Sunday, July 10, 2011

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് എസ്ഐയെ ബന്ദിയാക്കി

കൊല്ലം: മുന്നൂറോളം കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് എസ്ഐയെ ബന്ദിയാക്കി. നാലുമണിക്കൂര്‍ എസ്ഐയെ ബന്ദിയാക്കിയ പ്രവര്‍ത്തകര്‍ സ്റ്റേഷന്റെ ജനല്‍ച്ചില്ലുകളും എസ്ഐയുടെ മുറിയിലെ മേശയും കസേരകളും അടിച്ചുതകര്‍ത്തു. സംഭവത്തില്‍ 150 കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവം. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും തെക്കുംഭാഗം പഞ്ചായത്ത് അംഗവുമായ തങ്കച്ചി പ്രഭാകരന്റെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. ഡിവൈഎഫ്ഐ തെക്കുംഭാഗം വില്ലേജ് ട്രഷറര്‍ പ്രിന്‍സിനെ കള്ളക്കേസില്‍ കുടുക്കാന്‍ എസ്ഐ കൂട്ടുനില്‍ക്കാത്തതിനെതുടര്‍ന്നാണ് സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ അതിക്രമം കാട്ടിയത്. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി വാമദേവനെ പ്രിന്‍സ് കൈയേറ്റംചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് എസ്ഐ പി എസ് സുജിത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ , അന്വേഷണത്തില്‍ പരാതി കളവാണെന്ന് തെളിഞ്ഞു. പ്രിന്‍സിനെതിരെ കേസെടുക്കണമെന്ന് എസ്ഐയോട് തങ്കച്ചി പ്രഭാകരന്‍ പലതവണ ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തങ്കച്ചി പ്രഭാകരന്റെ നേതൃത്വത്തില്‍ വൈകിട്ട് സ്റ്റേഷനില്‍ എത്തിയ കോണ്‍ഗ്രസുകാര്‍ എസ്ഐയോട് തട്ടിക്കയറി. പരാതിയില്‍ കഴമ്പില്ലാതെ കേസെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ എസ്ഐയുടെ മേശയിലെ ഗ്ലാസ് കോണ്‍ഗ്രസുകാര്‍ ഇടിച്ചുപൊട്ടിച്ചു. പുറത്തുനിന്ന പ്രവര്‍ത്തകരില്‍ ചിലര്‍ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഈ സമയം സ്റ്റേഷനില്‍ എസ്ഐയെ കൂടാതെ രണ്ടു പാറാവുകാരും ജിഡി ചാര്‍ജുള്ള പൊലീസുകാരനും മാത്രമാണുണ്ടായിരുന്നത്. മുദ്രാവാക്യം മുഴക്കി മുറിയില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ എസ്ഐയെ കസേരയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ അനുവദിച്ചില്ല. വിവരമറിഞ്ഞെത്തിയ സിഐ അനില്‍കുമാറിനെയും തടഞ്ഞുവച്ചു. അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ രാജേന്ദ്രന്‍ എത്തി ഉദ്യോഗസ്ഥരെ മോചിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല.

രാത്രി പതിനൊന്നോടെ കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ ടി ജെ ജോസ് സ്റ്റേഷനിലെത്തി. ഒരുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ കോണ്‍ഗ്രസുകാര്‍ സിഐയെയും എസ്ഐയും മോചിപ്പിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും തങ്കച്ചി പ്രഭാകരന്‍ , മകനും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ അനുരാഗ്, കെഎസ്യു ജില്ലാ പ്രസിഡന്റ് ആര്‍ അരുണ്‍രാജ്, കോണ്‍ഗ്രസ് തെക്കുംഭാഗം, തേവലക്കര മണ്ഡലം പ്രസിഡന്റുമാരായ വിന്‍സന്റ്, പി ഫിലിപ്പ് എന്നിവര്‍ ഉള്‍പ്പെടെ 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മദ്യപിച്ചെന്നാരോപിച്ച് സംഘര്‍ഷമുണ്ടാക്കിയവര്‍ ഗതാഗതവും സ്തംഭിപ്പിച്ചു

കോട്ടയം: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ മദ്യപിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കളും ഇവരുടെ അനുയായികളും സാമൂഹ്യവിരുദ്ധരും ചേര്‍ന്ന് നഗരമധ്യത്തില്‍ ബസ് തടഞ്ഞ് സംഘര്‍ഷമുണ്ടാക്കി. മറ്റുവാഹനങ്ങള്‍ കടത്തിവിടാന്‍ ആവശ്യപ്പെട്ട ക്രൈംബ്രാഞ്ച് എസ്ഐയെ ക്രൂരമായി മര്‍ദിച്ചു. കോട്ടയം എംസി റോഡിലും ടിബി റോഡിലും ഗതാഗതം ഒന്നരമണിക്കൂറോളം സ്തംഭിപ്പിച്ചു.

ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവങ്ങളുടെ തുടക്കം. പൂഞ്ഞാറില്‍ നിന്ന് കോട്ടയത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് ബേക്കര്‍ ജങ്ഷനില്‍ കാറുമായി ഉരസി. മുന്നോട്ടുപോയ ബസിനെ സെന്‍ട്രല്‍ ജങ്ഷനില്‍ തടഞ്ഞു. തുടര്‍ന്ന് നിജസ്ഥിതി അന്വേഷിക്കാതെ ഡ്രൈവര്‍ മദ്യപിച്ചെന്നാരോപിച്ച് ഐഎന്‍ടിയുസി നേതാവ് കുഞ്ഞ് ഇല്ലമ്പള്ളിയും മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജയകൃഷ്ണനും കൂടി ഡ്രൈവറെയും കണ്ടക്ടറേയും തടഞ്ഞുവച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ സദാശിവന്‍ (45) ഇതിനിടെ ക്ഷീണിതനായി സീറ്റില്‍ ഇരുന്നുപോയി. ഇയാള്‍ മദ്യപിച്ച് വാഹനമോടിച്ചെന്നാരോപിച്ച് കാര്‍ ഡ്രൈവര്‍ ബഹളം വയ്ക്കുകയും കുഞ്ഞ് ഇല്ലമ്പള്ളിയും കൂട്ടരും ഇയാള്‍ക്ക് ഒപ്പംകൂടുകയും ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇതോടെ സെന്‍ട്രല്‍ ജങ്ഷനും ഗാന്ധിസ്ക്വയറും ഗതാഗതകുരുക്കിലായി. ട്രാഫിക് എഎസ്ഐയും മൂന്ന് പൊലീസുകാരും സ്ഥലത്തെത്തി കെഎസ്ആര്‍ടിസി ഡ്രൈവറെ പരിശോധനയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. തങ്ങളുടെ മുമ്പില്‍ വൈദ്യപരിശോധന നടത്തണമെന്നായിരുന്നു സംഘര്‍ഷമുണ്ടാക്കിയവരുടെ ആവശ്യം. ഇവരെ പിന്തിരിപ്പിക്കാന്‍ മഫ്ത്തിയിലെത്തിയ കോട്ടയം ക്രൈംബ്രാഞ്ച് എസ്ഐ പ്രേമചന്ദ്രന്‍ ശ്രമിച്ചു. കെഎസ്ആര്‍ടിസി ബസ് ഒഴിച്ചുള്ള മറ്റ് വാഹനങ്ങള്‍ കടത്തിവിടാന്‍ ഇദ്ദേഹം നിര്‍ദ്ദേശിച്ചതില്‍ ക്ഷുഭിതരായവര്‍ എസ്ഐയെ സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ ഗാന്ധിസ്ക്വയര്‍വരെ ഇടതടവില്ലാതെ മര്‍ദിച്ചു. എന്നാല്‍ ട്രാഫിക് പൊലീസുകാര്‍ ഇത് തടയാന്‍ ശ്രമിച്ചില്ല.

വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ജീപ്പില്‍ മര്‍ദനമേറ്റ എസ്ഐയെ കയറ്റിയെങ്കിലും കോണ്‍ഗ്രസ് നേതാവ് ജേജി പാലയ്ക്കലോടിയുടെ നേതൃത്വത്തില്‍ സാമൂഹ്യവിരുദ്ധര്‍ ജീപ്പ് തടഞ്ഞു. ഇതോടെ എംസിറോഡ് കുരുക്കിലായി. സംഘര്‍ഷം രൂക്ഷമായതോടെ വെസ്റ്റ് സിഐ കെ വേണു എത്തി എസ്ഐയെ തന്റെ ജീപ്പിലാക്കി, നടപടിയെടുക്കാമെന്ന് ഉറപ്പു നല്‍കി. സംഘര്‍ഷമറിഞ്ഞെത്തിയ ഡിവൈഎസ്പി പി വര്‍ഗീസിനോട് മദ്യപിച്ച പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്ന് ചിലര്‍ വാശിപിടിച്ചു. കുഴപ്പക്കാരെ നിയന്ത്രിക്കുന്നതില്‍ പൊലീസ് ദയനീയമായി പരാജയപ്പെട്ടു. സര്‍ക്കാര്‍ നടത്തിയ കൂട്ട ട്രാന്‍സ്ഫര്‍ പൊലീസ് സേനയുടെ ആത്മവീര്യം തകര്‍ക്കുന്ന സാഹചര്യമാണ് നഗരത്തിലെ ക്രമസമാധാന നില തകരാറിലാക്കിയത്.

deshabhimani 100711

1 comment:

  1. മുന്നൂറോളം കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് എസ്ഐയെ ബന്ദിയാക്കി. നാലുമണിക്കൂര്‍ എസ്ഐയെ ബന്ദിയാക്കിയ പ്രവര്‍ത്തകര്‍ സ്റ്റേഷന്റെ ജനല്‍ച്ചില്ലുകളും എസ്ഐയുടെ മുറിയിലെ മേശയും കസേരകളും അടിച്ചുതകര്‍ത്തു. സംഭവത്തില്‍ 150 കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

    ReplyDelete