Friday, July 8, 2011

കോഴിക്കോട്ട് നൂറുകോടിയുടെ പൊതുമരാമത്ത് ഭൂമി വില്‍പ്പനയ്ക്ക്

കോഴിക്കോട്: നൂറുകോടി രൂപയുടെ സ്ഥലം കോഴിക്കോട് ജില്ലയില്‍ വില്‍ക്കാമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ കണ്ടെത്തല്‍ . വില്‍ക്കാവുന്ന ഭൂമി കണ്ടെത്തി അറിയിക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ കണക്കെടുപ്പിലാണ് വമ്പന്‍ കച്ചവടത്തിനുള്ള സാധ്യത അറിയിച്ചത്. ജില്ലാ പിഡബ്ല്യുഡി റോഡ്സ് എക്സി. എന്‍ജിനിയറാണ് കണക്ക് കൈമാറിയത്. ഇതനുസരിച്ച് ജില്ലയില്‍ അഞ്ചേക്കര്‍ ഭൂമി വില്‍ക്കാമെന്നാണ് കണ്ടെത്തിയത്. വിപണിവിലയുടേതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പയ്യോളി-പേരാമ്പ്ര റൂട്ടില്‍ പൊതുമരാമത്ത് സ്ഥലവിലയായി സൂചിപ്പിച്ചിരിക്കുന്നത് സെന്റിന് 80,000 രൂപയാണ്. ഇവിടെ രണ്ടിരട്ടിയോളമാണിപ്പോള്‍ ഭൂമിവില. ഇവിടെ പാലച്ചുവടില്‍ 3.03 ഏക്കര്‍ സ്ഥലം വില്‍ക്കാമെന്നാണ് നിര്‍ദേശം. ഉള്ളിയേരിയില്‍ 65 സെന്റാണ് വെറുതെ കിടക്കുന്നതായി അറിയിച്ചത്. സംസ്ഥാനപാതയിലുള്ള ഇവിടെ ഒന്നരലക്ഷമാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ളതിന്റെ പകുതി വില മാത്രമാണിത്. പാലേരിയില്‍ 38 സെന്റ് വില്‍പ്പനയ്ക്കുണ്ട്. ഇതും സംസ്ഥാനപാതയോരത്താണ്. കുന്നമംഗലം-അഗസ്ത്യന്‍മൂഴി റോഡില്‍ അഞ്ച് സെന്റും മറ്റൊരിടത്തായി 40 സെന്റും വില്‍പ്പനയ്ക്കുണ്ട്. ഇതിലൊന്നില്‍ പൊലീസ് പിടിച്ച വാഹനങ്ങള്‍ കൊണ്ടുതള്ളിയിരിക്കയാണ്.

കോഴിക്കോട്ട് മാവൂര്‍ റോഡിനോട് ചേര്‍ന്ന് തൊണ്ടയാട്, വെള്ളിപറമ്പ്, പൊന്‍പാറക്കുന്ന്, കല്‍പ്പള്ളി പാലം എന്നിവിടങ്ങളിലും പിഡബ്ല്യുഡിക്ക് സ്ഥലം വില്‍ക്കാനുള്ളതായി എക്സി. എന്‍ജിനിയര്‍ ചീഫ് എന്‍ജിനിയര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ഥലങ്ങളുടെ സെന്റിനുള്ള വിലയാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. ഇപ്പോള്‍ കൈമാറ്റം നടക്കുന്ന വിലയിലും തുലോം കുറവാണിത്. ഇതനുസരിച്ച് മാത്രം 25 കോടി ലഭിക്കാനിടയുണ്ട്. യഥാര്‍ഥവില കണക്കാക്കിയാല്‍ ജില്ലയില്‍ നൂറുകോടിയിലധികം ഈ സ്ഥലങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പിഡബ്ല്യുഡി ഉന്നതര്‍തന്നെ പറയുന്നത്.

പിഡബ്ല്യുഡി ഓഫീസുകള്‍ , റോഡുകള്‍ , പാലങ്ങള്‍ എന്നിവയോട് ചേര്‍ന്നുള്ള സ്ഥലം കച്ചവടംചെയ്യാനുള്ള നിര്‍ദേശം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ കൈമാറിയത്. ഭൂമി വിറ്റഴിക്കാനായി സ്ഥലത്തിന്റെ അളവും വിലയും കണക്കാക്കി നല്‍കാനാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയറാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പൊതുമരാമത്ത് ഭൂമി വില്‍ക്കാനുള്ള തീരുമാനം വന്‍ അഴിമതി ലക്ഷ്യമിട്ടാണെന്ന് ആരോപണമുണ്ട്. മന്ത്രി ഓഫീസ് കേന്ദ്രീകരിച്ചുള്ള റിയല്‍എസ്റ്റേറ്റ് സംഘത്തിന്റെ താല്‍പ്പര്യപ്രകാരമാണ് ഭൂമികച്ചവടത്തിനുള്ള നീക്കം. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സര്‍ക്കാര്‍ ഭൂമികച്ചവടത്തിന് നീക്കമുണ്ടായിരുന്നു. ആഗോള വിദേശനിക്ഷേപ സംഗമത്തിന്റെ(ജിം) മറവിലായിരുന്നു ഇത്.
(പി വി ജീജോ)

deshabhimani 080711

1 comment:

  1. നൂറുകോടി രൂപയുടെ സ്ഥലം കോഴിക്കോട് ജില്ലയില്‍ വില്‍ക്കാമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ കണ്ടെത്തല്‍ . വില്‍ക്കാവുന്ന ഭൂമി കണ്ടെത്തി അറിയിക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ കണക്കെടുപ്പിലാണ് വമ്പന്‍ കച്ചവടത്തിനുള്ള സാധ്യത അറിയിച്ചത്.

    ReplyDelete