Saturday, July 9, 2011

വികൃതമായ അനുകരണം

ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച 2011-12 ലെ പുതുക്കിയ കേരള ബജറ്റ് ഈവര്‍ഷം ഫെബ്രുവരി പത്തിന് അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ വികൃതാനുകരണം മാത്രമാണ്. പ്രധാനമായി രണ്ട് വ്യത്യാസമാണ് കെ എം മാണി ബജറ്റില്‍ വരുത്തിയത്. ഒന്ന്, കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ കെടുകാര്യസ്ഥത കാണിക്കുകയായിരുന്നു എന്ന് ആരോപിച്ചു. രണ്ട്, ഡോ. ഐസക് അവതരിപ്പിച്ച ബജറ്റില്‍ ആവിഷ്കരിച്ചിരുന്ന പദ്ധതികളുടെ ഉള്ളടക്കം ഏറെക്കുറെ അങ്ങനെതന്നെ നിലനിര്‍ത്തി, പേരില്‍ മാറ്റംവരുത്തി യുഡിഎഫിന്റേതാക്കി.

ഡോ. ഐസക് അവതരിപ്പിച്ച ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന റോഡ് പദ്ധതികളിലെ പാതകള്‍ക്കുപകരം പ്രധാനമായി മലപ്പുറത്തെയും കോട്ടയത്തെയും റോഡുകള്‍ ഉള്‍പ്പെടുത്തി. എത്ര കിലോമീറ്റര്‍ റോഡ്, അതിന് എത്ര തുക എന്നൊന്നും നിര്‍ദേശിച്ചിട്ടില്ല. കെ എം മാണിയുടെ ബജറ്റിന്റെ മറ്റൊരു പ്രത്യേകത അവിടവിടെ പല വിഭാഗങ്ങളെയും തൃപ്തിപ്പെടുത്താനായി ചില പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചു എന്നതാണ്. ഈ പദ്ധതികളില്‍ പലതിനും മൊത്തത്തില്‍ എത്ര തുക വേണ്ടിവരും എന്ന വിശദമായ കണക്കുപോലും ഇല്ല. മുന്‍ യുഡിഎഫ് ഭരണകാലത്ത് ഇങ്ങനെ നിരവധി പദ്ധതികള്‍ക്ക് വര്‍ഷംതോറും ഏതാനും ലക്ഷം രൂപ വീതം വകയിരുത്തുന്നതുമൂലം അവയുടെ മൊത്തം ചെലവ് ക്രമാതീതമായി വര്‍ധിച്ചതായാണ് അനുഭവം. അതിനാല്‍ ആ സമ്പ്രദായം എല്‍ഡിഎഫ് സര്‍ക്കാര്‍ ഗണ്യമായി ചുരുക്കിക്കൊണ്ടുവരികയായിരുന്നു. അതിപ്പോള്‍ വീണ്ടും വന്‍തോതില്‍ ആരംഭിച്ചിരിക്കുന്നു. ഇത് നല്ല സാമ്പത്തിക മാനേജ്മെന്റാണെന്ന് ഒരു ധനകാര്യ വിദഗ്ധനും പറയില്ല. കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിനു പുറമെ 1209 പ്രാദേശിക സര്‍ക്കാരുകളുണ്ട്. സാമാന്യം നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഈ പ്രാദേശിക സര്‍ക്കാരുകള്‍ . ഈ സ്ഥിതിയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ചെയ്യുന്നതുപോലെ പല അതോറിറ്റികള്‍ രൂപീകരിക്കുന്നത് അധികാര വികേന്ദ്രീകരണത്തിന് മാത്രമല്ല, നല്ല ഭരണത്തിനുപോലും ഹാനികരമാണ്. അത് സംസ്ഥാന ഭരണ വകുപ്പുകളുടെ സ്വതന്ത്രവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തെപ്പോലും അലോസരപ്പെടുത്തുകയേയുള്ളൂ.

ബജറ്റില്‍ പല അതോറിറ്റികള്‍ക്കും ജന്മം നല്‍കിയിരിക്കുന്നത് അവയിലെ അംഗങ്ങള്‍ക്ക് പ്രയോജനമുണ്ടാക്കും എന്നതിലപ്പുറം എന്ത് ഫലമാണ് ചെയ്യുകയെന്ന് കണ്ടുതന്നെ അറിയണം. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ധനപരമായ അച്ചടക്കം കൊണ്ടുവന്നു എന്നൊക്കെ കെ എം മാണി ബജറ്റ് പ്രസംഗത്തിനിടെ അവകാശപ്പെടുകയുണ്ടായി. അന്നത്തെ അനുഭവം ജനങ്ങള്‍ മറന്നുകാണില്ല. ആ അഞ്ചുവര്‍ഷക്കാലത്ത് ട്രഷറി തുറന്നു കാര്യമായ പ്രവര്‍ത്തനം നടത്തിയ ദിനങ്ങള്‍ വളരെ കുറവായിരുന്നു. വിവിധ ക്ഷേമപെന്‍ഷനുകള്‍ മുതല്‍ കരാറുകാരുടെ വലിയ ബില്ലുകള്‍വരെ എത്രയോ മാസങ്ങളായി കുടിശ്ശികയായിരുന്നു. ആ സര്‍ക്കാരിന്റെ വിഭവസമാഹരണം വളരെ പരിമിതമായിരുന്നു. അവസാന വര്‍ഷം നികുതി സമാഹരണം ഒമ്പതിനായിരത്തില്‍പരം കോടി രൂപ മാത്രമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷം അത് 19,000ല്‍ പരം കോടി രൂപയായിരുന്നു. തന്റെ ബജറ്റ് പ്രസംഗത്തില്‍ കെ എം മാണി ഉന്നയിച്ച ആരോപണങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യുഡിഎഫ് നേതാക്കള്‍ ഉന്നയിക്കാറുള്ളത് തന്നെയാണ്. അവയ്ക്ക് ഫെബ്രുവരിയിലെ ബജറ്റ് പ്രസംഗത്തില്‍ ഡോ. ഐസക് പഴുതടച്ച് വിശദമായ മറുപടി നല്‍കിയതുമാണ്. 1963.47 കോടി രൂപ മാത്രമാണ് തങ്ങള്‍ അധികാരമേറ്റപ്പോള്‍ ട്രഷറിയില്‍ ഉണ്ടായിരുന്നതെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതികള്‍ക്ക് 2154 കോടി വേണ്ടിവരുമെന്നും അങ്ങനെ 200 കോടിയോളം ബാധ്യത തങ്ങള്‍ക്കുണ്ടാക്കിയെന്നും കെ എം മാണി പറഞ്ഞത് ബാലിശമായിപ്പോയി എന്നു പറയാതെ വയ്യ.

മുന്‍ യുഡിഎഫ് സര്‍ക്കാര്‍ , എല്‍ഡിഎഫ് സര്‍ക്കാരിന് ഉണ്ടാക്കിവച്ചുപോയ ബാധ്യത ഇതിന്റെ പല ഇരട്ടികളായിരുന്നു എന്നോര്‍ക്കണം. ഇതൊക്കെ കെ എം മാണി പറഞ്ഞത് എന്തുകൊണ്ടാണ്? എല്‍ഡിഎഫ് സര്‍ക്കാര്‍ ധനമാനേജ്മെന്റ് രംഗത്ത് കൈവരിച്ച നേട്ടം ഒരു യുഡിഎഫ് സര്‍ക്കാരിനും - കെ എം മാണി ധനമന്ത്രിയായിരുന്ന കാലത്തും- അവകാശപ്പെടാന്‍ കഴിയില്ല. ആ നേട്ടത്തെ വെടക്കാക്കി തനിക്കാക്കാന്‍ ഇങ്ങനെയൊരു വിരുദ്ധവാദം വേണ്ടിയിരുന്നില്ല. "നിങ്ങളുടെ കര്‍മങ്ങളും ഹൃദയവും മനസ്സും ഒന്നായിരിക്കട്ടെ. അങ്ങനെ ഒരുമയോടെ പ്രവര്‍ത്തിച്ച് ക്ഷേമം കൈവരിക്കാന്‍ നമുക്ക് കഴിയട്ടെ"- എന്ന് ആശിച്ചുകൊണ്ടാണ് കെ എം മാണി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. യുഡിഎഫുകാരോട് ഇതല്ലാതെ ഒരു ധനമന്ത്രിക്ക് എന്ത് പറയാനാകും.

deshabhimani 090711

2 comments:

  1. ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച 2011-12 ലെ പുതുക്കിയ കേരള ബജറ്റ് ഈവര്‍ഷം ഫെബ്രുവരി പത്തിന് അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ വികൃതാനുകരണം മാത്രമാണ്. പ്രധാനമായി രണ്ട് വ്യത്യാസമാണ് കെ എം മാണി ബജറ്റില്‍ വരുത്തിയത്. ഒന്ന്, കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ കെടുകാര്യസ്ഥത കാണിക്കുകയായിരുന്നു എന്ന് ആരോപിച്ചു. രണ്ട്, ഡോ. ഐസക് അവതരിപ്പിച്ച ബജറ്റില്‍ ആവിഷ്കരിച്ചിരുന്ന പദ്ധതികളുടെ ഉള്ളടക്കം ഏറെക്കുറെ അങ്ങനെതന്നെ നിലനിര്‍ത്തി, പേരില്‍ മാറ്റംവരുത്തി യുഡിഎഫിന്റേതാക്കി.

    ReplyDelete
  2. appol LDF=UDF pimmendhinanu nattukare kabalippikkuvan oru thiranjeduppu PORATTAM orumichangu bharichal pore

    ReplyDelete