Sunday, July 10, 2011

മുസിരിസ് പൈതൃക പദ്ധതിയും വിസ്മൃതിയിലേക്ക്

കൊടുങ്ങല്ലൂര്‍ : അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച മുസിരിസ് പൈതൃക പദ്ധതിക്ക് യുഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ അവഗണന. പദ്ധതി നടത്തിപ്പിനുള്ള സ്പെഷ്യല്‍ ഓഫീസറെ നിയമിക്കാതെയും മന്ത്രിതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചേരാതെയും പദ്ധതി സ്തംഭനാവസ്ഥയില്‍ തുടരുമ്പോഴാണ് ബജറ്റിലും അവഗണനയുണ്ടായത്.

രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള സംസ്കാരമുറങ്ങുന്ന കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി എറണാകുളം, തൃശൂര്‍ ജില്ലകളിലെ എട്ടു പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ലക്ഷങ്ങള്‍ ചെലവിട്ടാണ് പൈതൃക പദ്ധതി തുടങ്ങാന്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളചരിത്രത്തിന്റ നേര്‍ക്കാഴ്ചയായി മാറുന്ന പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചത് 2010 മാര്‍ച്ചിലാണ്. മുസിരിസ് കാലഘട്ടത്തിന്റെ ചരിത്രസ്മാരകങ്ങളുടെ പുനരുജ്ജീവനത്തിനൊപ്പം കൊടുങ്ങല്ലൂരും ചുറ്റുവട്ടവുമുള്ള പഞ്ചായത്തുകളുടെ വികസനവും ലക്ഷ്യമിട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ പദ്ധതി ഏറെക്കുറെ നിശ്ചലാവസ്ഥയിലാണ്.

ഏഴുമന്ത്രിമാര്‍ ഉള്‍പ്പെട്ട കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുസിരിസ് പൈതൃക പദ്ധതിയ്ക്ക് മേല്‍നോട്ടം വഹിച്ചതും നയപരമായ തീരുമാനങ്ങളെടുത്തതും. സര്‍ക്കാര്‍ മാറിയതും ഈ കമ്മിറ്റി ഇല്ലാതായി. പുതിയ സംവിധാനം ഉണ്ടാക്കിയതുമില്ല. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്ന സ്പെഷ്യല്‍ ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് ജലവിഭവ വകുപ്പിലേക്ക് തിരിച്ചുപോയി. പകരം സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചിട്ടില്ല. കോട്ടപ്പുറം കോട്ടയിലെ ഉദ്ഖനനം, കോട്ടപ്പുറം ചന്ത നവീകരണം, പാലിയം കൊട്ടാരം ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം, ചരിത്ര സ്മാരകങ്ങളെ ബന്ധിപ്പിക്കുന്ന ജലപാതയില്‍ ബോട്ടുജെട്ടി നിര്‍മാണം, എന്നിവയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ചത്. യുഡിഎഫ് സര്‍ക്കാര്‍ ഇതിന് പുറംതിരിഞ്ഞു നിന്നാല്‍ ലോകത്തിന് മാതൃകയാവേണ്ട പൈതൃക പദ്ധതിയാകും വിസ്മൃതിയിലേക്ക് പുറന്തള്ളപ്പെടുക.

deshabhimani 100711

1 comment:

  1. അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച മുസിരിസ് പൈതൃക പദ്ധതിക്ക് യുഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ അവഗണന. പദ്ധതി നടത്തിപ്പിനുള്ള സ്പെഷ്യല്‍ ഓഫീസറെ നിയമിക്കാതെയും മന്ത്രിതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചേരാതെയും പദ്ധതി സ്തംഭനാവസ്ഥയില്‍ തുടരുമ്പോഴാണ് ബജറ്റിലും അവഗണനയുണ്ടായത്.

    ReplyDelete