പശ്ചിമബംഗാളില്‍നിന്നുള്ള വാര്‍ത്തകള്‍ ജനാധിപത്യവിശ്വാസികളെയാകെ ആശങ്കയിലാഴ്ത്തുന്നവയാണ്. ജനാധിപത്യപരമായ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമാക്കിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്-മാവോയിസ്റ്റ്- പൊലീസ് സേനകള്‍ സംയുക്തമായി ആ സംസ്ഥാനത്തെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയാണ്. ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പുഫലം പുറത്തുവന്ന് ചുരുക്കം ആഴ്ചകള്‍ക്കുള്ളിലായി ഇടതുപക്ഷമുന്നണിയുടെ 24 പ്രവര്‍ത്തകരെ ഇക്കൂട്ടര്‍ കൊലപ്പെടുത്തിക്കഴിഞ്ഞു. ഒരു കൊലപാതകത്തിലും ആരെയും അറസ്റ്റുചെയ്യുന്നില്ല; കേസില്ല; അന്വേഷണവുമില്ല.
നിയമവ്യവസ്ഥ ബാധകമല്ലാത്ത നാടായി ബംഗാളിനെ വേര്‍തിരിച്ചുനിര്‍ത്തിയ മട്ടിലാണ് തൃണമൂല്‍ കോണ്‍ഗ്രസും കൂട്ടരും. ഇവര്‍ നടത്തിപ്പോരുന്ന നിഷ്ഠുരമായ ആക്രമണങ്ങളിലായി ഗുരുതരപരിക്കുകളോടെ 450 പേര്‍ ആശുപത്രികളില്‍ കഴിയുന്നു. ഇടതുപക്ഷപാര്‍ടികളുടെ 425 പാര്‍ടി ഓഫീസുകള്‍ കൊള്ളയടിച്ചിരിക്കുന്നു. 150 ഓഫീസുകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചിരിക്കുന്നു. 65 ട്രേഡ്യൂണിയന്‍ ഓഫീസുകള്‍ പിടിച്ചെടുത്തു. 445 ബഹുജനസംഘടനാ ഓഫീസുകള്‍ തൃണമൂല്‍ സംഘങ്ങള്‍ കൈയടക്കി. ഇടതുപക്ഷപ്രവര്‍ത്തകരുടെ 7351 വീടുകള്‍ തകര്‍ത്തു. 40,000 പ്രവര്‍ത്തകര്‍ അക്രമം ഭയന്ന് സ്വന്തം വീട്ടില്‍ കയറാനാകാതെ അകന്നുകഴിയേണ്ട സ്ഥിതിയുണ്ടായിരിക്കുന്നു. ഇടതുപക്ഷരാഷ്ട്രീയക്കാരും അനുഭാവികളുമായ 189 സ്ത്രീകള്‍ മാനഭംഗത്തിനിരയായി. ഭൂപരിഷ്കരണം നടപ്പാക്കിയതിന്റെ ഭാഗമായി കൈവന്ന ഭൂമി വ്യാപകമായി കര്‍ഷകരില്‍നിന്ന് തിരിച്ചുപിടിക്കുന്നു.
ആ ഭൂമിയത്രയും ഭൂപ്രമാണിമാര്‍ക്ക് കൊടുക്കുന്നു. ഭീകരപ്രവര്‍ത്തനങ്ങളാണ് തൃണമൂല്‍കോണ്‍ഗ്രസ്-മാവോയിസ്റ്റ്-പൊലീസ് സഖ്യം ആ സംസ്ഥാനത്തെമ്പാടും നടത്തുന്നത്. പശ്ചിമബംഗാളിനു മാത്രമല്ല രാജ്യത്തിനാകെ വിപല്‍ക്കരമായ അവസ്ഥയിലേക്കുള്ള പ്രയാണത്തിന്റെ തുടക്കമാണിത്. ഇത് ഇവിടെവച്ചുതന്നെ അവസാനിപ്പിച്ചില്ലെങ്കില്‍ സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങളാകെ ആപത്തില്‍പ്പെടും. 1972ല്‍ പശ്ചിമബംഗാള്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ അവിടെയുണ്ടായ അവസ്ഥയിലേക്കാണ് 2011ലെ തെരഞ്ഞെടുപ്പിന് ശേഷവും കാര്യങ്ങള്‍ നീങ്ങുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചും ബൂത്തുപിടിച്ചെടുത്തുമാണ് 1972ല്‍ പശ്ചിമബംഗാള്‍ നിയമസഭയിലേക്ക് സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജയിച്ചുകയറിയത്. ജനാധിപത്യ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് നടത്തിയിട്ടും കുറെ സീറ്റുകളില്‍ സിപിഐ എം വിജയിച്ചു. എന്നാല്‍ , തെരഞ്ഞെടുപ്പിനുശേഷവും ഭീകരപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന സാഹചര്യത്തില്‍ , സിപിഐ എം അടക്കമുള്ള ഇടതുപക്ഷപാര്‍ടികള്‍ അഞ്ചുവര്‍ഷവും നിയമസഭ ബഹിഷ്കരിക്കുകയായിരുന്നു; നിയമസഭപോലും കോണ്‍ഗ്രസിന്റെ ഭീകരരാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ വേദിയായിമാറി.
1972 മാര്‍ച്ച് 19 മുതല്‍ 1977 ജൂണ്‍ 21 വരെ നീണ്ടുനിന്ന ആ അര്‍ധഫാസിസ്റ്റ് ഭീകരഭരണത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരംതന്നെ 1450 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് അതിഗുരുതരമായി പരിക്കേറ്റു. 20,000 പാര്‍ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും വീടുവിട്ട് കഴിയേണ്ടിവന്നു. 350 പാര്‍ടി ഓഫീസുകള്‍ പൂട്ടി. 80,000 പേര്‍ക്ക് ഒളിവില്‍ കഴിയേണ്ടിവന്നു. 927 അധ്യാപകരെ ഇടതുപക്ഷബന്ധംആരോപിച്ച് സര്‍വീസില്‍നിന്നു പുറത്താക്കി. ആ ഭീകരകാലത്തിന്റെ ഓര്‍മകള്‍ ബംഗാളിലെ മുതിര്‍ന്ന തലമുറയുടെ മനസ്സില്‍ നടുക്കം സൃഷ്ടിച്ചുകൊണ്ട് ഇന്നും നിലനില്‍ക്കുന്നുണ്ട്. അവിടത്തെ പുതുതലമുറക്കാര്‍ നേരിട്ട് ഇതൊന്നും അറിഞ്ഞവരല്ല. ആ അറിവില്ലായ്മയും ഇന്നത്തെ തൃണമൂല്‍ -കോണ്‍ഗ്രസ് വിജയത്തിനുപിന്നിലെ പല ഘടകങ്ങളിലൊന്നാകാം. എന്നാല്‍ , സിദ്ധാര്‍ഥ ശങ്കര്‍റേയുടെ നേതൃത്വത്തില്‍ എഴുപതുകളില്‍ നടന്ന അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയുടെ സ്വഭാവം പശ്ചിമബംഗാളിലെ പുതുതലമുറകള്‍ക്കുകൂടി മനസ്സിലാക്കിക്കൊടുക്കുന്ന മട്ടിലാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസുമുതല്‍ മാവോയിസ്റ്റുകള്‍വരെയുള്ളവരുമായി സഖ്യത്തിലിരുന്നുകൊണ്ടും പൊലീസ് സേനയുടെ പങ്കാളിത്തംകൂടി ഉറപ്പാക്കിക്കൊണ്ടും ഇന്ന് ഇടതുപക്ഷവേട്ട നടത്തുന്നത്.
പശ്ചിമബംഗാളില്‍ ചില മേഖലകളില്‍ വ്യവസായങ്ങള്‍ വരുന്നതിനെ കര്‍ഷകരുടെ ഭാഗത്തുനിന്ന് എന്ന മട്ടില്‍ എതിര്‍ത്തുതോല്‍പ്പിച്ചവരാണ് കോണ്‍ഗ്രസുകാരും തൃണമൂല്‍കോണ്‍ഗ്രസുകാരും. യഥാര്‍ഥ കര്‍ഷകസ്നേഹികളാണെന്ന് ചില ബുദ്ധിജീവികളും സാംസ്കാരികനായകരും തൃണമൂലുകാരെയും മറ്റും വാഴ്ത്തി. എന്നാലിന്ന്, അവരുടെ കര്‍ഷകസ്നേഹത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീഴുകയാണ്. ജന്മിമാരുടെ സേനയായി പൊലീസും തൃണമൂല്‍ സംഘങ്ങളും മാറിയിരിക്കുകയാണ്. 9000 ത്തിലേറെ കര്‍ഷകരുടെ ഭൂമി ഇതിനകം തിരിച്ചുപിടിച്ചു. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും തുടരെ വഴിയാധാരമാക്കുകയാണ്. ഭൂപരിഷ്കരണ നിയമപ്രകാരം കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സാധുവായ പട്ടയങ്ങള്‍ പൊലീസ് സംഘങ്ങള്‍തന്നെ തീയിലിടുന്നു. പഴയ ഭൂപ്രമാണിമാര്‍ക്ക് ഭൂമിയുടെ അധികാരാവകാശം ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിച്ചുകൊടുക്കുമെന്ന് റവന്യൂമന്ത്രി പരസ്യമായി പ്രഖ്യാപിക്കുന്നു.
1980-82 ഘട്ടത്തില്‍ മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതകര്‍ഷകര്‍ക്ക് വിതരണം ചെയ്തതാകെ ഇല്ലാതാക്കുകയാണ് തൃണമൂല്‍ സര്‍ക്കാര്‍ . 1977 മുതല്‍ ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണത്തിലൂടെ 30 ലക്ഷം കര്‍ഷകരാണ് ബംഗാളില്‍ ഭൂമിയുടെ അവകാശികളായത്. 11.3 ലക്ഷം ഏക്കര്‍ സ്ഥലമാണ് ഭൂരഹിതകര്‍ഷകര്‍ക്കിടയില്‍ ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ വിതരണംചെയ്തത്. ഭൂമി ലഭിച്ചവരില്‍ 37 ശതമാനവും പട്ടികജാതിയില്‍പ്പെട്ടവരാണ്. ഇവരെയാകെ വീണ്ടും ഭൂരഹിതരാക്കി പഴയ നാടുവാഴിത്ത-ഭൂപ്രമാണി വ്യവസ്ഥ പുനഃസ്ഥാപിക്കാനാണ് ശ്രമം. ഇതിനെ ഇഞ്ചോടിഞ്ച് എതിര്‍ക്കുന്ന സിപിഐ എം പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുകയാണ്. പശ്ചിമബംഗാളില്‍ നടക്കുന്ന രാഷ്ട്രീയഹത്യകള്‍ക്കും ജനാധിപത്യഹത്യക്കുമെതിരെ രാഷ്ട്രത്തിന്റെ മനഃസാക്ഷിയുണരണം; ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധമുയരണം.
deshabhimani editorial 080711
പശ്ചിമബംഗാളില്‍നിന്നുള്ള വാര്‍ത്തകള്‍ ജനാധിപത്യവിശ്വാസികളെയാകെ ആശങ്കയിലാഴ്ത്തുന്നവയാണ്. ജനാധിപത്യപരമായ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമാക്കിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്-മാവോയിസ്റ്റ്- പൊലീസ് സേനകള്‍ സംയുക്തമായി ആ സംസ്ഥാനത്തെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയാണ്. ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പുഫലം പുറത്തുവന്ന് ചുരുക്കം ആഴ്ചകള്‍ക്കുള്ളിലായി ഇടതുപക്ഷമുന്നണിയുടെ 24 പ്രവര്‍ത്തകരെ ഇക്കൂട്ടര്‍ കൊലപ്പെടുത്തിക്കഴിഞ്ഞു. ഒരു കൊലപാതകത്തിലും ആരെയും അറസ്റ്റുചെയ്യുന്നില്ല; കേസില്ല; അന്വേഷണവുമില്ല.
ReplyDelete