പൊലീസുകാരുടെ കൂട്ടസ്ഥലംമാറ്റം പുനപരിശോധിക്കണം: ഹൈക്കോടതി
കൊച്ചി: സംസ്ഥാന പൊലീസിലെ കൂട്ടസ്ഥലമാറ്റം പുനപരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതുവരെ സ്ഥലംമാറ്റത്തിന് മുമ്പുള്ള സ്ഥിതി തുടരണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പൊലീസുകാരെ സ്ഥലംമാറ്റുന്ന പ്രക്രിയ ഒന്നേന്നെ ആരംഭിക്കണം. സ്ഥലംമാറ്റത്തിന് പൊലീസുകാരില്‍നിന്നും ഓപ്‌ഷന്‍ സ്വീകരിക്കണം. ഒരു മാസത്തിനകം ഈ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പൊലീസുകാരുടെ സ്ഥലംമാറ്റം ക്രമവിരുദ്ധമാണെന്ന് കാട്ടി ഒരു വിഭാഗം പൊലീസുകാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഈ നിലപാട് സ്വീകരിച്ചത്.
ഖനന നിയന്ത്രണ നിയമം: ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: അനധികൃത ഖനനം നിയന്ത്രിക്കാന്‍ നിയമനിര്‍മാണം കൊണ്ടുവരാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇതുസംബന്ധിച്ച ഖനന കമ്പനികളുടെ ഹര്‍ജി ജസ്‌റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് തള്ളി.
സി ബി ഐ കോടതിയുടെ അന്വേഷണ ഉത്തരവ് ഹൈക്കോടതി തടഞ്ഞു
ചെന്നൈ: പതിനായിരം കോടി രൂപയുടെ സാമ്പത്തിക കുറ്റം ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ എ ആര്‍ അന്‍സാരിക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താനുള്ള സ ബി ഐ പ്രത്യേക കോടതിയുടെ ഉത്തരവ് ചെന്നൈ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. എന്‍ എല്‍ സി തൊഴിലാളി യൂണിയന്‍ പ്രതിനിധി എം സെല്‍വരാജിന്റെ പരാതിയിന്‍മേലാന് അന്‍സാരിക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ സി ബി ഐ പ്രത്യേക കോടതിയിലെ പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ ജഡ്‌ജിയുടെ ഉത്തരവ് ഉണ്ടായിരുന്നത്. എന്‍ എല്‍ സി ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ അന്‍സാരി ഇത് സംബന്ധിച്ച് സമര്‍പ്പിച്ച റിവിഷന്‍ പെറ്റീഷനെ തുടര്‍ന്നാണ് ചെന്നൈ ഹൈക്കോടതി സി ബി ഐ കോടതി ഉത്തരവും അന്വേഷണവും താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവായത്. അതേസമയം എന്‍ എല്‍ സി ചെയര്‍മാന്‍ ഹൈക്കോടതിയില്‍ നിന്നു നേടിയ താല്‍ക്കാലിക സ്റ്റേ മാറ്റുന്നതിനായി അഡ്വ എ പ്രഭാകരന്‍ വഴി എന്‍ എല്‍ സി യൂണിയന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സി പി ഐ കടലൂര്‍ ജില്ലാ സെക്രട്ടറി ശേഖര്‍ അറിയിച്ചു. ഹൈക്കോടതിയുടെ സ്റ്റേ എന്‍ എല്‍ സി മാനേജ്‌മെന്റിന് നിലനിര്‍ത്താനാവില്ലെന്നും ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സി ബി ഐ പ്രത്യേക കോടതിയുടെ ഉത്തരവ് ഉണ്ടായതെന്നും സി പി ഐ കടലൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.
എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് കോടതി വിധി നിര്‍ണായകമാകും
തിരുവനന്തപുരം: എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും ഇതു സംബന്ധിച്ച കോടതി വി ധി നിര്‍ണായകമാകും. പ്ലസ്‌ടുവിന്റെ മാര്‍ക്ക് കൂടി പരിഗണിച്ച് എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് എതിരെ രണ്ട് കേസുകളാണ് ഹൈക്കോടതിയിലുള്ളത്. കോടതിവിധി സര്‍ക്കാരിന് എതിരായാല്‍ അത് റാങ്ക് പട്ടികയെ ഏതു തരത്തില്‍ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. യോഗ്യതാപരീക്ഷയുടെയും പ്രവേശനപരീക്ഷയുടെ ആകെ മാര്‍ക്ക് 500 ആക്കി ഏകീകരിച്ച ശേഷം ആകെ സ്‌കോറായ 1000ത്തില്‍ വിദ്യാര്‍ഥി കരസ്ഥമാക്കിയ സ്‌കോറിനെ അടിസ്ഥാനമാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ ബി എസ് മാവോജി പറഞ്ഞു.
യോഗ്യതാ പരീക്ഷയില്‍ കണക്ക്, ഫിസിക്‌സ്, കെമിസ്‌ട്രി/കമ്പ്യൂട്ടര്‍ സയന്‍സ്/ ബയോടെക്‌നോളജി/ ബയോളജി എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് കൂടി പരിഗണിച്ചാണ് ഇത്തവണത്തെ എന്‍ജിനീയറിംഗ് റാങ്ക് പട്ടിക തയ്യാറാക്കിയത്. പ്രവേശനപരീക്ഷയുടെ ഫലം മെയ് 24ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്‌ദുറബ്ബ് പ്രഖ്യാപിച്ചിരുന്നു. പ്ലസ്‌ടുഫലം പ്രസിദ്ധീകരിച്ച ശേഷം ജൂണ്‍ ആറു മുതല്‍ 17വരെ മാര്‍ക്ക് ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കുന്നതിന് സമയം അനുവദിച്ചിരുന്നു. 20വരെ പ്ലസ്‌ടു മാര്‍ക്ക് ഷീറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപ്പ്‌ലോഡ് ചെയ്യുന്നതിനും സമയം അനുവദിച്ചു. ജൂണ്‍ 24 മുതല്‍ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച മാര്‍ക്കുകള്‍ വൊബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. തെറ്റുകളുണ്ടെങ്കില്‍ തിരുത്തി നല്‍കുവാന്‍ 30 വരെ സമയവും അനുവദിച്ചിരുന്നു. പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ 65,632 പേരില്‍ 56,336 കുട്ടികളാണ് യോഗ്യതാ പരീക്ഷയുടെ മാര്‍ക്കുകള്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിച്ചത്. തുടര്‍ന്ന് ബന്ധപ്പെട്ട പരീക്ഷാ ബോര്‍ഡുകളുടെ മാര്‍ക്ക് ലഭ്യമാക്കി മാര്‍ക്കുകള്‍ ഏകീകരിച്ചു. 27 ബോര്‍ഡുകളുടെ മാര്‍ക്കുകളാണ് ഇതിനായി ലഭ്യമാക്കേണ്ടിയിരുന്നത്. ഇതില്‍ ബീഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പരീക്ഷാ ബോര്‍ഡുകളും ആറോളം അന്താരാഷ്‌ട്ര ബോര്‍ഡുകളും യഥാസമയം മാര്‍ക്ക് വിവരങ്ങള്‍ കൈമാറിയിട്ടില്ല. ഈ ബോര്‍ഡുകളിലെ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഏകീകരിച്ചത് ഇതു സംബന്ധിച്ച് രൂപീകരിച്ച സര്‍ക്കാര്‍ സമിതി നിശ്ചയിച്ച മാനദണ്‌ഡമനുസരിച്ചാണ്. മാര്‍ക്ക് ലിസ്റ്റ് സാക്ഷ്യപ്പെടുത്തി നല്‍കാത്തവരുടെയും യഥാര്‍ഥ മാര്‍ക്കും സമര്‍പ്പിച്ച മാര്‍ക്കും തമ്മില്‍ വ്യാത്യാസം കണ്ടെത്തിയവരുടെയും ഉള്‍പ്പെടെ 3063 പേരുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ട്. മെഡിക്കല്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയായ ശേഷമാകും എഞ്ചിനീയറിംഗ് അലോട്ടമെന്റ് ആരംഭിക്കുകയെന്നും പരീക്ഷാ കമ്മിഷണര്‍ പറഞ്ഞു.
വോട്ടിന് കോഴ: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഒന്നാം യു പി എ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടാന്‍ പണം നല്‍കിയെന്ന കേസില്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഡല്‍ഹി പൊലീസിനോട് സുപ്രിം കോടതി. ഇന്നലെ ഇത് സംബന്ധിച്ച കേസ് പരിഗണിച്ച ജസ്റ്റിസ്‌മാരായ അഫ്‌താബ് ആലം, ആര്‍ എം ലോധ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്തോ-അമേരിക്കന്‍ ആണവ കരാറിന്റെ പേരില്‍ ഇടതുപക്ഷ പിന്തുണ നഷ്‌ടമായ ഒന്നാം യു പി എ സര്‍ക്കാര്‍ ഭരണം നിലനിര്‍ത്താന്‍ 2008ല്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ അന്വേഷണ പുരോഗതി അറിയിക്കാനാണ് സുപ്രിം കോടതി ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടത്. വോട്ടിന് പണം പ്രതിപക്ഷം വിവാദമാക്കിയതോടെ സര്‍ക്കാര്‍ മുമ്പ് വെട്ടിലായിരുന്നു. ബി ജെ പി അംഗങ്ങള്‍ കൈക്കൂലിയായി ലഭിച്ച പണം സഭയില്‍കൊണ്ടുവന്നതും വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വോട്ടിന് പണം സംബന്ധിച്ച് ഡല്‍ഹി പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പുരോഗതി എന്താണെന്നാണ് കോടതി ചോദിച്ചത്. ഒരാഴ്‌ചയ്‌ക്കകം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ ചീഫ് ഇലക്‌ഷന്‍ കമ്മിഷണര്‍ ജെ എം ലിംഗ്‌ദോ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
2008 ജൂലൈ 22ന് നടന്ന ഒന്നാം യു പി എ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പില്‍ പണം നല്‍കിയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം നിലനിര്‍ത്തിയെന്നത് വന്‍വിവാദമായി ഉയര്‍ന്നിരുന്നു. കൈക്കൂലിയായി കിട്ടിയ പണം ബി ജെ പി അംഗങ്ങള്‍ സഭയില്‍ കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച അന്വേഷണം ഡല്‍ഹി പൊലീസിന് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് ഇക്കാര്യത്തില്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് കോടതി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി പൊലീസിന് രണ്ട് മാസത്തെ സമയംകൂടി അനുവദിക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രമണ്യത്തിന്റെ വാദം കോടതി തള്ളി. രണ്ട് മാസമെന്നത് വളരെ ദൈര്‍ഘ്യമേറിയതാണെന്ന് ബഞ്ച് പറഞ്ഞു. വോട്ടിന് പണം കേസന്വേഷിക്കാന്‍ പ്രത്യേക സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാകണമെന്നും ഹര്‍ജിയിലുണ്ട്. കേസ് ഈ മാസം 15ന് കോടതി വീണ്ടും പരിഗണിക്കും.
ഗ്രേറ്റര്‍ നോയിഡ ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കി; 10 ലക്ഷം രൂപ പിഴയും
ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ കര്‍ഷക ഭൂമി ഏറ്റെടുത്തു കെട്ടിട നിര്‍മാതാക്കള്‍ക്കു കൈമാറിയ ഇന്‍ഡസ്‌ട്രിയല്‍ അതോറിറ്റി നടപടി റദ്ദാക്കിയ അഹമ്മദാബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്കു കൈമാറണമെന്നും കെട്ടിട നിര്‍മാതാക്കളുമായി ഒത്തുകളിച്ചതിനു 10 ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഗ്രേറ്റര്‍ നോയിഡ ഇന്‍ഡസ്‌ട്രിയല്‍ അതോറിറ്റിക്കു നിര്‍ദേശം നല്‍കി. കെട്ടിടനിര്‍മാതാക്കളുമായി ചേര്‍ന്നു പൊതു ആവശ്യത്തിനെന്ന പേരില്‍ ഭൂമി ഏറ്റെടുത്ത ശേഷം നിയമം ലംഘിച്ചു ഭൂമി അവര്‍ക്കു കൈമാറുകയാണ് ഇന്‍ഡസ്‌ട്രിയല്‍ അതോറിറ്റി ചെയ്‌തതെന്നു സൂപ്രീം കോടതി നിരീക്ഷിച്ചു.
janayugom news
ചില കോടതി വിധി വാര്‍ത്തകള്‍
ReplyDelete