Monday, July 11, 2011

പൊതുമേഖലാ വ്യവസായം ദുര്‍ബലമാക്കാനുള്ള നീക്കം ചെറുക്കും: സിഐടിയു

കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളെ ദുര്‍ബലമാക്കാനുള്ള നീക്കം ശക്തിയായി ചെറുക്കുമെന്ന് സംസ്ഥാന പൊതുമേഖലയിലെ സിഐടിയു യൂണിയനുകളുടെ കോ-ഓര്‍ഡിനേഷന്‍ യോഗം പ്രഖ്യാപിച്ചു. കെ എം മാണിയുടെ ബജറ്റില്‍ പൊതുമേഖല കേരളത്തിന്റെ ദൗര്‍ബല്യമാണെന്ന് പരിഹസിച്ചതിലൂടെ ചില ദുഃസൂചനകളാണ് വെളിപ്പെടുന്നത്. പൊതുമേഖല തകര്‍ക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയായിരിക്കെ കൊണ്ടുവന്ന ആര്‍ സി ചൗധരി റിപ്പോര്‍ട്ടിനെ തൊഴിലാളി സംഘടനകള്‍ ഒരുമിച്ച് ചെറുത്തുപരാജയപ്പെടുത്തിയതാണ്. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുകയും ലാഭകരമാക്കുകയുംചെയ്തു. പുതിയ എട്ട് പൊതുമേഖലാ വ്യവസായം തുടങ്ങാന്‍ നടപടി സ്വീകരിച്ചു. മാനേജ്മെന്റ് വിദഗ്ദ്ധരെ എംഡിമാരായി നിയോഗിക്കാന്‍ സെലക്ഷന്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. അത്തരം നിയമനരീതി അവസാനിപ്പിച്ച് ഇഷ്ടക്കാരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് കാണുന്നത്. പുതുതായി ആരംഭിച്ച പൊതുമേഖലാ വ്യവസായങ്ങളില്‍ ഉല്‍പ്പാദനം ആരംഭിക്കാനും വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ നിയമനം നടപ്പാക്കാനും നടപടി സ്വീകരിക്കണം. അനാവശ്യമായ സ്ഥലംമാറ്റം അവസാനിപ്പിക്കണമെന്നും പൊതുമേഖലാ ട്രേഡ്യൂണിയനുകളുടെ കണ്‍വന്‍ഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എം എം ലോറന്‍സ് അധ്യക്ഷനായി. മുന്‍ വ്യവസായമന്ത്രി എളമരം കരീം രണ്ടുമാസത്തെ പൊതുമേഖലാ അവലോകന റിപ്പോര്‍ട്ട് വിശദീകരിച്ചു. സിഐടിയു നേതാക്കളായ പി നന്ദകുമാര്‍ , എന്‍ പത്മലോചനന്‍ എന്നിവര്‍ പങ്കെടുത്തു.

deshabhimani 110711

1 comment:

  1. കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളെ ദുര്‍ബലമാക്കാനുള്ള നീക്കം ശക്തിയായി ചെറുക്കുമെന്ന് സംസ്ഥാന പൊതുമേഖലയിലെ സിഐടിയു യൂണിയനുകളുടെ കോ-ഓര്‍ഡിനേഷന്‍ യോഗം പ്രഖ്യാപിച്ചു.

    ReplyDelete