപ്പാക്കി. കുളത്തൂപ്പുഴ പി എച്ച് സി, സി എച്ച് സിയായി ഉയര്‍ത്തി.

കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ ആധുനിക ഹൈടെക് ഡയറിഫാം കുളത്തൂപ്പുഴയില്‍ സ്ഥാപിച്ചു. എട്ട് കോടി രൂപയുടെ അടങ്കല്‍ പണികള്‍ പൂര്‍ത്തീകരിച്ച് പ്രോജക്ട് ഉദ്ഘാടനം ചെയ്തു. ഇതിനനുബന്ധമായി ഹാര്‍ട്ട്‌വാല്‍വ് ഗവേഷണപദ്ധതി പൂര്‍ത്തിയായിവരുന്നു. ഓയില്‍പാം ഇന്ത്യ ലിമിറ്റഡില്‍ രണ്ടര കോടി രൂപ ചെലവഴിച്ച് കെര്‍ണല്‍ ഓയില്‍ ഫാക്ടറി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ഒന്നര കോടി രൂപ മുടക്കി ക്രംമ്പ് റബര്‍ ഫാക്ടറി നവീകരിച്ചു.

നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. കുടുക്കത്തുപാറ, മലമേല്‍ ടൂറിസം പ്രോജക്ടുകള്‍ക്ക് അംഗീകാരം നേടിയെടുത്തു. ഏരൂര്‍, കരുകോണ്‍ എന്നിവിടങ്ങളില്‍ പുതിയ മാവേലിസ്റ്റോറുകളും പുനലൂരില്‍ മെഗാ മാവേലി സൂപ്പര്‍മാര്‍ക്കറ്റും, ത്രിവേണി മെഗാ സൂപ്പര്‍മാര്‍ക്കറ്റും കുളത്തൂപ്പുഴ, ആയൂര്‍, കരവാളൂര്‍ എന്നിവിടങ്ങളില്‍ ത്രിവേണി സ്റ്റോറുകളും അനുവദിച്ചു. ആയൂരില്‍ വനവിഭവ വിതരണകേന്ദ്രം ആരംഭിക്കാന്‍ കഴിഞ്ഞു. ആയൂര്‍ ആയൂര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ചുനല്‍കി.

മണ്ഡലത്തിലെ 3,000 പാവപ്പെട്ട വീടുകളില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വൈദ്യുതീകരണം നടത്തി. മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ വക്കിലാണ്. 50 കോടിയുടെ റോഡ് വികസനം പൂര്‍ത്തിയാക്കി. എം എല്‍ എ ഫണ്ട് ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ റോഡ് വികസനം നടപ്പിലാക്കി. വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയില്‍ നിന്നുമുള്ള ഫണ്ട് ഉപയോഗിച്ച് മൂന്ന് കോടിയുടെ റോഡ് വികസനം നടപ്പാക്കാനും കഴിഞ്ഞു.

കുളത്തൂപ്പുഴ ശുദ്ധജല പദ്ധതിക്ക് 14 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനം നടന്നുവരുന്നു. പുനലൂര്‍ തൂക്കുപാലത്തിന്റെ നവീകരണത്തിന് 78 ലക്ഷവും കുളത്തൂപ്പുഴ രവീന്ദ്രന്‍ സ്മാരകത്തിന് 15 ലക്ഷവും അനുവദിച്ചിട്ടുണ്ട്. പുനലൂര്‍ ഗവ. പോളിടെക്‌നിക്കിന് പുതിയ കെട്ടിടനിര്‍മ്മാണം ആരംഭിച്ചു. കുളത്തൂപ്പുഴ പുനലൂര്‍ റോഡിന് ആറര കോടിയും അഞ്ചല്‍, ആയൂര്‍ റോഡിന് എട്ടര കോടി രൂപയും അനുവദിച്ചു. ഈ റോഡുകള്‍ കെ എസ് ടി പി നിലവാരത്തില്‍ ഉയര്‍ത്താനും തീരുമാനിച്ചു.

ജനയുഗം 170311

1 comment:

  1. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പുനലൂര്‍ എം എല്‍ എ എന്ന നിലയില്‍ ഏറെ സംതൃപ്തി നല്‍കുന്ന നേട്ടമേതെന്ന് ചോദിച്ചപ്പോള്‍ കെ രാജു എംഎല്‍ എയുടെ മറുപടി ഉടന്‍വന്നു. 27 വര്‍ഷമായി പൂട്ടിക്കിടന്ന പുനലൂര്‍ പേപ്പര്‍മില്‍ തുറക്കാന്‍ കഴിഞ്ഞു എന്നതുതന്നെ. എല്ലാ വാതിലുകളും അടഞ്ഞു എന്ന് കരുതിയ ഈ സ്ഥാപനം വീണ്ടും തുറക്കാന്‍ കഴിഞ്ഞതിലും അതില്‍ തനിക്ക് എളിയ പങ്ക് വഹിക്കാന്‍ സാധ്യമായതിലും ഏറെ അഭിമാനം തോന്നുന്നു.

    ReplyDelete