Tuesday, July 12, 2011

കര്‍ണാടകത്തില്‍ കഴിഞ്ഞവര്‍ഷം ആത്മഹത്യ ചെയ്തത് 2585 കര്‍ഷകര്‍

ബംഗളൂരു: കഴിഞ്ഞവര്‍ഷം കര്‍ണാടകത്തില്‍ ആത്മഹത്യചെയ്തത് 2585 കര്‍ഷകര്‍ . സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം. ഓരോ വര്‍ഷവും സംസ്ഥാനത്ത് ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ എണ്ണവും കൂടിവരികയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ , ആഭ്യന്തര, കൃഷിവകുപ്പുകളുടെ കണക്കുകളില്‍ വൈരുധ്യമുണ്ട്. 2006ല്‍ 1720 കര്‍ഷകരും 2007ല്‍ 2135 കര്‍ഷകരും ആത്മഹത്യ ചെയ്തതായി ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പറയുന്നു. കൃഷിവകുപ്പിനാകട്ടെ ഇത് 53ഉം 254ഉം മാത്രം. ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ച് 2008ല്‍ 1737 പേരും 2009ല്‍ 2282 പേരും ആത്മഹത്യചെയ്തു.

2010ല്‍ ബെലഗവി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ- 408 പേര്‍ . മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മണ്ഡലമായ ശിവമോഗ ജില്ലയില്‍ 150 പേര്‍ ആത്മഹത്യചെയ്തു. നെല്ല്, കരിമ്പ്, ചോളം, തക്കാളി, മാവ്, പരുത്തി, അടയ്ക്ക കര്‍ഷകരാണ് ആത്മഹത്യ ചെയ്തവരിലേറെയും. കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാനമെങ്ങും പ്രക്ഷോഭം നടക്കുമ്പോഴാണ് കര്‍ഷകരുടെ ആത്മഹത്യ പെരുകുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.

സിക്സ് പാക്ക് ഇല്ലാത്തതിന്റെ കുറവ് വേണ്ടെന്ന് ശ്രീരാമസേന

യുവാക്കള്‍ക്ക് ശ്രീരാമസേനയുടെ സായുധ പരിശീലനം

ബംഗളൂരു: "ദേശഭക്തിയും മതസ്നേഹവുമുള്ള" യുവാക്കളെ വാര്‍ത്തെടുക്കാന്‍ ശ്രീരാമസേനയുടെ സായുധപരിശീലനം. നിരവധി അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പരിശീലനം. ഓരോ സംസ്ഥാനത്തും തെരഞ്ഞെടുക്കപ്പെടുന്ന 3500 യുവാക്കള്‍ക്ക് പരിശീലനം നല്‍കും. രാജ്യസുരക്ഷയ്ക്ക് ഇന്ത്യന്‍ സേനയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിശീലനത്തിന് നേതൃത്വം നല്‍കുന്നത് മുന്‍ സൈനിക ഉദ്യോഗസ്ഥരാണ്. പരിശീലനത്തിന്റെ ആദ്യഘട്ടം കര്‍ണാടകത്തിലെ ബെലഗവിയില്‍ ആരംഭിച്ചു.

മംഗളൂരു പബ്ബ് ആക്രമണത്തിലൂടെയാണ് ശ്രീരാമസേന കുപ്രസിദ്ധിയാര്‍ജിച്ചത്. സദാചാര പൊലീസ് ചമയുന്ന ഇവര്‍ മംഗളൂരു, ശിവമോഗ, ഹാസ്സന്‍ , ബംഗളൂരു എന്നിവിടങ്ങളില്‍ സജീവമാണ്. പണം നല്‍കുകയാണെങ്കില്‍ രാജ്യത്ത് വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ തയ്യാറാണെന്ന മുത്താലിക്കിന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദമുയര്‍ത്തിയിരുന്നു. ചെറുപ്പക്കാര്‍ക്കിടയില്‍ ദേശസ്നേഹം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനമെന്നും സായുധസേന രൂപീകരിക്കല്‍ ശ്രീരാമസേനയുടെ ഉദ്ദേശ്യമല്ലെന്നും പ്രമോദ് മുത്തലിക്ക് പറഞ്ഞു.

deshabhimani 120711

1 comment:

  1. കഴിഞ്ഞവര്‍ഷം കര്‍ണാടകത്തില്‍ ആത്മഹത്യചെയ്തത് 2585 കര്‍ഷകര്‍ . സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം. ഓരോ വര്‍ഷവും സംസ്ഥാനത്ത് ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ എണ്ണവും കൂടിവരികയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ , ആഭ്യന്തര, കൃഷിവകുപ്പുകളുടെ കണക്കുകളില്‍ വൈരുധ്യമുണ്ട്. 2006ല്‍ 1720 കര്‍ഷകരും 2007ല്‍ 2135 കര്‍ഷകരും ആത്മഹത്യ ചെയ്തതായി ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പറയുന്നു. കൃഷിവകുപ്പിനാകട്ടെ ഇത് 53ഉം 254ഉം മാത്രം. ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ച് 2008ല്‍ 1737 പേരും 2009ല്‍ 2282 പേരും ആത്മഹത്യചെയ്തു.

    ReplyDelete