Sunday, July 25, 2010

ലാവ്ലിന്‍: വാടക സാക്ഷിയുമായി മാതൃഭൂമി വീണ്ടും

സ്ഥാപിതമാവുന്നതിനു മുമ്പേ റബ്‌കോ റബര്‍വുഡ് ബിസിനസ് തുടങ്ങിയെന്ന് മാതൃഭൂമി വാര്‍ത്ത. വിലക്കുറവുമൂലം ജീവിതം വഴിമുട്ടിയ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ 1996ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയ റബ്‌കോയെ ലാവ്ലിന്‍ കേസുമായി ബന്ധിപ്പിച്ചാണ് ഒടുവിലത്തെ പ്രകടനം. ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചശേഷം പ്രത്യക്ഷപ്പെട്ട ദീപക് കുമാര്‍ എന്ന വാടകസാക്ഷിയുടെ മൊഴിയെന്ന പേരിലാണ് അപവാദങ്ങളുടെ പുതിയ പതിപ്പുമായി മാതൃഭൂമി ഞായറാഴ്ച പ്രത്യഷപ്പെട്ടത്.

ലാവ്ലിന്‍ കേസ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുടുക്കാനും രാഷ്ട്രീയമായി തകര്‍ക്കാനുമുള്ള ആയുധമായാണ് യുഡിഎഫ് ഉപയോഗിച്ചത്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനുശേഷം സിബിഐ കോടതിയില്‍ ബോധിപ്പിച്ച റിപ്പോര്‍ട്ട് അത്തരം പ്രചാരകരെ നിരാശരാക്കി. പിണറായിക്കെതിരെ തങ്ങളുടെ പക്കല്‍ ഒന്നുമില്ലെന്ന് സിബിഐ പറഞ്ഞപ്പോള്‍ ലാവ്ലിന്‍ കേസില്‍ ആര്‍ക്കും താല്‍പ്പര്യമില്ലാതായി. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ ഘട്ടത്തില്‍ പച്ചക്കള്ളവുമായി മാതൃഭൂമി വീണ്ടും രംഗത്തിറങ്ങുകയാണ്. റബ്‌കോയുമായി ചേര്‍ന്ന് റബര്‍വുഡ് ബിസിനസ് നടത്തണമെന്ന ലക്ഷ്യത്തോടെയാണ് 1996ല്‍ ദിലീപ് രാഹുല്‍ പിണറായി വിജയനുമായി ബന്ധപ്പെട്ടതെന്ന് ദീപക് മൊഴി നല്‍കിയതായാണ് മാതൃഭൂമി വാര്‍ത്ത. 20 കോടി ചെലവില്‍ ആരംഭിക്കാനിരുന്ന ബിസിനസിന്റെ പദ്ധതിരേഖ ദീപക് തയ്യാറാക്കിയതാണെന്നും വാര്‍ത്തയിലുണ്ട്. 1996ല്‍ സിപിഐ എം അധികാരത്തില്‍ എത്തിയശേഷം റബ്‌കോ റബ്‌വുഡ് പദ്ധതിയുമായി മുന്നോട്ടു പോയെന്നും അടങ്കല്‍ 80 കോടി രൂപയായി വര്‍ധിപ്പിച്ച് തുക തട്ടിയെടുത്തെന്നും ദീപക് മൊഴി നല്‍കിയത്രേ.

1997ല്‍ റബര്‍വില കുത്തനെ ഇടിഞ്ഞപ്പോള്‍ കര്‍ഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ വകുപ്പ് റബ്‌കോയ്ക്ക് രൂപം നല്‍കിയത്. 1997ല്‍ രജിസ്റ്റര്‍ചെയ്ത റബ്‌കോ വര്‍ഷാവസാനമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. റബ്‌വുഡ് പദ്ധതി ആരംഭിച്ചത് 2000-'01ലും. റബര്‍ തടി സംസ്കരിച്ച് ഫര്‍ണിച്ചറും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്ക് ആകെ ചെലവ് 38 കോടി രൂപയും. മാതൃഭൂമി വാര്‍ത്തയില്‍ പറയുന്ന ദീപക് കുമാറിനും ദിലീപ് രാഹുലിനും പദ്ധതിയുമായി ഒരു ബന്ധവുമില്ല. ഇരുവരെയും പദ്ധതിരേഖ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്ന് റബ്‌കോ ചെയര്‍മാന്‍ ഇ നാരായണന്‍ ദേശാഭിമാനിയോട് പറഞ്ഞു. റബ്‌കോയ്ക്കെതിരെ ഉയര്‍ന്ന അപവാദപ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

റബര്‍വുഡ് ബിസിനിസില്‍ തുടങ്ങിയ ബന്ധമാണ് എസ്എന്‍സി-ലാവ്ലിനും കെഎസ്ഇബിയുമായി കരാറില്‍ എത്തിക്കുന്നതിന് ദിലീപ് രാഹുലിന് സഹായമായതെന്നാണ് മാതൃഭൂമിയുടെ കണ്ടുപിടിത്തം. 1996 ഫെബ്രുവരി 24ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി കരാര്‍ ഒപ്പിടുന്നത്. 1995ല്‍ യുഡിഎഫ് ഭരണകാലത്തെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നവീകരണ തീരുമാനം കൈക്കൊള്ളുന്നത്. ലാവ്ലിന്‍ കേസില്‍ സുദീര്‍ഘമായ അന്വേഷണം നടന്നപ്പോഴൊന്നും മാതൃഭൂമി ഇപ്പോള്‍ വെളിപ്പെടുത്തുന്ന ദീപക് കുമാറിന്റെ മൊഴിയെക്കുറിച്ച് കേട്ടുകേള്‍വിപോലും ഉണ്ടായിരുന്നില്ല. ലാവ്ലിന്റെ പേരില്‍ കെട്ടിപ്പൊക്കിയ നുണകളെല്ലാം പൊളിഞ്ഞതോടെയാണ് പൊടുന്നനെ വ്യാജസാക്ഷി പ്രത്യക്ഷപ്പെട്ടത്. ലാവ്ലിന്‍ കേസിനുപിന്നില്‍ പ്രവര്‍ത്തിച്ച സംഘം രംഗത്തിറക്കിയ ഈ കള്ളസാക്ഷി ഏതാനും മാസംമുമ്പ് മാതൃഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പണം നല്‍കുന്നതിന് ദൃക്സാക്ഷി എന്ന നിലയിലാണ് അവതരിപ്പിച്ചത്. സിബിഐ കുറ്റപത്രം കോടതിയില്‍ നല്‍കിയശേഷം ഇക്കൂട്ടരൊന്നും രംഗത്തില്ലായിരുന്നു. ലാവ്ലിന്‍ എന്ന പദംതന്നെ വ്യക്തിവൈരാഗ്യം തീര്‍ക്കാനും വ്യക്തിഹത്യ നടത്താനുമായി, എല്‍ഡിഎഫില്‍ നില്‍ക്കെത്തന്നെ മാതൃഭൂമിയിലൂടെ എം പി വീരേന്ദ്രകുമാര്‍ ശ്രമിച്ചതാണ്.

ദേശാഭിമാനി 26072010

7 comments:

  1. സ്ഥാപിതമാവുന്നതിനു മുമ്പേ റബ്‌കോ റബര്‍വുഡ് ബിസിനസ് തുടങ്ങിയെന്ന് മാതൃഭൂമി വാര്‍ത്ത. വിലക്കുറവുമൂലം ജീവിതം വഴിമുട്ടിയ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ 1996ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയ റബ്‌കോയെ ലാവ്ലിന്‍ കേസുമായി ബന്ധിപ്പിച്ചാണ് ഒടുവിലത്തെ പ്രകടനം. ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചശേഷം പ്രത്യക്ഷപ്പെട്ട ദീപക് കുമാര്‍ എന്ന വാടകസാക്ഷിയുടെ മൊഴിയെന്ന പേരിലാണ് അപവാദങ്ങളുടെ പുതിയ പതിപ്പുമായി മാതൃഭൂമി ഞായറാഴ്ച പ്രത്യഷപ്പെട്ടത്.

    ലാവ്ലിന്‍ കേസ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുടുക്കാനും രാഷ്ട്രീയമായി തകര്‍ക്കാനുമുള്ള ആയുധമായാണ് യുഡിഎഫ് ഉപയോഗിച്ചത്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനുശേഷം സിബിഐ കോടതിയില്‍ ബോധിപ്പിച്ച റിപ്പോര്‍ട്ട് അത്തരം പ്രചാരകരെ നിരാശരാക്കി. പിണറായിക്കെതിരെ തങ്ങളുടെ പക്കല്‍ ഒന്നുമില്ലെന്ന് സിബിഐ പറഞ്ഞപ്പോള്‍ ലാവ്ലിന്‍ കേസില്‍ ആര്‍ക്കും താല്‍പ്പര്യമില്ലാതായി. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ ഘട്ടത്തില്‍ പച്ചക്കള്ളവുമായി മാതൃഭൂമി വീണ്ടും രംഗത്തിറങ്ങുകയാണ്.

    ReplyDelete
  2. '1996-ലെ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ സി.പി.എം. അധികാരത്തിലെത്തുമെന്നും സഹകരണ വകുപ്പ് പിണറായി വിജയന് ലഭിച്ചേക്കുമെന്നുമുള്ള വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപ് രാഹുലന്‍ പിണറായി വിജയനുമായി സൗഹൃദത്തിലേര്‍പ്പെട്ടതെന്നും ദീപക് പറയുന്നു.'

    (‘മാതൃഭൂമി’ വാര്‍ത്തയില്‍ നിന്ന്)

    ഒരു വാചകം വിട്ടുപോയതാണേ... 1996-ല്‍ ‘കേരളത്തില്‍ സി.പി.എം. അധികാരത്തിലെത്തുമെന്നും സഹകരണ വകുപ്പ് പിണറായി വിജയന് ലഭിച്ചേക്കുമെ’ന്നും മാത്രമല്ല, 1997-ല്‍ റബറിന് വില ഇടിയുമെന്നും റബര്‍ കര്‍ഷകര്‍ പ്രതിസന്ധി നേരിടുമെന്നും ആ സാഹചര്യത്തില്‍ ‘റബ്‌കോ’ എന്ന ഒരു സ്ഥാപനം വിജയന്റെ സഹകരണവകുപ്പ് ആരംഭിക്കുമെന്നും അവരുടെ ആദ്യ പ്രോജക്‍റ്റ് റബ്‌വുഡ് പദ്ധതി ആയിരിക്കുമെന്നും കൂടി മുന്‍‌കൂട്ടി ഗണിച്ചാണ് രാഹുലനന്കിള്‍ വിജയനെ വല വീശിയത്...

    ReplyDelete
  3. 1996 ല്‍ തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ വിജയന്‍ ഇലക്ഷനു മത്സരിക്കുമെന്നും, ജയിക്കുമെന്നും,മന്ത്രി അതും സഹകരണ വകുപ്പില്‍ തന്നെ ആകുമെന്നു, പിന്നീട് റബര്‍ വില കുറയുന്നതു മൂലം റബ്‌കോ തുടങ്ങുമെന്നു ഒക്കെ ഈ ദിലീപിനും ദീപക്കിനു അറിയാമായിരുന്നു.....ഹോ ഇത്ര പഞ്ച പാവങ്ങള്‍ ആയിപ്പോയല്ലോ അവര്‍ !!!! സത്യസന്ധന്മാര്‍....

    ReplyDelete
  4. ഒരു സുഹൃത്തുമായുള്ള ചൂടേറിയ വാഗ്വാദത്തിനൊടുവില്‍ അവന്‍ പറഞ്ഞതിതാണ്, "മനോരമേം മാതൃഭൂമിയും പോലെ പ്രചാരമുള്ള പത്രങ്ങള്‍ പറയുന്നതു വിശ്വസിക്കണോ അതോ ബ്ലോഗില്‍ ആരോ എഴുതുന്നത്‌ വിശ്വസിക്കണോ"...

    പലരുടെയും ചിന്തയുടെ ഈ ഒരു ലൈന്‍ തന്നെ അല്ലേ എന്ത് തോന്നിയാസം എഴുതാനും ഉള്ള വീരന്റെയും കണ്ടത്തില്‍-ക്കാര്ടെയും ധൈര്യം? എന്ത് ഊഹാപോഹം എഴുതിയാലും അത് വിശ്വസിക്കാം, എന്നാല്‍ അതിനെ കണക്കും കാര്യങ്ങളും വെച്ച് ഖണ്ഡിച്ചാല്‍ അത് വിശ്വസിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം... ഉഗ്രനാവുന്നുണ്ട് മലയാളിയുടെ സാമൂഹ്യബോധം!!

    ReplyDelete