Friday, March 18, 2011

ഉള്‍നാടന്‍ മത്സ്യക്കൃഷിക്ക് പുതിയ ചരിത്രവുമായി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ളക്സ്

പത്തനംതിട്ട: ജില്ലയിലെ ഉള്‍നാടന്‍ മത്സ്യകൃഷിരംഗത്ത് മുന്നേറ്റത്തിന്റെ പുതു ചരിതമെഴുതുകയാണ് പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ളക്സ്. രണ്ട് വര്‍ഷം മുമ്പ് വരെ ഇവിടുത്തെ ഉല്‍പ്പാദന ക്ഷമത ഏഴ് ലക്ഷം. ഇന്ന് 15 ലക്ഷം. കട്ല, രോഹു, മൃഗാല്‍, സൈപ്രീനസ്, ലേബിയോ തുടങ്ങിയ വളര്‍ത്തുമത്സ്യങ്ങള്‍, ഗോള്‍ഡ്, എയ്ഞ്ചല്‍, പ്ളാറ്റി, ഗപ്പീ മത്സ്യങ്ങള്‍, മോളി എന്നീ അലങ്കാരമത്സ്യങ്ങളുമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. 1956ലാണ് ഇവിടെ മത്സ്യകൃഷിയാരംഭിച്ചത്. മതിയായ പരിഗണന കിട്ടാതെ കാലങ്ങളോളം കിടന്ന സംരഭത്തിന് കരുത്തു പകര്‍ന്നത് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വീകരിച്ച നിലപാടുകളാണ്. സര്‍ക്കാരിന്റ കാര്യക്ഷമമായ ഇടപെടലുകളാണ് ഫിഷറീസ് കോംപ്ളക്സിന് പുതിയ മുഖം നല്‍കിയത്.

രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരമുള്ള 61 ലക്ഷം രൂപയും സംസ്ഥാന ഫീഷറീസ് വകുപ്പ് അനുവദിച്ച 30 ലക്ഷം രൂപയും ഉള്‍പ്പെടെ 91 ലക്ഷം രൂപയുടെ പദ്ധതികളാണ് ആരംഭിച്ചത്. മത്സ്യം വളര്‍ത്താന്‍ 20 സിമന്റ് നഴ്സറി കുളങ്ങളാണ് കോംപ്ളക്സിലുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ നാലെണ്ണം ഉപയോഗശൂന്യമായിരുന്നു. ഇവ പുനര്‍നിര്‍മിച്ചതോടെ മത്സ്യം വളര്‍ത്തുന്നതിന് ഏറെ അനുകൂലമായി സാഹചര്യം നിലവില്‍ വന്നു. അതോടൊപ്പം വിത്തുമത്സ്യക്കുളത്തിന്റെ അറ്റകുറ്റപ്പണികളും നടത്തി. മണ്‍ കുളങ്ങളിലായരുന്നു വിത്തുമത്സ്യങ്ങളെ നിക്ഷേപിച്ചിരുന്നത്. കുളത്തിന്റെ ബണ്ടുകള്‍ തകര്‍ന്നത് വിത്തുമത്സ്യങ്ങളുടെ നിലനില്‍പ്പിനെ ബാധിച്ചിരുന്നു. സമീപത്തെ തോടുകളില്‍ നിന്നും പാടങ്ങളില്‍ നിന്നും തകര്‍ന്നു കിടന്ന ബണ്ടിലൂടെ വെള്ളം വിത്തുമത്സ്യക്കുളങ്ങളിലേക്ക് ഒഴുകിയതായിരുന്നു പ്രശ്നം. വേനല്‍ക്കാലത്ത് അനുഭവപ്പെട്ട ജലക്ഷാമം പരിഹരിക്കാന്‍ കിണര്‍ നിര്‍മിച്ചതാണ് മറ്റൊരു പ്രധാന ചുവടുവെയ്പ്പ്. 8.67 ഹെക്ടറുള്ള കോംപ്ളക്സിന്റെ പടിഞ്ഞാറ് ഭാഗത്ത് നേരത്തെ ഒരു കിണറുണ്ടായരുന്നു. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കോംപ്ളക്സിന്റെ കിഴക്ക് ഭാഗത്ത് മറ്റൊരു കിണര്‍ നിര്‍മിച്ചത്. വലിയൊരളവ് വരെ ജലക്ഷാമം പരിഹരിക്കുന്നതിന് ഇതുവഴി കഴിഞ്ഞു. വിവിധ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കാനുള്ള ടാങ്കും പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. 10,000 ലിറ്റര്‍ വെള്ളം ശേഖരിക്കാവുന്ന പുതിയ ടാങ്ക് നിര്‍മിച്ച്് ഈ പ്രശ്നവും പരിഹരിച്ചു. 1970ല്‍ ചൈനീസ് മാതൃകയില്‍ നിര്‍മിച്ച ഹാച്ചറിയുടെ താല്‍ക്കാലിക തടയണയ്ക്ക് പകരം പുതിയ ഹാച്ചറിഷെഡും നിര്‍മിച്ചത് കോംപ്ളക്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകി. ഫിഷറീസ് വകുപ്പ് അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കാനിരിക്കുന്ന ബോധവല്‍ക്കരണ കേന്ദ്രമാണ് മറ്റൊരു ശ്രദ്ധേയമായ നടപടി. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ദേശാഭിമാനി 180311

1 comment:

  1. ജില്ലയിലെ ഉള്‍നാടന്‍ മത്സ്യകൃഷിരംഗത്ത് മുന്നേറ്റത്തിന്റെ പുതു ചരിതമെഴുതുകയാണ് പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ളക്സ്. രണ്ട് വര്‍ഷം മുമ്പ് വരെ ഇവിടുത്തെ ഉല്‍പ്പാദന ക്ഷമത ഏഴ് ലക്ഷം. ഇന്ന് 15 ലക്ഷം. കട്ല, രോഹു, മൃഗാല്‍, സൈപ്രീനസ്, ലേബിയോ തുടങ്ങിയ വളര്‍ത്തുമത്സ്യങ്ങള്‍, ഗോള്‍ഡ്, എയ്ഞ്ചല്‍, പ്ളാറ്റി, ഗപ്പീ മത്സ്യങ്ങള്‍, മോളി എന്നീ അലങ്കാരമത്സ്യങ്ങളുമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. 1956ലാണ് ഇവിടെ മത്സ്യകൃഷിയാരംഭിച്ചത്. മതിയായ പരിഗണന കിട്ടാതെ കാലങ്ങളോളം കിടന്ന സംരഭത്തിന് കരുത്തു പകര്‍ന്നത് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വീകരിച്ച നിലപാടുകളാണ്. സര്‍ക്കാരിന്റ കാര്യക്ഷമമായ ഇടപെടലുകളാണ് ഫിഷറീസ് കോംപ്ളക്സിന് പുതിയ മുഖം നല്‍കിയത്.

    ReplyDelete