Tuesday, July 12, 2011

ബോര്‍ഡ് സ്ഥാപിച്ചത് എല്‍ഡിഎഫ് വീണ്ടെടുത്ത ഭൂമിയില്‍ : തിരുവഞ്ചൂര്‍

മൂന്നാര്‍ : 455 ഏക്കറില്‍ സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു

മൂന്നാര്‍ : ചിന്നക്കനാലിലും പാര്‍വതി മലയിലും കൈയേറിയ 455 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ചയാണ് നടപടി തുടങ്ങിയത്. ഉടുമ്പന്‍ചോല താലൂക്കിലെ ഗ്യാപ്പ് റോഡില്‍ കൈയേറിയ 250 ഏക്കറിലാണ് ആദ്യം ബോര്‍ഡ് സ്ഥാപിച്ചത്. തുടര്‍ന്ന്, ചിന്നക്കനാല്‍ എഴുപതേക്കറില്‍ സ്വകാര്യവ്യക്തി സ്ഥലം കൈയേറി റോഡടക്കം നിര്‍മ്മിച്ച 53 ഏക്കര്‍ , സിമന്റ് പാലത്ത് കൈയേറിയ 80 സെന്റ്, കൊളുക്കുമല സ്വദേശി കൈയേറി ഏറുമാടം കെട്ടിയ 50 സെന്റ് എന്നിവ ഏറ്റെടുത്ത് ബോര്‍ഡ് വച്ചു. തുടര്‍ന്ന്, സിങ്കുകണ്ടത്തില്‍ എച്ച്എന്‍എല്ലിന് പാട്ടത്തിന് നല്‍കിയ 104 ഏക്കറിലെ കൈയേറ്റം ഒഴിപ്പിച്ചു.

മൂന്നാര്‍ ടൗണിനുസമീപം പാര്‍വതി മലയില്‍ വ്യക്തികള്‍ കൈയേറി കുടില്‍കെട്ടിയ 47 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചു. ഏറ്റെടുത്ത ഭൂമി സംരക്ഷിക്കാന്‍ റവന്യൂ ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തുമെന്നും ഇനി കൈയേറുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമമനുസരിച്ച് കേസെടുക്കുമെന്നും മന്ത്രി അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടെടുത്ത ഭൂമിയില്‍തന്നെയാണ് ഇപ്പോള്‍ ബോര്‍ഡ് സ്ഥാപിച്ചതെന്നും അന്ന് ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം ലാന്‍ഡ്ബാങ്കിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതില്‍ വീഴ്ച ഉണ്ടായതിനാലാണ് വീണ്ടും കൈയേറ്റമുണ്ടായതെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൈയേറ്റക്കാരെ നിലനിര്‍ത്തി ചിലയിടങ്ങളില്‍ മന്ത്രിയും സംഘവും ബോര്‍ഡു വച്ചത് പരിഹാസ്യമായി. "കേരള സര്‍ക്കാര്‍ വക ഭൂമി, അതിക്രമിച്ച് കടക്കുന്നവര്‍ക്ക് 3 വര്‍ഷംവരെ തടവ്" എന്ന ബോര്‍ഡ് പാര്‍വതിമലയില്‍ ഏഴോളം കൈയേറ്റക്കാരുടെ വീടുകള്‍ക്ക് തൊട്ടുമുന്നിലാണ് വച്ചത്. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കൈയേറ്റക്കാരുടെ പ്രശ്നം പഠിക്കാന്‍ സബ് കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇവര്‍ അര്‍ഹതയുള്ള ഭൂരഹിതരാണെങ്കില്‍ ഭൂമി നല്‍കുമെന്നുകൂടി മന്ത്രി വ്യക്തമാക്കിയതോടെ ബോര്‍ഡ് സ്ഥാപിക്കല്‍ ചടങ്ങ് മാത്രമായി.

രണ്ടാംവട്ടം മൂന്നാറിലെത്തിയപ്പോഴും യുഡിഎഫ് നേതാക്കള്‍ കൈയേറിയ ഭൂമി സന്ദര്‍ശിക്കാന്‍ മന്ത്രി തയ്യാറായില്ല. എസ് രാജേന്ദ്രന്‍ എംഎല്‍എ, പി ടി തോമസ് എംപി, കലക്ടര്‍ ഇ ദേവദാസന്‍ , ദേവികുളം സബ് കലക്ടര്‍ എം ജി രാജമാണിക്യം, ഉടുമ്പന്‍ഞ്ചോല തഹസില്‍ദാര്‍ വി ആര്‍ മോഹനന്‍പിള്ള, ദേവികുളം തഹസില്‍ദാര്‍ പി ജി രാധാകൃഷ്ണന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി മന്ത്രി സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി, ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

ബോര്‍ഡ് സ്ഥാപിച്ചത് എല്‍ഡിഎഫ് വീണ്ടെടുത്ത ഭൂമിയില്‍ : തിരുവഞ്ചൂര്‍

മൂന്നാര്‍ : എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടെടുത്ത ഭൂമിയില്‍തന്നെയാണ് ഇപ്പോള്‍ ബോര്‍ഡ് സ്ഥാപിച്ചതെന്ന് റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . കൈയേറ്റ ഭൂമികളില്‍ സര്‍ക്കാര്‍ഭൂമിയെന്ന് ബോര്‍ഡ് സ്ഥാപിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍ സര്‍ക്കാര്‍ വീണ്ടെടുത്ത ഭൂമി ഭൂസംരക്ഷണ പ്രകാരം ലാന്‍ഡ്ബാങ്കിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിലുണ്ടായ വീഴ്ചമൂലമാണ് വീണ്ടും കൈയേറ്റമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ കൈയേറ്റമുണ്ടാകാതിരിക്കാന്‍ ഈ നടപടി സഹായിക്കും.

ഇപ്പോഴത്തെ നടപടികളിലൂടെ മൂന്നാറില്‍ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉരുളാന്‍ തുടങ്ങിയെന്ന് തിരുവഞ്ചൂര്‍ അവകാശപ്പെട്ടു. എന്നാല്‍ , നടപടികള്‍ക്ക് കാലപരിധി നിശ്യിക്കാനാകില്ല. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളില്‍ ഫലപ്രദമായി ഇടപെട്ട് ഭൂമി തിരിച്ചുപിടിക്കും. വന്‍കിടക്കാര്‍ക്കുവേണ്ടിയുള്ള നടപടികളാണ് തിരുവഞ്ചൂര്‍ നടത്തുന്നതെന്ന വിഎസിന്റെ പ്രതികരണത്തെക്കുറിച്ച് ഒന്നും പറയാനില്ല. വിഎസ് നോട്ടീസ് കൊടുത്ത് ഒഴിപ്പിച്ചതുകൊണ്ടാണ് പലരും നോട്ടീസ് കാട്ടി കോടതിയില്‍ പോയതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ടോട്ടല്‍ സ്റ്റേഷനുപയോഗിച്ച് നടത്തുന്ന സര്‍വേ പൂര്‍ത്തിയായശേഷം ടാറ്റയുടെ കൈയേറ്റമുണ്ടെങ്കില്‍ അതും ഒഴിപ്പിക്കും. ധന്യശ്രീ റിസോര്‍ട്ട് നടത്തിപ്പിന്റെ കണക്കുകള്‍ ജോയിന്റ് റിസീവറായ ദേവികുളം തഹസില്‍ദാര്‍ക്ക് കിട്ടുന്നില്ലെന്ന വാര്‍ത്തയില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കലക്ടറോട് നിര്‍ദേശിച്ചു.

യുഡിഎഫ് കൈയേറ്റം കാണാതെ മന്ത്രി

മൂന്നാര്‍ : കൈയേറ്റക്കാരെ നിയമപരമായി ഒഴിപ്പിക്കുമെന്ന് അവകാശപ്പെടുന്ന റവന്യുമന്ത്രി, രണ്ടാംവട്ടം മൂന്നാറിലെത്തിയിട്ടും യുഡിഎഫ് നേതാക്കള്‍ കൈയേറിയ ഭൂമി സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. വട്ടവട, കാന്തല്ലൂര്‍ , മറയൂര്‍ പഞ്ചായത്തുകളിലും മൂന്നാര്‍ ലക്ഷ്മി മേഖലയിലുമാണ് യുഡിഎഫ് ഉന്നതനേതാക്കളടക്കമുള്ളവര്‍ ഭൂമി കൈയേറിയത്. ജൂണ്‍ 14ന് മന്ത്രി വന്നപ്പോള്‍ വാര്‍ത്താലേഖകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും വിവാദത്തിനില്ലെന്നായിരുന്നു മറുപടി. തിങ്കളാഴ്ച ഇക്കാര്യം വീണ്ടും പരാമര്‍ശിച്ചപ്പോള്‍ പരാതിയുണ്ടങ്കില്‍ കലക്ടര്‍ക്ക് കൊടുക്കാന്‍ പറഞ്ഞ് ഒഴിഞ്ഞുമാറി.

കൈയേറ്റക്കാര്‍ ആരെല്ലാമെന്ന ചോദ്യത്തിന്, അവരെ പൂമാലയിട്ട് ആദരിക്കുന്നില്ലെന്ന് മന്ത്രി മറുപടിപറഞ്ഞു. ഭൂമിയില്ലാത്തവരാണ് കൈയേറ്റക്കാരെങ്കില്‍ പരിശോധിച്ച് താമസിക്കാനുള്ള ഭൂമി നല്‍കുമെന്ന് പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാനും മന്ത്രി തയ്യാറായി. ഭരണമാറ്റത്തിന്റെ തണലില്‍ തൊഴിലാളികളെ മുന്‍നിര്‍ത്തി വന്‍കിടക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ട്. ഇതു കാണാന്‍ രണ്ടാം സന്ദര്‍ശനത്തിലും മന്ത്രി തയ്യാറായില്ല.

കേസുകളില്‍ സര്‍ക്കാര്‍ ബോധപൂര്‍വം തോല്‍ക്കാന്‍ ശ്രമിക്കുന്നു: വി എസ്

മുന്നാറിലെ വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരായ കേസില്‍ സര്‍ക്കാര്‍ ബോധപൂര്‍വം തോല്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം കേസുകളില്‍ ഒരിക്കലും കയ്യേറ്റക്കാര്‍ക്ക് സ്റ്റേ കിട്ടിയിരുന്നില്ല. റവന്യു മന്ത്രിയുടെ ചില പ്രസ്താവനകളും ഇതാണ് സൂചിപ്പിക്കുന്നത്. സര്‍ക്കാറിന്റെ അടുത്ത നടപടികള്‍ നോക്കിയ ശേഷം വിശദമായി പ്രതികരിക്കാമെന്നും വി എസ് പറഞ്ഞു.

deshabhimani 120711

2 comments:

  1. ചിന്നക്കനാലിലും പാര്‍വതി മലയിലും കൈയേറിയ 455 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ചയാണ് നടപടി തുടങ്ങിയത്. ഉടുമ്പന്‍ചോല താലൂക്കിലെ ഗ്യാപ്പ് റോഡില്‍ കൈയേറിയ 250 ഏക്കറിലാണ് ആദ്യം ബോര്‍ഡ് സ്ഥാപിച്ചത്. തുടര്‍ന്ന്, ചിന്നക്കനാല്‍ എഴുപതേക്കറില്‍ സ്വകാര്യവ്യക്തി സ്ഥലം കൈയേറി റോഡടക്കം നിര്‍മ്മിച്ച 53 ഏക്കര്‍ , സിമന്റ് പാലത്ത് കൈയേറിയ 80 സെന്റ്, കൊളുക്കുമല സ്വദേശി കൈയേറി ഏറുമാടം കെട്ടിയ 50 സെന്റ് എന്നിവ ഏറ്റെടുത്ത് ബോര്‍ഡ് വച്ചു. തുടര്‍ന്ന്, സിങ്കുകണ്ടത്തില്‍ എച്ച്എന്‍എല്ലിന് പാട്ടത്തിന് നല്‍കിയ 104 ഏക്കറിലെ കൈയേറ്റം ഒഴിപ്പിച്ചു.

    ReplyDelete
  2. കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ബൈസണ്‍വാലി വില്ലേജിലെ 71 ഏക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. പോതമേടിനു സമീപം പൊട്ടന്‍കാട് താവളത്തില്‍ സര്‍വേ നമ്പര്‍ 27/1-ല്‍ എറണാകുളം സ്വദേശി അനൂപ്കുമാറിന്റെ കൈവശമിരുന്ന ഭൂമിയിലാണ് ബോര്‍ഡ്വച്ചത്. കഴിഞ്ഞ മാസങ്ങളിലും റവന്യൂ അധികൃതര്‍ ഒഴിപ്പിക്കല്‍ നടത്തിയ സ്ഥലമാണിത്. ഈ സര്‍വേ നമ്പരില്‍ ആകെയുള്ള 88 ഏക്കറില്‍ 10 പട്ടയങ്ങളിലായി 71 ഏക്കര്‍ ഭൂമിയാണ് ഇയാളുടെ കൈവശമുള്ളത്. 93-ലെ നിയമപ്രകാരം പത്തുപേര്‍ക്കാണ് ഇവിടെ പട്ടയം ലഭിച്ചിട്ടുള്ളത്്. എന്നാല്‍ പാറക്കെട്ടിനോടു ചേര്‍ന്നുള്ള സര്‍ക്കാര്‍ പുറമ്പോക്കാണ് ഇതെന്ന് സബ്കലക്ടര്‍ എം ജി രാജമാണിക്യം അറിയിച്ചു. ഈ സ്ഥലത്തിനുസമീപം സര്‍ക്കാര്‍ഭൂമി കൈയേറി സ്വകാര്യ വ്യക്തികളുടെ ഭൂമിയിലേക്ക് നിര്‍മിക്കുന്ന റോഡ് സബ്കലക്ടറുടെ നിര്‍ദ്ദേശപ്രകാരം കല്ലുകള്‍ നിരത്തി തടസ്സപ്പെടുത്തി. പോതമേടില്‍ ബുധനാഴ്ച സ്റ്റോപ്പ്മെമ്മോ നല്‍കിയതിനുശേഷവും നിര്‍മാണം നടത്തിയ വണ്ടര്‍ലാന്റ് റിസോര്‍ട്ട്സിലും സംഘം എത്തി. എന്നാല്‍ വ്യാഴാഴ്ച രാവിലെ 10-നാണ് തങ്ങള്‍ക്ക് സ്റ്റോപ്പ്മെമ്മോ ലഭിച്ചതെന്നും തുടര്‍ന്ന് നിര്‍മാണജോലികള്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഉടമകള്‍ സബ്കലക്ടറെ അറിയിച്ചു. എന്‍ഒസിയില്ലാതെ നിര്‍മാണം നടക്കുന്നുവെന്ന ആരോപണത്തെതുടര്‍ന്ന്് സംഘം ലക്ഷ്മി ഭാഗത്തും പരിശോധിച്ചു. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ വി മോഹനന്‍പിള്ള, ബൈസണ്‍വാലി വില്ലേജ് ഓഫീസര്‍ വി വി ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചിന്നക്കനാലിനു സമീപം മന്ത്രി സ്ഥാപിച്ച രണ്ട് ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം കാട്ടാനകള്‍ നശിപ്പിച്ചു.

    ReplyDelete