Saturday, July 9, 2011

ധര്‍മബോധം കാത്തുസൂക്ഷിച്ച ന്യായാധിപന്‍

കൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജിയും നിര്‍ണായകമായ വിവിധ കമീഷനുകളുടെ അധ്യക്ഷനുമായിരുന്ന ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടര്‍ന്ന് രണ്ടുദിവസം മുമ്പ് കടവന്ത്ര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജസ്റ്റിസ് നരേന്ദ്രന്‍ വെള്ളിയാഴ്ച രാത്രി 7.35നാണ് മരിച്ചത്. 87 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ ഗിരിനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പകല്‍ രണ്ടിന് രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കും.

1923 ആഗസ്ത് 28ന് മൂത്തകുന്നത്തായിരുന്നു ജനനം. പത്രപവര്‍ത്തകനായിരിക്കെയാണ്് നിയമരംഗത്തേക്കു തിരിഞ്ഞത്. 23 വര്‍ഷത്തെ അഭിഭാഷകവൃത്തിക്കുശേഷം 1974ല്‍ ഹൈക്കോടതി ജഡ്ജിയായി. 85ല്‍ വിരമിച്ചു. വിവാദമായ വിവിധ കമീഷന്‍ റിപ്പോര്‍ട്ടുകളുടെ പേരിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായത്. പ്രീഡിഗ്രിബോര്‍ഡ് രൂപീകരണത്തിലെ ക്രമക്കേടാണ് ആദ്യം അന്വേഷിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പിന്നോക്കക്കാരുടെ പ്രാതിനിധ്യം പഠിക്കാന്‍ നിയോഗിച്ച മൂന്നംഗ കമീഷന്റെ അധ്യക്ഷനായിരുന്നു. പിന്നോക്കക്കാര്‍ക്ക് അര്‍ഹമായ പ്രതിനിധ്യം ലഭിക്കുന്നില്ലെന്ന കമീഷന്‍ റിപ്പോര്‍ട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന്, 2007ല്‍ മുന്‍ മന്ത്രി ടി യു കുരുവിളയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട രാജകുമാരി ഭൂമി ഇടപാടും അന്വേഷിച്ചു.

ഭാര്യ: സുജനന്ദിനി. മക്കള്‍ : സുനില്‍ നരേന്ദ്രന്‍ (കൊച്ചിന്‍ സ്റ്റോക് എക്സ്ചേഞ്ച്), അനില്‍ കെ നരേന്ദ്രന്‍ , മിനി. മരുമക്കള്‍ : ജയകുമാര്‍ (റീജിയണല്‍ മാനേജര്‍ പ്ലാനിങ്, നോക്കിയ-സീമെന്‍സ് നെറ്റ്വര്‍ക്), സന്ധ്യ.

ധര്‍മബോധം കാത്തുസൂക്ഷിച്ച ന്യായാധിപന്‍

നീതിരംഗത്തോടൊപ്പം കാലുറപ്പിച്ച സാഹോദര്യപ്രസ്ഥാനംമുതല്‍ ഇടതു പുരോഗമന പാതവരെ ധര്‍മബോധം കാത്തുസൂക്ഷിച്ച അതുല്യ നീതിജ്ഞനായിരുന്നു ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ . പൊതുരംഗത്തും നീതിരംഗത്തും ഒരുപോലെ ആ ജീവിതം നിറഞ്ഞുനിന്നു. സാഹോദര്യപ്രസ്ഥാനങ്ങളിലൂടെ ഉരുകിത്തെളിഞ്ഞ അദ്ദേഹം നീതിബോധവും യുക്തിബന്ധവും മിതത്വവും കാത്തുസൂക്ഷിച്ചു. ഒന്നിലും ആവേശപൂര്‍വമുള്ള നിലപാടല്ല അദ്ദേഹം കൈക്കൊണ്ടത്. എന്നാല്‍ അത് അങ്ങേയറ്റം ഉറച്ചതായിരുന്നു.

എനിക്ക് അദ്ദേഹം ജ്യേഷ്ഠസഹോദര തുല്യനാണ്. ജസ്റ്റിസ് ആകും മുമ്പേ അദ്ദേഹത്തെ അടുത്തറിയാം. കൃത്യമായി പറഞ്ഞാല്‍ വക്കീലായിരുന്ന കാലംമുതല്‍ . സഹോദരന്‍ അയ്യപ്പന്റെ സദസ്സുകളിലാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അടിയുറച്ച സാഹോദര്യപ്രസ്ഥാന പ്രവര്‍ത്തകനായിരുന്നു ആ കാലത്ത് അദ്ദേഹം. ഇവിടെനിന്നുമാണ് എന്തിലും യുക്തിബന്ധം ദീക്ഷിക്കുന്ന സ്വഭാവം ഇദ്ദേഹത്തിനു ലഭിച്ചതെന്നു കാണാം. സാഹോദര്യപ്രസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം പൊതുരംഗത്ത് എത്തുന്നതും. അഭിഭാഷകനായിരിക്കെ മൂത്തകുന്നം എസ്എന്‍എം സഭയുടെ മുഖ്യ ഭാരവാഹിയും സഭയുടെ ട്രെയ്നിങ് കോളേജ് മാനേജരുമായിരുന്നു. എല്ലാ കാര്യങ്ങളും നീതിനിഷ്ഠയിലൂടെ നിര്‍വഹിക്കുകവഴി എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. അന്നേ ഒട്ടേറെ സാംസ്കാരിക, സാമുദായിക വേദികളില്‍ ഇദ്ദേഹത്തോടൊപ്പം പ്രാസംഗികനായി പങ്കെടുത്തിട്ടുണ്ട്.

മനസ്സിലെ ആശയങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുന്നതില്‍ പ്രത്യേക ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അങ്ങേയറ്റം മിതത്വത്തോടെയും തുറന്നമനസ്സോടെയുമായിരുന്നു അവതരണം. പില്‍ക്കാലത്ത് ഒട്ടേറെ നിയമഗ്രന്ഥങ്ങളും അദ്ദേഹം എഴുതി. അവയും അഭിഭാഷകന്‍ എന്ന നിലയില്‍ പുലര്‍ത്തിയ ധര്‍മനിഷ്ഠയും നൈതികതയും പരിഗണിച്ചാണ് പില്‍ക്കാലത്ത് ഹൈക്കോടതി ജഡ്ജിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. ജഡ്ജിയായിട്ടും പെരുമാറ്റത്തില്‍ പ്രകടമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. വീട്ടില്‍വച്ചാവട്ടെ റോഡില്‍വച്ചാവട്ടെ എവിടെ കണ്ടുമുട്ടിയാലും തികച്ചും അനൗപചാരികമായിരുന്നു ആ പെരുമാറ്റം. മനുഷ്യത്വവും വിനയവുമായിരുന്നു മുഖമുദ്ര. ജഡ്ജിയായശേഷവും നരേന്ദ്രന്‍ വക്കീലേ എന്നായിരുന്നു ഞാന്‍ വിളിച്ചിരുന്നത്. അതും അദ്ദേഹം സ്നേഹപൂര്‍വം ഏറ്റുവാങ്ങിയിരുന്നു.

ന്യായാധിപപദവി ഒഴിഞ്ഞശേഷം പുരോഗമന പ്രസ്ഥാനങ്ങളോടും ഇടതുപക്ഷ, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളോടും പ്രകടമായ ചായ്വുള്ള വീക്ഷണമാണ് അദ്ദേഹം പുലര്‍ത്തിയത്. സാമൂഹിക പ്രസക്തമായ പല വേദികളിലും തന്റെ മനുഷ്യത്വപരമായ നിലപാടുകളുമായി എത്തിയിരുന്നു. ന്യായാധിപപദവിയില്‍നിന്നു വിരമിച്ചശേഷം ചുമതലവഹിച്ച കമീഷനുകളും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാമൂഹികനീതി നിര്‍വഹിക്കുന്നതിനുള്ള വേദികളായാണ് പരിണമിച്ചത്. പിന്നോക്ക സംവരണം, വിദ്യാഭ്യാസമേഖലകളില്‍ ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ കമീഷനുകള്‍ ഉയര്‍ത്തിവിട്ട ചിന്തകള്‍ ഇന്നും നമ്മുടെ ചര്‍ച്ചാവേദികളെ സജീവമാക്കുന്നു. ഓരോ മേഖലയിലെയും ക്രമക്കേടുകള്‍ നീതിയോടെയും ധീരതയോടെയും തുറന്നുകാട്ടുന്നതില്‍ ആരെയും കൂസാത്ത നിലപാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. സാമുദായിക നീതിക്കായും അദ്ദേഹം പോരാടി. നീതി ജനങ്ങള്‍ക്കും സമൂഹത്തിനും നിഷേധിക്കപ്പെടരുതെന്ന് അതിയായി ആഗ്രഹിച്ചിരുന്നു അദ്ദേഹം. സമതയുടെ ധര്‍മബോധമാണ് അദ്ദേഹത്തെ ആജീവനാന്തം നയിച്ചത്.
(പ്രൊഫ. എം കെ സാനു)

deshabhimani 090711

1 comment:

  1. നീതിരംഗത്തോടൊപ്പം കാലുറപ്പിച്ച സാഹോദര്യപ്രസ്ഥാനംമുതല്‍ ഇടതു പുരോഗമന പാതവരെ ധര്‍മബോധം കാത്തുസൂക്ഷിച്ച അതുല്യ നീതിജ്ഞനായിരുന്നു ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ . പൊതുരംഗത്തും നീതിരംഗത്തും ഒരുപോലെ ആ ജീവിതം നിറഞ്ഞുനിന്നു. സാഹോദര്യപ്രസ്ഥാനങ്ങളിലൂടെ ഉരുകിത്തെളിഞ്ഞ അദ്ദേഹം നീതിബോധവും യുക്തിബന്ധവും മിതത്വവും കാത്തുസൂക്ഷിച്ചു. ഒന്നിലും ആവേശപൂര്‍വമുള്ള നിലപാടല്ല അദ്ദേഹം കൈക്കൊണ്ടത്. എന്നാല്‍ അത് അങ്ങേയറ്റം ഉറച്ചതായിരുന്നു.

    ReplyDelete