Monday, July 11, 2011

യുഡിഎഫ് സര്‍ക്കാര്‍ ആദിവാസികളെ മറന്നു: എകെഎസ്

കല്‍പ്പറ്റ: ധനമന്ത്ര കെ എം മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ജില്ലയിലെ ആദിവാസികള്‍ക്കായി ഒരു പദ്ധതിയും പ്രഖ്യാപിക്കാതെ പാവപ്പെട്ട ആദിവാസികളെ വഞ്ചിച്ചിരിക്കുകയാണെന്ന്ആദിവാസി ക്ഷേമസമിതി ജില്ലാക്കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കോളറ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ആദിവാസി കോളനികളില്‍ പടരുന്ന സമകാലീന സാഹചര്യത്തിലും ആദിവാസികളുടെ അടിസ്ഥാന വികസനത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയതില്ല. വയനാട്ടില്‍ നിന്നുള്ള ആദിവാസി ക്ഷേമ മന്ത്രി പി കെ ജയലക്ഷ്മിക്കും എംഎല്‍എയായ ഐ സി ബാലകൃഷ്ണനും ആദിവാസികളുടെ ക്ഷേമത്തിന് ചെറുവിരലനക്കാന്‍ പോലും സാധിച്ചിട്ടില്ല. അടിസ്ഥാന ജനവിഭാഗത്തിന്റെ ക്ഷേമത്തിന് ഒരു നടപടിയും എടുക്കാതെ എല്‍ഡിഎഫ് ഭരണത്തില്‍ ആര്‍ജിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കുന്ന നടപടിയാണ് യുഡിഎഫ് ബജറ്റിലൂടെ സ്വീകരിച്ചിരിക്കുന്നത്.

ബജറ്റില്‍ ആദിവാസി ഭൂമിവിതരണത്തെ കുറിച്ചൊ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ പ്രമോട്ടര്‍മാരുടെ വേതനവര്‍ധനവിനെ കുറിച്ച് പരാമര്‍ശിക്കുകയൊ പണം നീക്കിവെക്കുകയൊ ചെയ്തിട്ടില്ല. ആദിവാസികുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായി വനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളെക്കുറിച്ചും ഒന്നും മിണ്ടിയിട്ടില്ല. ഫണ്ടില്ലാത്തതിനാല്‍ ഈ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ധന മന്ത്രി സ്വന്തം മണ്ഡലത്തില്‍ പദ്ധതിപ്പെരുമഴ പ്രഖ്യാപിച്ചപ്പോള്‍ അടിസ്ഥാന ജനവിഭാഗമായ ആദിവാസികളെ മറന്നിരിക്കുകയാണ്.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് നിരവധി പദ്ധതികളാണ് ആദിവാസികളുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ചത്. പിന്നോക്ക മേഖല ഗ്രാന്‍ഡ് ഫണ്ടില്‍ നിന്ന് 34 കോടിയും പട്ടികജാതി ഘടക പദ്ധതിയില്‍ 125 കോടിയും പാര്‍പ്പിടത്തിനും 80 കോടിയും നീക്കിവെച്ചിരുന്നു. ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് പൊന്നും വിലക്ക് ഭൂമിയെടുത്ത് നല്‍കാനും പണം നീക്കിവെച്ചു. വയനാട്ടിലെ ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നത് തുടരുമെന്ന് ബജറ്റില്‍ തന്നെ പരാമര്‍ശമുണ്ടായിരുന്നു.ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്സി-എസ്ടി പ്രമോട്ടര്‍മാരുടെ 2500രൂപയില്‍ നിന്ന് 4000ആയി ഉയര്‍ത്തിയിരുന്നു. ഏറെ ആഹ്ളാദത്തോടെയാണ് ജില്ലയിലെ ആദിവാസികളും സാമൂഹ്യ പ്രവര്‍ത്തകരും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ബജറ്റ് സ്വീകരിച്ചത്. എന്നാലിപ്പോള്‍ അടിസ്ഥാന ജനവിഭാഗമായ ആദിവാസികളെ യുഡിഎഫ് സര്‍ക്കാര്‍ മറന്നിരിക്കുകയാണെന്ന് എകെഎസ് പറഞ്ഞു. യോഗത്തില്‍ സംസ്ഥാനക്കമ്മിറ്റിയംഗം വി കേശവന്‍ , ജില്ലാപ്രസിഡന്റ് സീതാബാലന്‍ , സെക്രട്ടറി പി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.

സിപിഐ എം നേതൃത്വത്തില്‍ 17ന് ആദിവാസി കോളനികള്‍ ശുചീകരിക്കും

കല്‍പ്പറ്റ: സിപിഐ എം നേതൃത്വത്തില്‍ 17ന് ജില്ലയിലെ ആദിവാസി കോളനികള്‍ സന്നദ്ധപ്രവര്‍ത്തനത്തിലൂടെ ശുചീകരിക്കും. വര്‍ഗബഹുജന സംഘടനകളുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളാണ് കോളനികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കോളറയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ച സാഹചര്യത്തിലാണ് പ്രവര്‍ത്തനം നടത്തുന്നത്. കോളനികളിലെ വൃത്തിയും വെടിപ്പുമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സ്കൂളില്‍ നിന്ന് കൊഴിഞ്ഞ് പോകുന്ന വിദ്യാര്‍ഥികളെ സ്കൂളിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമവും നടത്തും. ഡിവൈഎഫ്ഐ, മഹിള, എസ്എഫ്ഐ, സിഐടിയു അടക്കമുള്ള വര്‍ഗബഹുജനങ്ങളെ അണിനിരത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ അണിചേരാന്‍ മുഴുവനാളുകളോടും സിപിഐ എം ജില്ലാക്കമ്മിറ്റി അഭ്യര്‍ഥിച്ചു.

deshabhimani 110711

1 comment:

  1. ധനമന്ത്ര കെ എം മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ജില്ലയിലെ ആദിവാസികള്‍ക്കായി ഒരു പദ്ധതിയും പ്രഖ്യാപിക്കാതെ പാവപ്പെട്ട ആദിവാസികളെ വഞ്ചിച്ചിരിക്കുകയാണെന്ന്ആദിവാസി ക്ഷേമസമിതി ജില്ലാക്കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കോളറ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ആദിവാസി കോളനികളില്‍ പടരുന്ന സമകാലീന സാഹചര്യത്തിലും ആദിവാസികളുടെ അടിസ്ഥാന വികസനത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയതില്ല. വയനാട്ടില്‍ നിന്നുള്ള ആദിവാസി ക്ഷേമ മന്ത്രി പി കെ ജയലക്ഷ്മിക്കും എംഎല്‍എയായ ഐ സി ബാലകൃഷ്ണനും ആദിവാസികളുടെ ക്ഷേമത്തിന് ചെറുവിരലനക്കാന്‍ പോലും സാധിച്ചിട്ടില്ല. അടിസ്ഥാന ജനവിഭാഗത്തിന്റെ ക്ഷേമത്തിന് ഒരു നടപടിയും എടുക്കാതെ എല്‍ഡിഎഫ് ഭരണത്തില്‍ ആര്‍ജിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കുന്ന നടപടിയാണ് യുഡിഎഫ് ബജറ്റിലൂടെ സ്വീകരിച്ചിരിക്കുന്നത്.

    ReplyDelete