Thursday, July 7, 2011

ലീഗ് അക്രമ വാഴ്ച; പൊലീസ് കാഴ്ചക്കാര്‍

തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലും തളിപ്പറമ്പ് നഗരത്തിലും ലീഗ് ക്രിമിനല്‍ സംഘങ്ങളുടെ അക്രമവാഴ്ച പൊലീസിന്റെ ഒത്താശയോടെ. കൊള്ളക്കും കൊള്ളിവയ്പിനും കളമൊരുക്കി പൊലീസ് കാഴ്ചക്കാരായി നിന്നു. ബുധനാഴ്ച രാവിലെ പൊലീസ് തളിപ്പറമ്പ്-പട്ടുവം റോഡില്‍ നിന്നവരെ മുഴുവന്‍ കസ്റ്റഡിയിലെടുക്കാന്‍ മുതിര്‍ന്നു. സര്‍വരെയും ഓടിച്ചുപിടിക്കാന്‍ ശ്രമിച്ചതോടെ ഭയന്ന് പുരുഷന്മാരൊന്നടങ്കം സ്ഥലം വിട്ടു. പുരുഷന്മാരാരുമില്ലെന്ന് ഉറപ്പാക്കിയതോടെയാണ് നാട്ടിലേക്ക് പൊലീസ് അകമ്പടിയോടെ അക്രമികള്‍ സംഘടിതരായി എത്തിയത്. പിന്നെ കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തും വിലപിടിപ്പുള്ളവ കവര്‍ന്നും അക്രമികളുടെ വിളയാട്ടം. രണ്ട് വലിയ ബസ്സുകളില്‍ പൊലിസ് ഇവര്‍ക്ക് അകമ്പടി നല്‍കി. അക്രമികള്‍ക്ക് ഒത്താശ നല്‍കി സിഐ പ്രേമചന്ദ്രനുള്‍പ്പെടെയുള്ളവര്‍ പിന്‍വലിഞ്ഞു.

ബുധനാഴ്ച രാവിലെ ആക്രമിച്ച പൂമാലകാവിന് സമീപത്തെ കണ്ടമ്പേത്ത് ചന്ദ്രന്റെ വീട്ടില്‍ വീണ്ടും വൈകിട്ടെത്തിയ അക്രമിസംഘം സ്വര്‍ണമുള്‍പ്പെടെയുള്ളവ കൊള്ളയടിച്ചു. പട്ടുവം യുപി സ്കൂളിന് സമീപത്തെ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം വി വി രാജന്റെ വീട് അക്രമിസംഘം മാരകായുധങ്ങളുമായെത്തി അടിച്ചു തകര്‍ത്തു. വീടിനകത്തുണ്ടായിരുന്ന ഷെല്‍ഫ് കുത്തിതുറന്ന് പണമുള്‍പ്പെടെ മുഴുവന്‍ സാധനങ്ങളും കവര്‍ന്നു. വീട്ടുപകരണങ്ങളും വാട്ടര്‍ പൈപ്പുകളും അടിച്ചു തകര്‍ത്തു. കാവുങ്കലില്‍ പി വി ദാമോദരന്റെ ചായക്കടയും പറയന്തില്‍ ചന്തുക്കുട്ടിയുടെ പെട്ടിക്കടയും പൂര്‍ണമായി തകര്‍ത്തു. പട്ടുവം സിഐടിയു ഓഫീസിന് സമീപത്തെ മുന്‍ പഞ്ചായത്തംഗം ഐ വി ഗോവിന്ദന്റെ തയ്യല്‍ക്കട തകര്‍ത്തു. കാവുങ്കല്‍ , മുറിയാത്തോട്, പട്ടുവം എന്നിവിടങ്ങളിലെ കള്ളുഷാപ്പുകള്‍ തകര്‍ത്തു. ഗോവിന്ദന്റെ തയ്യല്‍ക്കടയും പട്ടുവം കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന കെട്ടിടമാകെയും പാളയാട് കൈരളി ഫുഡ്സും നാമാവശേഷമാക്കി. മാന്ധംകുണ്ടിലെ കോണ്‍ഗ്രസ് അനുഭാവി പുതുശേരി ജനാര്‍ദനന്റെ അനാദിക്കട തകര്‍ത്ത അക്രമികള്‍ കടയിലുണ്ടായിരുന്ന ഫ്രിഡ്ജ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ നശിപ്പിച്ചു.

രാത്രിയോടെ തളിപ്പറമ്പ് ഹൈവേയില്‍ എത്തിയ നൂറോളം ലീഗു അക്രമികള്‍ക്കെതിരെ പൊലീസ് ലാത്തിവീശി. നൂറുകണക്കിന് പൊലീസുകാര്‍ നഗരത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും കാഴ്ചക്കാരായതിനാല്‍ ഗുണമുണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. ജില്ലാ പൊലീസ് ചീഫ് അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ഡിവൈഎസ്പിമാരും തളിപ്പറമ്പില്‍ എത്തിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ക്വിക് റിയാക്ഷന്‍ ടീമും കമാന്‍ഡോകളും തളിപ്പറമ്പില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

കോണ്‍ഗ്രസ് ഒത്താശയോടെ എന്‍ഡിഎഫ് സമാധാനം തകര്‍ക്കുന്നു: സിപിഐ എം

എടക്കര: എന്‍ഡിഎഫ് ചുങ്കത്തറ മാര്‍ത്തോമാ കോളേജിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും, ഇതിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും സിപിഐ എം ചുങ്കത്തറ ലോക്കല്‍ കമ്മിറ്റി ഭഭാരവാഹികള്‍ അറിയിച്ചു. എസ്എഫ്ഐയുടെ സംഘടനാ പ്രവര്‍ത്തനം മാര്‍ത്തോമാ കോളേജില്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം ബോധപൂര്‍വം എന്‍ഡിഎഫിന്റെ വിദ്യാര്‍ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിനെ ഉപയോഗിക്കുന്നത്. മൂന്ന് പതിറ്റാണ്ടായി നിയോജക മണ്ഡലത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ബുധനാഴ്ച ആക്രമണം നടത്തിയത്. കോണ്‍ഗ്രസ്, കെഎസ്യു ചട്ടുകമായാണ് ക്യാമ്പസ്ഫ്രണ്ട് പ്രവര്‍ത്തിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ആക്രമണത്തെ ചെറുത്ത് മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ സിപിഐ എം ചുങ്കത്തറ ലോക്കല്‍ സെക്രട്ടറി ടി രവീന്ദ്രന്‍ അധ്യക്ഷനായി. എടക്കര ഏരിയാ സെന്ററംഗം എം ആര്‍ ജയചന്ദ്രന്‍ , എം സുകുമാരന്‍ , സി പി കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

deshabhimani 070711

1 comment:

  1. പട്ടുവം പഞ്ചായത്തിലും തളിപ്പറമ്പ് നഗരത്തിലും ലീഗ് ക്രിമിനല്‍ സംഘങ്ങളുടെ അക്രമവാഴ്ച പൊലീസിന്റെ ഒത്താശയോടെ. കൊള്ളക്കും കൊള്ളിവയ്പിനും കളമൊരുക്കി പൊലീസ് കാഴ്ചക്കാരായി നിന്നു. ബുധനാഴ്ച രാവിലെ പൊലീസ് തളിപ്പറമ്പ്-പട്ടുവം റോഡില്‍ നിന്നവരെ മുഴുവന്‍ കസ്റ്റഡിയിലെടുക്കാന്‍ മുതിര്‍ന്നു. സര്‍വരെയും ഓടിച്ചുപിടിക്കാന്‍ ശ്രമിച്ചതോടെ ഭയന്ന് പുരുഷന്മാരൊന്നടങ്കം സ്ഥലം വിട്ടു. പുരുഷന്മാരാരുമില്ലെന്ന് ഉറപ്പാക്കിയതോടെയാണ് നാട്ടിലേക്ക് പൊലീസ് അകമ്പടിയോടെ അക്രമികള്‍ സംഘടിതരായി എത്തിയത്. പിന്നെ കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തും വിലപിടിപ്പുള്ളവ കവര്‍ന്നും അക്രമികളുടെ വിളയാട്ടം. രണ്ട് വലിയ ബസ്സുകളില്‍ പൊലിസ് ഇവര്‍ക്ക് അകമ്പടി നല്‍കി. അക്രമികള്‍ക്ക് ഒത്താശ നല്‍കി സിഐ പ്രേമചന്ദ്രനുള്‍പ്പെടെയുള്ളവര്‍ പിന്‍വലിഞ്ഞു.

    ReplyDelete