Monday, July 11, 2011

തീവ്രപരിചരണ വിഭാഗത്തില്‍പെട്ട ബജറ്റും രമേശിന്റെ ആനന്ദവും

`എന്തരോ മഹാനുഭാവലൂ' എന്ന്‌ രാഗതാള നിബദ്ധതയൊന്നുമില്ലാതെ കെ എം മാണിയെ നോക്കി രമേശ്‌ ചെന്നിത്തല പാടിക്കൊണ്ടിരിക്കുകയാണ്‌. ഉച്ചാരണ ശുദ്ധിയില്ലാതെയും അര്‍ഥമറിയാതെയും മാണിക്ക്‌ സംസ്‌കൃത ശ്ലോകം `ശട പടാ' എന്ന മട്ടില്‍ എടുത്തു പ്രയോഗിക്കാമെങ്കില്‍ കല്ലില്‍ ഇരുമ്പുരയ്‌ക്കുന്ന ശബ്‌ദത്തില്‍ രമേശിനെന്തുകൊണ്ട്‌ പാടിക്കൂട! `നഷ്‌ടവസന്തങ്ങളേ നിങ്ങളെനിക്കൊരൂ.....' എന്ന ദുഃഖഗാനം പാടി നിരാശാഭരിതനായി കഴിയുമ്പോഴാണ്‌ ആനന്ദ തുന്ദിലിതനായി പാടുവാന്‍ മാണി അവസരമൊരുക്കിയത്‌. കര്‍ണാടക സംഗീതത്തില്‍ നിന്ന്‌ നാടന്‍ പാട്ടിലേയ്‌ക്കും വന്ന്‌ രമേശ്‌ ചെന്നിത്തല കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ക്കു മുമ്പില്‍ സംഗീത വൈഭവം തെളിയിക്കുന്നുണ്ട്‌. സ്വന്തം ബജറ്റിനെ നിശിതമായി വിമര്‍ശിക്കുന്ന സ്വന്തം അനുയായികളെ നോക്കി `പോരട്ടങ്ങനെ, പോരട്ടെ' എന്ന്‌ ഈണത്തില്‍ തട്ടിവിടുന്നു.

പനി പിടിച്ചു കിടക്കുന്ന വേളയില്‍പോലും ഉമ്മന്‍ചാണ്ടിക്ക്‌ സ്വസ്ഥത നല്‍കുകയില്ലെന്ന പിടിവാശിയിലാണ്‌ ചെന്നിത്തല. മുഖ്യമന്ത്രി കസേരയെ നോക്കി `കല്‍പ്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍ കല്‍ഹാര ഹാരവുമായി നില്‍ക്കും' എന്ന്‌ പാടിക്കൊണ്ടിരുന്നപ്പോഴാണ്‌ അപശ്രുതിയുമായി ഉമ്മന്‍ചാണ്ടി അവതരിച്ചത്‌. അത്‌ മറക്കാന്‍ എങ്ങനെ കഴിയും? രണ്ടു മണിക്കൂര്‍ ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റില്‍, അരമണിക്കൂര്‍ നിയമസഭയില്‍ എന്ന മട്ടില്‍ കഴിഞ്ഞു കൂടുകയാണ്‌ പാവം മുഖ്യമന്ത്രി. കാരണം മറ്റൊന്നുമല്ല. ചെന്നിത്തല സഭയിലിരിക്കുമ്പോള്‍ സ്വസ്ഥമായി ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റില്‍ ശയിക്കുവാന്‍ കഴിയില്ല. അരമണിക്കൂര്‍ സഭയില്‍ ചെന്നിരിന്നിട്ടുപോലും എന്തൊരു പുകിലായിരുന്നു. ഞാനൊരു മഹാമല്ലന്‍ എന്ന മട്ടില്‍ ബജറ്റ്‌ പ്രസംഗം ഒരു ആക്രോശമാക്കി മാണി മുന്നോട്ടുപോവുമ്പോള്‍ ഭരണപക്ഷ ബഞ്ചില്‍ നിന്നു തന്നെ അപസ്വരത്തിന്റെ പാഴ്‌ശ്രുതി മീട്ടാന്‍ നിരവധി പേരുണ്ടായി. `കോട്ടയം മലപ്പുറം ബജറ്റേ' എന്ന മട്ടില്‍ അവര്‍ പാടുമ്പോള്‍ മേശമേല്‍ താളം പിടിക്കുകയായിരുന്നു ചെന്നിത്തല. ഇതൊന്നും കണ്ടിരിക്കാനും കേട്ടിരിക്കാനും വയ്യാത്തതുകൊണ്ടാണ്‌ അരമണിക്കൂറിനുള്ളില്‍ സ്ഥലംവിട്ട്‌ മെഡിക്കല്‍ കോളേജിലെ വി ഐ പി മുറിയെ ശരണം പ്രാപിച്ചത്‌.

മുഖ്യമന്ത്രിയല്ലെങ്കില്‍ മന്ത്രിയാവാനുമില്ലെന്ന്‌ ചെന്നിത്തല പറഞ്ഞത്‌ അപ്പോഴത്തെ ഒരു വാശിക്കായിരുന്നു എന്ന്‌ മനസ്സിലാക്കി പ്രവര്‍ത്തിക്കണമായിരുന്നു ഉമ്മന്‍. പക്ഷേ ഉമ്മന്‍ ചെയ്‌തത്‌ മനസ്സ്‌ മാറി രമേശ്‌ മന്ത്രിസഭയിലെങ്ങാനുമെത്തിയാല്‍ ധനകാര്യം നല്‍കേണ്ടിവരുമല്ലോ എന്നോര്‍ത്ത്‌ മാണിയെപ്പോലും ഞെട്ടിച്ചുകൊണ്ട്‌ തുടക്കത്തില്‍ തന്നെ ധനകാര്യം അങ്ങ്‌ ഏല്‍പ്പിച്ചു കൊടുക്കുകയായിരുന്നു. അന്നേ മനസ്സിലുറപ്പിച്ചതാണ്‌ ആദ്യം കിട്ടുന്ന അവസരത്തില്‍ ഒരു പണി പണിയണമെന്ന്‌.

പ്രതീക്ഷിച്ചതിലും വളരെ നേരത്തേ തന്നെ അവസരം വന്നു വീണു. പാലാക്കാരന്‍ മാണിച്ചായന്‍ തന്നെ മിശിഹയെപോലെ അവതരിച്ചു. പാലാ മുതല്‍ പാലാ വരെ നീളുന്നതാണ്‌ കേരളമെന്നും അതിന്റെ സാമന്തരാജ്യമാണ്‌ ഈരാറ്റുപേട്ടയെന്നും സ്ഥാപിക്കുന്ന തിരുത്തല്‍ ബജറ്റിലൂടെ മാണി നല്‍കിയ സഹായത്തിന്‌ സ്‌തുതി. എപ്പോഴുമെപ്പോഴും സ്‌തുതിയായിരിക്കട്ടേ. നൂറ്‌ മെഴുകുതിരി കത്തിച്ചുവെച്ച്‌ മുട്ടുകുത്തി നിന്ന്‌ പ്രാര്‍ഥിക്കണമെന്നുപോലും ചെന്നിത്തലയ്‌ക്ക്‌ തോന്നിയ സന്ദര്‍ഭമാണത്‌.

ഉച്ചത്തില്‍ അപശ്രുതി മീട്ടിയ കോണ്‍ഗ്രസ്‌ എം എല്‍ എ മാരില്‍ നിന്ന്‌ തത്സമയം തന്നെ കത്തെഴുതി വാങ്ങിച്ചത്‌ ഉമ്മന്റെ ആശ്രിതരെകൂടി തന്റെ പക്ഷത്തേയ്‌ക്ക്‌ അടുപ്പിക്കുന്നതിനാണ്‌. മന്ത്രിപദം കിനാവ്‌ കണ്ട്‌ ചിരിച്ചുറങ്ങിയിരുന്നവരുടെ ഉറക്കം നഷ്‌ടമാക്കിയത്‌ ഉമ്മനാണെന്ന തോന്നല്‍ അവരില്‍ പലര്‍ക്കും കലശലായുണ്ട്‌. ഡൊമനിക്‌ പ്രസന്റേഷന്‍, ബന്നി ബഹനാന്‍ ആദിയായവര്‍. താനാണ്‌ മന്ത്രിപദം നഷ്‌ടമാക്കിയതെന്ന, ഉമ്മന്‍ചാണ്ടി കുഴിച്ച കുളത്തില്‍ മുങ്ങിപ്പോയ പ്രതാപന്‍ ഇപ്പോള്‍ കരയ്‌ക്കു കയറിയിട്ടുണ്ട്‌. `കാറ്റുള്ളപ്പോള്‍ തൂറ്റണം'. അതുകൊണ്ട്‌ കത്തെഴുതി വാങ്ങുകയും കുട്ടിപ്പട്ടാളത്തെക്കൂടി ചാനല്‍ മുറികളിലേയ്‌ക്ക്‌ പറഞ്ഞയയ്‌ക്കുകയും ചെയ്‌തു. ഹൈബി ഈഡന്‍, ബല്‍റാം എന്നിവരെ ട്യൂഷനെടുത്താണ്‌ ചാനല്‍ ക്യാമറകള്‍ക്കു മുന്നിലേയ്‌ക്ക്‌ യാത്രയാക്കിയത്‌.

ഉമ്മന്‍ചാണ്ടി ഭക്തന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ പുറമ്പോക്കിലാക്കി, പുറമ്പോക്ക്‌ ഭൂമിയും കശുമാവിന്‍ തോട്ടവും പ്ലാന്റേഷനുമൊക്കെ മാണി കയ്യടക്കി മുതലാളിമാരെ ആഹ്ലാദചിത്തരാക്കാന്‍ യത്‌നിച്ചപ്പോള്‍ പുളി തിന്ന കുരങ്ങനെപ്പോലെ ഇരിക്കുകയായിരുന്നു ഉമ്മന്‍ ദാസന്‍ തിരുവഞ്ചൂര്‍. ആ കാഴ്‌ച കണ്ടപ്പോള്‍ ഉണ്ടായ നിര്‍വൃതി രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ സ്വന്തം ദാസനായ ശിവകുമാറിനോടുപോലും പറഞ്ഞറിയിക്കാനായില്ല. ഉമ്മന്റെ നയമല്ല തന്റെ നയമെന്നും, അല്ലെങ്കില്‍ ഉമ്മന്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന നയം താന്‍ വെളിച്ചത്തുകൊണ്ടുവരുമെന്നുമാണ്‌ മാണി മിശിഹ പ്രഖ്യാപിച്ചത്‌.

കായേത്‌, പൂവേത്‌ എന്നറിയാത്ത വനം മന്ത്രിയുടെ വകുപ്പിലേയ്‌ക്കും ഒറ്റയാനെപ്പോലെ മാണി പാഞ്ഞുകയറിയപ്പോള്‍ വീണ്ടും പെരുത്ത സന്ദേശം. എന്തു നടന്നാലും ഒന്നുമില്ലാത്ത നടനായതുകൊണ്ട്‌ ആ സമയം നിയമസഭാ ക്യാന്റീനിലേയ്‌ക്ക്‌ ഡബിള്‍ ബുള്‍സൈ അടിക്കാന്‍ പോയി വനം മന്ത്രി.

തൂക്കുപാലത്തിലൂടെ സഞ്ചരിക്കുന്ന ഉമ്മന്‍ചാണ്ടിയെ പാലായിലെയും പുതുപ്പള്ളിയിലെയും റിംഗ്‌ റോഡുകള്‍ വലയ്‌ക്കുമെന്ന്‌ ബോധ്യപ്പെടുത്താനെങ്കിലുമായില്ലെങ്കില്‍ പിന്നെ കെ പി സി സി പ്രസിഡന്റ്‌ സ്ഥാനവും കൊണ്ട്‌ നടക്കുന്നതെന്തിന്‌?

സ്വന്തം എം എല്‍ എ മാരില്‍ ആരും തനിക്കുവേണ്ടി പറയാനില്ലെന്നത്‌ കണ്ടപ്പോഴാണ്‌ ആശുപത്രി മുറിയിലിരുന്നുകൊണ്ട്‌ എം എം ഹസ്സന്‌ നിര്‍ദേശം നല്‍കാന്‍ ഉമ്മന്‍ നിര്‍ബന്ധിതനായത്‌. മത്സരിക്കാന്‍ സീറ്റ്‌ പോലും കിട്ടാതെ, വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന ഹസ്സന്‍ ഉടനേ പത്രക്കാരെ കണ്ടു. ബജറ്റിനെ എതിര്‍ത്ത എം എല്‍ എ മാരെ മുളയിലേ നുള്ളണം എന്ന്‌ കെ പി സി സി പ്രസിഡന്റിനോട്‌ പത്രദ്വാരാ അദ്ദേഹം അറിയിച്ചു. ഒരു ഫോണ്‍ വിളിച്ചു പറയാവുന്ന കാര്യമേയുള്ളു. പക്ഷേ പത്രങ്ങളിലൂടെയും ടി വിയിലൂടെയും അറിയിച്ചില്ലെങ്കില്‍ എന്തുഫലം! ഉടനേ വന്നു പ്രസിഡന്റിന്റെ മറുപടി. എം എല്‍ എ മാര്‍ പറഞ്ഞതില്‍ പതിരൊന്നുമില്ല. മുളയിലേ നുള്ളാന്‍ അവര്‍ കളയുമല്ല, ഹസ്സന്‌ മാത്രമുള്ള മറുപടിയല്ല, ഉമ്മന്‍ചാണ്ടിയ്‌ക്കുള്ള മറുപടിയാണ്‌.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സര്‍ക്കാരിന്റെ ഗതി എന്തായിരിക്കുമെന്ന സന്ദേശം രമേശന്‍ നല്‍കുമ്പോള്‍, പാലായെയും മലപ്പുറത്തെയും തൊട്ടുകളിച്ചാല്‍ കളിവേറെയാകുമെന്ന്‌ കുഞ്ഞാലക്കുട്ടിയും നാവിന്‌ എല്ലില്ലാത്തതുകൊണ്ട്‌ എന്തും പറയാമെന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പ്പതുവട്ടം തെളിച്ചുകൊണ്ടിരിക്കുന്ന പി സി ജോര്‍ജും പറയാതെ പറഞ്ഞിട്ടുണ്ട്‌. ശേഷം വെള്ളിത്തിരയില്‍.

ദിഗംബരന്‍ ജനയുഗം 110711

1 comment:

  1. `എന്തരോ മഹാനുഭാവലൂ' എന്ന്‌ രാഗതാള നിബദ്ധതയൊന്നുമില്ലാതെ കെ എം മാണിയെ നോക്കി രമേശ്‌ ചെന്നിത്തല പാടിക്കൊണ്ടിരിക്കുകയാണ്‌. ഉച്ചാരണ ശുദ്ധിയില്ലാതെയും അര്‍ഥമറിയാതെയും മാണിക്ക്‌ സംസ്‌കൃത ശ്ലോകം `ശട പടാ' എന്ന മട്ടില്‍ എടുത്തു പ്രയോഗിക്കാമെങ്കില്‍ കല്ലില്‍ ഇരുമ്പുരയ്‌ക്കുന്ന ശബ്‌ദത്തില്‍ രമേശിനെന്തുകൊണ്ട്‌ പാടിക്കൂട! `നഷ്‌ടവസന്തങ്ങളേ നിങ്ങളെനിക്കൊരൂ.....' എന്ന ദുഃഖഗാനം പാടി നിരാശാഭരിതനായി കഴിയുമ്പോഴാണ്‌ ആനന്ദ തുന്ദിലിതനായി പാടുവാന്‍ മാണി അവസരമൊരുക്കിയത്‌. കര്‍ണാടക സംഗീതത്തില്‍ നിന്ന്‌ നാടന്‍ പാട്ടിലേയ്‌ക്കും വന്ന്‌ രമേശ്‌ ചെന്നിത്തല കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ക്കു മുമ്പില്‍ സംഗീത വൈഭവം തെളിയിക്കുന്നുണ്ട്‌. സ്വന്തം ബജറ്റിനെ നിശിതമായി വിമര്‍ശിക്കുന്ന സ്വന്തം അനുയായികളെ നോക്കി `പോരട്ടങ്ങനെ, പോരട്ടെ' എന്ന്‌ ഈണത്തില്‍ തട്ടിവിടുന്നു.

    ReplyDelete