Friday, July 8, 2011

അടിച്ചൊതുക്കാമെന്ന് കരുതുന്നവര്‍ ചരിത്രമറിയാത്തവര്‍ : കാരാട്ട്

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ഇടതുപക്ഷപ്രസ്ഥാനത്തെ അക്രമത്തിലൂടെ ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ബംഗാളിന്റെ ചരിത്രം അറിയാവുന്നവര്‍ അതിനു മുതിരില്ല. ഒട്ടനവധി പോരാട്ടങ്ങളിലൂടെയാണ് അവിടെ ഇടതുപ്രസ്ഥാനം ശക്തപ്പെട്ടത്. ബംഗാളിലെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യവ്യാപകമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ നടക്കുന്ന അക്രമത്തിനെതിരെ മാവ്ലങ്കര്‍ ഓഡിറ്റോറിയത്തില്‍ ഇടതുപാര്‍ടികള്‍ സംഘടിപ്പിച്ച ജനാധിപത്യാവകാശ സംരക്ഷണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.

ബംഗാള്‍ സര്‍ക്കാരിന്റെ ഒത്താശയോടെ നടക്കുന്ന അക്രമം ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്നതാണ്. ഇത് ബംഗാളിന്റെ മാത്രം പ്രശ്നമല്ല. ദേശീയശ്രദ്ധയില്‍ കൊണ്ടുവരേണ്ട പ്രശ്നമാണ്. ബംഗാളിലെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തിനു വേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും പോരാടുമെന്ന് കാരാട്ട് പറഞ്ഞു. ബംഗാളിനൊപ്പം തെരഞ്ഞെടുപ്പുനടന്ന മറ്റു നാലിടങ്ങളിലും ഭരണത്തിന്റെ തണലില്‍ അക്രമങ്ങള്‍ നടക്കുന്നില്ല. ബംഗാളില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പുറത്തിറങ്ങരുതെന്നും മിണ്ടരുതെന്നും പറയുന്നു. അക്രമത്തിനിരയാകുന്നത് പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളുമാണ്. ഇതു അനുവദിക്കാനാകില്ല. മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അക്രമം നേരിട്ടുതന്നെയാണ് ഇടതുപാര്‍ടികള്‍ ബംഗാളില്‍ വളര്‍ന്നത്-കാരാട്ട് പറഞ്ഞു. പിബി അംഗങ്ങളായ എം കെ പന്ഥെ, സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍പിള്ള, വൃന്ദകാരാട്ട്, കെ വരദരാജന്‍ , സിപിഐ ജനറല്‍സെക്രട്ടറി എ ബി ബര്‍ദന്‍ , ആര്‍എസ്പി സെക്രട്ടറി അബനി റോയ്, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍സെക്രട്ടറി ദേബബ്രത ബിശ്വാസ് തുടങ്ങിയവര്‍ സംസാരിച്ചു.

കര്‍ഷകരുടെ ഭൂമി സംരക്ഷിക്കാന്‍ പ്രക്ഷോഭം: ഇടതുമുന്നണി

കൊല്‍ക്കത്ത: ദരിദ്രകര്‍ഷകരുടെയും പങ്കുകൃഷിക്കാരുടെയും ഭൂമി ബലമായി പിടിച്ചെടുക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ധിക്കാരത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. വ്യാഴാഴ്ച ഇടതുമുന്നണി യോഗത്തിനുശേഷം ചെയര്‍മാന്‍ ബിമന്‍ബസു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

30 വര്‍ഷത്തിലേറെയായി പട്ടയമുള്ള കര്‍ഷകരെയാണ് പഴയ ജന്മിമാര്‍ക്കുവേണ്ടി പൊലീസ് സംരക്ഷണത്തോടെ ബലമായി ഒഴിപ്പിക്കുന്നത്. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ഹഡോയയില്‍ പതിനായിരത്തിലധികം കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തു.യുദ്ധസമാനമായ അന്തരീക്ഷമാണ് അവിടെ. ബാങ്കുറ ജില്ലയില്‍ 1978 മുതല്‍ കൈവശംവയ്ക്കുന്ന ഭൂമിയില്‍ നിന്ന് കര്‍ഷകരെ ഇറക്കിവിടാന്‍ ശ്രമമുണ്ട്. സര്‍ക്കാരിന്റെ പിന്തുണയോടെയാണിത്. ഇതു തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും. കര്‍ഷകരെയും വിവിധ വിഭാഗം ജനങ്ങളെയും അണിനിരത്തി പ്രക്ഷോഭം നടത്തും. ഇടതുപക്ഷ നേതാക്കളും എംഎല്‍എമാരും ഉള്‍പ്പെടുന്ന പ്രതിനിധിസംഘം ഹഡോയ സന്ദര്‍ശിക്കും. കര്‍ഷകരുടെ യോജിച്ച പ്രക്ഷോഭം വളര്‍ത്തിയെടുക്കുന്നതിനു മുന്നോടിയായി ഇടതുപക്ഷ കര്‍ഷകരുടെ സംയുക്ത കണ്‍വന്‍ഷന്‍ കൊല്‍ക്കത്തയില്‍ ചേരും.

ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ , ജനാധിപത്യധ്വംസനം, പഞ്ചായത്ത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തല്‍ എന്നിവയടക്കമുള്ള ഗൗരവമായ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ പാര്‍ലമെന്റ് സമ്മേളനകാലത്ത് എംപിമാരും എംഎല്‍എമാരും പാര്‍ലമെന്റ്ധര്‍ണ നടത്തും. യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഇടതുമുന്നണി 15 മുതല്‍ 25 വരെ വിപുലമായ പ്രചാരണം നടത്തും. കൊല്‍ക്കത്തയില്‍ വന്‍റാലി സംഘടിപ്പിക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയ്ക്കെതിരായി ആരംഭിച്ച പ്രക്ഷോഭ-പ്രചാരണ പരിപാടികള്‍ തുടരും-ബിമന്‍ ബസു പറഞ്ഞു.

deshabhimani 080511

2 comments:

  1. പശ്ചിമബംഗാളിലെ ഇടതുപക്ഷപ്രസ്ഥാനത്തെ അക്രമത്തിലൂടെ ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ബംഗാളിന്റെ ചരിത്രം അറിയാവുന്നവര്‍ അതിനു മുതിരില്ല. ഒട്ടനവധി പോരാട്ടങ്ങളിലൂടെയാണ് അവിടെ ഇടതുപ്രസ്ഥാനം ശക്തപ്പെട്ടത്. ബംഗാളിലെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യവ്യാപകമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ നടക്കുന്ന അക്രമത്തിനെതിരെ മാവ്ലങ്കര്‍ ഓഡിറ്റോറിയത്തില്‍ ഇടതുപാര്‍ടികള്‍ സംഘടിപ്പിച്ച ജനാധിപത്യാവകാശ സംരക്ഷണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.

    ReplyDelete
  2. attin tolaninja chennaya veedum varunnu sookshikkuka

    ReplyDelete