Tuesday, July 12, 2011

പാളങ്ങളില്‍ രക്തം വീഴാതിരിക്കാന്‍

സുരക്ഷിതമായ യാത്രാമാര്‍ഗമാണ് ട്രെയിന്‍ എന്നാണ് പൊതുവില്‍ ജനങ്ങളുടെ മനസ്സിലുള്ള ബോധം. എന്നാല്‍ , റെയില്‍മാര്‍ഗം അപകടത്തിന്റെ മാര്‍ഗമാകുന്ന അനുഭവമാണ് തുടരെ തുടരെ ഉണ്ടാകുന്നത്. പെരുമണ്‍ ദുരന്തമുണ്ടായത് ആരും കാണാത്ത ടൊര്‍ണാഡോ കൊണ്ടാണെന്ന് സിദ്ധാന്തിച്ച ഇന്ത്യന്‍ റെയില്‍വേ അന്നത്തേതില്‍നിന്ന് ഒട്ടുംമാറിയിട്ടില്ല. പാളംതെറ്റല്‍, കൂട്ടിയിടി തുടങ്ങിയ വന്‍ദുരന്തങ്ങള്‍ക്കൊപ്പം വനിതാ കമ്പാര്‍ട്മെന്റില്‍ ആക്രമിക്കപ്പെട്ട് ജീവന്‍പൊലിഞ്ഞ സൗമ്യയുടെ അചിന്ത്യമായ ദുരന്തംവരെ റെയില്‍യാത്രയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഗുരുതരമായ ആശങ്കയുണര്‍ത്തുന്നു. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ ഫത്തേപ്പുരില്‍ ഹൗറ- ന്യൂഡല്‍ഹി കാല്‍ക്ക എക്സ്പ്രസ് പാളം തെറ്റി 68 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം അസമില്‍ സ്ഫോടനം കാരണം ട്രെയിന്‍ പാളംതെറ്റി 100 പേര്‍ക്ക് പരിക്കേറ്റു.

റെയില്‍വേയുടെ അനാസ്ഥയും സുരക്ഷാവീഴ്ചയുമാണ് ട്രെയിന്‍ അപകടങ്ങള്‍ക്ക് മുഖ്യകാരണം. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരും റെയില്‍വേമന്ത്രാലയവും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ട്രെയിന്‍ തട്ടിക്കൊണ്ടുപോകുന്നതിനുപോലും ഭീകരര്‍ക്ക് കഴിയുന്ന അവസ്ഥ ഇതിനുപുറമെയാണ്. റെയില്‍വേയുടെ മുദ്രാവാക്യമായ "ശുഭയാത്ര" യാത്രക്കാര്‍ക്ക് അശുഭയാത്രയായി മാറുകയാണ്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മുന്നൂറ്റമ്പതിലേറെ പേര്‍ക്കാണ് ട്രെയിന്‍ അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. മാവോയിസ്റ്റ് അട്ടിമറിയെതുടര്‍ന്ന് പശ്ചിമബംഗാളിലെ മിഡ്നാപുരില്‍ കഴിഞ്ഞവര്‍ഷം മെയ് 29ന് ജ്ഞാനേശ്വരി എക്സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തില്‍ 148 പേര്‍ മരിച്ചതാണ് ഇതില്‍ ഏറ്റവും വലിയ ദുരന്തം. 2010 ജൂലൈ 19ന് പശ്ചിമബംഗാളിലെ സൈന്‍തിയയില്‍ ഉത്തര്‍ബംഗ എക്സ്പ്രസും വനാഞ്ചല്‍ എക്സ്പ്രസും കൂട്ടിയിടിച്ച് 63 പേര്‍ മരിച്ചു. ഈ മാസം ഏഴിന് ഉത്തര്‍പ്രദേശിലെ കാന്‍ഷിറാം നഗറില്‍ വിവാഹസംഘം സഞ്ചരിച്ച ബസില്‍ ട്രെയിനിടിച്ച് 38 പേര്‍ മരിച്ചു. ആളില്ലാ ലെവല്‍ക്രോസിലാണ് അപകടം. ഈ അപകടത്തിന്റെ നടുക്കം മാറുംമുമ്പാണ് ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടമുണ്ടായത്.

2009 മെയ് മാസത്തിനുശേഷം ഒരുഡസനിലധികം ചെറുതും വലുതുമായ ട്രെയിന്‍ ദുരന്തങ്ങള്‍ക്ക് രാജ്യം സാക്ഷ്യംവഹിച്ചു. കൂട്ടിയിടിച്ചും പാളംതെറ്റിയുമാണ് ഈ അപകടങ്ങളിലേറെയും എന്നത് റെയില്‍വേയുടെ കുറ്റകരമായ സുരക്ഷാവീഴ്ചയാണ് വ്യക്തമാക്കുന്നത്. സുരക്ഷിതത്വം വര്‍ധിപ്പിക്കണമെന്നത് കാലാകാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്. എന്നാല്‍ , ഇതിന് പുല്ലുവിലപോലും റെയില്‍വേ കല്‍പ്പിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചുള്ള ദുരന്തം വിളിച്ചുപറയുന്നു.

അപകടങ്ങള്‍മാത്രമല്ല, സ്ത്രീകള്‍ക്കുനേരെയുള്ള അക്രമവും കൊള്ളയും വര്‍ധിക്കുകയാണ്. മമത ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ റെയില്‍വേയ്ക്ക് ഇപ്പോള്‍ മന്ത്രിപോലുമില്ല. പ്രധാനമന്ത്രിക്കാണ് താല്‍ക്കാലിക ചുമതല. മമത റെയില്‍മന്ത്രിയായിരുന്ന കാലത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ട്രെയിന്‍ അപകടമുണ്ടായത്. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മാവോയിസ്റ്റുകളുടെയും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെ റെയില്‍വേയെ ശ്രദ്ധിക്കാന്‍ മമതയ്ക്ക് നേരമുണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ ക്യാബിനറ്റ് മന്ത്രിപോലുമില്ലാതായി.

ലോകത്തെതന്നെ ഏറ്റവും വലിയ റെയില്‍ സര്‍വീസായ ഇന്ത്യന്‍ റെയില്‍വേയെ കറവപ്പശുവായിമാത്രമാണ് സര്‍ക്കാര്‍ കാണുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും മതിയായ സുരക്ഷാസംവിധാനങ്ങളും ഒരുക്കുന്നതില്‍ ഒരു ശ്രദ്ധയും പുലര്‍ത്തുന്നില്ല. റെയില്‍വേയില്‍ രണ്ടുലക്ഷം ഒഴിവ് നികത്താതെ കിടക്കുകയാണ്. ഇതില്‍ ഒരുലക്ഷം സുരക്ഷാമേഖലയുമായി ബന്ധപ്പെട്ടതാണ്. യാത്രക്കാരുടെ സുരക്ഷിതത്വം എത്ര ലാഘവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത് എന്നതിന് ഇതില്‍പ്പരം എന്ത് തെളിവുവേണം. ഈ ഒഴിവുകള്‍ നികത്തുന്നതിനായി ഒരു നടപടിയും റെയില്‍വേമന്ത്രാലയം സ്വീകരിക്കുന്നില്ല.

ഘടകകക്ഷികള്‍ക്ക് തീറെഴുതിവച്ചതാണ് യുപിഎ സര്‍ക്കാരില്‍ റെയില്‍വേവകുപ്പ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലാലുപ്രസാദ് യാദവായിരുന്നു റെയില്‍മന്ത്രി. രണ്ടാം യുപിഎ കാലത്ത് മമതയും. ഇരുവരും സ്വന്തം സംസ്ഥാനങ്ങളില്‍ രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം കുത്തഴിഞ്ഞ നിലയിലായി. ഉന്നതസ്ഥാനങ്ങളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയും ഉദ്യോഗസ്ഥ ദുഷ്പ്രമാണിത്തത്തിന് മൗനാനുവാദം നല്‍കിയും ഇരുവരും റെയില്‍വേവകുപ്പിനെ തകര്‍ക്കുകയായിരുന്നു.

2003-08 കാലത്തെ റെയില്‍വേയുടെ കോര്‍പറേറ്റ് സുരക്ഷാപദ്ധതിയുടെ ആദ്യഘട്ടത്തെക്കുറിച്ചുള്ള കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടുമാത്രം മതി ഇക്കാര്യം വ്യക്തമാകാന്‍ . ഈ പദ്ധതിപ്രകാരം 4600 കോടി രൂപയാണ് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത്. ചെലവാക്കിയതാകട്ടെ പകുതിമാത്രവും. സുരക്ഷാമേഖലയുമായി ബന്ധപ്പെട്ട് 86,108 തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ , ഇതൊന്നും കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേമന്ത്രാലയത്തിന്റെയും കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമായില്ല.

പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം റെയില്‍ സഹമന്ത്രി മുകള്‍ റോയി ഫത്തേപ്പുരിലെ അപകടസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. പതിവുപോലെ അന്വേഷണം പ്രഖ്യാപിക്കുകയും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് സഹായധനം വാഗ്ദാനം ചെയ്തും മന്ത്രി മടങ്ങും.

അപകടമുണ്ടാകുമ്പോള്‍മാത്രം ഉണരേണ്ടതല്ല രാജ്യത്തെ ഭരണകൂടം. രാജ്യത്ത് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ റെയില്‍വേയില്‍ , ജീവന് ഭീഷണിയില്ലാതെ യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടത്. ഈ അപകടമെങ്കിലും ഭരണകൂടത്തെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചില്ലെങ്കില്‍ ഉരുക്കുപാളങ്ങളില്‍ ഇനിയും രക്തം തളംകെട്ടും; കുടുംബങ്ങള്‍ അനാഥമാകും. ലാഭകരമായി പ്രവര്‍ത്തിക്കുന്ന റെയില്‍വേയോട് ഇതാണ് സമീപനമെങ്കില്‍ , കേന്ദ്രസര്‍ക്കാരിന്റെ കുംഭകര്‍ണസേവ ഈ ദുരന്തക്കാഴ്ചകള്‍ കണ്ടതുകൊണ്ട് അവസാനിക്കില്ലെന്നാണ് കരുതേണ്ടിവരിക. സര്‍ക്കാരിനെ ഉണര്‍ത്താന്‍ ജനങ്ങളുടെ സംഘടിതമായ പ്രതികരണം മാത്രമാണ് ഉപാധി.

deshabhimani editorial 120711

2 comments:

  1. സുരക്ഷിതമായ യാത്രാമാര്‍ഗമാണ് ട്രെയിന്‍ എന്നാണ് പൊതുവില്‍ ജനങ്ങളുടെ മനസ്സിലുള്ള ബോധം. എന്നാല്‍ , റെയില്‍മാര്‍ഗം അപകടത്തിന്റെ മാര്‍ഗമാകുന്ന അനുഭവമാണ് തുടരെ തുടരെ ഉണ്ടാകുന്നത്. പെരുമണ്‍ ദുരന്തമുണ്ടായത് ആരും കാണാത്ത ടൊര്‍ണാഡോ കൊണ്ടാണെന്ന് സിദ്ധാന്തിച്ച ഇന്ത്യന്‍ റെയില്‍വേ അന്നത്തേതില്‍നിന്ന് ഒട്ടുംമാറിയിട്ടില്ല. പാളംതെറ്റല്‍, കൂട്ടിയിടി തുടങ്ങിയ വന്‍ദുരന്തങ്ങള്‍ക്കൊപ്പം വനിതാ കമ്പാര്‍ട്മെന്റില്‍ ആക്രമിക്കപ്പെട്ട് ജീവന്‍പൊലിഞ്ഞ സൗമ്യയുടെ അചിന്ത്യമായ ദുരന്തംവരെ റെയില്‍യാത്രയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഗുരുതരമായ ആശങ്കയുണര്‍ത്തുന്നു. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ ഫത്തേപ്പുരില്‍ ഹൗറ- ന്യൂഡല്‍ഹി കാല്‍ക്ക എക്സ്പ്രസ് പാളം തെറ്റി 68 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം അസമില്‍ സ്ഫോടനം കാരണം ട്രെയിന്‍ പാളംതെറ്റി 100 പേര്‍ക്ക് പരിക്കേറ്റു.

    ReplyDelete
  2. റെയില്‍വേ മന്ത്രാലയം നാഥനില്ലാ കളരിയായതിന്റെ ഫലമാണ് തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങളെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. നൂറുകണക്കിനു യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയ വന്‍ ദുരന്തങ്ങളാണ് തുടര്‍ച്ചയായി ഉണ്ടായത്. റെയില്‍വേയുടെ അനാസ്ഥയ്ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും പിബി ആവശ്യപ്പെട്ടു. മമത ബാനര്‍ജിയുടെ ഭരണം രണ്ടുവര്‍ഷമായി റെയില്‍വേക്ക് സമ്മാനിച്ചത് വന്‍ ദുരന്തമാണ്. പശ്ചിമബംഗാളിലെ രാഷ്ട്രീയനേട്ടത്തിനുവേണ്ടി റെയില്‍വേമന്ത്രാലയത്തെ ദുരുപയോഗം ചെയ്തതുവഴി മറ്റെല്ലാ മേഖലകളെയും അവഗണിച്ചു. സുരക്ഷാ മേഖലയെപ്പോലും തിരിഞ്ഞുനോക്കിയില്ല. റെയില്‍ സുരക്ഷാമേഖലയില്‍ ഒരുലക്ഷം ഒഴിവുകള്‍ നികത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ക്കൊന്നും രണ്ടാം യുപിഎ സര്‍ക്കാരില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. ഇത്ര ഗുരുതരമായ സ്ഥിതി എങ്ങനെയുണ്ടായി എന്ന് പ്രധാനമന്ത്രി മറുപടി പറയണം. മുന്നണി ബന്ധത്തിന്റെ നിലനില്‍പ്പിനുവേണ്ടി ജനങ്ങളുടെ ജീവന്‍വച്ച് കളിക്കരുത്. ആളില്ലാ ലെവല്‍ക്രോസില്‍ മധുര-ചാച്ര എക്സ്പ്രസ് ബസിലിടിച്ച് 38 പേര്‍ മരിച്ചതിനു തൊട്ടുപിന്നാലെയാണ് 68പേരുടെ മരണത്തിനു കാരണമായ കാല്‍ക്ക എക്സ്പ്രസ് ദുരന്തം. ഇതു കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പുരിയില്‍ ട്രെയിനപകടമുണ്ടായി. ഈ സാഹചര്യത്തില്‍ കാല്‍ക്ക അകടത്തെക്കുറിച്ച് റെയില്‍വേ നടത്തുന്ന അന്വേഷണം പര്യാപ്തമല്ല. റെയില്‍ അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കണമെന്നും റെയില്‍വേ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നും പിബി ആവശ്യപ്പെട്ടു.

    ReplyDelete