കോഴിക്കോട്: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങളൊന്നും മുഖവിലയ്ക്കെടുക്കാതെയുള്ള സംസ്ഥാന ബജറ്റിനെതിരെ സംഘടനയുടെ നേതൃനിരയിലും കടുത്ത അമര്‍ഷം. ജൂണ്‍ 17ന് ഡിസിസി ഉമ്മന്‍ചാണ്ടിക്കു നല്‍കിയ സ്വീകരണത്തിലാണ് ജില്ലയില്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാനുള്ള പദ്ധതികളുടെ നിവേദനം നല്‍കിയത്. ഡിസിസി പ്രസിഡന്റ് കെ സി അബുവാണ് ഇത് മുഖ്യമന്ത്രിക്ക് കൈമാറിയത്. ജപ്പാന്‍ കുടിവെള്ള പദ്ധതി കാലതാമസം ഒഴിവാക്കി കമീഷന്‍ ചെയ്യണമെന്നായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യം. എന്നാല്‍ ഇതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. ജില്ലയിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇതേ നിലപാടാണുണ്ടായത്. ഫ്രാന്‍സിസ് റോഡ്-പൊക്കുന്ന് റോഡ് വികസനം, മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം(കലിക്കറ്റ്-വയനാട് റോഡ്), കല്ലായി റോഡ് വികസനം എന്നിവയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമേയില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ തള്ളിയ സാഹചര്യത്തില്‍ കോംട്രസ്റ്റ് ഭൂമിയും മറ്റനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു മറ്റൊരു പ്രധാന ആവശ്യം. ജില്ലാ നേതൃത്വം അഭിമാനപ്രശ്നമെന്ന നിലയിലാണ് ഇതുകണ്ടത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഈ ആവശ്യമുന്നയിച്ച് നടത്തിയ പ്രക്ഷോഭത്തില്‍ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി പങ്കെടുത്ത കാര്യം നിവേദനം നല്‍കവേ ഡിസിസി പ്രസിഡന്റ് കെ സി അബു ഓര്‍മപ്പെടുത്തിയിരുന്നു.
ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ കോണ്‍ഗ്രസ് നേതൃത്വം ബജറ്റ് വന്നതോടെ നിരാശരായി. പ്രധാന വ്യവസായ കേന്ദ്രമായ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി. ബിര്‍ളാ ഗ്രൂപ്പിന്റെ കൈവശമുള്ള നൂറുകണക്കിന് ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തി ജില്ലക്കും സംസ്ഥാനത്തിനും ഉപയുക്തമാകുന്ന രൂപത്തിലുള്ള ഐടി കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല. ഡിസിസിയുടെ ആവശ്യങ്ങള്‍ അനുഭാവത്തോടെ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതൊന്നു വായിക്കുക പോലുമുണ്ടായില്ലെന്ന് ബജറ്റുവന്നപ്പോള്‍ ബോധ്യപ്പെട്ടെന്ന് ഒരു പ്രമുഖ നേതാവ് പറഞ്ഞു.
ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കുന്ന സൈബര്‍ പാര്‍ക്ക്, പൊതുമേഖലയില്‍ ഉയര്‍ന്നുവന്ന കേരള സോപ്സ്, സ്റ്റീല്‍ കോംപ്ലക്സ്, തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ തുടങ്ങിയവയ്ക്കും കോഴിക്കോടിന്റെ സമഗ്ര വികസനത്തിനുള്ള കോഴിക്കോട് പാക്കേജിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിലെ വ്യവസായമന്ത്രിയെന്ന നിലയില്‍ എളമരം കരീം ജില്ലയോടു കാണിച്ച താല്‍പര്യത്തിന്റെ കാല്‍ഭാഗംപോലും ഈ സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. ബജറ്റ് പ്രസംഗത്തില്‍ പറയാതെ വിട്ട നാമമാത്രമായ പദ്ധതികള്‍പോലും ഉയര്‍ത്തിക്കൊണ്ടുവന്ന് ജനരോഷം ശമിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വം ജില്ലാനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്്. എന്നാല്‍ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് കാര്യമായൊന്നും ചൂണ്ടിക്കാണിക്കാനില്ലാതെ എങ്ങനെ ജനങ്ങളെ അഭിമുഖീകരിക്കുമെന്നാണ് ജില്ലാനേതാക്കള്‍ ചോദിക്കുന്നത്.
deshabhimani 100711
കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങളൊന്നും മുഖവിലയ്ക്കെടുക്കാതെയുള്ള സംസ്ഥാന ബജറ്റിനെതിരെ സംഘടനയുടെ നേതൃനിരയിലും കടുത്ത അമര്‍ഷം.
ReplyDelete