Friday, March 18, 2011

വടക്കാഞ്ചേരി, ഏറ്റുമാനൂര്‍

ജനപക്ഷ വികസനത്തിന്റെ പുതിയ മുഖവുമായി വടക്കാഞ്ചേരി

വടക്കാഞ്ചേരി: കേരളത്തിന്റെ ആരോഗ്യ തലസ്ഥാനമായി മാറാന്‍ പോകുന്നനിയോജക മണ്ഡലമെന്ന ഖ്യാതിയോടെ ഭൂമിശാസ്ത്രപരമായ ഏറെ മാറ്റങ്ങളോടെ ജനവിധിക്കൊരുങ്ങുകയാണ് വടക്കാഞ്ചേരി മണ്ഡലം.

പഴയ വടക്കാഞ്ചേരി മണ്ഡലത്തിലെ വടക്കാഞ്ചേരി, തെക്കുംകര, മുണ്ടത്തിക്കോട് പഞ്ചായത്തുകളും, തൃശൂര്‍ മണ്ഡലത്തിലെ മുളംകുന്നത്തുകാവ് , കോലഴി പഞ്ചായത്തുകളും കുന്നംകുളം മണ്ഡലത്തില്‍ നിന്ന് അവണൂര്‍, അടാട്ട്, കയ്പറമ്പ്, തോളൂര്‍ പഞ്ചായത്തുകളും ചേര്‍ന്നതാണ് പുനര്‍ നിര്‍ണ്ണയിക്കപ്പെട്ട പുതിയ വടക്കാഞ്ചേരി മണ്ഡലം. മച്ചാട് മാമാങ്കവും, ഊത്രാളി പൂരവും, വടകുറുമ്പകാവ് വേലയും, മുണ്ടൂര്‍ പെരുന്നാളും അരങ്ങേറുന്ന പുതിയ വടക്കാഞ്ചേരിയിടെ രാഷാട്രീയ മനസ്സ് ഇടതുപക്ഷത്തോടൊപ്പമാണ്.

ജില്ലയില്‍ രണ്ട് മെഡിക്കല്‍ കോളജുകളുള്ള  അപൂര്‍വ്വ മണ്ഡലമെന്ന ഖ്യാതിയും വടക്കാഞ്ചേരിക്കുണ്ട്. മലനിരകളും, വിനോദ സഞ്ചാര കേന്ദ്രങ്ങളും, അണക്കെട്ടങ്ങളും, കോള്‍ നിലങ്ങളും അടങ്ങുന്ന പ്രകൃതി രമണീയമായ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ കര്‍ഷകരും, കര്‍ഷകതൊഴിലാളികളുമാണ് ഭൂരിപക്ഷം. 2004ല്‍ നടന്ന ഉപതിരഞ്ഞെടുപ്പ് വരെ മണ്ഡലത്തിന്റെ ജനപ്രതിനിധികളായിരുന്ന യുഡിഎഫ് പ്രതിനിധികളുടെ വികസന മുരടിപ്പിന് അവസാനമുണ്ടായത് കെ പി സി സി പ്രസിഡന്റായിരുന്ന കെ മുരളിധരനെ പരാജയപ്പെടുത്തി എ സി മൊയ്തീന്‍ എംഎല്‍എയാകുന്നതോടെയാണ്.  മന്ത്രിയായി യുഡിഎഫിന്റെ ഉറച്ച കോട്ടയില്‍ മത്സരിക്കാനെത്തി അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതോടെ കെ മുരളീധരനെന്ന രാഷ്ട്രീയ നേതാവിന്റെ പതനത്തിനു തുടക്കമായി.

മൂന്ന് പതിറ്റാണ്ടു കാലത്തെ യുഡിഎഫിന്റെ വിജയ പ്രയാണത്തെ പിടിച്ചു കെട്ടി എല്‍ഡിഎഫ് വികസനത്തിന്റെ തേര് തെളിയിക്കാന്‍ തുടങ്ങിയതോടെ മണ്ഡലത്തിലെ ജനങ്ങള്‍ സ്വപ്നസമാനമായ വികസന നേട്ടങ്ങള്‍ അനുഭവിച്ചറിയുകയായിരുന്നു.

2006 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി ഐ സി(കെ) സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് ലേബലില്‍ മത്സരിച്ച ടി വി ചന്ദ്രമോഹനനെ ഇരുപതിനായിരത്തില്‍പരം  വോട്ടിന്റെ വ്യത്യാസത്തിലാണ് എ സി മൊയ്തീന്‍ വീണ്ടും കീഴടക്കിയത്. മൂന്ന് പപതിറ്റാണ്ടു കാലത്തോളം യുഡിഎഫ് മണ്ഡലം അടക്കി ഭരിച്ചെങ്കിലും തങ്ങളുടെ ഉറച്ചകോട്ടയായി വടക്കാഞ്ചേരിയെ മാറ്റാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. 1957-ലെ ഐക്യകേരള തിരഞ്ഞെടുപ്പില്‍ ദ്വയാംഗമണ്ഡലമായിരുന്ന വടക്കാഞ്ചേരിയില്‍ സി സി അയ്യപ്പന്‍(സിപിഐ), കെ കെ കുട്ടന്‍ (കോണ്‍ഗ്രസ്) തുടങ്ങിയവരാണ് വിജയിച്ചത്. 1960ല്‍ നടന്ന തിരഞ്ഞെടുപ്പിലും ദ്വയാംഗമണ്ഡലമായി തുടര്‍ന്ന് വടക്കാഞ്ചേരിയില്‍ നിന്ന് കെ ബാലകൃഷ്ണമേനോന്‍(പിഎസ്പി) കെ കൊച്ചുകുട്ടന്‍(കോണ്‍ഗ്രസ്), എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1965ലും, 67ലും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ  പ്രഫ. എന്‍ കെ ശേഷന്‍ വടക്കാഞ്ചേരിയെ പ്രതിനിധീകരിച്ചു.

1970ല്‍ സിപിഐഎം നേതാവ് എ എസ് എന്‍ നമ്പീശന്‍ വടക്കാഞ്ചേരി എംഎല്‍എയായി പക്ഷെ   വിജയം തുടരാന്‍ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പുകളില്‍ കഴിഞ്ഞില്ല. 1977,1980,82,1987,1991 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞടുപ്പുകളില്‍ മണ്ഡലത്തില്‍ കാര്യമായ യാതൊരു പ്രവര്‍ത്തനങ്ങളും നടത്തിയില്ലെങ്കിലും കെ എസ് നാരായണന്‍ നമ്പൂതിരി വിജയിച്ചു. 1996,2001 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ അഡ്വ. വി ബാലറാം വിജയിച്ചു.

തുടര്‍ന്നാണ് കരുണാകരവിശ്വസ്തനായിരുന്ന വി വി ബലറാം രാജിവച്ച് വൈദ്യുതി മന്ത്രിയുടെ പകിട്ടു മായെത്തിയ മുരളീധരന്‍ 2004ല്‍ മത്സരിച്ചത്. പിന്നിട് വടക്കാഞ്ചേരിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത ജനപക്ഷ മുന്നണിക്ക് ഏറെ അനുകൂല ഘടകങ്ങളാണ് പുതിയ വടക്കാഞ്ചേരിയിലുള്ളത്.

പുതിയ മണ്ഡലത്തില്‍ 1,75,174 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 92,264 സ്ത്രീ വോടടര്‍മാരും, 82,910 പുരക്ഷവോട്ടര്‍മാരാമാണുള്ളത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 8616 ഓളം വോട്ടര്‍മാര്‍ പുതിയ മണ്ഡലത്തില്‍ കൂടുതലായുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ നിറം കൊടുക്കാതെയുള്ള ജനകീയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പുണരാനൊരുങ്ങുകയാണ് പുതിയ വടക്കാഞ്ചേരി

അട്ടിമറിയിലൂടെ ചുവപ്പ് ഉറപ്പിക്കാന്‍ ഏറ്റുമാനൂര്‍

കോട്ടയം:പുതിയ മാറ്റത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ അട്ടിമറിയിലൂടെ ചുവടുറപ്പിക്കാനാണ് എല്‍ ഡി എഫ് രംഗത്തുള്ളത്. കര്‍ഷക, കര്‍ഷതൊഴിലാളി സമരങ്ങളുടെ ചരിത്രമുറങ്ങുന്ന സ്ഥലമുള്‍പ്പെടുന്ന മണ്ഡലമെന്ന നിലയില്‍ വലിയ പ്രാധാന്യമാണ് ഏറ്റുമാനൂരിനുള്ളത്.

കോട്ടയം താലൂക്കിലെ ഏഴ് പഞ്ചായത്തുകള്‍ പുനര്‍നിര്‍ണ്ണയിച്ച മണ്ഡലത്തില വരുന്നുണ്ട്. അയ്മനം, ആര്‍പ്പൂക്കര, അതിരമ്പുഴ,ഏറ്റുമാനൂര്‍, കുമരകം, നീണ്ടൂര്‍, തിരുവാര്‍പ്പ് പഞ്ചായത്തുകളാണ് മണ്ഡലത്തിന്റെ ഭാഗമായുള്ളത്. പഴയ കുമാരനല്ലൂര്‍ പഞ്ചായത്ത് കോട്ടയം മണ്ഡലത്തിലേക്ക്  മാറിയപ്പോള്‍ കോട്ടയത്ത് നിന്ന് തിരുവാര്‍പ്പ്, കുമരകം എന്നിവ കൂട്ടിച്ചേര്‍ത്തു.

കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകള്‍ എല്‍ ഡി എഫ് സ്വാധീന മേഖലയായതിനാല്‍ ഇക്കുറി അട്ടിമറി വിജയം ഉറപ്പിച്ചാണ് എല്‍ ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
1,48,512 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. ഇതില്‍ 73637 പേര്‍ പുരുഷന്മാരും.74875 പേര്‍ സ്ത്രീകളുമാണ്. 154 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്.
തിരുവാര്‍പ്പ്, കുമരകം, അയ്മനം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ശക്തമായ ഇടത് വേരോട്ടമുള്ള സ്ഥലങ്ങളാണ്.

കര്‍ഷക സമരങ്ങള്‍ ഉള്‍പ്പെടെ അവകാശ സമരങ്ങള്‍ക്ക് ഇവിടെ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

1991 മുതല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ചാഴികാടന്‍ നാല് തവണയായി എം എല്‍ എ യായി തെരഞ്ഞെടുത്തിട്ട് ഏറ്റുമാനൂരില്‍ സമഗ്രമായ വികസനം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. കുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടെ പലതും പൂര്‍ത്തിയാക്കാത്ത നിലയിലാണ്. നിരവധി പാടശേഖരങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ കാര്‍ഷികമേഖലയെ പ്രോത്സാഹിപ്പിക്കു ന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ത രിശ് കിടക്കുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടും ഇതിനാവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ കഴിയാത്തതിനാല്‍ ഇപ്പോഴും പാടശേഖരങ്ങള്‍ പഴയ അവസ്ഥയിലാണ്.

ജനയുഗം

1 comment:

  1. കേരളത്തിന്റെ ആരോഗ്യ തലസ്ഥാനമായി മാറാന്‍ പോകുന്നനിയോജക മണ്ഡലമെന്ന ഖ്യാതിയോടെ ഭൂമിശാസ്ത്രപരമായ ഏറെ മാറ്റങ്ങളോടെ ജനവിധിക്കൊരുങ്ങുകയാണ് വടക്കാഞ്ചേരി മണ്ഡലം.

    ReplyDelete