Tuesday, March 29, 2011

വിധി നിര്‍ണയിക്കുമ്പോള്‍: രണ്ട് മുന്നണികള്‍, രണ്ട് നയങ്ങള്‍ - രണ്ടാം ഭാഗം

ഒന്നാം ഭാഗം ഇവിടെ

ഐശ്വര്യപൂര്‍ണമായ കേരളത്തിന് അടിത്തറയിട്ട എല്‍ ഡി എഫ്

യു ഡി എഫ് ഭരണകാലത്ത് കര്‍ഷക തൊഴിലാളികളുടെയും പരമ്പരാഗത വ്യവസായ തൊഴിലാളികളുടെയും വൃദ്ധരുടെയും വികലാംഗരുടെയും വിധവകളുടെയും ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കപ്പെട്ടു. 28 മാസത്തെ കുടിശ്ശികയാണ് യു ഡി എഫ് ഭരണത്തിലുണ്ടായിരുന്നത്. എല്‍ ഡി എഫ് അധികാരത്തില്‍ വന്ന് ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ ക്ഷേമപെന്‍ഷനുകള്‍ കുടിശിക തീര്‍ത്തു നല്‍കാന്‍ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്തു. 110 രൂപയായിരുന്ന ക്ഷേമ പെന്‍ഷനുകള്‍ നാനൂറ് രൂപയായി ഉയര്‍ത്തിയതും എല്‍ ഡി എഫ് സര്‍ക്കാരാണ്. എല്‍ ഡി എഫ് അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ ക്ഷേമ പെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തുമെന്ന് പ്രകടനപത്രികയില്‍ എല്‍ ഡി എഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
നെല്ലിന്റെ താങ്ങുവില 7 രൂപയില്‍ നിന്ന് 14 രൂപയായി ഉയര്‍ത്തിയതും കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതും തരിശു ഭൂമിയിലേയ്ക്ക് കൃഷി വ്യാപിപ്പിച്ചതും പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയതും എല്‍ ഡി എഫ് സര്‍ക്കാരാണ്. യു ഡി എഫ് കാര്‍ഷിക മേഖലയെ നാശത്തിലേയ്ക്ക് നയിക്കുകയായിരുന്നെങ്കില്‍ എല്‍ ഡി എഫ് കാര്‍ഷിക മേഖലയെ സജീവമാക്കി കര്‍ഷകര്‍ക്ക് പുത്തനുണര്‍വും പ്രത്യാശയും നല്‍കി.

യു ഡി എഫ് ഭരണകാലത്ത് കേരളം വര്‍ഗീയ കലഹങ്ങളുടെ കറുത്ത ദിനങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. എല്‍.ഡി എഫ് ഭരണത്തില്‍ കേരളം ക്രമസമാധാന നിലയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി.  അതിനുള്ള പുരസ്‌ക്കാരം കേരളത്തിന് സമ്മാനിച്ചത് കേന്ദ്ര ധനമന്ത്രിയാണ്.

രാജ്യമാകെ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ വികലമായ നയം കാരണമാണ്. കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പുകാരെയും നിയന്ത്രിക്കുവാനോ അവധിവ്യാപാരം നിരോധിക്കുവാനോ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമല്ല. കുത്തകകളുടെ താത്പര്യം സംരക്ഷിക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുന്നത്. എന്നാല്‍ വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് കേരളമാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേരളത്തെ മാതൃകയാക്കണമെന്ന് പാര്‍ലമെന്റില്‍ പറഞ്ഞത് പ്രധാനമന്ത്രിയും കേന്ദ്രധനമന്ത്രിയുമാണ്.

യു ഡി എഫിനെപോലെ പ്രകടന പത്രികാ വാഗ്ദാനം നല്‍കാതെയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ 42 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപ നിരക്കില്‍ അരി ലഭ്യമാക്കിയത്. കേരളത്തിലെ റേഷന്‍ കാര്‍ഡുടമകള്‍ക്കാകെ രണ്ടു രൂപ നിരക്കില്‍ അരി നല്‍കുന്ന നിലയില്‍ പദ്ധതി വിപുലീകരിക്കുകയും ചെയ്തു. അത്തരമൊരു ഘട്ടത്തില്‍ പാവപ്പെട്ടവരുടെ അന്നത്തില്‍ മണ്ണുവാരിയിടുന്ന ജനവിരുദ്ധ സമീപനമാണ് യു ഡി എഫ് സ്വീകരിച്ചതെന്നും ജനങ്ങള്‍ കണ്ടറിഞ്ഞു.

പണമില്ലായ്മയുടെ പേരില്‍ വിദ്യ നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത ദുരന്തകാലമായിരുന്നു യു ഡി എഫ് ഭരണത്തിലേത്. എല്‍ ഡി എഫ് ഭരണകാലത്ത് വിദ്യാര്‍ഥികളുടെ പഠനസൗകര്യം സജ്ജമാക്കുകയും വിദ്യാഭ്യാസ വാണിഭ ശക്തികളെ നിയന്ത്രിക്കുകയും ചെയ്തു. ഭൂ മാഫിയയെയും വനം കൊള്ളക്കാരെയും നിയന്ത്രിക്കുകയും ഒന്നരലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ അവകാശം നല്‍കുകയും ചെയ്തു.

ഐശ്വര്യപൂര്‍ണമായ കേരളത്തിനായുള്ള അടിത്തറ എല്‍ ഡി എഫ് സര്‍ക്കാര്‍ സൃഷ്ടിച്ചു. അത് പൂര്‍ത്തീകരിക്കുവാന്‍ ഒരു ഭരണത്തുടര്‍ച്ചയാണ് കേരളത്തിന്റെ അനിവാര്യത. ദീര്‍ഘവീക്ഷണമുള്ളതും ഭാവനാ സമ്പന്നമായതുമായ പദ്ധതികള്‍ മുന്നില്‍വെച്ചുകൊണ്ടാണ് എല്‍ ഡി എഫ് ജനങ്ങളെ സമീപിക്കുന്നത്. കുഞ്ഞ് പിറക്കുമ്പോള്‍ തന്നെ പതിനായിരം രൂപ കുഞ്ഞിന്റെ പേരില്‍ നിക്ഷേപിക്കുന്ന പദ്ധതി നടപ്പാക്കിയ എല്‍.ഡി.എഫ്. ജനനം മുതല്‍ മരണം വരെ ഓരോ പൗരന്റെയും സംരക്ഷണം ഏറ്റെടുക്കുന്ന പദ്ധതി പ്രകടന പത്രികയിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള ക്രിയാത്മകമായ പരിപാടികള്‍ എല്‍ ഡി എഫ് മുന്നോട്ടു വയ്ക്കുന്നു. കൂടുതല്‍ വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിതീര്‍ക്കുവാനുള്ള ആശയങ്ങളും ഇടതുമുന്നണി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. അഴിമതിക്കാര്‍ക്കും മാഫികള്‍ക്കുമെതിരായി അതിശക്തമായ നിലപാടുകൈക്കൊണ്ട, ജനപക്ഷത്ത് നിലയുറപ്പിച്ച, കേരളത്തെ പുനരുജ്ജീവിപ്പിച്ച, എല്‍ ഡി എഫിനെ ഭരണ തുടര്‍ച്ചയ്ക്കായി ജനങ്ങള്‍ നിയോഗിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്.

വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 290311

മൂന്നാം ഭാഗം

1 comment:

  1. യു ഡി എഫ് ഭരണകാലത്ത് കര്‍ഷക തൊഴിലാളികളുടെയും പരമ്പരാഗത വ്യവസായ തൊഴിലാളികളുടെയും വൃദ്ധരുടെയും വികലാംഗരുടെയും വിധവകളുടെയും ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കപ്പെട്ടു. 28 മാസത്തെ കുടിശ്ശികയാണ് യു ഡി എഫ് ഭരണത്തിലുണ്ടായിരുന്നത്. എല്‍ ഡി എഫ് അധികാരത്തില്‍ വന്ന് ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ ക്ഷേമപെന്‍ഷനുകള്‍ കുടിശിക തീര്‍ത്തു നല്‍കാന്‍ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്തു. 110 രൂപയായിരുന്ന ക്ഷേമ പെന്‍ഷനുകള്‍ നാനൂറ് രൂപയായി ഉയര്‍ത്തിയതും എല്‍ ഡി എഫ് സര്‍ക്കാരാണ്. എല്‍ ഡി എഫ് അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ ക്ഷേമ പെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തുമെന്ന് പ്രകടനപത്രികയില്‍ എല്‍ ഡി എഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

    ReplyDelete