Sunday, July 10, 2011

കിസാന്‍സഭ രൂപീകരണത്തിന്റെ 75-ാം വാര്‍ഷികാഘോഷം 13 മുതല്‍

അഖിലേന്ത്യാ കിസാന്‍സഭാ രൂപീകരണത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ കേരള കര്‍ഷകസംഘം നേതൃത്വത്തില്‍ വിപുലമായ ആഘോഷപരിപാടി സംഘടിപ്പിക്കും. ജില്ലകളില്‍ ചരിത്രസെമിനാറുകള്‍ , പ്രദര്‍ശനങ്ങള്‍ , പഴയകാല സമരകേന്ദ്രങ്ങളെയും രക്തസാക്ഷികുടീരങ്ങളെയും കേന്ദ്രീകരിച്ച് അനുസ്മരണ സമ്മേളനങ്ങള്‍ , ആദ്യകാല സമരസഖാക്കളെ ആദരിക്കല്‍ , കര്‍ഷകക്കൂട്ടായ്മ, കര്‍ഷകറാലി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

1936 ഏപ്രില്‍ 11ന് ലക്നൗവില്‍വച്ച് അഖിലേന്ത്യാ കിസാന്‍സഭ രൂപീകരിച്ചു. 1935 ജൂലായ് 13ന് പഴയ ചിറയ്ക്കല്‍ താലൂക്കില്‍ കൊളച്ചേരിയിലെ നണിയൂരിലാണ് ആദ്യ കര്‍ഷകസംഘം രൂപീകൃതമായത്. 1937ല്‍ രൂപീകൃതമായ അഖില മലബാര്‍ കര്‍ഷകസംഘവും 1940ല്‍ രൂപംകൊണ്ട കൊച്ചി കര്‍ഷകസഭയും 1941ല്‍ രൂപംകൊണ്ട തിരുവിതാംകൂര്‍ കര്‍ഷകസംഘവും ഐക്യകേരള രൂപീകരണത്തിനുശേഷം 1956 ഡിസംബര്‍ 29, 30 തീയതികളില്‍ ഷൊര്‍ണൂരില്‍ സംയുക്തസമ്മേളനം ചേര്‍ന്ന് കേരള കര്‍ഷകസംഘത്തിന് രൂപംനല്‍കി. കേരളത്തിലെ ആദ്യത്തെ സംഘടിത കര്‍ഷകപ്രസ്ഥാനം രൂപമെടുത്ത 13ന് കണ്ണൂരിലാണ് വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം. രാവിലെ 10ന് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേരുന്ന കര്‍ഷകസംഗമം അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്യും. 1950നുമുമ്പ് ജില്ലയിലെ കര്‍ഷകസമരങ്ങളില്‍ പങ്കെടുത്ത കര്‍ഷക പോരാളികളെ ആദരിക്കും.

ആഗസ്ത് 19ന് തിരുവനന്തപുരത്താണ് ആഘോഷപരിപാടികളുടെ സമാപനം. അന്ന് ജില്ല കേന്ദ്രീകരിച്ച് അരലക്ഷം കര്‍ഷകരുടെ റാലി സംഘടിപ്പിക്കും. ജില്ലയിലെ പ്രധാന കര്‍ഷകസമരങ്ങളായ ആറ്റിങ്ങല്‍ കലാപത്തെ അനുസ്മരിച്ച് 25ന് ആറ്റിങ്ങലില്‍ സ. വര്‍ക്കല രാധാകൃഷ്ണന്‍ നഗറില്‍ നടക്കുന്ന സെമിനാര്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും. 26ന് കാണിപ്പറ്റ് സമരത്തെ അനുസ്മരിച്ച് വെള്ളറടയില്‍ നടക്കുന്ന സെമിനാര്‍ സിപിഐ എം പൊളിറ്റ് ബ്യൂറോഅംഗം കോടിയേരി ബാലകൃഷ്ണനും, 28ന് കല്ലറ-പാങ്ങോട് സമരത്തെ അനുസ്മരിച്ച് പാങ്ങോട് നടക്കുന്ന സെമിനാര്‍ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജനും ഉദ്ഘാടനംചെയ്യും. എറണാകുളത്ത് ആഗസ്ത് ഒന്നിന് നടക്കുന്ന സെമിനാര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം കാല്‍ലക്ഷം കൃഷിക്കാര്‍ പങ്കെടുക്കുന്ന പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. മിച്ചഭൂമി സമരത്തെ അനുസ്മരിച്ച് ആഗസ്ത് 10ന് തിരുവനന്തപുരത്ത് എ കെ ജി ഹാളില്‍ സംഘടിപ്പിക്കുന്ന ദേശീയ കര്‍ഷക സെമിനാര്‍ കിസാന്‍സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ വരദരാജന്‍ ഉദ്ഘാടനം ചെയ്യും.

deshabhimani 100711

1 comment:

  1. അഖിലേന്ത്യാ കിസാന്‍സഭാ രൂപീകരണത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ കേരള കര്‍ഷകസംഘം നേതൃത്വത്തില്‍ വിപുലമായ ആഘോഷപരിപാടി സംഘടിപ്പിക്കും. ജില്ലകളില്‍ ചരിത്രസെമിനാറുകള്‍ , പ്രദര്‍ശനങ്ങള്‍ , പഴയകാല സമരകേന്ദ്രങ്ങളെയും രക്തസാക്ഷികുടീരങ്ങളെയും കേന്ദ്രീകരിച്ച് അനുസ്മരണ സമ്മേളനങ്ങള്‍ , ആദ്യകാല സമരസഖാക്കളെ ആദരിക്കല്‍ , കര്‍ഷകക്കൂട്ടായ്മ, കര്‍ഷകറാലി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

    ReplyDelete