Monday, July 11, 2011

കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‌ നികുതി ഈടാക്കുമെന്ന്‌ ഓസ്‌ട്രേലിയ

കാന്‍ബെറ: കാര്‍ബണ്‍ വാതകം പുറന്തള്ളി അന്തരീക്ഷം മലിനമാക്കുന്നതിനെതിരെ ശക്‌തമായ നടപടികള്‍ സ്വീകരിക്കുമെന്ന്‌ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. 2012 മുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‌ കാരണക്കാരാകുന്നവര്‍ക്കെതിരെ ടണ്ണിന്‌ 25 ഡോളര്‍ നിരക്കില്‍ നികുതി ഈടാക്കുമെന്ന്‌ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ്‌ പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്‌ടിക്കാനുതകുന്ന തീരുമാനം അഞ്ഞൂറിലധികം വരുന്ന വമ്പന്‍കമ്പനികളുടെ തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു. 2015 മുതല്‍ കമ്പോള അടിസ്ഥാനത്തില്‍ നികുതിയുടെ തോത്‌ നിശ്ചയിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനം സാധാരണക്കാര്‍ക്ക്‌ തിരിച്ചടിയാകുമെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. നിത്യോപയോഗസാധനങ്ങള്‍ക്ക്‌ ഇതു മുഖേന ഒരു ശതമാനത്തിലേറെ വിലവര്‍ധനവുണ്ടാകുവാന്‍ സാധ്യതയുണ്ട്‌.
സാമ്പത്തികരംഗത്തെ കുതിപ്പിന്‌ പുതിയ നികുതി നിര്‍ദേശം തടസ്സമാകുമെന്ന്‌ നിരീക്ഷകര്‍ കണക്കു കൂട്ടുന്നു. ആളോഹരി കണക്കില്‍ ലോകത്ത്‌ തന്നെ ഏറ്റവും കൂടുതല്‍ ഹരിതഗൃഹവാതകങ്ങളുടെ പുറന്തളളല്‍ നടക്കുന്ന സ്ഥലമാണ്‌ ഓസ്‌ട്രേലിയ. രാജ്യത്തെ വൈദ്യുതോല്‍പ്പാദനത്തിന്റെ 80 ശതമാനവും കല്‍ക്കരിമേഖലയെ ആശ്രയിക്കുന്ന ഓസ്‌ട്രേലിയ തന്നെയാണ്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ കല്‍ക്കരി കയറ്റുമതി ചെയ്യുന്ന രാജ്യവും.

എന്നാല്‍ കൃഷി, വനം തുടങ്ങിയവയുമായി ബന്ധപ്പെട്ടുളള പ്രവര്‍ത്തനങ്ങളെയും ഹെവിലോറികള്‍ ഒഴികെയുളള മോട്ടോര്‍ വാഹനങ്ങളെയും നികുതിയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ഉരുക്കു പദ്ധതികള്‍, കല്‍ക്കരിഖനികള്‍, വൈദ്യുതോല്‍പ്പാദന മേഖല എന്നിവയ്‌ക്ക്‌ തീരുമാനം മൂലമുളള നഷ്‌ടം നികത്തുന്നതിന്‌ ആവശ്യമായ ഇളവുകള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. ഒരു രാജ്യമെന്ന നിലയില്‍ പരിസ്ഥിതിക്ക്‌ ഏറെ പ്രാധാന്യം നല്‍കാനാണ്‌ ഓസ്‌ട്രേലിയ ആഗ്രഹിക്കുന്നതെന്ന്‌ പ്രധാനമന്ത്രി ഗില്ലാര്‍ഡ്‌ പറഞ്ഞു. എന്നാല്‍ അഭിപ്രായവോട്ടെടുപ്പുകളില്‍ പങ്കെടുത്ത 60 ശതമാനത്തിലേറെ ജനങ്ങള്‍ സര്‍ക്കാരിന്റെ നയത്തിന്‌ എതിരായുളള അഭിപ്രായമാണ്‌ രേഖപ്പെടുത്തിയത്‌.

janayugom 110711

1 comment:

  1. കാര്‍ബണ്‍ വാതകം പുറന്തള്ളി അന്തരീക്ഷം മലിനമാക്കുന്നതിനെതിരെ ശക്‌തമായ നടപടികള്‍ സ്വീകരിക്കുമെന്ന്‌ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. 2012 മുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‌ കാരണക്കാരാകുന്നവര്‍ക്കെതിരെ ടണ്ണിന്‌ 25 ഡോളര്‍ നിരക്കില്‍ നികുതി ഈടാക്കുമെന്ന്‌ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ്‌ പ്രഖ്യാപിച്ചു.

    ReplyDelete