Friday, March 18, 2011

നമ്മുടെ ആരോഗ്യം ഇവിടെസുരക്ഷിതം

കല്‍പ്പറ്റ: 'എനിക്ക് നന്ദിയുണ്ട് ഈ സര്‍ക്കാരിനോട്. ലഭിക്കുന്ന ചികിത്സാസൌകര്യങ്ങള്‍ക്ക്...രോഗം ബാധിച്ച് അവശനിലയിലായ ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്നപ്പോള്‍ കിട്ടിയ സേവനങ്ങള്‍ സ്വകാര്യാശുപത്രിയെ വെല്ലുംവിധമാണ്. തുച്ഛമായ വരുമാനമുണ്ടായിരുന്ന ഞങ്ങളുടെ കുടുംബത്തിന് സര്‍ക്കാര്‍ ചെയ്ത ചികിത്സാ സഹായങ്ങള്‍ അനവധിയാണ്. ജീവന്‍ രക്ഷിച്ചതും സര്‍ക്കാര്‍ സൌകര്യങ്ങള്‍ തന്നെ'ചുണ്ടേല്‍ സ്വദേശി ബീവി യുടെ വാക്കുകളില്‍ ആശ്വാസം.

പാവപ്പെട്ട എല്ലാ രോഗികള്‍ക്കും ചികിത്സ സൌകര്യം. ആരോഗ്യ ഇന്‍ഷൂറന്‍സ്, ആശുപത്രി വികസനം എന്നിങ്ങനെ ആരോഗ്യ രംഗത്ത് എല്ലാ മേഖലകളിലും സര്‍വതോന്മുഖമായ വികസനമെത്തിക്കുക... ചിന്തിക്കാവുന്നതിലും അപ്പുറം. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതെല്ലാം യാഥാര്‍ഥ്യമാക്കിയെന്ന് നിസ്സംശയം പറയാം. 'എത്ര സൌകര്യമുണ്ട് ഇപ്പോ. മുമ്പ് ഇങ്ങനെയായിരുന്നോ?'- കൈനാട്ടിയിലെ ജനറല്‍ ആശുപത്രിയില്‍ എത്തിയ മീനങ്ങാടിയിലെ എപതുകാരി മറിയാമ്മ ചോദിക്കുന്നു. ഈ രണ്ട് അഭിപ്രായങ്ങളിലും എല്ലാം അടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ എത്രമാത്രം മാറിയെന്ന് അനുഭവസ്ഥര്‍ പറയും. കേരളത്തിന്റെ സമസ്ത മേഖലകളിലും വികസനം എത്തിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ നടത്തിയ വികസനം വലുതാണ്. ജില്ലയിലെ ആരോഗ്യരംഗത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ മതിയായ പരിഗണന നല്‍കി. ആശുപത്രികളില്‍ വേണ്ടത്ര ചികിത്സയും സൌകര്യങ്ങളും ഏര്‍പ്പെടുത്തി. യുഡിഎഫ് ഭരണകാലത്ത് ആശുപത്രികളില്‍ ഡോക്ടര്‍മാരും ജീവനക്കാരും മരുന്നും ഇല്ലാത്ത അവസ്ഥയായിരുന്നു. വൃത്തിഹീനമായ കക്കൂസുകളും വാര്‍ഡുകളും ജനങ്ങളെ അകറ്റി.
(യു ബി സംഗീത)

മികച്ച സൌകര്യം, മികച്ച സേവനം

'സര്‍ക്കാര്‍ ആശുപത്രിയോ അവിടെയൊന്നുമില്ല' എന്ന് ആളുകള്‍ പറഞ്ഞിവുരുന്ന കാലം കഴിഞ്ഞു. സ്വകാര്യ ആശുപത്രികളേക്കാള്‍ മികച്ച സൌകര്യവും സേവനവും ഏര്‍പ്പെടുത്തിയതില്‍ ആശുപത്രിയില്‍ പോകുന്നവര്‍ ഈ സര്‍കാരിനെ അഭിനന്ദിക്കും. വൃത്തിയുള്ള കക്കൂസുകളും വാര്‍ഡുകളും നവീകരിച്ച കെട്ടിടങ്ങളും ഓപ്പറേഷന്‍ തിയേറ്ററുകളും ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളും അത്യാഹിത വിഭാഗവും ഏര്‍പ്പെടുത്തിയതോടെ സ്വകാര്യ ആശുപത്രികളേക്കാള്‍ നിലവാരം മെച്ചപ്പെട്ടു. ജില്ലാ ആശുപത്രിയില്‍ ആധുനിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ബ്ളഡ് ബാങ്കും എക്സ്റേ യൂണിറ്റും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കിടക്കകള്‍ 43 ല്‍ നിന്ന് 250 ആയി. 1.16 കോടി രൂപ ചെലവഴിച്ച് കൈനാട്ടിയില്‍ പുതിയ കെട്ടിടത്തില്‍ ഫാമിലി പോളി ക്ളിനിക് ഉദ്ഘാടനംചെയ്തു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ 57 കിടക്കകള്‍ 250 ആയി. 10.5 കോടി രൂപയുടെ അഞ്ച് നിലകെട്ടിടത്തിന് അനുമതി ലഭിച്ചു. ആധുനിക സൌകര്യങ്ങളോടെയുള്ള ലബോറട്ടറി അനുവദിച്ചു. ഇതിന് മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ് ലഭിച്ചു. വൈത്തിരി ആശുപത്രിയില്‍ 48 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ചു. മെച്ചപ്പെട്ട ചികിത്സയും സൌകര്യങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുമ്പോള്‍ എന്തിന് സ്വകാര്യ ആശുപത്രികളെ സമീപിക്കണം എന്ന നിലപാട് ജനങ്ങള്‍ക്ക്.

സയാഹ്ന ഒപി തുറന്നു; തിരക്കിന് ശമനം


'മുമ്പ് ചെറിയ അസുഖം വന്നാലും ഉച്ചയ്ക്ക് മുമ്പ് ആശുപത്രിയില്‍ എത്തണം. അതുതന്നെ നല്ല തിരക്കും.' ഇത് പഴങ്കഥ. ജില്ലാ- താലൂക്ക് ആശുപത്രികളിലും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും സായാഹ്ന ഒപി തുറന്നത് എല്ലാവര്‍ക്കും സൌകര്യമായി. ഉച്ചയ്ക്കുമുമ്പുള്ള തിരക്ക് കാരണം ആശുപത്രിയില്‍ പോകാതിരുന്നവര്‍ക്ക് ഇത് സൌകര്യമായി. വൈകുന്നേരം ഒപി ആരംഭിച്ചത് എല്‍ഡിഎഫ് സര്‍ക്കാറാണ്. തൊഴിലാളി കുടുംബങ്ങള്‍ക്ക് വലിയ സൌകര്യമാണ് തന്മൂലം ലഭിക്കുന്നത്. എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്നും മറ്റ് ഉപകരണങ്ങളും ലഭ്യമാക്കി പരാതി രഹിതമായാണ് പ്രവര്‍ത്തനം. ജില്ലയില്‍ 19 ആശുപത്രികളില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.

ആവശ്യത്തിന് ഡോക്ടര്‍മാര്‍

നിലവിലുള്ള തസ്തികള്‍ക്ക് പുറമേ ആരോഗ്യസ്ഥാപനങ്ങളില്‍ 6 സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍, 60 സിആര്‍എസ് ഡോക്ടര്‍മാര്‍, 56 സ്റ്റാഫ് നേഴ്സ്, 10 ഫാര്‍മസിസ്റ്റ്, നാല് എക്സറേ ടെക്നീഷ്യന്‍, 28 ലാബ് ടെക്നീഷ്യന്‍, 14 ജെപിഎച്ച്എന്‍ എന്നിവരെ നിയമിച്ചു. 2006 -ല്‍ യുഡിഎഫ് അധികാരം ഒഴിയുമ്പോള്‍ 120 ഡോക്ടര്‍മാരുടെ തസ്തികകളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 224 ആയി. ഡോക്ടര്‍മാരുടെ 104 തസ്തികകളാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.

പിഎച്ച്സികളുടെ നില മെച്ചം

ബത്തേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായും മീനങ്ങാടി, പുല്‍പ്പള്ളി, പനമരം, അമ്പലവയല്‍ ബ്ളോക്ക് പിഎച്ച്സികളെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായും ഉയര്‍ത്തി. മുള്ളന്‍കൊല്ലി, പേരിയ, ചീരാല്‍, നൂല്‍പുഴ, മേപ്പാടി, പൂതാടി, പൊരുന്നന്നൂര്‍ പിഎച്ച്സികളെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കിടത്തി ചികിത്സ സൌകര്യമുള്ള പിഎച്ച്സികളാക്കി. നല്ലൂര്‍നാട് ആശുപത്രി പ്രത്യേക പരിഗണന നല്‍കി വികസിപ്പിച്ചു. മീനങ്ങാടി ആശുപത്രിയില്‍ അഡീഷണല്‍ ബ്ളോക്ക് തുറന്നു. അമ്പലവയല്‍ ആശുപത്രിയില്‍ മോര്‍ച്ചറി കെട്ടിടം ഉദ്ഘാടനംചെയ്തു. 60 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് തറക്കല്ലിട്ടു. ഡിസ്പെന്‍സറികള്‍ അനുവദിച്ചു. മാനന്തവാടിയില്‍ പുതിയ ആയുര്‍വേദ ക്ളിനിക് തുറന്നു. പയ്യമ്പള്ളി ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം അനുവദിച്ചു. ബത്തേരി ആയുര്‍വേദ ആശുപത്രിയില്‍ അഡീഷണല്‍ ബ്ളോക്ക് ഉദ്ഘാടനംചെയ്തു. മുള്ളന്‍കൊല്ലി ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം അനുവദിച്ചു. വൈത്തിരിയില്‍ 24 ലക്ഷം രൂപയുടെ എന്‍ആര്‍എച്ച്എം ഫണ്ട് ഉപയോഗിച്ച് സിഎച്ച്സി നവീകരിച്ച് താലൂക്ക് ആശുപത്രിയാക്കി. മീനങ്ങാടിയില്‍ 26 ലക്ഷം രൂപയുടെ എന്‍ആര്‍എച്ച്എം ഫണ്ട് ഉപയോഗിച്ച് സിഎച്ച്സി നവീകരിച്ചു.

ദേശാഭിമാനി 180311

1 comment:

  1. 'എനിക്ക് നന്ദിയുണ്ട് ഈ സര്‍ക്കാരിനോട്. ലഭിക്കുന്ന ചികിത്സാസൌകര്യങ്ങള്‍ക്ക്...രോഗം ബാധിച്ച് അവശനിലയിലായ ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്നപ്പോള്‍ കിട്ടിയ സേവനങ്ങള്‍ സ്വകാര്യാശുപത്രിയെ വെല്ലുംവിധമാണ്. തുച്ഛമായ വരുമാനമുണ്ടായിരുന്ന ഞങ്ങളുടെ കുടുംബത്തിന് സര്‍ക്കാര്‍ ചെയ്ത ചികിത്സാ സഹായങ്ങള്‍ അനവധിയാണ്. ജീവന്‍ രക്ഷിച്ചതും സര്‍ക്കാര്‍ സൌകര്യങ്ങള്‍ തന്നെ'ചുണ്ടേല്‍ സ്വദേശി ബീവി യുടെ വാക്കുകളില്‍ ആശ്വാസം.

    ReplyDelete